കൊൽക്കത്ത മെട്രോ റെയിൽവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊൽക്കത്ത മെട്രോ റെയിൽ‌വേ
কলকাতা মেট্রো
പശ്ചാത്തലം
സ്ഥലംകൊൽക്കത്ത
ഗതാഗത വിഭാഗംഅതിവേഗ ഗതാഗതം
പാതകളുടെ എണ്ണം2
സ്റ്റേഷനുകൾ17
പ്രവർത്തനം
തുടങ്ങിയത്1984
പ്രവർത്തിപ്പിക്കുന്നവർമെട്രോ റെയിൽ‌വേ കൊൽക്കത്ത
സാങ്കേതികം
System length16.5 കിലോമീറ്ററുകൾ (10 മൈ.)
Track gauge1,676 mm (5 ft 6 in) (ബ്രോഡ് ഗേജ്)

കൊൽക്കത്ത നഗരത്തിലെ ഒരു ഭൂഗർഭ അതിവേഗ റെയിൽ‌വേ ഗതാഗതമാണ് കൊൽക്കത്ത മെട്രോ റെയിൽ‌വേ (ബെംഗാളി: কলকাতা মেট্রো), (മുമ്പ്: കൽക്കട്ട മെട്രോ റെയിൽ‌വേ). ഇതിന്റെ നടത്തിപ്പ് ഇന്ത്യൻ റെയിൽ‌വേയുടെ കീഴിലാണ്. ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ റെയിൽ‌വേ പാതയാണ്. 1984 ലാണ് ഇതിന്റെ സേവനം തുടങ്ങിയത്. ഇതിനു ശേഷം ഇന്ത്യയിൽ ഒരു ഭൂഗർഭ റെയിൽ‌വേ പാത വന്നത് പിന്നീട് 2004 ൽ തുടങ്ങിയ ഡെൽഹി മെട്രോ ആണ്.

കൊൽക്കത്ത മെട്രോയുടെ പാത തുടങ്ങുന്നത് ഡം ഡം സ്റ്റേഷനിൽ നിന്നാണ്. പിന്നീട് പാർക് സ്ട്രീറ്റ്, എസ്‌പ്ലാന്റേ എന്നീ സ്ഥലങ്ങളിലൂടെ നീങ്ങി ടോളിഗഞ്ചിൽ അവസാനിക്കുന്നു.

ചരിത്രം[തിരുത്തുക]

കൊൽക്കത്തയിലെ ഗതാഗത പ്രശ്നം കൂടുതലായതാണ് ഭൂഗർഭ റെയിൽ‌വേ എന്ന ആശയം ഉദിക്കാൻ കാരണം. 1949 ൽ അന്നത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബിദ്ധൻ ചന്ദ്ര റോയ് ആയിരുന്നു ഒരു പരിധി വരെ ഗതാഗത പ്രശ്നം പരിഹരിക്കാൻ ഭൂഗർഭ ഗതാഗതം എന്ന ആശയം അവതരിപ്പിച്ചത്. ഫ്രാൻസിൽ നിന്നും ഒരു സംഘം ഇതിനു വേണ്ടി ഒരു സർവ്വേ നടത്തുകയും ചെയ്തു[1]. പക്ഷേ ഫലത്തിൽ യാതൊരു വിധ പ്രായോഗിക ഫലങ്ങളും കണ്ടില്ല. കൊൽക്കത്തയിലെ ഗതാഗത പ്രശ്നം വിണ്ടു രൂക്ഷമായിക്കൊണ്ടിരുന്നു.

ഈ ഗതാഗത പ്രശ്നത്തിനു പരിഹാരമായി 1969മെട്രോപൊളിറ്റൻ ട്രാൻസ്പോർട് പ്രൊജക്ട് രൂപപ്പെടുത്തി. വളരെ വിശദമായ പഠനത്തിനു ശേഷം ഒരു അതിവേഗ ഗതാഗത മാർഗ്ഗം പണിയുക എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. ഇതിനു വേണ്ടി ഒരു മാസ്റ്റർ പ്ലാൻ 1971ൽ രൂപപ്പെടുത്തുകയും ചെയ്തു. കൊൽക്കത്തയിലെ അഞ്ച് പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 97.5 കി. മി. ദൂരത്തിലുള്ള റെയിൽ‌വേ പാത ഈ പദ്ധതിയിൽ വിവരിച്ചിരിന്നു. ഇതിൽ ഏറ്റവും പ്രാധാന്യം തിരക്കേറിയ ഡം ഡം ടോളിഗഞ്ച് എന്നീ സ്റ്റേഷനുകൾക്കിടയിൽ ഉള്ളതിനായിരുന്നു. ഇതിന് 16.45 കി.മി നീളമുണ്ടായിരുന്നു. പദ്ധതിക്ക് 1972 ജൂൺ 1-ന് അനുമതി ലഭിച്ചു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1972 ഡിസംബർ 29-ന് തറക്കല്ലിട്ടു. 1973ൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു[1].2010 ഡിസംബർ 28ന് കൊൽക്കത്ത മെട്രോ റെയിൽവേ ഇന്ത്യൻ റെയിൽ വേയുടെ പതിനേഴാമത്തെ മേഖലയായി പ്രഖ്യാപിക്കപ്പെട്ടു.[2][3]

പക്ഷേ നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ തന്നെ ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ധനലഭ്യതയിലുള്ള കുറവ് മൂലം പ്രവർത്തനങ്ങൾ 1977-78 ലേക്ക് നീണ്ടു. കൂടാതെ കോടതി പ്രശ്നങ്ങൾ, സാധന സാമഗ്രികളുടെ അലഭ്യത തുടങ്ങിയ മറ്റു പ്രശ്നങ്ങളും ഈ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. തുടക്കത്തിലെ തടസ്സങ്ങൾക്കു ശേഷം ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ അഞ്ചാമത്തേതുമായ ഭൂഗർഭ റെയിൽ‌വേ പാത 1984 ഓക്ടോബർ 24-ന്‌ ഭാഗികമായി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. 3.40 കി. മി നീളമുള്ളതും ഇടയിൽ അഞ്ച് സ്റ്റേഷനുകളും ഉള്ളതായ എസ്പ്ലാന്റേ - ഭൊവാനിപ്പുർ പാതയിലാണ് ആദ്യ സേവനം തുടങ്ങിയത്. ഇതിനു പിന്നാലെയായി 2.15 കി. മി നീളമുള്ള ഡം ഡം - ബെൽഗാച്ചിയ പാത 1984 നവംബർ 12-ന് ആരംഭിച്ചു. 1986 ഏപ്രിൽ 29-ന് യാത്രാ സംവിധാനം ടോളിഗഞ്ച് വരെ നീട്ടി. ഇതിന്റെ നീളം 4.24 കി. മി ആയിരുന്നു. ഇതും കൂടിയായപ്പോൾ കൊൽ‌ക്കത്ത മെട്രോയുടെ നീളം അക്കാലത്ത് 9.79 കി. മി യും, 11 സ്റ്റേഷനുകളും അടങ്ങുന്നതുമായിരുന്നു[1]

പക്ഷേ, കുറച്ചു ഭാഗത്തെ സേവനം 1992 ഒക്ടോബർ 26-ന് നിർത്തി വെച്ചതു മൂലം മെട്രോ റെയിൽ‌വേയിൽ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. പിന്നീട് ഒരു ഇടവേളക്കു ശേഷം അതായത് എട്ടു വർഷത്തിനു ശേഷം 1.62 കി. മി നീളമുള്ള ബെൽഗാച്ചിയ - ശ്യാം ബസാർ പാത ഡം ഡം - ബെൽഗാച്ചിയ പാതയോട് ചേർത്തു 1994 ഓഗസ്റ്റ് 13-ന് തുറന്നു. 1994 ഒക്ടോബർ 2-ന് 0.71 കി.മി. നീളമുള്ള എസ്പ്ലാന്റേ - ചാന്ദ്‌നി ചൌക് പാതയുടെയും നിർമ്മാണം പൂർത്തിയാക്കി. ശ്യാം ബസാർ - ഗിരീഷ് പാർക്ക് (1.93 കി. മി.) പാതയും, ചാന്ദ്‌നി ചൌക് (0.60 കി. മി.) പാതയും 1994 ഫെബ്രുവരി 2-ന് തുറന്നു. ഇതിന്റെ ഇടയിൽ 1.8 കി.മി. നീളമുള്ള വിടവ് പാതയും തീർത്ത് കൊൽക്കത്ത റെയിൽ‌വേ പൂർണ്ണമായും 1995 സെപ്റ്റംബർ 27-ന് സമ്പൂർണ്ണ സേവനം ആരംഭിച്ചു[4].

സവിശേഷതകൾ[തിരുത്തുക]

സാ‍ങ്കേതിക സവിശേഷതകൾ[തിരുത്തുക]

കൊൽക്കത്ത മെട്രോയുടെ നിർമ്മാണം വളരെ സങ്കീർണ്ണതകൾ നിറഞ്ഞതായിരുന്നു. സിവിൽ, ഇലക്ട്രിക്കൽ, സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ ഇന്ത്യൻ എൻ‌ജിനീയർമാരുടെ പ്രായോഗിക പരിചയവും, വിദേശത്തു നിന്നു നേടിയ പരിചയവും കൊൽക്കത്ത മെട്രോയുടെ നിർമ്മാണത്തിൽ‍ കാണാവുന്നതാണ്. ഇതിന്റെ നിർമ്മാണ പ്രവർത്തനത്തിലും അതിനു ശേഷവും ഉള്ള ചില സവിശേഷതകൾ താഴെ പറയുന്നവയാണ്. ഇതിൽ പല സവിശേഷതകളും ഇന്ത്യയിൽ തന്നെ ആദ്യമായി വന്നതായിരുന്നു.

  • കട്ട് ആന്റ് കവർ രീതി ഉപയോഗിച്ചുള്ള നിർമ്മാണ രീതി.
  • ശക്തമായ അടിത്തട്ട് കൊടുത്തു കൊണ്ടുള്ള നിർമ്മാണ രീതി - ഭൂമിക്കടിയിൽ നിർമ്മാണം നടക്കുമ്പോൾ മുകളിലെ വാഹനഗതാഗതത്തിനു തടസ്സം നേരിടാതിരിക്കുവാൻ വേണ്ടി.
  • കമ്പ്രസ് ചെയ്തുള്ള എയർ ലോക്കുകൾ ഉപയോഗിച്ചുള്ള തുരങ്ക നിർമ്മാണ രീതി.
  • പരുക്കൻ കല്ലുകൾ ഉപയോഗിക്കാതെ ഇലാസ്റ്റിക് ബന്ധങ്ങൾ, റബ്ബർ പാഡുകൾ, ഇപോക്സി മോർടർ, നൈലോൺ മുതലായവ ഉപയോഗിച്ചുള്ള റെയിൽ‌വേ ട്രാക്കുകൾ
  • സ്റ്റേഷനുകളിലും ടണലുകളിലും അന്തരീക്ഷ വായു നിയന്ത്രണവും, വായു സഞ്ചാര മാർഗ്ഗങ്ങളും
  • ഡ്രൈ ടൈപ്പ് ട്രാൻസ്ഫോമറുകളും, SF-6 സർക്യൂട് ബ്രേക്കറുകളും ഉപയോഗിക്കുന്ന ഭൂഗർഭ വൈദ്യുത സബ്‌സ്റ്റേഷനുകൾ
  • എല്ലാ ട്രെയിനുകളിലും VHF-റേഡിയോ സംവിധാനങ്ങൾ
  • സ്വയം പ്രവർത്തിക്കുന്ന ടിക്കറ്റ് വില്പന-പരിശോധന സംവിധാനങ്ങൾ .

മറ്റു പ്രത്യേകതകൾ[തിരുത്തുക]

ആകെ പാതയുടെ നീളം 16.45 km
സ്റ്റേഷനുകൾ 17 (15 ഭുഗർഭ സ്റ്റേഷനുകൾ, 1 ഉപരിതല സ്റ്റേഷൻ, 1 ഉയർത്തിയ സ്റ്റേഷൻ)
പാളത്തിന്റെ വീതി. 5 ft 6 in (1676 mm) gauge
ഓരോ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം 8
ഏറ്റവും കൂടിയ വേഗത 55 km/h
ശരാശരി വേഗത 30 km/h
വൈദ്യുത വോൾടേജ് 750 V D.C.
Method of current collection Third Rail using 750V DC
യാത്ര സമയം: ഡം ഡം - ടോളിഗഞ്ച് 33 മിനുറ്റ്
ഓരോ കോച്ചിനും താങ്ങാവുന്ന യാത്രക്കാരുടെ എണ്ണം 278 നിൽക്കുന്നവർ, 48 ഇരുന്നു യാത്ര ചെയ്യുന്നവർ
ഓരോ ട്രെയിനും താങ്ങാവുന്ന യാത്രക്കാർ 2558 യാത്രക്കാർ (ഏകദേശം.)
ട്രെയിനുകൾ തമ്മിലുള്ള ഇടവേള 7 മിനുറ്റ് തിരക്കുള്ളപ്പോൾ , 10-15 മിനുറ്റ് സാധാരണ സമയങ്ങളിൽ
ആകെ നിർമ്മാണ ചെലവ് രൂപ. 1825 കോടി (ഏകദേശ കണക്ക്.)
പരിസ്ഥിതി നിയന്ത്രണം നിർബന്ധ വായു നിയന്ത്രണവും ക്രമീകരണവും

കോച്ചുകൾ[തിരുത്തുക]

എല്ലാ ട്രെയിൻ കോച്ചുകളും, ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതാണ്‌. ചെന്നൈ ICF എന്ന കമ്പനിയാണ് നിർമ്മിച്ചത്. വൈദ്യുത സാമഗ്രികളുടെ നിർമ്മാണവും വിതരണവും നടത്തിയത് ബാംഗ്ലൂരിലുള്ള NGEF എന്ന കമ്പനിയാണ്. മെട്രോ റെയിൽവേയുടെ എല്ല കോച്ചുകളും ICF വളരെ പ്രത്യേകമായി നിർമ്മിച്ചതായിരുന്നു. ഇത് കൊൽക്കത്ത മെട്രോ റെയിൽ‌വേക്ക് മാത്രമായി നിർമ്മിച്ചതായിർന്നു. ഇതിന്റെ ചില സവിശേഷതകൾ താഴെ പറയുന്നവയാണ്.

  • സ്വയം നിയന്ത്രിത വാതിലുകൾ (തുറക്കാനും അടക്കാനും). ഇതിലൂടെ ആളുകൾ കയറി ഇറങ്ങുന്നത് നിരീക്ഷിക്കാനുള്ള സംവിധാനം.
  • സ്വയം നിയന്ത്രിത ട്രെയിൻ സംരക്ഷണ സംവിധാനം. എന്തെങ്കിലും അപകടം സംഭവിച്ചാൽ സ്വയം ബ്രേക് ചെയ്യപ്പെടുന്ന സംവിധാനം
  • സ്വയം നിയന്ത്രിത ട്രെയിൻ പ്രവർത്തനം.
  • ഏകീകൃത പൊതു ജന അഭിസംബോധന സംവിധാനം - അടുത്തുള്ള സ്റ്റേഷനുകളെ കുറിച്ചും, യാത്രക്കാർക്കു വേണ്ട വിവരണങ്ങളും നൽകുന്നതിനു വേണ്ടി.

ഇത്രയും സങ്കീർണ്ണവും മികച്ചതുമായി ആസൂത്രണം ചെയ്ത ഈ മെട്രോ റെയിൽ‌വേ ഇപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒന്നാണ്. ഇതിലെ ഒരു ട്രെയിനിൽ ഏകദേശം 2558 പേർക്ക് യാത്ര ചെയ്യാനുള്ള സംവിധാനം ഉണ്ട്.[5].

പാതകൾ[തിരുത്തുക]

വടക്ക് തെക്ക് പാത[തിരുത്തുക]

കൊൽക്കത്ത മെട്രോ റെയിൽ‌വേയുടെ വടക്കു തെക്കു പാതയിലെ സ്റ്റേഷനുകൾ

  • ടോളിഗഞ്ച്
  • രബീന്ദ്ര സരോബർ
  • കാലിഘാട്ട്
  • ജതിൻ ദാസ് പാർക്ക്
  • നേതാജി ഭവൻ
  • രബീന്ദ്ര സദൻ
  • മൈദാൻ
  • പാർക് സ്ട്രീറ്റ്
  • എസ്പ്ലാന്റെ
  • ചാന്ദ്‌നി ചൗക്
  • സെണ്ട്രൽ
  • മഹാത്മ ഗാന്ധി റോഡ്
  • ഗിരീഷ് പാർക്ക്
  • ശോവാ ബസാർ
  • ശ്യാം ബസാർ
  • ബെൽഗാച്ചിയ
  • ഡം ഡം

വടക്ക് തെക്ക് പാതയുടെ എക്സ്റ്റൻഷൻ[തിരുത്തുക]

ഗരിയ മുതൽ തെക്കോട്ട് ഒരു പുതിയ പാത നിർമ്മാണ പ്രവർത്തനത്തിലാണ്. പക്ഷേ ഇതിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്‌ പുരോഗമിക്കുന്നത്. ഇത് 2009 മുമ്പായി പ്രവർത്തനത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. [6].

ഈ പാതയിലുള്ള പുതിയ സ്റ്റേഷനുകൾ :

  • ടോളി ഗഞ്ച്
  • കുഡ്‌ഹാട്ട്
  • ബാന്ദ്രോണി
  • നഖ്‌ടല
  • ഗരിയ ബസാർ
  • പ്രണബ്‌നഗർ
  • ന്യൂ ഗരിയ

യാത്ര നിരക്കുകൾ[തിരുത്തുക]

കൊൽക്കത്ത മെട്രൊയിലെ യാത്ര നിരക്കുകൾ സഞ്ചരിച്ച ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിന്നു. ഏറ്റവും ഒടുവിൽ നിരക്കുകൾ പുതുക്കിയത് 2001 ഒക്ടോബർ 1-ന് ആയിരുന്നു.

ഇപ്പോഴത്തെ നിരക്കുകൾ താഴെപ്പറയും വിധമാണ്:

മേഖല ദൂരം (km) നിരക്ക് (Rs.)
I 5 കി. മി വരെ 4.00
II 5-10 6.00
III 10-15 ഉം അതിനു മുകളിലും 8.00

ടിക്കറ്റുകൾ[തിരുത്തുക]

താഴെ പറയുന്ന രീതിയിലുള്ള ടിക്കറ്റുകൾ മെട്രൊയിൽ ലഭ്യമാണ്[7]

  • ദിവസ ടിക്കറ്റുകൾ
    • ഒരു യാത്രക്കാരന്‌ ഒരു ദിവസം ഒരു യാത്രക്കുള്ള ടിക്കറ്റ്.
    • ഒരു യാത്രക്കാരന്‌ ഒരു ദിവസം രണ്ടു യാത്രകൾക്കുള്ള ടിക്കറ്റ്
    • 2 മുതൽ 7 വരെ യാ‍ത്രക്കാർക്ക് ഒരു യാത്രക്കുള്ള ടിക്കറ്റ്.
    • 2 മുതൽ 7 വരെ യാ‍ത്രക്കാർക്ക് രണ്ട് യാത്രക്കുള്ള ടിക്കറ്റ്
  • അനേക യാത്ര ടിക്കറ്റുകൾ
    • നിയന്ത്രിത അനേക യാത്രകൾ - 90 ദിവസത്തേക്ക് 120 യാത്രകൾ അനുവദനീയമാണ്‌ (30 യാത്രയുടെ നിരക്കിൽ)
    • വികസിത അനേക യാത്ര ടിക്കറ്റ് - 90 ദിവസത്തേക്ക് 80 യാത്രകൾ അനുവദനീയമാണ്‌ (55 യാത്രകളുടെ നിരക്കിൽ)

എല്ലാ മേഖലകളിലും ഈ ടിക്കറ്റുകൾ ലഭിക്കും.

സ്വയം നിയന്ത്രീകൃത നിരക്ക് ശേഖരണം[തിരുത്തുക]

1994 ൽ ഒരു സ്വയം നിയന്ത്രീകൃത നിരക്ക് ശേഖരണം മെട്രോ റെയിൽ‌വേ ഏർപ്പാടാക്കി. ഇത് കാന്തിക സം‌വിധാനം ഉപയോഗിച്ച് ടിക്കറ്റുകൾ വിതരണം ചെയ്യുന്ന ഒരു സംവിധാനമാണ്. ഒരു സ്വയം നിയന്ത്രീകൃത ടിക്കറ്റ് മഷിനിൽ നിന്നും ലഭിക്കുന്ന ഈ ടിക്കറ്റുകൾ മുഴുവൻ യാത്രക്കായും ഉപയോഗിക്കാം.

ഇത് താഴെ പറയുന്ന രീതിയിലുള്ള യാത്രകൾക്ക് ഉപയോഗിക്കാം.

  • ഒറ്റ യാത്ര
  • രണ്ടു വശത്തേക്കുമുള്ള യാത്ര
  • 12 യാത്രകൾക്കായി ഒരു ടിക്കറ്റ്
  • 48 യാത്രകൾക്കയുള്ള ടിക്കറ്റ്
  • അനേക യാത്രക്കാർ - ഒരു വശത്തേക്കുള്ളതും രണ്ടു വശത്തേക്കുമുള്ള യാത്രകൾക്കുള്ള ടിക്കറ്റ്.

സ്മാർട് കാർഡുകൾ[തിരുത്തുക]

2005 ൽ മെട്രോ റെയിൽ‌വേ സ്മാർട് കാർഡുകൾ പുറത്തിറക്കി. RFID ചിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാർഡുകൾ ഉപയോഗിച്ച് ഒരു പ്രത്യേക തുക അടച്ച് വാങ്ങാവുന്ന ഈ കാർഡുകൾ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. ഇത് സഞ്ചരിച്ച ദൂരവും തുകയും താനെ കണക്കാക്കുകയും കാർഡിൽ നിന്നും കുറക്കുകയും ചെയ്യുന്നു.

നിർദ്ദിഷ്ട കിഴക്ക്-പടിഞ്ഞാറ് മെട്രോ[തിരുത്തുക]

4680 കോടി രൂപ ചെലവ് കണക്കാക്കുന്ന കിഴക്ക് പടിഞ്ഞാറ് കൊൽക്കത്ത മെട്രോ കേന്ദ്ര സർക്കാറിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. ഇത് കൊൽക്കത്ത നഗരത്തെ ഹൌറയുമായി ബന്ധിപ്പിക്കുന്ന ജലത്തിനടിയിലൂടെയുള്ള ഭുഗർഭ റെയിൽ‌വേ പാതയാണ്.[8][9] ഇതിന്റെ നിർമ്മാണവും പ്രവർത്തനവും പ്രത്യേകം കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ ആണ് നടത്താൻ പോകുന്നത്.

ഇതിന്റെ പണി 2009 ജനുവരിയിൽ ആരംഭിക്കുന്നതിനും, 2014-ഓടെ പൂർത്തിയാക്കുന്നതിനുമാണ്‌ ഉദ്ദേശിച്ചിരിക്കുന്നത്[9].

നിർദ്ദിഷ്ടപാത[തിരുത്തുക]

16 കി.മി. നീളമുള്ള ഈ പാത സാൾട് ലേക്ക് മുതൽ തുടങ്ങി സെക്ടർ-5, കരുണാമയി, ബികാസ് ഭവൻ, സാൾട് ലേക്ക് സ്റ്റേഡിയം, ഫൂൽഭാഗൻ, എന്നിവടങ്ങളിൽ കൂടി അവസാനം ഹൌറ സ്റ്റേഷനിൽ എത്തി അവസാനിക്കുന്നു.

സാൾട് ലേക്ക് സെക്ടർ-5 മുതൽ ഇത് ഉപരിതല ഉയർന്ന പാതയിലൂടെയും, സാൾട് ലേക്ക് സ്റ്റേഡിയം മുതൽ ഹൌറ വരെ ഭുഗർഭ പാതയിലൂടെയുമാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 SUHRID SANKAR CHATTOPADHYAY. "SPECIAL FEATURE: DESTINATION WEST BENGAL - The lifeline of the metropolis" (ഭാഷ: ഇംഗ്ലീഷ്). The Hindu. മൂലതാളിൽ നിന്നും 2008-03-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-10-13. {{cite web}}: Cite has empty unknown parameters: |accessyear=, |month=, |accessmonthday=, and |coauthors= (help)
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-11-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-08.
  3. http://www.mtp.indianrailways.gov.in/index.jsp?lang=0
  4. "കൊൽക്കത്ത മെട്രോയുടെ ചരിത്രം - ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും" (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ (html) നിന്നും 2008-06-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-10-14. Services on the entire stretch of Metro were introduced from September 27, 1995 by bridging the vital gap of 1.80 km in the middle {{cite web}}: Cite has empty unknown parameters: |accessyear=, |month=, |accessmonthday=, and |coauthors= (help)
  5. "പ്രധാന പ്രത്യേകതകൾ - ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും" (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ (html) നിന്നും 2008-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-10-14. {{cite web}}: Cite has empty unknown parameters: |accessyear=, |month=, |accessmonthday=, and |coauthors= (help)
  6. "Kolkata Community Portal || Kolkata Community Portal - News, Reviews, Comments & Discussion". മൂലതാളിൽ നിന്നും 2008-11-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-26.
  7. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-08-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-10-15.
  8. "Underwater metro in Kolkata gets central nod". മൂലതാളിൽ നിന്നും 2007-03-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-03-14.
  9. 9.0 9.1 http://www.telegraphindia.com/1080606/jsp/calcutta/story_9370719.jsp