കൊല്ലൂർ മൂകാംബിക ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലൂർ മൂകാംബിക ക്ഷേത്രം
Kollur Mookambika Temple 20080123.JPG
പേരുകൾ
ശരിയായ പേര്: കൊല്ലൂർ മൂകാംബിക ക്ഷേത്രം
സ്ഥാനം
സ്ഥാനം: കൊല്ലൂർ, കർണാടക
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ:: മൂകാംബിക

കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ദേവീ ക്ഷേത്രമാണ്‌ കൊല്ലൂർ മൂകാംബിക ക്ഷേത്രം. (കന്നഡ: ಮೂಕಾಂಬಿಕಾ ದೇವಿ) സൗപർണിക നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌ [1] ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പരശുരാമൻ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. [2]. നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽപ്പെടുന്ന ഒരു ക്ഷേത്രമാണിത്.

ഐതിഹ്യം[തിരുത്തുക]

കൊല്ലൂർ മൂകാംബിക ക്ഷേത്രകവാടം

ക്ഷേത്രോൽപ്പത്തിയെക്കുറിച്ചു പല സങ്കൽപ്പങ്ങളും ഐതിഹ്യങ്ങളും നിലവിലുണ്ട്‌. പുരാണങ്ങളിൽ ഈ ക്ഷേത്രത്തിനെക്കുറിച്ചു പരാമർശങ്ങൾ ഉണ്ട്‌. കോല മഹർഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്ന അവസരത്തിൽ മറ്റൊരു അസുരനും ശിവ പ്രീതിക്കായി ഇതേ പ്രദേശത്തിൽ തപസ്സുചെയ്തു വന്നിരുന്നു. അസുരതപസ്സിൽ സന്തുഷ്ടനയി മഹാദേവൻ പ്രത്യക്ഷപ്പെട്ടപ്പോൾ വരം ചോദിക്കാനാകാതെ അസുരനെ പാർവതി ദേവി മൂകനാക്കി. അങ്ങനെ ആ അസുരന് മൂകാസുരൻ എന്ന പേരുകിട്ടി. ഇതിൽ കോപിഷ്ടനയ മൂകാസുരൻ ദേവി ഭക്തനായ കോല മഹർഷിയെ ഉപദ്രവിക്കാനാരംഭിച്ചു. ഒടുവിൽ ദേവി മൂകാസുരനെ വധിക്കുകയും കോല മഹർഷിയുടെ അഭ്യർത്ഥന പ്രകാരം മൂകാംബിക ദേവിയായി അവിടെ കുടികൊള്ളുകയും ചെയ്തു എന്നാ‍ണു സങ്കൽപം. ആദിശങ്കരൻ ഈ പ്രദേശത്തു അനേക ദിനങ്ങൾ തപസ്സു ചെയ്തതിൽ ദേവി പ്രത്യക്ഷപ്പെട്ടു എന്നും, അന്നു ദേവി ദർശനം കൊടുത്ത രൂപത്തിൽ സ്വയംഭൂവിനു പുറകിൽ ദേവി വിഗ്രഹം അദ്ദേഹം പ്രതിഷ്ഠ നടത്തി എന്നും വിശ്വസിക്കപ്പെടുന്നു. ആദിശങ്കരൻ നിശ്ചയിച്ച പൂജാവിധികളാണു ഇന്നും പിന്തുടർന്നു വരുന്നത്. [അവലംബം ആവശ്യമാണ്]

പ്രതിഷ്ഠ[തിരുത്തുക]

നടുവിൽ ഒരു സ്വർണരേഖയുള്ള സ്വയംഭൂലിംഗമാണു ഇവിടുത്തെ മൂലപ്രതിഷ്ഠ. ലിംഗത്തിനു വലതുവശത്തു മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ മൂന്നു ശാക്തേയ രൂപങ്ങളും (സരസ്വതി, ലക്ഷ്മി, ദുർഗ്ഗ/കാളി) ഇടതുവശത്ത്‌ ത്രിമൂർത്തികളും (ബ്രഹ്മാവ്, വിഷ്ണു, ശിവൻ) സ്ഥിതിചെയ്യുന്നു എന്നാണു സങ്കൽപം. സ്വയംഭൂലിംഗത്തിനു പുറകിലായി ആദിശങ്കരനാൽ പ്രതിഷ്ഠിക്കപ്പെട്ട ശംഖചക്രവരദാഭയങ്ങൾ ധരിച്ച ഇരിയ്ക്കുന്ന രൂപത്തിലുള്ള ചതുർബാഹുവായ ദേവീ വിഗ്രഹവും കാണപ്പെടുന്നു[അവലംബം ആവശ്യമാണ്].പഞ്ചലോഹനിർമിതമാണ് ഈ വിഗ്രഹം. കിഴക്കോട്ടാണ് ദർശനം. ദേവി വിഗ്രഹത്തിന്റെ മാറിൽ ചാർത്തിയിരിക്കുന്ന രത്നം വളരെ വിലപ്പെട്ടതും പ്രസിദ്ധവുമാണ്‌. സ്വർണ്ണത്തിലുള്ള സിംഹമുഖം, വെള്ളിയിൽ തീർത്ത വാൾ എന്നിവയാണു പ്രധാന അലങ്കാരങ്ങൾ. ഇവയെല്ലാം ചാർത്തിയുള്ള പൂജ അലങ്കാര ദീപാരാധന എന്നറിയപ്പെടുന്നു.

ദേവീപ്രതിഷ്ഠക്കു പുറമെ നാലമ്പലത്തിനകത്ത് ദശഭുജ ഗണപതി, ശങ്കരാചാര്യർ, കൊടിമരത്തിൽ സ്തംഭഗണപതി, പുറത്തെ പ്രദക്ഷിണവഴിയിൽ പഞ്ചമുഖ ഗണപതി, സുബ്രഹ്മണ്യൻ, ഹനുമാൻ, മഹാവിഷ്ണു (വെങ്കടാചലപതി സങ്കല്പം), വീരഭദ്രൻ, ശിവൻ (പ്രാണലിംഗേശ്വരൻ, പാർത്ഥേശ്വരൻ, ചന്ദ്രമൗലീശ്വരൻ, നഞ്ചുണ്ടേശ്വരൻ എന്നീ നാലു സങ്കല്പങ്ങൾ) എന്നീ ഉപദേവതകളും പ്രതിഷ്ഠിക്കപെട്ടിരിക്കുന്നു. വീരഭദ്രസ്വാമിയുടെ പ്രതിഷ്ഠക്കു ഈ ക്ഷേത്രത്തിൽ വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്‌. ദേവിയുടെ അംഗരക്ഷകനാണെന്നും, അല്ല കോലാപുര മഹർഷി തന്നെയാണ് വീരഭദ്രസ്വാമി എന്നും സങ്കൽപ്പങ്ങൽ നിലവിലുണ്ട്‌.ശത്രുസംഹാരത്തിനായി നാളികേരം ഉടയ്ക്കുന്നതു ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്. നാലമ്പലത്തിനകത്ത് ഗർഭഗൃഹത്തിനു പുറകിലായി തെക്കുപടിഞ്ഞാറേമൂലയിൽ ശങ്കരപീഠം കാണാം. അനേകനാളുകൾ ഇവിടെയാണു ആദിശങ്കരൻ ദേവിപൂജ നടത്തിയതെന്നു പറയുന്നു. കൂടാതെ വീരഭദ്രസ്വാമിക്ഷേത്രത്തിനടുത്ത് ചെറിയൊരു തുളസിത്തറയുണ്ട്. അവിടെ ശ്രീകൃഷ്ണഭഗവാനെ സങ്കല്പിച്ച് പൂജകൾ നടത്തപ്പെടുന്നു. സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിൽ നാഗങ്ങളെയും പ്രതിഷ്ഠിച്ചിരിയ്ക്കുന്നു.

സൗപർണിക നദി[തിരുത്തുക]

Mural painting from kollur mookambika temple.jpg

കുടജാദ്രി മലകളിൽ നിന്നും ഉദ്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപർണിക. സുപർണൻ എന്നു പേരായ ഗരുഡൻ തന്റെ മാതാവായ വിനുതയുടെ സങ്കടമോക്ഷാർത്ഥം ഈ നദീതീരത്തു തപസ്സു ചെയ്തു എന്നും തപസ്സിൽ സന്തുഷ്ടയായ ദേവിയോടു തന്റെ പേരിൽ ഈ നദി അറിയപ്പെടണമെന്നു ആവശ്യപ്പെട്ടു എന്നാണു സങ്കൽപം. ഗരുഡൻ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹ "ഗരുഡ ഗുഹ" എന്നറിയപ്പെടുന്നു. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപർണിക നദിയിലെ സ്നാനം സർവ്വരോഗനിവാരണമായി കരുതി വരുന്നു. എന്നാൽ, ഈയടുത്ത കാലത്ത് നദി വല്ലാതെ മലിനമായിട്ടുണ്ട്. തന്മൂലം 2014ലെ ആറാട്ട് ക്ഷേത്രത്തിനുസമീപം പ്രത്യേകം തീർത്ത കുളത്തിലേയ്ക്ക് മാറ്റിയിരുന്നു. എങ്കിലും, ക്ഷേത്രക്കമ്മിറ്റി മാലിന്യനിർമ്മാർജ്ജനപ്രക്രിയ മികച്ചരീതിയിൽ നടത്തിപ്പോരുന്നുമുണ്ട്. കുടജാദ്രി മലകളിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന ഈ നദി 100 കിലോമീറ്ററിൽ കൂടുതൽ ദൂരം ഒഴുകി കുന്താപുരയിൽ വച്ച് അറബിക്കടലിൽ പതിയ്ക്കുന്നു.

കൊല്ലൂർ മൂകാംബിക ക്ഷേത്രം

കുടജാദ്രി[തിരുത്തുക]

പ്രധാന ലേഖനം: കുടജാദ്രി

മൂകാംബിക ക്ഷേത്രത്തിൽ നിന്നും കുറച്ചു കിലോമീറ്റർ ദൂരെയാണു കുടജാദ്രി മലനിര.കുടജാദ്രിയുമയി ബന്ധപ്പെട്ടു മൂകാംബിക ക്ഷേത്രതിനു ഒരു ഐതിഹ്യം നിലവിലുണ്ട്‌.ഈ മലനിരകളിൽ ആദിശങ്കരൻ തപസ്സു ചെയ്യുകയും ഈ തപസ്സിൽ ദേവി പ്രത്യക്ഷപ്പെട്ടപ്പോൾ തന്റെ കൂടെ ദേവി വരണമെന്നും താൻ ആഗ്രഹിക്കുന്ന സ്ഥലത്ത്‌ ദേവിയെ പ്രതിഷ്ഠിക്കണം എന്നും ആഗ്രഹം അറിയിച്ചു. ശങ്കരന്റെ ആഗ്രഹം സമ്മതിച്ച ദേവി അദ്ദേഹത്തെ പിന്തുടരുകയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ ശങ്കരൻ തിരിഞ്ഞു നോക്കരുതു എന്ന വ്യവസ്ഥ വയ്ക്കുകയും ചെയ്തു. ശങ്കരനെ പരീക്ഷിക്കാനുറച്ച ദേവി കൊല്ലൂരെത്തിയപ്പോൾ തന്റെ പാദസരത്തിന്റെ ശബ്ദം നിലപ്പിക്കുകയും ഇതിൽ സംശയാലുവായ ശങ്കരൻ തിരിഞ്ഞു നോക്കുകയും ചെയ്തു.അങ്ങനെ ദേവി സ്വയംഭൂവിൽ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണു ഐതിഹ്യം. തന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണു സ്വയംഭൂവിനു പുറകിലുള്ള ദേവിവിഗ്രഹം പ്രതിഷ്ഠിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.

കുടജാദ്രി മലയുടെ ഉച്ചിയിൽ നിന്നുള്ള ദൃശ്യം

പലതരം സസ്യലതാതികളാലും സൗപർണിക നദിയുടെ ഉത്ഭവസ്ഥാനം എന്നതിലും കുടജാദ്രി വളരെ സവിശേഷതകൾ ഉള്ള ഒരു ഇടമാണു. ഇവിടെ ആദിശങ്കരൻ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹയും ശങ്കരപീഠവും കാണാം. മൂകാംബിക ദേവിയുടെ മൂലസ്ഥാനം എന്നു അറിയപ്പെടുന്ന ഇടത്തിൽ ഒരു ക്ഷേത്രവും കാണാം. വളരെയധികം സിദ്ധന്മാരുടേയും സന്യാസിമാരുടേയും വാസസ്ഥലമാണു കുടജാദ്രി.

മൂകാംബിക ക്ഷേത്രത്തിലേക്കുള്ള വഴി[തിരുത്തുക]

വിവിധ സ്ഥലങ്ങളിൽ നിന്നും മൂകാംബിക ക്ഷേത്രത്തിലേക്കുള്ള ദൂരം കിലോമീറ്ററിൽ:

  • ബൈന്ദൂരു : 27 (തൊട്ടടുത്ത റെയിൽവെ സ്റ്റേഷൻ)
  • കുന്ദാപുര : 42
  • ഭട്ക്കൽ  : 45
(ട്രെയിൻ നമ്പർ :6346-നേത്രാവതി മേലെ കൊടുത്ത രണ്ട് സ്ഥലങ്ങളിൽ നിർത്തുന്നു)[3]
  • മംഗലാപുരം : 135
  • ഗുരുവായൂർ : 450
  • ബാംഗളൂർ(ഷിമോഗ വഴി) : 400
  • ബാംഗളൂർ(മംഗലാപുരം വഴി) : 485

തൊട്ടടുത്ത വിമാനത്താവളം: മംഗലാപുരം.

ഗുരുവായൂർ, ബാംഗളൂർ, കൊട്ടാരക്കര, കണ്ണൂർ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലേക്കു നേരിട്ടു ബസ് സർവീസ്‌ ഉണ്ട്‌.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/story.php?id=54520
  2. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“
  3. http://www.konkanrailway.com/website/ehtm/6345.html