കൊല്ലം ജി.കെ. പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊല്ലം ജി.കെ. പിള്ള
Kollam GK Pillai.png
തൊഴിൽഅഭിനേതാവ്
ജീവിതപങ്കാളി(കൾ)മാധവിക്കുട്ടിയമ്മ
കുട്ടികൾജയശ്രീ, ഉഷാകുമാരി, വിജയശ്രീ, ബിന്ദുശ്രീ

മലയാളത്തിലെ ഒരു സിനിമ, സീരിയൽ, നാടക നടനാണ് കൊല്ലം ജി.കെ. പിള്ള (1934-2016). നാലായിരത്തിലേറെ നാടക വേദികളിലും എൺപതോളം സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[1] സിനിമകളിൽ കൂടുതലും ഹാസ്യവേഷങ്ങളായിരുന്നു കൈകാര്യം ചെയ്തത്.

ജീവിതരേഖ[തിരുത്തുക]

കൊല്ലം അമ്മച്ചിവീട് രാധാഭവനത്തിൽ കെ.പി. ഗോപാലപിള്ളയുടെയും കുഞ്ഞിയമ്മയുടെയും മകനായി 1934 ഓഗസ്റ്റ് 29-ന് ജനനം.[2] കൊല്ലം ഗവ. ഹൈസ്‌കൂൾ വിദ്യാർഥിയായിരിക്കെ 1950-ൽ അരിവാൾ എന്ന ഏകാംഗ നാടകത്തിൽ അഭിനയിച്ചായിരുന്നു കലാരംഗത്തേക്കുള്ള അരങ്ങേ​റ്റം. 1962-ൽ കൊല്ലം യൂണിവേഴ്സൽ തിയ്റ്റേഴ്‌സിന്റെ ദാഹജലം എന്ന നാടകത്തിലൂടെ അഭിനയരംഗത്ത് സജീവമായി. നീതിപീഠം, രാജദൂത്, സർപ്പസത്രം, കുഞ്ഞാലിമരയ്ക്കാർ, മഹാലക്ഷ്മി, അശോകചക്രം, റെഡ്‌സിഗ്‌നൽ, ദേവാലയം, ഭാരതയുദ്ധം ഒമ്പതാംദിവസം, പത്തരമാ​റ്റുള്ള പൊന്ന്, ദി ആക്‌സിഡന്റ്, ആയിരം അരക്കില്ലങ്ങൾ, ഏഴരപ്പൊന്നാന, മന്നാടിയർപെണ്ണും മാടമ്പിയും തുടങ്ങിയ നാടകങ്ങളിൽ പ്രധാനവേഷം ചെയ്തു. പത്തോളം നാടക പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി-യിൽ കണ്ടക്ടറായി ജോലി ലഭിച്ചതിനാൽ അഭിനയം കൊല്ലത്തെ വിവിധ തീയറ്ററുകളിലായിരുന്നു. എ.എൻ. തമ്പി സംവിധാനം ചെയ്ത മാസപ്പടി മാതുപിള്ള എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രലോകത്തെത്തുന്നത്. തുടർന്ന് മുച്ചീട്ടുകളിക്കാരന്റെ മകൾ, പുഷ്പശരം, മുക്കുവനെ സ്നേഹിച്ച ഭൂതം, മൈ ഡിയർ കുട്ടിച്ചാത്തൻ, ഇത്തിക്കരപക്കി തുടങ്ങി എൺപതോളം സിനിമകളിൽ അഭിനയിച്ചു. മിക്കവയിലും ഹാസ്യവേഷങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ദാഹജലം, നീതിപീഠം, രാജദൂത്, ആയിരം അരക്കില്ലം, ആക്‌സിഡന്റ് എന്നിങ്ങനെ വിവിധ നാടകങ്ങളിലായി നാലായിരത്തിലേറെ വേദികളിൽ അഭിനയം കാഴ്ചവെച്ചിട്ടുള്ള ഇദ്ദേഹം നിരവധി ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. കാഴ്ചക്കുറവ് മൂലം അഭിനയരംഗത്ത് വിട്ടു നിൽക്കേണ്ടതായി വന്നു. 2016 ജനുവരി 30-ന് അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. "സിനിമ, സീരിയൽ നടൻ കൊല്ലം ജി.കെ. പിള്ള അന്തരിച്ചു". മനോരമ ഓൺലൈൻ. ജനുവരി 31, 2016. മൂലതാളിൽ നിന്നും 2016-01-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 31, 2016.
  2. "നടൻ കൊല്ലം ജി.കെ.പിള്ള അന്തരിച്ചു". കേരള കൗമുദി. ജനുവരി 31, 2016. ശേഖരിച്ചത് ജനുവരി 31, 2016.
"https://ml.wikipedia.org/w/index.php?title=കൊല്ലം_ജി.കെ._പിള്ള&oldid=3629736" എന്ന താളിൽനിന്ന് ശേഖരിച്ചത്