കൊണ്ടാപ്പള്ളി കളിപ്പാട്ടങ്ങൾ
കൊണ്ടാപ്പള്ളി കളിപ്പാട്ടങ്ങൾ | |
---|---|
മറ്റു പേരുകൾ | കൊണ്ടാപ്പള്ളി ബൊമ്മലു |
വിവരണം | Toys crafted out of Softwood namely, Tella Poniki |
തരം | കരകൗശലം |
പ്രദേശം | കൊണ്ടാപ്പള്ളി, കൃഷ്ണ ജില്ല, ആന്ധ്രാപ്രദേശ് |
രാജ്യം | ഇന്ത്യ |
പദാർത്ഥം | തടി |
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ വിജയവാഡയ്ക്ക് സമീപമുള്ള കൊണ്ടാപ്പള്ളി എന്ന പ്രദേശത്ത് പരമ്പരാഗതമായി നിർമ്മിക്കപ്പെടുന്ന കളിപ്പാട്ടങ്ങളാണ് കൊണ്ടാപ്പള്ളി കളിപ്പാട്ടങ്ങൾ (Kondapalli Toys) അഥവാ കൊണ്ടാപ്പള്ളി ബൊമ്മലു. ദക്ഷിണേന്ത്യൻ ഭവനങ്ങളിൽ നവരാത്രി കാലയളവിൽ പാവകളും ചെറുപ്രതിമകളും അണിനിരത്തി പ്രദർശിപ്പിക്കപ്പെടുന്ന ബൊമ്മക്കൊലുവിൽ കൊണ്ടാപ്പള്ളി കളിപ്പാട്ടങ്ങളും പ്രദർശിപ്പിക്കാറുണ്ട്. ഈ കളിപ്പാട്ടങ്ങളുടെ പ്രശസ്തി കാരണം കൊണ്ടാപ്പള്ളിയെ കളിപ്പാട്ടങ്ങളുടെ കോളനി എന്നർത്ഥത്തിൽ ബൊമ്മല കോളനി എന്നു വിശേഷിപ്പിക്കാറുണ്ട്.
ചരിത്രം
[തിരുത്തുക]കളിപ്പാട്ട നിർമ്മാണത്തിൽ ഏകദേശം 400 വർഷത്തെ പാരമ്പര്യം കൊണ്ടാപ്പള്ളി എന്ന ചെറുപട്ടണത്തിന് അവകാശപ്പെടാനുണ്ട്. പരമ്പരാഗതമായി ആര്യക്ഷത്രിയർ എന്ന വിഭാഗമാണ് ഈ കളിപ്പാട്ടത്തിന്റെ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നത്. എന്നാൽ ആധുനികകാലത്ത്, സമുദായ വ്യത്യാസങ്ങൾ കൂടാതെ ഈ പ്രദേശത്തുള്ള എല്ലാ വിഭാഗങ്ങളിലും പെട്ടവർ ഈ തൊഴിലിലേർപ്പെടാറുണ്ട്. എങ്കിലും ഇവിടുത്തെ പുതിയ തലമുറ മറ്റ് തൊഴിലുകൾ തേടുന്നതിൽ താത്പര്യം ഈ കളിപ്പാട്ട നിർമ്മാണത്തിന്റെ ഭാവി ആശങ്കാജനകമാക്കുന്നു.[1] ഇതോടൊപ്പം കളിപ്പാട്ട നിർമ്മാണ കലാകാരന്മാർക്ക് ലഭിക്കുന്ന കുറഞ്ഞ ലാഭവും നിർമ്മാണം പൂർത്തീകരിക്കാനുള്ള സമയദൈർഘ്യവും കൊണ്ടാപ്പള്ളി കളിപ്പാട്ട നിർമ്മാണത്തിന് വെല്ലുവിളികൾ ഉയർത്തുന്നുണ്ട്.
നിർമ്മാണം
[തിരുത്തുക]കൊണ്ടാപ്പള്ളിക്ക് സമീപമുള്ള മലനിരകളിൽ നിന്ന് ശേഖരിക്കുന്ന തെല്ല പൊനികി എന്ന കനംകുറഞ്ഞ മരയിനം(soft wood) ആണ് കൊണ്ടാപ്പള്ളി കളിപ്പാട്ടങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്നത്. ഈ മരത്തിൽ കൊത്തിയെടുക്കുന്ന രൂപങ്ങളുടെ അഗ്രഭാഗങ്ങൾ മിനുസപ്പെടുത്തിയെടുക്കുന്നു. ഇതിനു ശേഷം ജലച്ചായം, വെജിറ്റബിൾ ഡൈ, ഇനാമൽ പെയിന്റ് ഇവയിലേതെങ്കിലും ഉപയോഗിച്ച് ഈ കളിപ്പാട്ടങ്ങളെ വർണ്ണാഭമാക്കിയെടുക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Toying with heritage: No heir to Kondapalli's amazing art". ടൈംസ് ഓഫ് ഇന്ത്യ. മേയ് 19, 2015. Retrieved ജനുവരി 31, 2016.