കോട്ടൂർ ഗ്രാമപഞ്ചായത്ത്
കോട്ടൂർ | |
---|---|
ഗ്രാമം | |
Coordinates: 11°29′45″N 75°49′00″E / 11.495786°N 75.816614°E, | |
Country | India |
State | കേരളം |
District | കോഴിക്കോട് |
(2001) | |
• ആകെ | 27,682 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 673614 |
വാഹന റെജിസ്ട്രേഷൻ | KL- |
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ബാലുശ്ശേരി ബ്ളോക്കിൽ കോട്ടൂർ, അവിടനല്ലൂർ, കൂരാച്ചുണ്ട് (ഭാഗികം) വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 28.98 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കോട്ടൂർ ഗ്രാമപഞ്ചായത്ത്. 1961 ലാണ് കോ ട്ടൂർ പഞ്ചായത്ത് രൂപീകരിച്ചത്. രണ്ട് വർഷത്തിനുശേഷം എഴു വാർഡുകളിലേക്കാണ് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. ആർ.കെ ഗോവിന്ദൻ ആയിരുന്നു ആദ്യ പ്രസിഡന്റ്.
ചരിത്രം
[തിരുത്തുക]കോട്ടൂർ എന്നറിയപ്പെടുന്ന ഈ പ്രദേശം കുറുമ്പ്രനാട് നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. 1961 ഡിസംബർ 12-ാം തിയതി കോട്ടൂർ പഞ്ചായത്ത് രൂപീകൃതമായി. കാട്ടാനകളും, പുലികളും വിഹരിക്കുന്ന കാടുകൾ ആയിരുന്നു 1940 വരെ ഈ പ്രദേശങ്ങൾ. 40 കളിൽ കുടിയേറ്റം ആരംഭിച്ചപ്പോൾ കിഴക്കൻ മലയോരം നാണ്യവിള ഉത്പാദന മേഖലയായി മാറി. വന്യജീവി സമ്പത്ത് നാമാവശേഷമായി.1963-ലെ പഞ്ചായത്ത് ഇലക്ഷൻ നടക്കുമ്പോൾ ആകെ 7 വാർഡുകളാണുണ്ടായിരുന്നത്. ഒരു ഹരിജൻ സ്ത്രീയായ കല്യാണിയെ നോമിനേറ്റ് ചെയ്തുകൊണ്ട് പഞ്ചായത്ത് ഒരു പുതിയ ചരിത്രത്തിന് തുടക്കമിട്ടു. ആർ.കെ.ഗോവിന്ദൻ മാസ്റ്റർ (പ്രസിഡന്റ്), ടി.എച്ച്.നാരായണൻ നായർ (വൈസ് പ്രസിഡന്റ്), എം.പി.ഗോപാലൻ, എൻ.നാരായണൻ നായർ, പി.ഗോപാലൻ നായർ, എം.കെ.ഗോവിന്ദൻകുട്ടി നായർ, ടി.എം.രാമൻ, ടി.മൊയ്തി എന്നിവരായിരുന്നു തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബോർഡിലുണ്ടായിരുന്നത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഈ ഗ്രാമത്തിന്റെ മുഖമുദ്രയായിരുന്നു. ഹരിജനങ്ങൾ ഒരു തരം അടിമകളായിരുന്നു. ബ്രാഹ്മണർ സഞ്ചരിക്കുമ്പോൾ പ്രത്യേക ശബ്ദം ഉണ്ടാക്കി താണ ജാതിക്കാർക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. ബ്രാഹ്മണ ഗൃഹങ്ങളും അമ്പലങ്ങളുമല്ലാതെ മറ്റു കെട്ടിടങ്ങൾക്കു ഓട് മേയുന്നതുപോലും വിലക്കപ്പെട്ടിരുന്നു. തേക്കു മരങ്ങളും കരിങ്കല്ലുകളും ബ്രാഹ്മണർക്കു മാത്രം അവകാശപ്പെട്ടതായിരുന്നു. ബ്രാഹ്മണരും, നായൻമാരുമായിരുന്നു ജന്മികൾ. കോട്ടൂർ, അവിടനല്ലൂർ, തൃക്കുറ്റിശ്ശേരി എന്നീ മൂന്ന് അംഗങ്ങളുടെയും (വില്ലേജ്) അധികാരിമാർ നമ്പൂതിരിമാരായിരുന്നു. ജന്മിമാർക്ക് കുടിയാൻമാരെ ഏത് അവസരത്തിലും കുടിയൊഴിപ്പിക്കാവുന്ന വിധത്തിൽ മേൽച്ചാർത്ത് സമ്പ്രദായം നിലവിലുണ്ടായിരുന്നു. തൽഫലമായി ജന്മിമാരെ സന്തോഷിപ്പിക്കേണ്ടത് കുടിയാന്റെ കടമയായി. കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം ആദ്യ ദശകങ്ങളിൽ അന്യമായിരുന്നുവെങ്കിലും പുരോഗമന പ്രസ്ഥാനങ്ങളുടെ കടന്നുവരവോടെ ഒഴിപ്പിക്കൽ നിരോധനം നിയമമായതോടെ അവകാശബോധം കർഷകരിൽ ഉടലെടുക്കുകയുണ്ടായി. 1957 ഏപ്രിൽ 11-ന് പുറപ്പെടുവിച്ച ഒഴിപ്പിക്കൽ നിരോധന ഓർഡിനൻസ് കുടിയാന്റെ രക്ഷാ കവചമായി. ഭൂപരിഷ്ക്കരണ നിയമം പാസ്സായപ്പോൾ ജന്മിത്വം അവസാനിക്കുകയും ചെറുകിട ഭൂവുടമകൾ ഉദയം ചെയ്യുകയും ചെയ്തു.തെങ്ങും, നെല്ലുമായിരുന്നു പ്രധാന വിളകൾ. കവുങ്ങും കുരുമുളക് വള്ളികളും പറമ്പുകളിൽ ചിലയിടത്തുമാത്രം ഒതുങ്ങിനിന്നു.വിദ്യാഭ്യാസ രംഗം പിച്ചവെച്ചു തുടങ്ങിയത് 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണ്. നിലത്തെഴുത്താശാൻമാരുടെ മേൽനോട്ടത്തിൽ എഴുത്തു പള്ളിക്കൂടങ്ങളാണ് ആദ്യമുണ്ടായിരുന്നത്. കോട്ടൂർ, പാലൊളി, പുനത്ത്, അവിടനല്ലുർ, തൃക്കുറ്റിശ്ശേരി, വാകയാട് എന്നിവിടങ്ങളിൽ ഇത്തരം പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്നു. ഫർക്ക അടിസ്ഥാനത്തിൽ പ്രൈമറി വിദ്യാലയങ്ങൾ ആരംഭിച്ചതോടെ അവിടനല്ലൂരിൽ ഒരു ലോവർ പ്രൈമറി സ്കൂൾ 1911-ൽ ആരംഭിച്ചു. അണിയോത്ത് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ (വാഗ്ഭടാനന്ദഗുരു) നേതൃത്വത്തിൽ ആത്മ വിദ്യാസംഘം വ്യാപിക്കാൻ തുടങ്ങിയപ്പോൾ ജാതി വ്യവസ്ഥയുടെ അടിത്തറ ഇളകിത്തുടങ്ങുകയും വിദ്യാഭ്യാസം അനിവാര്യമാണെന്ന് തോന്നിതുടങ്ങുകയും ചെയ്തു. 1921-ൽ മൂലാട് ആത്മവിദ്യാസംഘത്തിൽപ്പെട്ട കോണിക്കോത്ത് ഗോവിന്ദൻ വൈദ്യൻ, ചാത്തു വൈദ്യൻ എന്നിവരുടെ നേതൃത്വത്തിൽ കോട്ടൂർ സ്കൂൾ സ്ഥാപിക്കപ്പെട്ടു. ഇതോടെ വിദ്യാഭ്യാസം വ്യാപകമായിത്തുടങ്ങി 1950-ൽ കോട്ടൂർ പഞ്ചായത്ത് അതിർത്തിയിൽ വിശാലമായ നിരവത്ത് പാലോട്ടുമ്മൽ തറവാട്ടുകാർ സൌജന്യമായി നൽകിയ സ്ഥലത്ത് പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തിൽ നടുവണ്ണൂർ ഹൈസ്കൂൾ ആരംഭിച്ചതോടെ ഉന്നത വിദ്യാഭ്യാസം (അന്നത്തെ നിലയിൽ) വ്യാപകമായി. സ്വാതന്ത്ര്യസമരവും ദേശീയപ്രസ്ഥാനവും വലിയ തോതിലല്ലെങ്കിലും അതിന്റെ അലയൊലി ഇവിടെയും ഉണ്ടായിരുന്നു. സ്വതന്ത്രഭാരതത്തിന്റെ (അന്നത്തെ രഹസ്യ ചിത്രം) 13 കോപ്പികൾ രഹസ്യമായി ഈ പഞ്ചായത്തിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. കള്ളുഷാപ്പ് പിക്കറ്റിംഗും ഖാദി നെയ്ത്തും കുറെ ആളുകളെയെങ്കിലും സ്വാധീനിച്ചിരുന്നു. എന്നാൽ ജന്മി കുടുംബങ്ങൾ ബ്രിട്ടീഷ് ആധിപത്യത്തെ സേവിക്കുകതന്നെ ചെയ്തു. 1942-ലെ സ്വാതന്ത്ര്യസമരകാലത്ത് സകല മർദ്ദന മുറകളും നേരിട്ടുകൊണ്ട് വടക്കയിൽ രാമൻ നായർ, കാര്യാട്ട് കുഞ്ഞിരാമൻ നായർ എന്നിവർ നടുവണ്ണൂർ സബ് രജിസ്ട്രാർ ആഫീസ് കത്തിക്കുന്നതിൽ പങ്കാളികളായി. ഉള്ള്യേരി പാലം പൊളി നടന്നതും സബ് രജിസ്ട്രാർ ആഫീസ് കത്തിച്ചതും ചരിത്ര രേഖകളായി. സ്വാതന്ത്ര്യ സമ്പാദനത്തിനു ശേഷം അയിത്തോച്ചാടനം കുറേക്കൂടി വേഗതയാർജ്ജിച്ചു. മത മൈത്രിയുടെയും സഹവർത്തിത്വത്തിന്റേയും ഉദാഹരണമായ പാലൊളി പ്രദേശം ഇസ്ളാം മത വിശ്വാസികളുടെ കേന്ദ്രമാണ്. 130 വർഷങ്ങൾക്കു മുമ്പു തന്നെ മുസ്ളീം പള്ളി നിർമ്മിച്ചിരുന്നു. എന്നാൽ ആ പ്രദേശത്തെ ഊരാടത്തു നായർ (ജന്മി വീട്ടുകാർ) പള്ളിയിൽ കഞ്ഞി പകർച്ചക്കാവശ്യമായ നെല്ലും, വാഴക്കുലകളും എത്തിച്ചു കൊടുക്കുമായിരുന്നു. കുന്നരംവെള്ളി കോവിലകത്തുനിന്നു കുന്നരം വെള്ളി പള്ളിയിലേക്ക് ഇതേ പോലെ സാധനങ്ങൾ നൽകിയിരുന്നു. മലബാർ കലാപം (തെറ്റിദ്ധരിക്കപ്പെട്ട)നടന്ന കാലത്തുപോലും വർഗ്ഗീയ വൈര്യം ഇവിടെ ഉടലെടുത്തിരുന്നില്ല. കിഴക്കൻ മലയോരത്ത് നടന്ന കുടിയേറ്റമാണ് 1940-കളിലെ മറ്റൊരു പ്രധാന സംഭവം. കാട്ടാനകൾ വിഹരിച്ചിരുന്ന കാടുകൾ കുറഞ്ഞ കാലം കൊണ്ട് അധിവാസകേന്ദ്രങ്ങളായി മാറി. ഗതാഗതം ഒരു പ്രശ്നമായിരുന്ന ഈ പ്രദേശത്ത് 1938-ലാണ് ഒരു മൺ റോഡുണ്ടാവുന്നത്. ഇപ്പോഴത്തെ നടുവണ്ണൂർ കുട്ടാലിട റോഡിലൂടെ ഒരു സമ്പന്നനുവേണ്ടി കാളവണ്ടി ഓടുമായിരുന്നു. ഇന്ന് ഗതാഗത തിരക്കുള്ള പൊതുറോഡാണ് ഇത്. 1968-ൽ ബസ് യാത്ര സൌകര്യവും ഈ റോഡിലാണ് നിലവിൽ വന്നത്. വൈദ്യൂതീകരണം ആദ്യമായി നടന്നത് നടുവണ്ണൂർ ഹൈസ്കൂൾ വാകയാട് - 1970ൽ, ഫോൺ കണക്ഷൻ ആദ്യമായി ലഭിച്ചത് തയ്യിൽ വീട് പുനത്ത് - 1967ൽ, റേഡിയോ ആദ്യം സ്ഥാപിച്ചത് നടുവണ്ണൂർ ഹൈസ്കൂൾ വാകയാട് - 1956ൽ എന്നിങ്ങനെയാണ്. പഞ്ചായത്തിന്റെ കിഴക്കേ അതിരിൽ സഹ്യപർവ്വത നിരകളുടെ ഭാഗമായ തുരുത്തമലയും കുന്നിക്കൂട്ടം മലകളുമാണ്. ഇവിടെ വളരെ ഉയരം കൂടിയ ചെങ്കുത്തായ ചരിവാണുള്ളത്. പാറയും വളക്കൂറുള്ള കരിമണ്ണും സമൃദ്ധമാണ്. വറ്റാത്ത നീരുറവകൾ ഇവിടെയുണ്ട്. റബ്ബർ തോട്ടം ഏറ്റവും ഉയരം കൂടിയ ഭാഗത്തുപോലുമുണ്ട്. മുമ്പത്തെ വൻ കാടുകൾ നശിക്കപ്പെട്ടുവെങ്കിലും മിച്ച ഭൂമിയായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കാട് നിലവിലുണ്ട്. അടിവാരത്തിലെത്തുമ്പോൾ തെങ്ങ്, കവുങ്ങ് കൃഷി തുടങ്ങുന്നു.കേരളത്തിലെ മറ്റു പ്രദേശങ്ങളിൽ നടന്നപോലെ ജന്മി കുടിയാൻ വർഗ്ഗവൈരുദ്ധ്യങ്ങൾ ഈ പഞ്ചായത്തിലെ കാർഷിക മേഖലയിൽ രൂക്ഷമായിരുന്നില്ല. കർഷകർ അതുകൊണ്ട് പുനം കൃഷിയിൽ വ്യാപൃതമായിരുന്നു. അമ്പത് വർഷം മുമ്പ് ധാന്യങ്ങളായിരുന്നു കൂലിയായി നൽകിയിരുന്നത്. പഴയകാലത്ത് ഈ പഞ്ചായത്തിലെ മുഖ്യ വിള നെല്ലായിരുന്നു. പറമ്പുകളിൽപ്പോലും നെൽകൃഷി നടത്തിയിരുന്നു. തെങ്ങ്, കുരുമുളക് എന്നിവയും വ്യാപകമായി കൃഷി ചെയ്തിരുന്നു. ഇടവിളകളായി ചേന, ചേമ്പ്, മഞ്ഞൾ, കാച്ചിൽ, പയർ, മധുരക്കിഴങ്ങ് എന്നിവയും കൃഷി ചെയ്തിരുന്നു. കുടിയേറ്റ കർഷകരുടെ ആഗമനത്തോടുകൂടി പുനം കൃഷി അവസാനിക്കുകയും പഞ്ചായത്തിലെ ഭക്ഷ്യരംഗത്തെ സ്വയം പര്യാപ്തതക്ക് മങ്ങലേൽക്കുകയും ചെയ്തു. അവർ മുഖ്യമായും റബ്ബർ, തെങ്ങ്, കുരുമുളക് തുടങ്ങിയ നാണ്യവിളകൾക്കാണ് പ്രധാന്യം കൊടുത്തത്. മുമ്പ് നെൽകൃഷി ചെയ്തിരുന്ന സ്ഥലങ്ങൾ ഇപ്പോൾ തെങ്ങും കവുങ്ങും കൃഷി ചെയ്യുന്ന ഭൂമികളായി മാറിക്കഴിഞ്ഞു.
അതിരുകൾ
[തിരുത്തുക]- തെക്ക് - പനങ്ങാട്, ബാലുശ്ശേരി, ഉള്ളിയേരി പഞ്ചായത്തുകൾ
- വടക്ക് -നൊച്ചാട്, കായണ്ണ പഞ്ചായത്തുകൾ
- കിഴക്ക് - കായണ്ണ, കൂരാച്ചുണ്ട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - നടുവണ്ണൂർ, ഉള്ളിയേരി പഞ്ചായത്തുകൾ
വാർഡുകൾ 19എണ്ണം
[തിരുത്തുക]മുലാട്, നരയംകുളം, കോളിക്കടവ്,
ചെടിക്കുളം,അവിടനല്ലൂർ,അമ്മയാട്ടുവയൽ
പൂനത്ത്, നീറോത്ത്, പാവുക്കണ്ടി, തൃക്കുറ്റിശ്ശേരി
ഇടിഞ്ഞക്കടവ്, പതിനൊന്നുകണ്ടി, വാകയാട്, തിരുവോട്
പാലോളി, കൂട്ടാലിട, പടിയെക്കണ്ടി, കോട്ടൂർ, കുന്നരംവള്ളി
ിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കോഴിക്കോട് |
ബ്ലോക്ക് | ബാലുശ്ശേരി |
വിസ്തീര്ണ്ണം | 28.98 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27,682 |
പുരുഷന്മാർ | 14,026 |
സ്ത്രീകൾ | 13,656 |
ജനസാന്ദ്രത | 955 |
സ്ത്രീ : പുരുഷ അനുപാതം | 974 |
സാക്ഷരത | 91.7% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kotturpanchayat Archived 2015-06-18 at the Wayback Machine.
- Census data 2001
}