കൊടുങ്ങല്ലൂരിലെ ക്രൈസ്തവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളസഭയുടെ പിള്ളത്തൊട്ടിൽ[തിരുത്തുക]

കൊടുങ്ങല്ലൂരിലെ ക്രൈസ്തവ പാരമ്പര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ കേരളസഭയുടെ പിള്ളത്തൊട്ടിൽ എന്ന് കൊടുങ്ങല്ലൂരിനെ വിശേഷിപ്പിക്കാം. കേരളത്തിലാദ്യമായി ക്രൈസ്തവ മതം പ്രവേശിക്കുന്നത് തുറമുഖ പട്ടണമായ കൊടുങ്ങല്ലൂരിൽ ആണ്. ജറുസലേമിലെ ഒരു കാലിത്തൊഴുത്തിൽ ആ മഹാജനനം നടന്നപ്പോൾത്തന്നെ പൗരസ്ത്യനാടുകളിൽ ആ സംഭവം അറിഞ്ഞുകഴിഞ്ഞു എന്നതിന്, ഉണ്ണിയേശുവിനെ വന്ദിക്കാനെത്തിയ വിദ്വാന്മാരിൽ ഒരാൾ കേരളീയനായിരുന്നു എന്ന വാദം തന്നെ മതിയാകും. തുടർന്നങ്ങോട്ട് ക്രിസ്തുവിന്റെ വളർച്ചയും ജീവിതവും അത്ഭുത പ്രവർത്തനങ്ങളും കുരിശുമരണവും ഉത്ഥാനവുമെല്ലാം ഏതാണ്ട് അതേകാലത്തുതന്നെ കേരളക്കരയിലും അറിഞ്ഞിരിക്കും എന്നതിന് സാഹചര്യത്തെളിവുകളുണ്ട്. എ. ഡി, ഒന്നാം നൂററാണ്ടിൻ്റെ പൂർവ്വായത്തിൽ തന്നെ ക്രിസ്തുമതം കേരളത്തിൽ പ്രചാരത്തിലായി എന്നത് ചരിത്രവസ്തുതയാണ്, അത് കേരളത്തിന് വിശിഷ്യ കൊടുങ്ങല്ലൂരിന് വിദേശ രാജ്യങ്ങളുമായുണ്ടായിരുന്ന വ്യാപാര ബന്ധങ്ങളുടെ പശ്ചാത്തലത്തിലാണുതാനും.

കൊടുങ്ങല്ലൂരിന്റെ പൗരാണിക ബന്ധങ്ങൾ[തിരുത്തുക]

ഭാരതത്തിലെ ഒരു പ്രമുഖ തുറമുഖമെന്ന നിലയിലും ഒരു വിശ്രുത വാണിജ്യകേന്ദ്രമെന്ന നിലയിലും കേരളചക്രവർത്തിമാരുടെ ആസ്ഥാന നഗരമെന്ന നിലയിലുമൊക്കെ പ്രസിദ്ധമായിരുന്നു കൊടുങ്ങല്ലൂർ. ബി. സി. അവസാന നൂററാണ്ടുകളിലും എ. ഡി. ആദ്യ നൂററാണ്ടുകളിലും പുരാതന കൊടുങ്ങല്ലൂരിന്റെ പ്രശസ്തി ഉച്ചകോടിയിലെത്തിയിരുന്നു. ഫിനീഷ്യരും, അസീറിയക്കാരും യവനരും, റോമാക്കാരും, ഈജിപ്തുകാരും, സിറിയക്കാരും, യഹുദന്മാരും, ചീനക്കാരും, അറബികളും ക്രിസ്തുവർഷാരംഭത്തിന് വളരെ മുമ്പുതന്നെ ഇവിടെ വന്നുചേർന്നിരുന്നതായി റിഗ്‍നെല്ലി എന്ന ഇറ്റാലിയൻ സഞ്ചാരിയുടെ കുറിപ്പുകളെ ആധാരമാക്കി തീർച്ചയാക്കാം.

പ്രസിദ്ധ ഭൂമിശാസ്ത്രകാരനായ ടോളമി പരാമർശിക്കുന്ന മുസ്സരിസ്സും, ഇസ്രായേൽകാരുടെ തർസീസും, റോമാക്കാരുടെ ഓഫാറും, ഈജിപ്പുകാരുടെ സാഫറും, ഗ്രീക്കുകാരുടെ മൊഥിലയും കൊടുങ്ങല്ലൂരിന്റെ വിവിധ നാമങ്ങളായിരുന്നു എന്ന് ചരിത്രകാരന്മാർ അംഗീകരിക്കുന്ന കാര്യമാണ്. കൊടുങ്ങല്ലൂരിൽ ഒരു റോമൻ കോളനിയും ഒരു റോമൻ ക്ഷേത്രവും ഉണ്ടായിരുന്നതായും അവ സംരക്ഷിക്കുന്നതിനായി ഒരു സംഘം റോമൻ ഭടന്മാർ ഇവിടെ പാർത്തിരുന്നതായും ടോളമി രേഖപ്പെടുത്തിയിട്ടുണ്ട്. റോമൻ ചക്രവർത്തിമാരായ കലിഗുള, ക്ലോഡിയസ്, നീറോ മുതലായവരുടെ നാണയങ്ങൾ നമ്മുടെ നാട്ടിൽ നിന്നും കണ്ടെടുത്തിട്ടുള്ളതും കൊടുങ്ങല്ലൂരിന്റെ പൂർവ്വകാല വ്യാപാരബന്ധങ്ങൾക്ക് തെളിവാണ്.

കൊടുങ്ങല്ലൂരിന്റെ വ്യാപാരബന്ധങ്ങൾ[തിരുത്തുക]

കേരളവും മദ്ധ്യപൂർവ്വദേശങ്ങളുമായി അതിപുരാതന കാലം മുതൽക്കേ വ്യാപാരബന്ധം നിലനിന്നിരുന്നു എന്ന് ബി.സി. ഒന്നാം ശതകത്തിൽ ജീവിച്ചിരുന്ന സ്റ്റാബോ എന്ന ചരിത്രകാരൻ പറയുന്നു. പ്രതിവർഷം നൂററി ഇരുപത് കപ്പലുകൾ ചെങ്കടൽ തീരത്തുനിന്നും പുറപ്പെട്ട് കേരളത്തിൽ എത്തിയിരുന്നത്രെ. ചെങ്കടൽ തീരത്തുള്ള മൂവോസ് ഹോർമോസ് എന്ന തുറമുഖത്തുനിന്നു പുറപ്പെട്ടിരുന്ന കച്ചവടക്കപ്പലുകളെപ്പററിയും അവ വ്യാപാരം ചെയ്തിരുന്ന തുറമുഖങ്ങളെക്കുറിച്ചും പെരിപ്ലസ് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

മൂവോസ് ഹോർമസ് ഒരു പ്രധാന തുറമുഖമെന്നതിനുപുറമെ, കപ്പൽ നിർമ്മാണ കേന്ദ്രം കൂടിയായിരുന്നു. പ്രസിദ്ധമായ ജൂതപ്പാട്ടുകളിൽ ഒന്നിൽ പ്രശസ്തനായ അറിവാളൻ എവറായിയുടെകപ്പൽ സഞ്ചാരത്തെക്കുറിച്ച് പറയുന്നുണ്ട്. ജറുസലേമിൽ നിന്ന് പുറപ്പെട്ട അറിവാളൻ എവറായി ഈജിപ്തിൽ എത്തിച്ചേരുകയും അവിടെ ഒരു കപ്പൽ നിർമ്മിച്ച് ആ കപ്പൽമാർഗ്ഗം പേർഷ്യയുടെതീരത്തു കൂടി യാത്ര ചെയ്ത് ശിബുഷ് എന്ന ചേന്ദമംഗലത്ത് എത്തിച്ചേർന്നതായും വിവരിച്ചിട്ടുണ്ട്. ഇതിൽ നിന്നെല്ലാം പാലസ്തീൻ അടക്കമുള്ള മദ്ധ്യ പൂർവ്വ ദേശങ്ങളുമായി ഇന്ത്യയ്ക്ക് പുരാതന കാലം മുതൽക്കേ വിപുലമായ തോതിൽ വ്യാപാരബന്ധം ഉണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു.

കൊടുങ്ങല്ലൂരിന്റെ പുരാതന നാമങ്ങൾ[തിരുത്തുക]

അതിപ്രാചീനകാലത്ത് കൊടുങ്ങല്ലൂർ പല പേരുകളിൽ അറിയപ്പെട്ടിരുന്നതായി സൂചിപ്പിച്ചുവല്ലോ. അതിൽ സർവ്വ സാധാരണമായിരുന്നത് യഹൂദർ നൽകിയിരുന്ന ഷിങ്ങളി എന്ന പേരായിരുന്നു. അഴിമുഖത്തിന്റെ തമിഴ് പേരായ ചെങ്കർ അഴി ആയിരിക്കും ഷിങ്ങ്ളി ആയത്. മുരിയക്കോട്, മാങ്കോതൈ, മഹോദയപുരം, മഹാദേവർ പട്ടണം, തിരുവഞ്ചി കോവിലകം എന്നൊക്കെ പല പേരുകളിൽ കൊടുങ്ങല്ലൂർ അറിയപ്പെട്ടിരുന്നു. ഇങ്ങനെ പല ജനവിഭാഗങ്ങൾക്കിടയിൽ പല പേരുകളിൽ അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ പ്രാചീനകാലത്തുതന്നെ അതിപ്രശസ്തമായിത്തീർന്നിരുന്നു. അതുകൊണ്ടാണ് പ്ലീനി കൊടുങ്ങല്ലൂരിനെ ഇന്ത്യയിലെ ഏററവും പ്രശസ്തവും പ്രാധാന്യമേറിയതുമായ തുറമുഖമെന്ന് വിശേഷിപ്പിക്കുന്നത്.

യഹൂദകോളനി[തിരുത്തുക]

കേരളത്തിൽ ആദ്യമായി കുടിയേറിപ്പാർത്ത വൈദേശികർ യഹൂദരാണെന്നു കരുതുന്നു. മഹാനായ അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ച ബി.സി. 330 നോട് അടുത്ത് ഒരു സംഘം യഹൂദന്മാർ കേരളത്തിൽ കുടിയേറിപ്പാർത്തതായി ദി ലാൻറ് ഓഫ് പെരുമാൾസ് എന്ന ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു. എന്നാൽ മലബാർ ഡിസ്ട്രിക്ട് മാനുവലിൽ ലോഗൻ പറഞ്ഞിരിക്കുന്നത് ബി.സി. ആറാം നൂററാണ്ടു മുതൽ തന്നെ കേരളത്തിൽ, വിശിഷ്യ കൊടുങ്ങല്ലൂരിൽ യഹൂദ കോളനി ഉണ്ടായിരുന്നു എന്നാണ്, കൊടുങ്ങല്ലൂരിൽ, യഹൂദന്മാർ കുടിയേറി പാർത്തിരുന്ന സ്ഥലത്തെ അഞ്ചുവണ്ണം എന്നാണ് വിളിച്ചിരുന്നത്. ചില സൂറിയാനി രേഖകളിൽ കൊടുങ്ങല്ലൂരിനെ 'ശെൻഗല' എന്നു വിളിച്ചിരുന്നതായി കാണുന്നു. ചെങ്കൽ അഴി, ശെൻഗല, ഷിങ്ങ‍‍ലി ഈ രൂപാന്തരണം ശ്രദ്ധിക്കുക.

ഇങ്ങനെ പലകാലങ്ങളിലായി കേരളത്തിലെത്തി ഇവിടെ സ്ഥിരതാമസമാക്കിയിരുന്ന യഹൂദരുടെ സാന്നിദ്ധ്യമായിരിക്കണം, ക്രിസ്തുവിന്റെ സദ്‍വാർത്തയുമായി കേരളത്തിലെത്താൻ ക്രിസ്തുശിഷ്യനായ തോമായെ പ്രേരിപ്പിച്ചതെന്ന് ചില ചരിത്രകാരന്മാർ പറയുന്നു, തലമുറകളായി തങ്ങൾ പ്രതീക്ഷിച്ചുകൊണ്ടിരുന്ന മിശിഹായുടെ അവതാരമായി അവർ ക്രിസ്തുവിനെ ദർശിക്കുകയും അവർ കേരളത്തിലെ ആദ്യ ക്രിസ്ത്യാനികളായിത്തീരുകയും ചെയ്തു.

പാരമ്പര്യം - വിശ്വാസം[തിരുത്തുക]

സെൻറ് തോമസ് കേരളത്തിൽ എത്തി ക്രിസ്തുമാർഗ്ഗം ഇവിടെ പ്രചരിപ്പിച്ചു എന്നത് ഒരു പ്രാചീന പാരമ്പര്യം എന്ന നിലയിൽ കേരളത്തിൽ വേരൂന്നിയിട്ടുണ്ടെങ്കിലും; വിശുദ്ധ തോമ കേരളത്തിൽ വന്നു എന്നതിന് ചരിത്രപരമായ യാതൊരു തെളിവുകളും ഇല്ല. പല ചരിത്രകാരന്മാരും സെൻറ്തോമസിന്റെ കേരളപ്രവേശനത്തെ നിഷേധിക്കുന്നുമുണ്ട്. എന്നുതന്നെയുമല്ല തോമാസ്ലീഹ ഇന്ത്യയിൽ വന്നു സുവിശേഷം പ്രസംഗിച്ചു എന്നു പറയുമ്പോൾ, ഒന്നാം നൂററാണ്ടിൽ 'ഇന്ത്യ' എന്നു വിവക്ഷിക്കുമ്പോൾ പേർഷ്യയുടെ ഭാഗങ്ങളും സിന്ധുതടവും അഫ്ഗാനിസ്ഥാനും ടിബററും ഒക്കെ ഉൾപ്പെട്ട വിശാലമായ ഭൂപ്രദേശമായിരുന്നു. ഇന്ത്യയിലെ ഗുണ്ടോഫറസ് എന്ന രാജാവിൻറ നാട്ടിൽ ചെന്ന് ഒന്നാം നൂററാണ്ടിന്റെ പൂർവ്വാദ്ധത്തിൽ സുവിശേഷം പ്രസംഗിച്ചുവെന്നാണ് 'തോമയുടെ നടപടി' എന്ന ഗ്രന്ഥത്തിൽ ബർദ്ദേശാനസ് എന്ന ഗ്രന്ഥകാരൻ പറയുന്നത്. എ. ഡി. ഒന്നാം നൂററാണ്ടിൽ അഫ്ഗാനിസ്ഥാനും പഞ്ചാബും ഭരിച്ചിരുന്ന ഒരു പാർത്ഥിയൻ രാജാവായിരുന്നു ഗുണ്ടോഫറസ്. സിന്ധുനദി (ഇൻഡസ്) ഒഴുകുന്ന പ്രദേശം എന്ന അർത്ഥത്തിലാണ് പ്രാചീനകാലത്ത പേർഷ്യക്കാരും ഗ്രീക്കുകാരും ഈ ഭൂവിഭാഗത്ത് ഇന്ത്യയെന്നു വിളിച്ചുപോന്നിരുന്നത്.

ഒന്നാം നൂററാണ്ടിൽ തോമസ് അപ്പോസ്തലൻ ഇന്ത്യയിൽ സുവിശേഷം പ്രസംഗിച്ചു എന്ന് പറയുമ്പോൾ സൈന്ധവ ദേശത്ത് ക്രിസ്തുമതം പ്രസംഗിച്ചു എന്നു പറയുന്നതാവും കൂടുതൽ യുക്തിസഹം എന്നു കരുതുന്ന ചരിത്രകാരന്മാരാണ് അധികവും. എങ്കിലും കേരള ക്രിസ്ത്യാനികൾ തങ്ങൾ സെൻറ് തോമസിനാൽ ക്രൈസ്തവികതയിലേക്ക് വന്നവരാണെന്ന് അഭിമാനിക്കുന്നവരാണ്. ചുരുക്കത്തിൽ സെൻറ് തോമസ് ഏ. ഡി. 52-ൽ കൊടുങ്ങല്ലൂരിൽ എത്തിയെന്നും ഇവിടെയും മറ്റു പല സ്ഥലങ്ങളിലും ക്രിസ്തുമത പ്രചരണം നടത്തിയെന്നുമാണ് പാരമ്പര്യവിശ്വാസം. ഈ വിശ്വാസത്തിന് ആധാരമായ യാതൊരു ചരിത്രരേഖകളും ഇല്ല.

മാർത്തോമാശ്ലീഹായുടെ കാലശേഷം കൊടുങ്ങല്ലൂരിലെ എന്നല്ല, കേരളത്തിൽ പൊതുവെ ക്രിസ്ത്യാനികൾക്ക് ആദ്ധ്യാത്മിക നേതൃത്വം തുടർച്ചയായി നൽകുവാൻ ആരും ഉണ്ടായിരുന്നില്ല. അചിരേണ ക്രിസ്തീയ വിശ്വാസത്തിലും മതാനുഷ്ഠാനങ്ങളിലും നിന്ന് അവർ അകന്നുപോയി. ഈ അധ:പതനത്തിന്റെ കാരണങ്ങളിലൊന്ന് മേല്പട്ട സ്ഥാനം നൽകുന്നതിന് അധികാരമുള്ള ഒരു ശൈഹിക സഭയുമായി അതിനു് ആ കാലഘട്ടത്തിൽ ബന്ധമില്ലായിരുന്നു എന്നുള്ളതാണ്. മറെറാന്ന് ഹിന്ദുക്കളിൽ നിന്നുണ്ടായ എതിർപ്പായിരുന്നിരിക്കണം. ഈ ഘട്ടത്തിൽ അലക്സാണ്ട്രിയയിലെ സർവ്വകലാശാലാദ്ധ്യക്ഷനായിരുന്ന പാന്തേന‍ൂസ് ക്രൈസ്തവരുടെ സഹായത്തിനായി കേരളത്തിൽ എത്തുന്നുണ്ട്. അദ്ദേഹം മാണിക്യവാശകർ എന്ന പ്രസിദ്ധനായ ശൈവസന്യാസിയെ വാദപ്രതിവാദത്തിൽ പരാജയപ്പെടുത്തിയതായി ചരിത്രഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.

കാനായി തോമയുടെ ആഗമനം[തിരുത്തുക]

ഈ സാഹചര്യത്തിലാണ് കാനായിതൊമ്മനും അനുയായികളും ഒരു മെത്രാനോടൊപ്പം ഏതാനും വൈദികരുമൊത്ത് കേരളത്തിൽ കുടിയേറി പാർത്തത്. കൊടുങ്ങല്ലൂരിലായിരുന്നു ഇവർ വാസമുറപ്പിച്ചത്. ഇവരുടെ കുടിയേററത്തിനു പ്രേരകമായി പറഞ്ഞു വരുന്ന കഥകളിൽ ഐതിഹ്യങ്ങളും ചരിത്ര വസ്തുതകളും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു.

നാലാം നൂററാണ്ടിൽ എദേസ്സാ പട്ടണത്തിലെ മാർ യൗസേപ്പു മെത്രാന് ഒരു ദർശനമുണ്ടായി. വിദൂരസ്ഥമായ കേരളസഭയുടെ ശോച്യാവസ്ഥയെപ്പററിയായിരുന്നുവത്ര ദർശനം. ഈ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി, കേരളവുമായി വ്യാപാരബന്ധം ഉണ്ടായിരുന്ന കാനായിതോമയെയും യൗസേപ്പമെത്രാനെയും അനേകം വൈദികരേയും സ്ത്രീപുരുഷന്മാരുൾപ്പെട്ട ഒരു ജനസഞ്ചയത്തെയും കേരളത്തിലേയ്ക്കു അയക്കുകയും അവർ കേരളത്തിൽ എത്തി സ്ഥിരതാമസം തുടങ്ങുകയും, മതപരമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം. എന്നാൽ ചരിത്രവസ്തുതകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന ഒരു കാര്യം, നാലാം ശതകത്തിന്റെ മദ്ധ്യകാലഘട്ടത്തിൽ പേർഷ്യൻ രാജാവായിരുന്ന സാപ്പോർ ദ്വിതീയൻ അഴിച്ചുവിട്ട മതമർദ്ദനമായിരുന്നു കാനായി തോമയേയും കൂട്ടരേയും കേരളത്തിൽ കുടിയേറാൻ പ്രേരിപ്പിച്ചത് എന്നതാണ്.

വർത്തക പ്രമാണിയായിരുന്ന കാനായി തൊമ്മന് കേരളവുമായുണ്ടായിരുന്ന വ്യാപാരബന്ധങ്ങളുടെ പാശ്ചാത്തലത്തിൽ ഇവിടുത്തെ ക്രിസ്താനികൾക്ക് സംഭവിച്ച ആദ്ധ്യാത്മിക ശോചനീയാവസ്ഥ അറിയുവാൻ കഴിഞ്ഞിരിക്കും. അവരെ സഹായിക്കുന്നതിനുള്ള ആഗ്രഹം സഫലീകൃതമാകുന്നതിനുള്ള ഒരു കാരണം കൂടിയായിത്തീർന്നിരിക്കാം, ക്രിസ്ത്യാനികൾക്കെതിരെയുണ്ടായ മതപീഢനം. അതിൽ നിന്നു രക്ഷപ്പെടുന്നതിനായി അദ്ദേഹവും അനുയായികളും കൊടുങ്ങല്ലൂരിൽ കുടിയേറിയതോടെ കൽദായ സുറിയാനി ക്രമമനുസരിച്ചുള്ള ആരാധനാക്രമവും കേരളത്തിൽ ആരംഭിച്ചു എന്നതാണ് ചരിത്രവസ്തുത.

കാനായി തൊമ്മനും അനുയായികളും അന്ന് മഹാദേവർപട്ടണം എന്ന പേരിലറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ പട്ടണത്തിന്റെ തെക്കെ അററത്ത് ചേരമാൻ പെരുമാളിൻ കൊട്ടാരത്തിനു തെക്കുഭാഗത്തായിട്ടാണ് കുടിയേറിപാർത്തത്, ഈവസ്തുതകൾ രേഖപ്പെടുത്തിയിട്ടുള്ള സ്മാരകശില ഇന്നും കോട്ടപ്പുറത്തിനു കിഴക്കുവശത്തായി കോട്ടമുക്കിൽ കാണപ്പെടുന്നു. ആ സ്മാരകശിലയിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. 1 മദ്ധ്യപൗരസ്ത്യദേശത്തു നിന്ന് കൊടുങ്ങല്ലൂരിലേയ്ക്ക് 72 സിറിയൻ കുടുംബാംഗങ്ങളെ 345-ൽ നയിച്ചുകൊണ്ടുവന്ന കാനായിലെ തോമസ്, എഡേസായിലെ മാർ ജോസഫ്. 2 എ. ഡി. 1503-ൽ ലത്തീൻ റീത്തിൽ ചേർന്ന ബാബിലോണിയൻ മെത്രാനായ മാർ അബൂനാജേക്കബ്ബ്, 3/nowiki> എ. ഡി. 1541 ൽ കൊടുങ്ങല്ലൂരിലെ സെൻറ് ജയിംസ് സെമിനാരി സ്ഥാപിച്ച ഫാദർ വിൻസെൻറ് ഡിലാഗോസ്, <nowiki>4 അദ്ദേഹത്തിൻറെ സഹായിയായി സേവനം അനുഷ്ഠിച്ച ഫാദർ ജോർജ്. എസ്. പാദ്രോ. ഈ വിശിഷ്ടാത്മാക്കളുടെ ഭൗതികാവശിഷ്ടങ്ങൾ, ഈ പുണ്യഭൂമിയിൽ വിശ്രമം കൊള്ളുന്നു. കൊടുങ്ങല്ലൂരിലെ സിറിയൻ ക്രിസ്ത്യാനികൾ പൊതുവെ തെക്കും ഭാഗക്കാർ എന്നും വടക്കും ഭാഗക്കാർ എന്നും വിളിച്ചിരുന്നതായി പറയുന്നു. ഇവരുടെ പിൻതലമുറക്കാർ ഇന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നുണ്ട്. ചേരമാൻ പെരുമാളിൻറ കൊട്ടാരത്തിനു തെക്കു ഭാഗത്തായി താമസിച്ച കാനായി തൊമ്മനും അനുയായികൾക്കും തെക്കും ഭാഗക്കാർ എന്നു പേരു സിദ്ധിച്ചു. കൊട്ടാരത്തിനു വടക്കുഭാഗത്തു താമസിച്ചിരുന്ന കൊടുങ്ങല്ലൂരിലെ ആദിമ ക്രിസ്ത്യാനികളെ വടക്കും ഭാഗക്കാർ എന്നുമാണ് വിളിച്ചിരുന്നത്. ഇത് ഇവരെ പരസ്പരം തിരിച്ചറിയുന്നതിനു വേണ്ടിയായിരുന്നു. ഈ വടക്കും ഭാഗക്കാരുടെ ആവാസകേന്ദ്രം കൊടുങ്ങല്ലൂരിന്റെ വടക്കു കിഴക്കെ ഭാഗങ്ങളായ പുല്ലൂറ്റോ കരൂപ്പടന്നയോ ആയിരുന്നിരിക്കാനാണ് സാദ്ധ്യത. അതുപോലെ തിരുവഞ്ചിക്കുളത്തിന് തെക്കോട്ടുള്ള പെരിയാർ അതിരിട്ടിരിക്കുന്ന കോട്ടപ്പുറത്തും പരിസരങ്ങളിലുമായിട്ടായിരുന്നിരിക്കണം തെക്കും ഭാഗക്കാരുടെ ആസ്ഥാനം.

അധികാരപത്രങ്ങളും സ്ഥാനമാനങ്ങളും[തിരുത്തുക]

കാനായി തോമയുടെ ആഗമനത്തോടെയാണ് കേരള നസ്രാണികൾക്ക് പേർഷ്യൻ സഭയുമായി ബന്ധം ആരംഭിക്കുന്നത്. നെസ്തോറിയന്റെ അബദ്ധസിദ്ധാന്തങ്ങൾ കേരളത്തിൽ പ്രചരിക്കുവാനുണ്ടായ സാഹചര്യം ഇതായിരുന്നിരിക്കണം, ആ അബദ്ധസിദ്ധാന്തത്തിന്റെ പിടിയിൽ നിന്നും കേരള നസ്രാണികൾ മോചിതരായത് പോർട്ടുഗീസുകാരുടെ വരവിനു ശേഷമാണ്.

കാനായിതോമയും കൂട്ടരും കുടിയേറിയ കാലത്ത്”-കേരളത്തിലെ ഭരണാധികാരിയായിരുന്ന പെരുമാൾ ഈ വർത്തകപ്രമാണിക്ക് അധികാര പത്രങ്ങളും സ്ഥാനമാനങ്ങളും നൽകിയതായി കാണുന്നുണ്ട്. ഇതോടുകൂടി " കൊടുങ്ങല്ലൂരിലെ നസ്രാണികളുടെ സാമൂഹ്യസ്ഥിതിയും സ്വാധീനവും അസൂയാവഹമായ നിലയിലെത്തിച്ചേർന്നു. ഈ കാലഘട്ടത്തിലാണ് പ്രസിദ്ധമായക്രിസ്ത്യൻ രാജകുടുംബം-വില്ല്യാർവട്ടം രാജവംശം-ഉടലെടുത്തത്. ഈ രാജവംശത്തിന്റെ ആസ്ഥാനം ആദ്യകാലങ്ങളിൽ കൊടുങ്ങല്ലൂരിനടുത്ത ചേന്ദമംഗലത്തായിരുന്നു. ചേന്ദമംഗലത്ത് ഇന്നും ഈ പേരിനെ അനുസ്മരിപ്പിക്കുന്ന ചില സ്ഥലനാമങ്ങൾ ഉണ്ട്, ഏതാണ്ട് 1450 നോടടുത്ത കാലത്ത് ഈ രാജവംശം അന്യം നിന്നു പോയതായി കരുതുന്നു.

കൊച്ചി തുറമുഖത്തിന്റെ ആവിർഭാവം[തിരുത്തുക]

കേരളത്തിൽ ക്രിസ്തീയത ആവിർഭവിച്ചതും അത് വളന്ന് വികസിച്ചതും കൊടുങ്ങല്ലൂരായിരുന്നു എന്ന് നാം കണ്ടു കഴിഞ്ഞു. കൊടുങ്ങല്ലൂരിന്റെ അന്നത്തെ വ്യാവസായികവും വാണിജ്യപരവുമായ പ്രാധാന്യമാണ് ക്രൈസ്തവമതത്തിന്റെ കേരള പ്രവേശനത്തിന് പശ്ചാത്തലമായിരുന്നത്. ഈ പശ്ചാത്തലം പെട്ടെന്ന് ഇല്ലാതാവുകയാണുണ്ടായത്. പ്രശസ്തമായ ഈ തുറമുഖ പട്ടണത്തിന്റെ പ്രാധാന്യം 1343 -ൽ പെരിയാറിലുണ്ടായ അഭൂതപൂർവമായ വെള്ളപ്പൊക്കത്തെത്തുടർന്ന് പെട്ടെന്ന് അസ്തമിച്ചു. മണ്ണടിഞ്ഞ തുറമുഖത്തിൻറ ആഴം തീരെ കുറഞ്ഞു പോയതാണ് തുറമുഖത്തിൻറെ പ്രാധാന്യം നഷ്ടപ്പെടുവാനുണ്ടായ കാരണം. അതോടൊപ്പം കൊച്ചി അഴി കപ്പലുകൾക്ക് പ്രവേശിക്കാൻ പറ്റിയ വിധത്തിൽ തുറക്കപ്പെട്ടത് കൊടുങ്ങല്ലൂരിന്റെ പ്രാധാന്യം നശിക്കാൻ ഇടയാക്കി. ഇതോടൊപ്പം കായലിൽ പുതിയ ദ്വീപസമൂഹങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. കൊച്ചി അഴി തുറന്നതോടെ കച്ചവടസംഘങ്ങൾ കൊടുങ്ങല്ലൂരിൽ നിന്നും കൊച്ചിയിലേക്കും പരിസര പ്രദേശങ്ങളിലേക്കും മാറി. ഈ വർത്തകരിൽ യഹൂദരും, ക്രിസ്ത്യാനികളും,മുഹമ്മദീയരുമുണ്ടയിരുന്നു. അതോടൊപ്പം കൊടുങ്ങല്ലൂരിലെ ആദിമ ക്രിസ്ത്യാനികൾ കൂടി കൊച്ചിയിലേക്കു കടന്നു കയറി.

പ്രാദേശിക ആക്രമണങ്ങൾ[തിരുത്തുക]

കൊടുങ്ങല്ലൂരിലെ ക്രിസ്ത്യാനികൾ സമീപപ്രദേശങ്ങളിലേക്കും കുടിയേറി പാർത്തിട്ടുണ്ട്, അതിനു പ്രധാനകാരണമായത് സാമൂതിരിയുടെ ആക്രമണമായിരുന്നു. 1504 ലും, 1514 ലും സാമൂതിരി കൊടുങ്ങല്ലൂർ ആക്രമിച്ചു. ഈ രണ്ടു യുദ്ധങ്ങളിലും സാമൂതിരി പട്ടണത്തിന്റെ പല ഭാഗങ്ങളും അഗ്നിക്കിരയാക്കി. ഭയവിഹ്വലരായ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറി. വലിയൊരു ക്രിസ്ത്യൻ സമൂഹം അന്ന് തുരുത്തിപ്പുറത്തേക്ക്- കോട്ടപ്പുറത്തിനു കിഴക്കുഭാഗത്തുള്ള ദ്വീപ് -മാറിത്താമസിച്ചു. അവിടെ അവർ 1533-ൽ ഒരു പള്ളി സ്ഥാപിച്ചു. ആ ദേവാലയം ടിപ്പുവിന്റെ പീരങ്കിയേറ്റ് തകർന്നു. അതിന്റെ സ്ഥാനത്ത് പുതുക്കിപ്പണി കഴിപ്പിച്ചതാണ് ഇപ്പോഴത്തെ ദേവാലയം. ഈ ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലം പടയാട്ടി കുടുംബാംഗമായ ഒരു ധനികൻ നല്ലിയതാണ്. പടയാട്ടി കുടുംബം സുറിയാനി റീത്തിൽ പെട്ടവരാണ്. എന്നാൽ ഇന്ന് തുരുത്തിപ്പുറം ലത്തീൻ റീത്തിൽ പെട്ടവർ മാത്രം തിങ്ങി താമസിക്കുന്ന പ്രദേശമാണ്. എന്നാൽ പിൽക്കാലത്ത് പല സുറിയാനി കത്തോലിക്കരും ലത്തീൻ റീത്ത് സ്വീകരിച്ചതിന്റെ പ്രധാന തെളിവായി ഈ പരിവർത്തനത്തെ കണക്കാക്കുന്നതാണ് യുക്തിഭദ്രവും ചരിത്രവസ്തുതയും, ഇന്നത്തെ പ്രശസ്തമായ പല സുറിയാനി തറവാട്ടുപേരുകളും ഇവിടത്തെ പ്രശസ്തമായ താവാട്ട് പേരുകളായി നിലനിൽക്കുന്നു. ഇങ്ങനെ കൊടുങ്ങല്ലൂരിൽ നിന്നു നസ്രാണി കുടുംബങ്ങൾ തുരുത്തൂർ, പൊയ്യ, മാള, ഗോതുരുത്ത്, ചേന്ദമംഗലം, പറവൂർ, പള്ളിപ്പുറം, ഞാറക്കൽ, മതിലകം, ആലങ്ങാട്, അങ്കമാലി എന്നീ പ്രദേശങ്ങളിലും ചെന്ന് സ്ഥിരതാമസമാക്കി.

കോട്ടപ്പുറത്തെ പുരാതന ദേവാലയം[തിരുത്തുക]

വിശുദ്ധ തോമ്മാ ആദ്യമായി മാല്യങ്കരയിൽ കപ്പലിറങ്ങി കേരളത്തിൽ ക്രിസ്തുമത പ്രചരണം നടത്തി എന്ന വിശ്വാസം നിലനിൽക്കെ, ആ പശ്ചാത്തലത്തിൽ ചില വസ്തുതകൾ വിലയിരുത്തേണ്ടതുണ്ട്. (വിശുദ്ധതോമയുടെ കേരള പ്രവേശനത്തിനു യാതൊരു ചരിത്ര പശ്ചാത്തലവുമില്ലെന്ന് മുൻപ് സൂചിപ്പിച്ചിട്ടുണ്ട്.) കോട്ടപ്പുറത്ത് ഇന്ന് സ്ഥിതിചെയ്യുന്ന സെൻറ് മൈക്കിൾസ് കത്തീഡ്രൽ തലയുയർത്തി നിൽക്കുന്നത് പണ്ട് പണ്ട് ക്രൈസ്തവീകതയിൽ ആകൃഷ്ടരായിത്തീർന്നവർ ഒത്തുകൂടിയിരുന്നിടത്താണെന്നാണ് പാരമ്പര്യ വിശ്വാസം. കാലപ്പഴക്കത്തിൽ ആവശ്യമായ പുതുക്കിപ്പണിയലുകൾക്ക് ശേഷമാണ് ഇന്നിപ്പോഴത്തെ ദേവാലയം ഈ നിലയിൽ കാണപ്പെടുന്നത്. ഇന്നത്തെ നിലയിൽ ആ ദേവാലയം നിർമ്മിക്കപ്പെട്ടത് 1890 -ൽ ആണ്. വിപുലമായ ശതാബ്ദി ആഘോഷങ്ങൾ 1990ൽ നടന്നു. 1987 ഒക്ടോബറിൽ കോട്ടപ്പുറം രൂപതയുടെ ആസ്ഥാനമായതോടെയാണ് ഈ ദേവാലയം കത്തീഡ്രൽ പദവിയിലേയ്ക്കുയർത്തപ്പെട്ടത്.

ഏതാനും നൂറ്റാണ്ടുകൾക്കു മുൻപ് സെ്പയിനിൽ നിന്നും പുറപ്പെട്ട കുറെ വൈദികർ സുരക്ഷിതരായി കൊടുങ്ങല്ലൂർ തുറമുഖത്ത് എത്തി. ശുഭപര്യവസായിയായ ആ യാത്രയുടെ ഓർമ്മയായും, ദൈവ സ്തുതിക്കും വേണ്ടി ആ വൈദികർ ഇന്നത്തെ ദേവാലയത്തിന്റെ സ്ഥാനത്തുണ്ടായിരുന്ന ജീർണ്ണിച്ച ദേവാലയം പുതുക്കിപ്പണിയുകയും, സ്വർഗ്ഗീയ മദ്ധ്യസ്ഥനായ സെൻറ് മൈക്കിളിന്റെ നാമധേയത്തിൽ പ്രതിഷ്ഠ നടത്തുകയും ചെയ്തു. പുരോഹിതന്മാർ . സഞ്ചരിച്ചിരുന്ന പായ്ക്കപ്പലിന്റെ പേരും അതുതന്നെയായിരുന്നു.

പുരാതന കപ്പേളയും അത്ഭുത കുരിശും[തിരുത്തുക]

അതേ സമയം തന്നെ കോട്ടപ്പുറം കടവിൽ ഇപ്പോഴും കാണുന്ന സെൻറ് തോമസ് കപ്പേള ആദ്യ നൂററാണ്ടിൽ തന്നെ സ്ഥാപിതമായതാണെന്ന് വിശ്വസിക്കപ്പെടുന്നു. ജാതിമതഭേദമെന്യേ ജനങ്ങൾ ഇവിടെ ആരാധനയെത്തുന്നുണ്ട്. അത്ഭുതശക്തിയുള്ള ഒരു കുരിശ് ഈ കപ്പേളയിൽ ഉണ്ടായിരുന്നതായി വിശ്വസിക്കുന്നു. ഈ കുരിശ് ചില അവസരങ്ങളിൽ അന്തരീക്ഷത്തിലേക്കുയർന്ന് ശക്തിയേറിയ പ്രഭാ പ്രസരത്താൽ വലയം ചെയ്യാറുണ്ടായിരുന്നെന്നും സമുദ്ര സഞ്ചാരികൾക്ക് അത് ദീപസ്തംഭം പോലെ ഉപകരിച്ചിരുന്നു എന്നും പറയപ്പെടുന്നു. എ. ഡി. 1536 ൽ ഈ കുരിശ് ദേവാലയം നശിപ്പിക്കപ്പെട്ടു.

പോർത്തുഗീസ് ആഗമനം[തിരുത്തുക]

കേരളത്തിന്റെ ക്രിസ്തീയ ചരിത്രത്തിൽ നിർണ്ണായകവും ദൂരവ്യാപകവുമായ ഫലമുളവാക്കിയ ഒരു സംഭവത്തിൻറെ നീക്കം നടന്നതും കൊടുങ്ങല്ലൂരിൽ നിന്നാണ്. വാസ്കോ ഡി ഗാമ കൊച്ചിയിലെത്തിയപ്പോൾ ഒരു ക്രിസ്ത്യൻ പ്രതിനിധി സംഘം വാസ്ക്കോ ഡി ഗാമയെ സന്ദർശിക്കുകയുണ്ടായി. വാസ്ക്കോ ഡി ഗാമയും ക്രിസ്ത്യൻ പ്രതിനിധി സംഘവും തമ്മിൽ ഉണ്ടായ കൂടിക്കാഴ്ചയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. പോർത്തുഗീസ് രാജാവിന്റെ ഭൗതികവും ആദ്ധ്യാത്മികവുമായ അധികാരത്തിനും സ്വയം വിധേയരായതോടെ അന്നത്തെ കേരള ക്രിസ്ത്യാനികളുടെ ഇടയിൽ കടന്നു കൂടിയിരുന്ന അബദ്ധ വിശ്വാസങ്ങളേയും അനാചാരങ്ങളേയും നിർമ്മാർജനം ചെയ്യാനുള്ള ബാദ്ധ്യത രാജാവിനാൽ നിയുക്തരായ മിഷനറിമാരിൽ നിക്ഷിപ്തമായിത്തീർന്നു. തങ്ങളിൽ അർപ്പിക്കപ്പെട്ട ബാദ്ധ്യത നിറവേറ്റുന്നതിന് മിഷനറിമാർ ഫലം സുനിശ്ചിതമായ മാർഗ്ഗമാണ് തിരഞ്ഞെടുത്തത്. ഇവിടത്തെ ക്രിസ്ത്യാനികളുടെയിടയിൽ കടന്നുകൂടിയിരുന്ന അബദ്ധസിദ്ധാന്തങ്ങൾ ഉൾക്കൊള്ളന്ന ആരാധനാരീതികൾക്ക് പകരം പുതിയ രീതി പ്രാവർത്തികമാക്കുക. അങ്ങനെ ഇവിടെ നിലനിന്നിരുന്ന സിറിയൻ ആരാധനാക്രമത്തിനു പകരം ലത്തീൻ ആരാധനാക്രമം നടപ്പാക്കി. അതോടെ പഴയ ആരാധനാക്രമം പാടെ മാറി, പുതിയ ആരാധനാക്രമം നിലവിൽ വന്നു. ഈ പരിവർത്തനം മൂലം ഇടവകകൾ ഓരോന്നും ലത്തീൻ റീത്തിലേക്കു പരിവർത്തനം ചെയ്യപ്പെട്ടു. പുരാതന ക്രൈസ്തവ കേന്ദ്രമായ കൊടുങ്ങല്ലൂരിൽ ഇന്നുള്ള ക്രൈസ്തവർ അങ്ങനെ ലത്തീൻ റീത്ത് സ്വീകരിച്ചവരാണ്, അടുത്തകാലത്ത് കൊടുങ്ങല്ലൂരിൽ (ശ്രംഗപുരത്ത്) ഒരു സിറിയൻ ഇടവക രൂപപ്പെട്ടിട്ടുണ്ട്.

വില്ല്യാർവട്ടം ക്രിസ്തീയ രാജാവ്[തിരുത്തുക]

രേഖപ്പെടുത്തേണ്ട മറ്റൊരു വസ്തുത വില്ല്യാർവട്ടംക്രിസ്തീയ രാജാവിനെക്കുറിച്ചാണ്. ചേന്ദമംഗലം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ഈ രാജാക്കന്മാരുടെ നേരിട്ടുള്ള നായന്ത്രണം കൊടുങ്ങല്ലൂർ ക്രിസ്ത്യാനികളുടെമേൽ ഈ രാജാക്കന്മാർക്കുണ്ടായിരുന്നു. എ.ഡി. 1500 നോടടുത്ത കാലത്ത് വില്ല്യാർവട്ടം രാജാവ് അന്തരിച്ചതായി കാണുന്നു. പ്രസ്തുത രാജാവിന് സന്തതികളില്ലാതിരുന്നതിനാൽ രാജവംശം വക സ്വത്തുക്കൾ അധീശ രാജാവായ കൊച്ചി രാജ്യത്തിലേക്കു ചേർന്നു. അങ്ങനെ ആ പുരാതന ക്രിസ്ത്യൻ രാജവംശം നാമാവശേഷമായി. വില്ല്യാർവട്ടം രാജവംശം നശിച്ചതോടെ നസ്രാണികൾ പലവിധ ഉപദ്രവങ്ങൾ നേരിടേണ്ടി വന്നതായി ചരിത്രത്തിൽ അങ്ങിങ്ങു കാണാൻ കഴിയും. ഈ പീഢനങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുക എന്നതായിരുന്നു വാസ്കോ ഡി ഗാമയെ സന്ദർശിച്ച പ്രതിനിധിസംഘത്തിന്റെ ഉദ്ദേശ്യം. അവർ സ്വതന്ത്രരായിരുന്നു എന്നു കാണിക്കുന്നതിന്നായിരിക്കാം അന്യംനിന്നുപോയ രാജവംശം വക ചെങ്കോലും ആ രാജവംശത്തിന് പുരാതന പെരുമാക്കന്മാരിൽ നിന്നു ലഭിച്ച രാജപത്രികയും വാസ്ക്കോ ഡി ഗാമയെ ഏൽപിച്ചത്. അബൂന യാക്കോബ്ബ് എന്ന സുറിയൻ മെത്രാനാണ് ഈ പ്രതിനിധി സംഘത്തിൻറ നേതാവ്. ഇദ്ദേഹം പിന്നീട് ലത്തീൻ റീത്ത് സ്വീകരിച്ചു. അന്ത്യനാളുകളിൽ അദ്ദേഹം കൊച്ചിയിലെ പോർട്ടുഗീസ് കേന്ദ്രത്തിൽ ആണ് താമസിച്ചിരുന്നത്. അവിടെ വച്ചു തന്നെയായിരുന്നു അന്ത്യവും.

ആദ്ധ്യാത്മിക നവീകരണ പദ്ധതികൾ[തിരുത്തുക]

കേരളക്കരയിലെ പുരാതന ക്രൈസ്തവരുടെ ഇടയിൽ കാര്യക്ഷമവും ഫലപ്രദവുമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി വൈദികരെ ആവശ്യമായിരുന്നു. ഈ കുറവ് പരിഹരിക്കുന്നതിനുവേണ്ടി സെമിനാരി സ്ഥാപിച്ചത് കൊടുങ്ങല്ലൂരിൽ ആയിരുന്നു. 1540-ൽ ഈ സെമിനാരി സ്ഥാപിച്ചത് ഫാദർ വിൻസെൻറ് ലാഗോസ് എന്ന മിഷനറിയാണ്. ലത്തീൻ ക്രമത്തിലും ലത്തീൻ ഭാഷയിലും മതകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള പരിശീലനമാണ് ഇവിടെ നല്ലിയിരുന്നത്.

കൊടുങ്ങല്ലൂരിന്റെ ക്രൈസ്തവ ചരിത്രത്തിലെ മറെറാരു പ്രധാന സംഭവമാണ് കൊടുങ്ങല്ലൂരിനെ ഒരു രൂപതയായും പിന്നീട് അതിരൂപതയായും ഉയർത്തിയത് . 1605-ൽ ആണ് പോൾ അഞ്ചാമൻ മാർപാപ്പ കൊടുങ്ങല്ലൂർ രൂപത സ്ഥാപിച്ചത്. 1782 വരെ ഈ രൂപത നിലനിന്നിരുന്നതായി രേഖകളുണ്ട്.

ചരിത്രത്തിൻറെ ആവർത്തനമെന്നോണം പുരാതന ക്രൈസ്തവീകത പിറന്നു വളർന്ന നടുമുറ്റത്ത് തന്നെ ഇപ്പോൾ കോട്ടപ്പുറം രൂപത ജന്മമെടുത്തിരിക്കുന്നു. കോട്ടപ്പുറം രൂപതയുടെ ആസ്ഥാനവും ചരിത്ര പ്രസിദ്ധമായ ഈ മണ്ണിൽ തന്നെയാണ് നൂററാണ്ടുകളുടെ സാഫല്യമെന്നോണം കോട്ടപ്പുറം രൂപതയുടെ പ്രഥമ സാരഥിയായി അവരോധിക്കപ്പെട്ടത്. കേരള ക്രൈസ്തവ ചരിത്രത്തറവാടിന്റെ തിരുമുറ്റത്ത് സുവിശേഷത്തിന്റെ കൈത്തിരി ഏറ്റു വാങ്ങിയ നാൾ മുതൽ സഭാചരിത്രത്തിന്റെ നിർണ്ണായക ഘട്ടങ്ങളുടെയെല്ലാം ധൂമസ്മരണകളുടെ പുളകോദ്ഗമങ്ങൾ അയവിറക്കുന്ന ക്രൈസ്തവികതയുടെ പിള്ളത്തൊട്ടിലിൽ വളർന്ന കോട്ടപ്പുറത്തിന്റെ മാനസപുത്രൻ റൈററ് റവ.ഡോ: ഫ്രാൻസിസ് കല്ലറക്കൽ ആണ്. കോട്ടപ്പുറം രൂപതയുടെ രൂപീകരണം കൊടുങ്ങല്ലൂരിന്റെ ക്രൈസ്തവ ചരിത്രത്തിന് ഒരു നാഴികക്കല്ലായിത്തീർന്നിരിക്കയാണ്. 1937 ഒക്ടോബർ 4 ന് കോട്ടപ്പുറം രൂപത ജന്മം കൊണ്ടു.

ആചാരാനുഷ്ഠാനങ്ങൾ[തിരുത്തുക]

കൊടുങ്ങല്ലൂരിലെ ക്രൈസ്തവരെ കുറിച്ചുള്ള ഈ ലേഖനം അവസാനിപ്പിക്കുന്നതിനു മുൻപ് അവരുടെ സാമൂഹിക ആചാരങ്ങളെ സംബന്ധിച്ച പരാമർശം അനിവാര്യമാകുന്നു. സാമൂഹികമായും മറ്റ‍ും വളരെ ഉയർന്ന നിലവാരം പുലർത്തിയിരുന്ന ക്രിസ്ത്യാനികൾ വിവാഹം, മരണം മുതലായ സന്ദർഭങ്ങളിലും വസ്ത്രധാരണ രീതിയിലും തനതായ ചില ആചാരങ്ങൾ പിൽക്കാലത്ത് രൂപപ്പെടുത്തിയെടുക്കുകയുണ്ടായി. ആദ്യകാലത്ത് ക്രൈസ്തവർ എന്നറിയപ്പെട്ടിരുന്നെങ്കിലും ആചാരക്രമങ്ങൾ മിക്കവാറും ഹൈന്ദവമായിരുന്നു. 1599ൽ ഉദയംപേരൂർ സൂനഹദോസിലെ കാനോനകൾ വ്യക്തമാക്കുന്ന വസ്തുത അതാണ്. പൂർവ്വ ക്രിസ്ത്യാനികളുടെ ഇടയിൽ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നീക്കി വലിയ സാമൂഹ്യ പരിഷ്ക്കരണത്തിനായുള്ള ഒരു മഹാസംരംഭമായിരുന്നു ഉദയം പേരൂർ സൂനഹദോസ്.

ക്രൈസ്തവരുടെ വിവാഹ സമ്പ്രദായം എന്തെന്നും, ആചാരാനുഷ്ടാനങ്ങൾ എന്തെന്നും വ്യക്തമാക്കുന്ന ഏതാനും നാടൻപാട്ടുകൾ പ്രചാരത്തിലിരുന്നത് ഇന്ന് ക്രോഡീകരിക്കപ്പെട്ടിട്ടണ്ട്. വിവാഹത്തെ സംബന്ധിച്ച ക്രൈസ്തവ വീക്ഷണം കേരള ക്രൈസ്തവരിൽ വേരൂന്നിയത് മേൽ സൂചിപ്പിച്ച സൂനഹദോസിനു ശേഷമാണ്. ഭാര്യാഭർതൃബന്ധത്തിന്റെ പരിപാവനത, വിശുദ്ധി ആദ്യകാലത്ത് പാലിക്കപ്പെട്ടിരുന്നില്ല. ബഹുഭർത്തൃ സമ്പ്രദായം ക്രിസ്ത്യാനികളുടെ ഇടയിലും സാധാരണമായിരുന്നു. ഉദയം പേരൂർ സുനഹദോസിലെ പതിമൂന്നാംവകുപ്പും ഉപവകുപ്പുകളുമാണ് ഈ അനാചാരത്തെ തടഞ്ഞത്.

ക്രൈസ്തവ വിവാഹം ഒരു കൂദാശയാണ്. ക്രിസ്തുവാണ് അതിൻറ പരികർമ്മി. വധൂവരന്മാരെ വൈവാഹികതലത്തിൽ ബന്ധിപ്പിക്കുമ്പോൾ പുരോഹിതൻ ക്രിസ്തുവിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതിനാൽത്തന്നെ അത് ദൈവീക ഉടമ്പടിയും ആജീവനാന്ത ബന്ധവുമാണ്. ഒപ്പം വിവാഹാഘാഷങ്ങൾ അതിന്റേതായ സാമൂഹികമാനങ്ങളുമുണ്ട്. തങ്ങൾക്കു് സമൂഹത്തിലുള്ള ഉയർന്ന പദവി, പുരാതനമായി ഭരണാധികാരികളിൽ നിന്നും ലഭിച്ചിട്ടുള്ള അവകാശാധികാരങ്ങൾ എന്നിവയുടെ എല്ലാം ഭാവപ്പൊലിമയോടു കൂടിയ വിവാഹാഘോഷങ്ങൾ ദിവസങ്ങളോളം നീണ്ടു നില്ക്കുന്നവയായിരുന്നു. ഇന്ന് അവയിൽ പലതും രംഗത്തുനിന്നും തിരോഭവിച്ചു. വരൻറയും വധുവിന്റെയും ഭവനങ്ങളിൽ നടന്നിരുന്ന ആഘോഷ പരിപാടികളുടെയും, അന്നത്തെ സാമൂഹ്യ മര്യാദകളെയും വ്യക്തമാക്കുന്നചില കല്ല്യാണപ്പാട്ടുകൾ ലഭ്യമായിട്ടുണ്ട്.

കല്യാണപ്പാട്ടുകൾ - ആചാരങ്ങൾ[തിരുത്തുക]

വിവാഹ നിശ്ചയമാണ് പ്രഥമചടങ്ങ്. ഇതിന് സാധാരണ ഒത്തുകല്ല്യാണം എന്ന് പറയുന്നു. വിവാഹനിശ്ചയം സാധാരണഗതിയിൽ വരന്റെ ഗൃഹത്തിൽ വച്ചാണ് നടത്തുക. വധുവിൻറ ബന്ധുക്കൾ വരഗൃഹത്തിൽ എത്തി കേമമായ വിരുന്നിനുശേഷം മുതിർന്നവർ കാര്യങ്ങൾ പറഞ്ഞൊത്ത് ഓല എഴുതിമാറുന്നു, ഇതിനെ സംബന്ധിച്ച ഒരു പഴയ പാട്ടിലെ വരികൾ ഇങ്ങിനെയാണ്.

     "ഖണ്ഡിച്ചുകല്ല്യാണവുമെണ്ണിക്കുറിച്ചനാളിൽ
     പുത്തൻ പനയോലയിൽ ചിത്രമെഴുത്തുപെട്ടു"

പരസ്പര ഉടമ്പടി എന്ന നിലയിലാണ് പനയോലയിൽ എഴുതി ഉറപ്പിക്കുന്നത്. ഇന്നും ഈ 'ഓലയെഴുതി മാറൽ' നടക്കുന്നുണ്ട്; അപൂർവ്വമായി. കല്യാണനിശ്ചയം നടന്നാൽ അധികം താമസിയാതെ 'മനസ്സമ്മതം' നടത്തുന്ന പതിവ് ഇന്നുണ്ട്,-പണ്ട് പക്ഷെ മനസ്സമ്മതം എന്ന ചടങ്ങ് നടന്നിരുന്നതായി കാണുന്നില്ല. ഇത് വിവാഹിതരാകാൻ പോകുന്ന സ്ത്രീയും പുരുഷനും തങ്ങൾ സ്വമനസ്സാലെത്തന്നെയാണ് വിവാഹിതരാകാൻ പോകുന്നത് എന്ന് പള്ളിയിൽ പുരോഹിതൻ മുന്നിൽ വച്ച് സമ്മതിച്ച് എഴുതി ഒപ്പുവയ്ക്കുന്ന ചടങ്ങാണ്. അപൂർവ്വം സന്ദർഭങ്ങളിൽ പുരോഹിതൻ വധുവിന്റെ വീട്ടിലെത്തി അവിടെ വച്ചു നടത്താറുണ്ട്. തുടർന്ന് വധുവിൻറ വീട്ടിൽ എത്തിയ വരനും പാർട്ടിക്കും ഗംഭീരമായ സദ്യയും നടത്തും.

വിവാഹപരസ്യം ക്രൈസ്തവരെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. മൂന്നു ഞായറാഴ്ചകളിൽ പള്ളികളിൽ -വരാന്റെ ഇടവകയിലും വധുവിൻറ ഇടവകയിലും- പരസ്യമായി ഇവർ വിവാഹിതരാകുവാൻ പോകുന്നതായും ആർക്കെങ്കിലും ഇക്കാര്യത്തിൽ എതിർപ്പോ മുടക്കമോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട പള്ളിവികാരിയെ അറിയിക്കേണ്ടതാണെന്നും പരസ്യത്തിലൂടെ അറിയിക്കുന്നു. ഇതും വളരെ പുരാതനമായ ഒരു ചടങ്ങാണെന്നു വ്യക്തമാക്കുന്ന ഒരു പാട്ട്.

     "കത്തൻ[1] വിളിച്ചുചൊല്ലി ശുദ്ധമാം പൂജനേരം
     കോലാഹലത്തോടങ്ങു നാലുദിശയറിഞ്ഞു"

ഇത്രയുമാകുമ്പോഴേക്കും രണ്ടുകൂട്ടരും കല്ല്യാണത്തിരക്കിലായി. പിന്നെ മോടിയിൽ കല്യാണത്തിനുള്ള തയ്യാറെടുപ്പുകളാണ്. പണ്ടുപണ്ടേയുള്ള ആ ഒരുക്കൂട്ടൽ ഒരു അജ്ഞാതനാമവാനായ കവി എഴുതിയിരിക്കുന്നത് നോക്കുക.

     "ചെത്തി വഴി പറമ്പും എത്തുന്നവർക്കിരിക്കാൻ
     പുത്തനാം പന്തൽ ചമച്ചു പത്തുപ്രകാരത്തോടെ
     ഇട്ടൊരു പന്തലൊക്കെ പട്ടാൽവിതാനം ചെയ്തു.
     വെട്ടം കൊളുത്തി നീളെ ഇട്ടവീരാളിപ്പായ്"

കാലത്തിനൊത്ത രൂപമാറ്റങ്ങളോടെ ഇന്നും ഇതൊക്കെ നടന്നുവരുന്നു. പന്തൽ തീർക്കുന്നതും അലങ്കരിച്ചു മനോഹരമാക്കുന്നതുമെല്ലാം അന്നും ഇന്നും സാമൂഹ്യബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്ന പരിപാടികളാണ്. അയൽവാസികളും ബന്ധുക്കളും ഒത്തുകൂടി ആഘോഷമായാണ് പന്തൽ ' കാൽനാട്ട്' നടത്തുന്നത്. പ്രായത്തിൽ മുതിർന്നവർ നേതൃത്വം നല്ലന്നു. ഒപ്പം അടുക്കളഭാഗത്ത് അയൽവാസികളും ബന്ധുക്കളുമായ സ്ത്രീകൾ ഒത്തുകൂടിപലതരം പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും.

കല്ല്യാണാഘോഷങ്ങളുടെ ഭാഗമായി ഇന്നും പ്രചാരത്തിലിരിക്കുന്ന ഒരു പ്രധാന ചടങ്ങാണ് പെണ്ണിനും ചെക്കനും 'മധുരം കൊടുക്കൽ'. കല്ല്യാണത്തിന്റെ തലേദിവസം സന്ധ്യയ്ക്കാണ് ഈ ചടങ്ങ് വരൻറയും വധുവിന്റെയും വീട്ടിൽ നടത്തുന്നത്. മണവാളൻ ഒരുങ്ങി പന്തലിൽ വെള്ളത്തുണിവിരിച്ച കസേരയിൽ ഇരിക്കുന്നു. ഈ സമയം ചെക്കന്റെ ഇരുവശവുമായി തലതൊട്ടപ്പനും തലതൊട്ടമ്മയും നില്ക്കും. ചെക്കന് മധുരം കൊടുക്കേണ്ടത് തലതൊട്ടപ്പനും തലതൊട്ടമ്മയും കൂടിയാണ്. അവർ പന്തലിൽ കൂടിയിരിക്കുന്നവരോടായി ചോദിക്കുന്നു: "ചെക്കന് മധുരം കൊടുക്കട്ടെ?'' ഉത്തരമായി പന്തലിൽ ഇരിക്കുന്നവർ "കൊടുക്കാം" എന്നു പറയുന്നു, തുടർന്ന് പ്രത്യേകം തയ്യാറാക്കിയ വളരെ ചെറിയ ഒരു കിണ്ടിയിൽ വെള്ളമെടുത്ത് ചെറുക്കൻ വായ കുലുക്കുഴിയുന്നു വെള്ളം കുഞ്ഞിക്കോളാമ്പിയിൽ തുപ്പിക്കളയുന്നു, ഇത് മൂന്നു പ്രാവശ്യം ആവർത്തിക്കണം. അതിനുശേഷം പതിരിഞ്ഞമ്മ ചെക്കന്റെ നെററിയിൽ കുരിശ് വരയ്ക്കുന്നു, അനന്തരം ഒരു നുള്ള് പഞ്ചസാര ചെറുക്കന്റെ നാവിൽ പതിരിഞ്ഞപ്പൻ നുള്ളി ഇടുന്നു. ഈ സ്മയത്ത് ബന്ധുക്കളും സുഹൃത്തുക്കളും മണവാളന് പാരിതോഷികങ്ങൾ നല്കുന്ന പതിവുണ്ട്. തുടർന്ന് 'അത്താഴഊട്ട്' നടക്കും. സാധാരണയായി വിവാഹം വധൂഗൃഹത്തിലായതിനാൽ വരഗൃഹത്തിൽ നടത്തുന്ന ഈ അത്താഴഊട്ട് വിഭവസമൃദ്ധവും ധാരാളം വിശിഷ്ടാതിഥികളും ബന്ധുമിത്രാദികളും പങ്കെടുക്കുന്നതുമായിരിക്കും. ഈ പരിപാടികൾ വധൂഗൃഹത്തിലും നടക്കും.

പണ്ടൊക്കെ അന്തം ചാർത്ത് എന്ന പ്രധാന പരിപാടിയും നടന്നിരുന്നു. (ചന്തം ചാത്ത് എന്നും ഭേദമുണ്ട്.) ചെറുക്കനെ പന്തലിൽ പ്രധാന സ്ഥാനത്തിരുത്തി മുടിവെട്ടി, ക്ഷൗരം ചെയ്ത്, കുളിപ്പിച്ചൊരുക്കുന്ന ചടങ്ങാണിത്. അന്തം ചാർത്താൻ എത്തുന്ന ക്ഷരകൻ പതിനമ്പരിഷമാളോരോട്[2]: "അന്തം ചാർത്താൻ കയറ്റി ഇരുത്തട്ടെ? '' എന്ന് മൂന്ന് പ്രാവശ്യം ചോദിക്കുന്നു. തുടർന്ന് കോതുവെട്ട്, മൈലാഞ്ചി ഇടൽ, എണ്ണതേച്ചുകുളി ഇതൊക്കെ പന്തലിൽ ത്തന്നെ നടത്തുന്നു. തുടർന്നാണ് മധുരം കൊടുപ്പും സദ്യയും. മണവാളനേയും മണവാട്ടിയേയും കുളിപ്പിക്കുന്ന സമയത്ത് പാടിയിരുന്ന പഴയ പാട്ടുകൾ ആ ചടങ്ങിന്റെ പൊലിമയും ആഘോഷവും എടുത്തു കാട്ടുന്നു.

     "" കുന്നുകുഴിച്ചു കുളിക്കടവും തൊണ്ടീതേ
     മണ്ണകുഴിച്ചു മണിക്കിണറും തൊറന്തിതേ
     പൊന്നിൻ കിടാരത്തിൽ നീർക്കോരി അവൻ കുളിച്ചു
     ഭൂമിയോടൊത്ത പുറവും നനഞ്ഞീതേ
     ആലിലക്കൊത്ത വയറും നനഞ്ഞീതേ"

ഇന്നിപ്പോൾ ഇത്തരം പരിപാടികളൊന്നും തന്നെയില്ല. കല്ല്യാണദിവസം ദേവാലയത്തിൽ ദൈവസന്നിധിയിൽ വധൂവരന്മാർ വിവാഹിതരാകുന്നു. തുടർന്ന് വധുഗൃഹത്തിൽ വധൂവരന്മാരെ സ്വീകരിച്ച് മധുരം കൊടുക്കുന്നു. തുടർന്ന് കേമമായി സദ്യ കഴിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും പിരിയുന്നു. ഭർതൃഗൃഹത്തിലേക്കും, വധുഗൃഹത്തിലേക്കുമുള്ള ആദ്യയാത്രകൾ ബന്ധുക്കൾ ചേർന്നാണ് നടത്തുക. ഭർതൃഗൃഹത്തിലേക്ക് പോകുമ്പോൾ വധുവിന് പെട്ടിയും ഉടുപ്പും കൊടുക്കുന്ന പതിവുണ്ട്. ഇന്ന് പെട്ടിയുടെ സ്ഥാനം അലമാര കയ്യടക്കിയിരിക്കുന്നു. മാതാപിതാക്കളുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് അലമാരിയും അതിൽ നിറയ്ക്കുന്ന ഉടുപുടവകളും വ്യത്യസ്തമായിരിക്കുമെന്നു മാത്രം. വധൂവരന്മാർ വധുവിന്റെ വീട്ടിലേക്ക് ആദ്യമായി പോകുന്നതിനെ 'നൽവാതൽ' പോകുക എന്നാണ് പണ്ട് പറഞ്ഞിരുന്നത്. 'നൽവാതിൽ' പോകുന്നതിന് മുൻപ് ചില ചടങ്ങുകൾ നടത്തിയിരുന്നു. കച്ചതഴുകൽ, വിളക്കുതൊട്ടിൽ, കൂടിയിരുന്ന് തുടങ്ങിയ ചടങ്ങുകൾക്കുശേഷമാണ് വിവാഹചടങ്ങുകൾ അവസാനിച്ചിരുന്നത്. ഇന്ന് ഈ സമ്പ്രദായമെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. പരിഷ്കൃതസമൂഹത്തിന് ഇതിനെല്ലാം എവിടെ സമയം? കല്ല്യാണാഘോഷത്തിന്റെ ഭാഗമായി പരിചമുട്ടുകളി, മാർഗ്ഗം കളി, പാണൻപാട്ട് ' എന്നീ പരിപാടികളും അരങ്ങേറുന്ന പതിവുണ്ടായിരുന്നു,

മരണവും സംസ്കാരവും[തിരുത്തുക]

മനുഷ്യനെ സംബന്ധിച്ച് മരണം അവസാനമല്ല; മറിച്ച് അവൻ പാരത്രിക ജീവിതത്തിൻറ ആരംഭം മാത്രമാണെന്നാണ് ക്രൈസ്തവന്റെ സൈദ്ധാന്തിക വീക്ഷണം. കാലത്തിന്റെ തികവിൽ മരിച്ച ഏവരും ഉയർപ്പിക്കപ്പെടും എന്ന വിശ്വാസത്തിലധിഷ്ഠിതമാണ് ക്രൈസ്തവന്റെ മരണത്തിനു മുൻപും പിൻപുമുള്ള ചടങ്ങുകൾ. മരണാസന്നനായ ഒരു വ്യക്തിക്ക് തന്റെ ജീവിതകാലത്ത് ചെയ്തുപോയേക്കാൻ ഇടയുള്ള തെറ്റുകളെക്കുറിച്ച് പശ്ചാത്തപിക്കാനും, പാപസങ്കീർത്തനം ചെയ്യുവാനുമുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് പ്രധാനം. അതിന് മരണാസന്നനായ വ്യക്തിയുടെ സമ്മതത്തോടെ തന്നെ പുരോഹിതന്റെ സഹായം തേടുന്നു. പാപസങ്കീർത്തനത്തോടൊപ്പം രോഗീലേപനം നല്ക്കുന്ന പതിവുണ്ട്. രോഗീലേപനം ഒരു കൂദാശയാണ്. ഈ കൂദാശ സ്വീകരിക്കുന്നതോടെ മരണാസന്നൻ പലപ്പോഴും രോഗവിമുക്തി നേടാറുണ്ട്. അഥവാ മരിയ്ക്കയാണെങ്കിൽ തന്നെ മരണസമയത്തെ വിഹ്വലതയിൽ നിന്നും മുക്തിയും; ശാന്തമായി തന്റെ ആത്മാവിനെ പരമാത്മാവിന്റെ കരങ്ങളിലേല്പിക്കുന്നതിനും സഹായകമായിത്തീരുന്നു.

മരണാസന്നനായ ഒരു രോഗിയ്ക്ക് ശാന്തവും സമാധാനപൂർണ്ണമായ മരണം ലഭിക്കുന്നതിനും ദൈവീക ചിന്ത മനസ്സിലുണർത്തുന്നതിനും സഹായകമായ മറെറാരു ചടങ്ങാണ് 'ചെവിട്ടോർമ്മ' ചൊല്ലിക്കൊടുക്കൽ, മരണാസന്നന്റെ ചെവിയിൽ ചുണ്ടു ചേർത്ത് "ദയാപരനായ കർത്താവേ ഈയാൾക്ക് കൂട്ടായിരിക്കേണമേ" എന്ന് ബന്ധുക്കൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കും. മരണാനന്തരം പരേതൻറെ ശരീരം ശുദ്ധജലം കൊണ്ടdകഴുകി വൃത്തിയാക്കി പുതുവസ്ത്രങ്ങൾ അണിയിച്ച് പെട്ടിയിൽകിടത്തി ദർശനത്തിനായി കിടത്തുന്നു. ഇത് മിക്കവാറും ഇരുപത്തിനാലു മണിക്കൂർ വരെ നീണ്ടുപോകാറുണ്ട്. കാരണം അകലെയുള്ള ബന്ധുക്കൾ എത്തിച്ചേരുന്നതിനുവേണ്ടിയാണത്. ഇതിനിടെ അന്ത്യദർശനത്തിനായെത്തുന്നവർ പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥനകൾ ഉരുവിട്ടുകൊണ്ടിരിക്കും.

     "കർത്താവേ ആഴത്തിൽ നിന്നുമിപ്പോൾ
     ആർത്തനായ് കേഴുന്നു പാപിയാം ഞാൻ
     കർത്താവേ എൻശബ്ദം കേൾക്കേണമേ
     അൻപോടെൻ പ്രാർത്ഥന കൈക്കൊള്ളണേ"

എന്നു തുടങ്ങുന്ന പ്രാർത്ഥനാഗീതം ആലപിക്കുകയാണ് പതിവ്. അതുപോലെ അർണോസ് പാതിരി രചിച്ച പുത്തൻ പാനയിൽ നിന്നുള്ള ഭാഗങ്ങൾ ഇമ്പമായി ഈണത്തിൽ ഉറക്കെ ചൊല്ലാറുണ്ട്. യേശുക്രിസ്തുവിന്റെ പീഡാനുഭവ ഭാഗങ്ങളായിരിക്കും ഈസന്ദർഭത്തിൽ വായിക്കുക. യേശുവിന്റെ മരണസമയത്ത് അനുഭവിച്ച വേദനകൾ ഈ പരേതന്റെ വേർപാട് ഉണർത്തുന്ന വേദനകളമായി തട്ടിച്ചുനോക്കുന്നതിനും; കർത്താവനുഭവിച്ച വേദനയെക്കുറിച്ച് ഓർമ്മിക്കുമ്പോൾ തങ്ങൾക്കനുഭവപ്പെടുന്നത് എത്രയോ നിസ്സാരം എന്ന് ആശ്വസിക്കുന്നതിനും ഇത്തരം വായനകൾ ഉപകരിക്കണം എന്ന ഒരു മന:ശാസ്ത്രപരമായ സമീപനം ഇതിന്റെയൊക്കെ പിന്നിൽ കാണാൻ കഴിയും.

പട്ടിണിക്കഞ്ഞിയും കണ്ണോക്കും[തിരുത്തുക]

പരേതന്റെ ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയോടെ പള്ളിയിൽ എത്തി പുരോഹിതൻ സംസ്കാരകർമ്മങ്ങൾക്ക് നേതൃത്വം നൽകും. ശവസംസ്കാരത്തിനുശേഷം 'പട്ടിണിക്കഞ്ഞി' വീഴ്ത്തുന്ന പതിവ് ഉണ്ട്. കഞ്ഞിയെന്നു പറയുന്നത് വിരോധാഭാസമായിരിക്കും. വിഭവസമൃദ്ധമായിരിക്കും ഈ ഭക്ഷണം. പരേതൻറ വീട്ടുകാരും ബന്ധുമിത്രാദികളും മറ്റും ദിവസങ്ങളായി പട്ടിണിയിലായിരിക്കും എന്നതാണ് ഈ സംരംഭത്തിനു പിന്നിലെ പ്രേരണ. അതുപക്ഷെ പലപ്പോഴും പരേതന്റെ അനന്തരാവകാശികളുടെ പ്രതാപപ്രകടനത്തിൻറ രംഗമായി തരംതാഴുന്നു എന്നതൊരു വസ്തുതയാണ്. അടുത്ത വീട്ടിലായിരിക്കും ഒരുക്കങ്ങൾ നടത്തുക എങ്കിൽത്തന്നെയും ഇന്നതൊക്കെ അരോചകമായി അനുഭവപ്പെടുന്നതിനാൽ ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ട്.

മുൻകാലങ്ങളിൽ പരേതൻറ ഗൃഹത്തിൽ 'കണ്ണോക്ക്' നടത്തുമായിരുന്നു. മൃതശരീരം കിടത്തിയിരിക്കുന്ന പന്തലിനു പുറത്ത് മാറി ഒരു സംഘം ആളുകൾ-സ്ത്രീയും പുരുഷനും- പരേതന്റെ ബന്ധുമിത്രാദികൾ വരുമ്പോൾ പരേതനെക്കുറിച്ച് അലമുറയിട്ട് വിലപിക്കുമായിരുന്നു. ഈ സമ്പ്രദായം പണം മോഹിച്ചോ അഥവാ പഴയ ഫ്യൂഡൽ വ്യവസ്ഥിതിയുടെ പീഡനം ഭയന്നോ ആണ് നടന്നിരുന്നത്. ഇന്നിപ്പോൾ ജന്മിത്തവും മറ്റും ഇലാതായതോടെ കണ്ണോക്കും അലമുറയും തീരെ ഇല്ല.

പരേതൻറ ബന്ധുക്കൾ പരേതനെക്കുറിച്ച് ഏതാനും നാളുകൾ ദു:ഖം ആചരിക്കുന്ന പതിവുമുണ്ട്. പ്രത്യേകിച്ചും നാല്പതു ദിവസം നീളുന്ന ദു:ഖാചരണ വേളയിൽ മത്സ്യമാംസങ്ങൾ, മുട്ട, പാൽ എന്നിവയും മദ്യവും ഉപയോഗിക്കാറില്ല. അതുപോലെ സംസാരത്തിലും പെരുമാറ്റത്തിലും സംയമനം പാലിക്കുന്നതും സാധാരണയാണ്.

വസ്ത്രധാരണം[തിരുത്തുക]

ഈയടുത്തകാലം വരെ വസ്ത്രധാരണരീതി പല സമുദായങ്ങൾക്കും വ്യതിരിക്തമായിരുന്നു. താന്താങ്ങളുടെ പ്രത്യേക ശൈലിയും രീതിയും ഓരോ സമുദായങ്ങളെയും വേർതിരിച്ചു മനസ്സിലാക്കുവാൻ സഹായിക്കുമായിരുന്നു. എന്നാൽ ആദ്യ ന‍ൂറ്റാണ്ടുകളിൽ ഇവിടുത്തെ ക്രൈസ്തവരുടെ വസ്ത്രധാരണ രീതി തങ്ങളുടെ സമീപവാസികളായ ഹിന്ദുക്കളുടേതു തന്നെയായിരുന്നു. തങ്ങളുടെ കുടമയിൽ ഒരു കുരിശ തൂക്കിയിരുന്നതൊഴിച്ചാൽ കേരളത്തിലെ ഹൈന്ദവരുടെ വസ്ത്രധാരണരീതി തന്നെയായിരുന്നു ക്രൈസ്തവരുതും.

മിക്കവാറും അർദ്ധനഗ്നരായിരുന്നു പുരുഷന്മാരും സ്ത്രീകളും. ക്രൈസ്തവരും ഈ രീതി തന്നെയാണ് അവലംബിച്ചിരുന്നത്. പുരുഷന്മാർ മുട്ടുവരെ മാത്രം ഇറക്കമുള്ള മുണ്ടുകൾ അരയിൽ ധരിച്ചിരുന്നു. മതാനുഷ്ഠാനങ്ങളിൽ പങ്കെടുക്കുമ്പോൾ മേത്തരം മുണ്ടുകൾ ധരിക്കുമായിരുന്നു. സാമ്പത്തിക സ്ഥിതിയനുസരിച്ച് മുണ്ട് പട്ടോ ചിത്രവേലകൾ ചെയ്ത് കസവുതൊങ്ങലുകൾ പിടിപ്പിച്ചതോ ആയിരിക്കും. ധനിക ക്രൈസ്തവർ സ്വർണ്ണമോ വെള്ളിയോ കൊണ്ട് നിർമ്മിച്ച അരപ്പട്ട മുണ്ടിനുമീത ധരിക്കുന്ന പതിവുണ്ടായിരുന്നു. ആഘോഷാവസരങ്ങളിൽ -കല്ല്യാണം, തിരുനാളുകൾ- നീണ്ട ബഹുവർണ്ണ അങ്കികളും ധരിക്കാറുണ്ടായിരുന്നു.

കഴുത്തിൽ കുരിശുമാല ധരിക്കുന്ന പതിവ് പിൽക്കാലത്ത് സാധാരണയായി. സാധാരണ ചരടിലും, സ്വർണ്ണം കൊണ്ടോ വെള്ളി കൊണ്ടോ തീർത്ത നേർത്ത ചങ്ങലയിലും കുരിശു കഴുത്തിൽ ധരിക്കാറുണ്ട്, വിശുദ്ധരുടെ തിരുശേഷിപ്പ് നിറച്ച അരുളിക്കകൾ ധരിക്കുന്ന പതിവും ഉണ്ട്. കാതുകുത്തി കമ്മലിടുന്ന പതിവ് പുരുഷന്മാരും ചെയ്യാറുണ്ടായിരുന്നു സമ്പന്നതയും ആഭിജാത്യവും വിളിച്ചറിയിക്കുന്നതിനായിരുന്നു അത്, കമ്മലുകളിൽ മുന്തിയ ഇനം രത്നങ്ങൾ പതിക്കുന്നത് സാധാരണമാണ് കമ്മലും കടുക്കനും ധരിക്കുന്ന പതിവ് ഹൈന്ദവരിലും ഉണ്ടായിരുന്നതിനാൽ ക്രൈസ്തവരെ തിരിച്ചറിയുന്നതിനായി ക്രൈസ്തവർ കമ്മലും കടുക്കനും ധരിക്കുന്നത് ഉദയം പേരൂർ സുനഹദോസ് നിരോധിക്കുകയുണ്ടായി.

വിവാഹാവസരങ്ങളിൽ മുടിക്കെട്ടിൽ സ്വർണ്ണം, വെള്ളി എന്നിവകൊണ്ടു നിർമ്മിച്ച പൂക്കൾ തിരുകിവരുന്ന പതിവുണ്ടായിരുന്നു. വർണ്ണാഭമായ പട്ടുതൂവാലകൾ തലയിൽ കെട്ടി അതിന്റെ തലകൾ ചുമലിൽ തൂക്കിയിട്ടും അരയിൽ ചുവന്നപട്ടം കെട്ടി അതിൻറ അറ്റത്ത് പണം കെട്ടി സൂക്ഷിക്കുന്നപതിവും ഉണ്ടായിരുന്നു. അരപ്പട്ടയിൽ നല്ല മൂർച്ചയുള്ളതും നീളമുള്ള കൈപ്പിടിയോടുകൂടിയതുമായ ഒരു വാൾ മുൻവശത്ത് തുക്കിയിട്ടിരിക്കും. കൈപ്പിടി സ്വർണ്ണനിർമ്മിതവും കൊത്തു പണികൾ ഉള്ളതുമായിരിക്കും. അരപ്പട്ടയിൽ നിന്നും സ്വർണ്ണച്ചരടുകൾ തൂക്കിയിടും. അവയിൽ വാൾ മൂർച്ച കൂട്ടന്നതിനുള്ള ആയുധം, ചുണ്ണാമ്പുപാത്രം, ചെവിതോണ്ടി, ചവണ എന്നിവ തൂക്കയിട്ടിരിക്കും.

അക്ഷരജ്ഞാനം സമ്പാദിച്ചതോടെ വാളിന്റെ സ്ഥാനം എഴുത്താണി കയ്യടക്കി. നീണ്ട് അഗ്രം കൂർത്ത ഈ ആയുധം എഴുത്താണിക്കത്തി എന്നാണറിയപ്പെട്ട രുന്നത്. ഭാണ്ഡത്തിൽ സൂക്ഷിക്കുന്ന പനയോലയിൽ അപ്പപ്പോൾ എഴുതിയിരുന്നത് അരപ്പട്ടയിൽ തൂക്കിയിട്ടു കൊണ്ടുനടന്നിരുന്ന ഈ എഴുത്താണിക്കത്തി ഉപയോഗിച്ചാണ്.

സ്ത്രീകളെ സംബന്ധിച്ച് ആദ്യകാലത്ത് അർദ്ധനഗ്നത അനുവർത്തിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് അതിനു് പ്രകടമായമാറ്റം വന്നു. സ്ത്രീകൾ മാറു മറച്ച് ചട്ടയും; ശിരസ്സ് മുതൽ പാദം വരെ മുട്ടുന്ന നെടിയ അങ്കിയും ധരിക്കുന്ന പതിവുണ്ടായി. പള്ളിയിൽ പോകുമ്പോഴും, പുരോഹിതന്മാരെ സന്ദർശിക്കുമ്പോഴും തലയിലൂടെ ഒരു തുണികൊണ്ട് ദേഹം മുഴുവൻ വയ്ക്കുന്ന രീതിയും നടപ്പിലായി. ഈ സമയത്ത് മുഖം മാത്രമേ വെളിയിൽ കാണുമായിരുന്നുള്ളൂ. സ്ത്രീകൾ ഇന്നും പള്ളിയിൽ പ്രവശിക്കുമ്പോൾ സാരിയുടെ തല വലിച്ച് തലമറന്ന രീതി നിലനില്ക്കുന്നുണ്ട്.

പോർട്ടുഗീസുകാരുടെ വരവോടെ ക്രൈസ്തവ വനിതകൾ വസ്ത്രധാരണത്തിൽ നവീനമായ രീതി സ്വീകരിച്ചു. ചട്ടയും ഞൊറിഞ്ഞ മുണ്ടും സാർവത്രികമായി അംഗീകരിച്ചു. പള്ളിയിൽ പോകുമ്പോൾ തലയിലൂടെ ഒരു മുണ്ട് പുതയ്ക്കും. നേർത്ത നൂൽകൊണ്ട് നെയ്ത് അരിക് കസവുനൂൽ പാകിയ ഈ പുതുമുണ്ടിനെ 'കൗണി' എന്നാണ് വിളിക്കുന്നത്. വസ്ത്രധാരണത്തിൽ അടക്കവും ഒതുക്കവും പാലിക്കുന്നതിനു വേണ്ടിയായിരുന്നു ഈ രീതി സ്വീകരിച്ചത്. ഇന്നിപ്പോൾ തുണിയും ചട്ടയും കൗണിയും ധരിക്കുന്ന ക്രൈസ്തവ വനിതകൾ അത്യപൂർവ്വമായിരിക്കുന്നു.

ക്രൈസ്തവ സ്ത്രീകൾ ധരിക്കുന്ന ആഭരണങ്ങളും പ്രത്യേകതരത്തിലുള്ളവയാണ്. വള, കൈമോതിരം, കാതില, ഒക്കഴുത്ത്, വെള്ളിത്തള, ഒറ്റിഴ, സ്വർണ്ണക്കൊന്ത ഇവയൊക്കെ ഒരു ക്രൈസ്തവത്തരുണിക്ക് അനിവാര്യമായ ആഭരണങ്ങളായിരുന്നു. അഞ്ചുകൂട്ടവും കോപ്പും ഇണക്കിയാണ് മാതാപിതാക്കൾ തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ച് അയക്കുന്നത്. വളകൾ കട്ടിപ്പൊന്നോ, പൊള്ളയോ ആയിരിക്കും. പൊള്ളയാണെങ്കിൽ കിലുങ്ങുന്നതിനായി തരികൾ അകത്ത് ഇട്ടിരിക്കും. മേക്കാ മോതിരം, മൊരിശു ഇവ കാതിൽ ധരിച്ചിരുന്ന ആഭരണങ്ങളാണ്. ചെവിയുടെ മേൽഭാഗം തുളച്ചാണ് മേക്കാമോതിരം ധരിക്കുക. ചെവിയുടെ മേൽഭാഗം തുളച്ച് ധരിക്കുന്ന മറെറാരു ആഭരണമാണ് മൊരിശു. സ്വർണ്ണം കൊണ്ട് ഒന്നരയിഞ്ചുവ്യാസത്തിൽ ഉരുട്ടി വൃത്താകൃതിയിലാണ് മേക്കാമോതിരം നിർമ്മിക്കുന്നത്. അരയ്ക്കാൽ ഇഞ്ച് വ്യാസത്തിൽ ഒന്നരയിഞ്ച് നീളത്തിൽ സിലിണ്ടർ ആകൃതിയാണ് മൊരിശിന്. സിലിണ്ടറിന്റെ മുകൾ ഭാഗത്തും താഴെയും മകുടം തീർത്ത് അതിൽ മണികൾ തൂക്കിയിട്ട് അലങ്കാരപ്പണികൾ ചെയ്ത് മൊരശുകൾ നിർമ്മിക്കുന്നു.

പാശ്ചാത്യ സംസ്കാരത്തിന്റെ പ്രവേശം കേരളീയരുടെ വസ്ത്രധാരണത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. പാശ്ചാത്യരെ അനുകരിച്ച് വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയതോടെ ക്രൈസ്തവരുടേതെന്ന തനിമ നിലനിർത്തുന്ന വസ്ത്രധാരണ രീതികൾ തീർത്തും ഇല്ലാതായിക്കൊണ്ടിരിക്കയാണ്.

അവലംബം[തിരുത്തുക]

  • എൻ.ജെ ജോസഫ്. ദീപാർച്ചന(കേരള സഭയും പോർച്ചുഗീസ് യുഗവും). ആലുവ: അയിൻ പബ്ലിക്കേഷൻസ്‌.
  • വില്യം ലോഗൻ. മലബാർ മാന്വൽ.
  • കാർഡിനൽ ടിസറന്റ്. പൗരസ്ത്യ ക്രൈസ്തവരുടെ കഥ.
  • എ. ശ്രീധരമേനോൻ. കേരളചരിത്രം.
  • പ്രൊഫ. പി. ജെ. ജോസ്. ചരിത്രചമയങ്ങളുടെ പൊളിയും തെളിയും.
  • ഫാ. ജോൺ പള്ളത്ത് OCD (1992). പോർട്ടുഗൽ യുഗത്തിലെ ഭാരതസഭ. കോട്ടയം: പെല്ലിശ്ശേരി പബ്ലിക്കേഷൻസ്‌. Archived from the original on 2020-07-10. Retrieved 2020-07-09.
  • പത്മനാഭമേനോൻ കെ.പി (1989). കൊച്ചി രാജ്യചരിത്രം. കോഴിക്കോട്: മാതൃഭൂമി പ്രിന്റിംഗ് & പബ്ലിഷിംഗ് കമ്പനി.
  • കെ എൽ ബർണാഡ് (1989). പോർട്ടുഗീസുകാർ കേരളത്തിൽ. കൊച്ചി: ബിക്ലാൻ പ്രിന്റേഴ്സ്.
  • പി എസ് വേലായുധൻ (1968). A Brief History of the World. എസ് വിശ്വനാഥൻ പ്രൈ. ലിമിറ്റഡ്.
  • Dr.സ്കറിയാ സക്കറിയ. ഉദയംപേരൂര് സുന്നഹദോസിലെ കാനോനകൾ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്റ്റ്യൻ സ്റ്റഡീസ്.
  • കെ എൽ ബർണാഡ്. ഉദയംപേരൂര് സുന്നഹദോസും കൂനൻ കുരിശു സത്യവും.
  • Dr.ജോൺ ഓച്ചന്തുതുത്ത് (1999). The road to Diamper : an exhaustive study of the Synod of Diamper and the origins of Roman Catholics in Kerala. കൊച്ചി: കേരള ലാറ്റിൻ കത്തോലിക്ക ഹിസ്റ്ററി അസോസിയേഷൻ.
  • വേലായുധൻ പണിക്കശ്ശേരി. കേരളം 600 കൊല്ലം മുമ്പ്. കോട്ടയം: കറന്റ ബുക്സ്. ISBN 9788124004937.
  • Dr.ജോൺ ഓച്ചന്തുതുത്ത് (1992). അടിവേരുകൾ. കോട്ടയം.{{cite book}}: CS1 maint: location missing publisher (link)
  • ടി എം ചുമ്മാർ (1979). പദ്യ സാഹിത്യ ചരിത്രം. കോട്ടയം: എൻ ബി എസ്.
  • സാഹിത്യ പ്രവർത്തക സഹകരണ സംഘം (1961). മലയാള സാഹിത്യവും ക്രിസ്ത്യാനികളും. സാഹിത്യ പ്രവർത്തക സഹകരണ സംഘം.
  • എം. ഒ. ജോസഫ്‌. നെടുക്കുന്നം (1972). കേരള ക്രിസ്ത്യാനികൾ. എറണാകുളം: ജനതാ ബുക്സ്.[പ്രവർത്തിക്കാത്ത കണ്ണി]
  • പി കെ ഗോപാലകൃഷ്ണൻ (1974). കേരളത്തിലെ സാംസ്കാരിക ചരിത്രം. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
  • L.M. Pylee (1977). St. Thomas Christians and the Archdiocese of Verapoly. {{cite book}}: Cite has empty unknown parameter: |1= (help)
  1. കത്തനാർ,പുരോഹിതൻ
  2. പതിനേഷു പരിഷയ്ക്കടവൻ, ചേരമാൻ പെരുമാൾ കൊടുങ്ങല്ലൂരിലെ ക്രിസ്ത്യാനികൾക്ക് അനുവിദിച്ച 72 പദവികളിൽ ഒന്നാണിത്.