കൊങ്ങൻ പട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ചിറ്റൂർ , പഴയന്നൂർ ഭഗവതിക്ഷേത്രങ്ങളിലായി ആചരിക്കുന്ന ഒരു ആഘോഷമാണ് കൊങ്ങൻ പട. ചിറ്റൂരിനെ ആക്രമിച്ച കൊങ്ങൻ പടയെ ചിറ്റൂർ ഭഗവതി തോല്പിച്ചതിന്റെ ആഘോഷമായാണ് കൊങ്ങൻ പട കൊണ്ടാടപ്പെടുന്നത്. ചരിത്രപരമായി ക്രി.വ. 918-ൽ ചിറ്റൂരിനെ ആക്രമിച്ച ഒരു സൈന്യമായിരുന്നു കൊങ്ങന്മാർ. അതിന്റെ ഓർമ്മപുതുക്കലുമാണ് ഈ ആഘോഷം.[1]

ചരിത്രം[തിരുത്തുക]

ക്രി.വ. 918-ലായിരുന്നു കൊങ്ങൻ പട നടന്നത്. അക്കാലത്തെ ചേര ഭരണാധികാരി കോതരവിയുടെ (ഗോദരവിവർമ്മപ്പെരുമാൾ) കീഴിലായിരുന്നു ചിറ്റൂർ. കൊങ്ങരുടെ (ഇന്നത്തെ കോയമ്പത്തൂർ) ഒരു സൈന്യം 918-ൽ ചിറ്റൂരിനെ ആക്രമിക്കുകയും നെടുംപൊറൈയൂർ മന്നൻ ഏറനാട്ടിലെയും വള്ളുവനാട്ടിലെയും പെരുമ്പടപ്പിലെയും സൈന്യങ്ങളുടെ സഹായത്തോടു കൂടി ആക്രമണകാരികളെ തോല്പിച്ചു.[1] കൊങ്ങന്മാരുടെ മേൽ കൊച്ചിരാജ്യത്തെ (പെരുംമ്പടപ്പ്) നായന്മാർ നേടിയ വിജയത്തിന്റെ ഓർമ്മയ്ക്കും വിജയാഘോഷത്തിനുമായാണ് കൊങ്ങൻ പട നടത്തപ്പെടുന്നത്.[2]

ഐതിഹ്യം[തിരുത്തുക]

ചരിത്രത്തിന്റെ ഒരു ഐതിഹ്യവശവും ഇതിനോടനുബന്ധിച്ച് പ്രചരിക്കുന്നു. മുൻകാലങ്ങളിൽ ചിറ്റൂരിൽ കച്ചവടം നടത്തിയിരുന്ന കൊങ്ങന്മാരായ കച്ചവടക്കാർ ഒരു പേമാരിയിൽ തങ്ങളുടെ പണ്ടങ്ങൾ നഷ്ടപ്പെട്ടതിനെ - ചിറ്റൂർക്കാരുടെ ആക്രമണമായി സ്വന്തം രാജാവിനെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായാണ്; ചോളരാജാവ് ചിറ്റൂരിനെ ആക്രമിച്ചതെന്നു പറയപ്പെടുന്നു.[3] എന്നാൽ എണ്ണത്തിൽ അധികമായിരുന്ന പടകളെ നശിപ്പിക്കാൻ നാട്ടുകാർക്കു കഴിയാതെ വന്നപ്പോൾ, ചോളരാജാവിന്റെ ചിറ്റൂർ ആക്രമണം തടഞ്ഞ് പടകളെ നശിപ്പിച്ചത് ചിറ്റൂർ ഭഗവതി തന്നെയാണെന്ന് വിശ്വസിക്കപ്പെടുന്നു.[4] ഐതിഹ്യത്തോടനുബന്ധിച്ച് ചില പ്രത്യേക സ്ഥലങ്ങളും സ്ഥനനാമങ്ങളും ഇവിടെയുണ്ട്. വാളുവെച്ചപാറ എന്നത് യുദ്ധം കഴിഞ്ഞ് ദേവി തന്റെ വാള് കഴുകി വെച്ച പാറയാണെന്നു വിശ്വസിക്കപ്പെടുന്നു. വാളു വെച്ചതു പോലെയുള്ള ഒരു പാടും ഈ പാറയിൽ കാണപ്പെടുന്നു. ഈ സ്ഥലങ്ങളും കൊങ്ങൻ പടയെന്ന ഈ ഉത്സവത്തിന്റെ ഭാഗം തന്നെയാണ്.

ചടങ്ങുകൾ[തിരുത്തുക]

മലയാള മാസം കുംഭത്തിലാണ് ഈ ഉത്സവം കൊണ്ടാടുന്നത്. കുംഭമാസത്തിലെ അമാവാസി കഴിഞ്ഞ ബുധനാഴ്ചയാണ് കണ്യാർ, പിന്നത്തെ വെള്ളിയാഴ്ച കുമ്മാട്ടി, തിങ്കളാഴ്ച കൊങ്ങൻപട എന്നീ ക്രമത്തിലാണ് ഇവിടത്തെ ഉത്സവം. കൊങ്ങൻ പട എന്ന ചടങ്ങു നടത്തുന്നത് "പ്രമാണക്കാർ" എന്നറിയപ്പെടുന്ന നാലു വീട്ടുകാരാണ്. ഇതിൽ രാജാവാകുന്നത് ചെമ്പോട്ട് എന്ന കുടുംബക്കാരാണ്. മന്ത്രിയാകുന്നത് അച്ചോത്ത് കുടുംബക്കാരും ചിറ്റോത്ത് വീട്ടുകാർ കൊങ്ങനും ആകുന്നു. ഈ നാലു വീട്ടുകാരും ചേർന്നാണ് പടയുടെ ചടങ്ങുകൾ നടത്തുന്നത്.[1]

ചിലമ്പ് എന്ന ചടങ്ങോടെയാണ് ഉത്സവം തുടങ്ങുന്നത്, ഇത് പടയൊരുക്കവും പ്രഖ്യാപനവുമാണ്. ഇതിന തുടർന്ന് ജനങ്ങൾ കൂട്ടമായി ഭഗവതിയോട് യുദ്ധവിജയത്തിനായും രക്ഷയ്ക്കുമായി സഹായാഭ്യർത്ഥന നടത്തുന്നു. ഇതിനെ തുടർന്ന് യുദ്ധസന്നദ്ധയെ സൂചിപ്പിച്ച് കൊടിയുയർത്തലും നടത്തുന്നു. സന്ധ്യക്ക് ശേഷം ഭക്തജനങ്ങൾ അമ്പലത്തിൽ ഒത്തുകൂടുകയും മൂന്നു കതിനാവെടികളെ തുടർന്ന് എല്ലാവരും ഒരു വെളിച്ചപ്പാടിന്റെ നേതൃത്വത്തിൽ പടനിലത്തിലേക്ക് പോകുന്നു. അർധരാത്രിയോടെയാണ് ആളുകൾ പടനിലത്തിൽ നിന്നും തിരിച്ചുവരുന്നത്. പിറ്റേ ദിവസം പകൽ ആൺ‌വേഷം കെട്ടിയ പെൺകുട്ടികളേയും വഹിച്ചുകൊണ്ട് വർണശബളമായ ഘോഷയാത്ര ക്ഷേത്രത്തിലെ കാവിൽ നിന്നും പുറപ്പെടുന്നു. ആൺവേഷത്തിൽ ഭഗവതി യുദ്ധത്തിനു വന്നതിനെ അനുസ്മരിക്കാനായാണ് ഇങ്ങനെ വേഷം കെട്ടുന്നത്.[5]

വൈകിട്ട് കലാപരിപാടികൾ അരങ്ങേറുന്ന പതിവുമുണ്ട്. ഘോഷയാത്രയ്ക്കൊടുവിൽ കൊങ്ങൻ പടയുടെ സന്ദേശവാഹകൻ വന്ന് യുദ്ധപ്രഖ്യാപനം വായിക്കുന്നു. രാത്രി 10 മണിക്കു ശേഷം കൊങ്ങൻ അരങ്ങത്തു വരുകയും യുദ്ധത്തിന്റെ ചടങ്ങുകൾ തുടങ്ങുകയും ചെയ്യുന്നു. യുദ്ധസന്ദർഭത്തിന്റെ ഒരു അരങ്ങൊരുക്കാൻ കുതിരകളെ ഓടിക്കുകയും മറ്റും ചെയ്യാറുണ്ട്. കൊങ്ങൻ പട തിരിച്ചു പോയതിനു ശേഷം പടക്കളത്തിൽ ചിലർ വീണു കിടക്കുന്നതായും അവരെ ദുഃഖിതരായ ബന്ധുക്കൾ എടുത്തുകൊണ്ടു പോകുന്നതായും അഭിനയിക്കപ്പെടുന്നു.[5]

കൊങ്ങൻ പടയിലെ മറ്റൊരു വിഭാഗമാണ് മലമക്കളി.

പുറം കണ്ണികൾ[തിരുത്തുക]

Wiktionary
Wiktionary
കൊങ്ങപ്പട എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഐതിഹ്യമാല/ചിറ്റൂർകാവിൽ ഭഗവതി എന്ന താളിലുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 ഡോ. കെ.സി. കൃഷ്ണകുമാർ. "മാർച്ചിലെ പ്രധാന ഉത്സവങ്ങൾ". മാതൃഭൂമി. മൂലതാളിൽ നിന്നും 2016-02-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-29. {{cite news}}: |chapter= ignored (help)
  2. Dr. Manohar Sajnani (201). "8. Kerala". Encyclopaedia of Tourism Resources in India. വാള്യം. 2. Delhi: Kalpaz Publications/Gyan Publishing House. പുറം. 208. ISBN 81-7835-018-1. ശേഖരിച്ചത് 2016-03-08.
  3. ബി.ജി. "ചരിത്രവും ഐതിഹ്യങ്ങളും ഇഴചേരുന്ന കൊങ്ങൻപ്പട". നൊസ്റ്റാൾജിയ മാഗസിൻ. മൂലതാളിൽ നിന്നും 2016-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-03-08. {{cite web}}: Cite has empty unknown parameter: |9= (help)
  4. "രണസ്‌മരണകളുയർത്തി കൊങ്ങൻപട മഹോത്സവം ആഘോഷിച്ചു". മംഗളം. മാർച്ച് 3, 2015. മൂലതാളിൽ നിന്നും 2016-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-03-08. {{cite news}}: Cite has empty unknown parameter: |9= (help)
  5. 5.0 5.1 "Konganpada temple festival starts today". ദി ഹിന്ദു. മാർച്ച് 14, 2011. മൂലതാളിൽ നിന്നും 2016-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-03-08. {{cite news}}: Cite has empty unknown parameter: |9= (help)
"https://ml.wikipedia.org/w/index.php?title=കൊങ്ങൻ_പട&oldid=3629581" എന്ന താളിൽനിന്ന് ശേഖരിച്ചത്