കേൾവിശക്തി

കേൾക്കാനുള്ള കഴിവിനെയാണ് കേൾവിശക്തി എന്ന് പറയുന്നത്. ശബ്ദതരംഗങ്ങളെ ചെവി പോലുള്ള അവയവം ഉപയോഗിച്ച് ഗ്രഹിക്കുന്നതാണ് കേൾവി. ചെവിയാണ് ശബ്ദം കേൾക്കാനുള്ള അവയവം. കേൾക്കാനുള്ള കഴിവ് നഷ്ടപ്പെട്ട അവസ്ഥയെയാണ് ബധിരത എന്ന് പറയുന്നത്. പരമ്പരാഗതമായ പഞ്ചേന്ദ്രിയങ്ങളിൽ ഒന്നാണ് കേൾവി അഥവാ ശ്രവണം എന്നത്.
ചെവിയുടെ കഴിവനുസരിച്ച് കേൾവിശക്തി കൂടിയും കുറഞ്ഞുമിരിക്കും. അന്തരീക്ഷത്തിൽ തരംഗങ്ങളായി സഞ്ചരിക്കുന്ന ശബ്ദത്തെ ചെവിയിലെത്തിക്കാൻ കഴിയുന്നരീതിയിലാണ് ചെവിയുടെ പുറംഭാഗം അഥവാ ബാഹ്യകർണം ഉള്ളത്. ശബ്ദതരംഗങ്ങൾ ചെവിയിലെ കർണപടത്തിൽ തട്ടുന്നു. കർണപടത്തിന്റെ വിറയൽ ഇന്കസ്, മാലിസ് സ്റ്റേപ്പിസ് എന്നീ ചെറിയ അസ്ഥികളിലൂടെയും സഞ്ചരിച്ച് തലച്ചോറിലെത്തുന്നു. കണ്ണാണ് പഞ്ചേന്ദ്രിങ്ങളിൽ പ്രധാനം തലച്ചോറിലേക്ക് ഏറ്റവും കൂടുതൽ സന്ദേശം അയയ്ക്കുന്നത് കണ്ണാണ്. അതുകഴിഞ്ഞാൽ പിന്നെ രണ്ടാം സ്ഥാനം ചെവിക്കാണ്. രാസമാറ്റത്തിലുപരി, സ്പർശനത്തെപ്പോലെ ഭൌതിക മാറ്റത്തിലൂടെയാണ്, ഭൌതികാനുഭൂതിയിലൂടെയാണ്, കേൾവിയിൽ ശബ്ദം തിരിച്ചറിയുന്നത്.
മനുഷ്യന് കണ്ണ് എന്നപോലെയാണ് ചില ജീവികൾക്ക് ചെവി. അതില്ലാതെ അവർക്ക് ജീവിക്കാനാകില്ല. ഉദാഹരണം വവ്വാൽ. വവ്വാലിന് രാത്രിസമയത്ത് ഉപയോഗിക്കാനാകുന്ന ഇന്ദ്രിയം അതിന്റെ ചെവിയാണ്. അവയുണ്ടാക്കുന്ന മനുഷ്യനുകേൾക്കാനാകാത്ത ശബ്ദം തട്ടിതിരിച്ചുവരുന്നതറിഞ്ഞാണ് അവ വഴിയിലെ തടസ്സങ്ങൾ അറിയുന്നത്. ഈ ശബ്ദത്തിന് അൾട്രാസൗണ്ട് എന്നുപറയും. വവ്വാലുകളെ കൂടാതെ ചില ജീവികൾക്കും ഈ ശബ്ദം കേൾക്കാം. പൂച്ച തന്നെ ഇതിനൊരുദാഹരണമാണ്.
ഓഡിയോമീറ്റർ ഉപയോഗിച്ച് നടത്തുന്ന പെരുമാറ്റപരമായ പരിശോധനകളിലൂടെ കേൾവി അളക്കാം. ശ്രവണത്തിന്റെ ഇലക്ട്രോഫിസിയോളജിക്കൽ പരിശോധനകൾ ബോധരഹിതരായ വ്യക്തികളിലും കേൾവി പരിധികൾ കൃത്യമായി നിർണയിക്കാൻ സഹായിക്കുന്നു. ഇത്തരത്തിലുള്ള പരിശോധനകളിൽ ഓഡിറ്ററി ബ്രെയിൻസ്റ്റം ഇവോക്ക്ഡ് പോട്ടൻഷ്യൽസ് (ABR), ഒട്ടോആക്കൂസ്റ്റിക് എമിഷൻസ് (OAE), ഇലക്ട്രോകോക്ലിയോഗ്രഫി (ECochG) എന്നിവ ഉൾപ്പെടുന്നു. ഈ പരിശോധനകളിലെ സാങ്കേതിക പുരോഗതികൾ ശിശുക്കൾക്കുള്ള കേൾവി സ്ക്രീനിംഗ് വ്യാപകമാകാൻ സഹായിച്ചിട്ടുണ്ട്.
ഓഡിയോളജിക്കൽ ഹിയറിംഗ് ടെസ്റ്റ് ഫംഗ്ഷൻ അല്ലെങ്കിൽ ഹിയറിംഗ് എയ്ഡ് ആപ്ലിക്കേഷൻ ഉൾക്കൊള്ളുന്ന മൊബൈൽ ആപ്പുകൾ ഉപയോഗിച്ചും കേൾവി അളക്കാം. ഈ ആപ്പുകൾ ഉപയോക്താവിന് വ്യത്യസ്ത ഫ്രീക്വൻസികളിൽ (ഓഡിയോഗ്രാം) കേൾവി പരിധി അളക്കാൻ അനുവദിക്കുന്നു. അളവുകളിൽ പിഴവുകൾ ഉണ്ടാകാമെങ്കിലും കേൾവിക്കുറവ് കണ്ടെത്താൻ സാധിക്കും.
2050ഓടെ ഏകദേശം 2.5 ബില്യൺ ആളുകൾക്ക് ഏതെങ്കിലും തോതിലുള്ള കേൾവിക്കുറവ് ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു, കൂടാതെ 700 മില്യണിലധികം ആളുകൾക്ക് കേൾവി പുനരധിവാസം ആവശ്യമായി വരും.
ലോകമെമ്പാടും 5–19 വയസ്സുള്ള ഏകദേശം 95.1 മില്യൺ കുട്ടികൾ കേൾവിക്കുറവോടെ ജീവിക്കുന്നു.
പരിഹരിക്കപ്പെടാത്ത കേൾവിക്കുറവ് വർഷംതോറും ഏകദേശം 1 ട്രില്യൺ യുഎസ് ഡോളറിന്റെ ആഗോള ചെലവിന് കാരണമാകുന്നു.
അസുരക്ഷിതമായ കേൾവി രീതികൾ കാരണം 1 ബില്യൺ യുവാക്കളിൽ അധികം സ്ഥിരമായും ഒഴിവാക്കാനാകുന്നതുമായ കേൾവിക്കുറവിന് അപകടസാധ്യതയുണ്ട്.[1]
ലോകമെമ്പാടും ചെവി-കേൾവി പരിചരണ സേവനങ്ങൾ വ്യാപിപ്പിക്കാൻ ഒരാൾക്ക് വർഷത്തിൽ 1.40 യുഎസ് ഡോളറിനും താഴെയുള്ള അധിക നിക്ഷേപം മതി.[2]
10 വർഷത്തെ കാലയളവിൽ, ഓരോ 1 യുഎസ് ഡോളർ നിക്ഷേപത്തിനും ഏകദേശം 16 യുഎസ് ഡോളറിന്റെ തിരിച്ചടി ലഭിക്കുമെന്നത് പ്രതീക്ഷിക്കപ്പെടുന്നു (World Health Organization).[3]
- ↑ "Deafness and hearing loss" (in ഇംഗ്ലീഷ്). Retrieved 2026-03-24.
- ↑ "Deafness and hearing loss" (in ഇംഗ്ലീഷ്). Retrieved 2026-03-24.
- ↑ "Deafness and hearing loss" (in ഇംഗ്ലീഷ്). Retrieved 2026-03-24.