കേൾക്കാനുള്ള അവകാശ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികൾ സമയബന്ധിതമായി കേട്ടു തീർപ്പു കല്പിക്കുന്നതിനുള്ള അവകാശമാണ് കേൾക്കാനുള്ള അവകാശം.(Right to hearing Act) ഇന്ത്യയിൽ രാജസ്ഥാനിലാണ് ഈ നിയമം ആദ്യമായി നിലവിൽ വരുന്നത്. വിവരാവകാശ നിയമം, സേവനാവകാശ നിയമം എന്നിവയുടെ ചുവടുപിടിച്ചാണ് പരാതി കേൾക്കപ്പെടുന്നതും അവകാശമാക്കിയുള്ള നിയമം വരുന്നത്. കേരളത്തിലും ഈ നിയമം നടപ്പിലാക്കാനുള്ള ശ്രമം നടന്നുവരുന്നു. സർക്കാരിന്റെ നയങ്ങളെക്കുറിച്ചോ, പദ്ധതികളെക്കുറിച്ചോ, പരിപാടികളെക്കുറിച്ചോ ആക്ഷേപമുള്ളവർക്ക് പരാതിപ്പെടാം. ഇതിന് അവസരം നൽകുന്നത് നിയമപരമായ അവകാശമാക്കുന്നതാണ് കേൾക്കപ്പെടാനുള്ള അവകാശ നിയമത്തിൽ ഉൾപ്പെടുന്നത്.

വ്യവസ്ഥകൾ[തിരുത്തുക]

ഏതെങ്കിലും പരാതി ഉന്നയിക്കപ്പെട്ടാൽ 15 ദിവസത്തിനകം പബ്ലിക് ഹിയറിംഗ് ഓഫീസർ അതിന്മേൽ തീർപ്പു കല്പിക്കണമെന്നും ആ തീരുമാനത്തിൽ അപേക്ഷകൻ തൃപ്തനല്ലെങ്കിൽ അപ്പീൽ നൽകാമെന്നുമാണ് വ്യവസ്ഥ.കൂടാതെ അപ്പീലിന്മേൽ 21 ദിവസത്തിനകം തീരുമാനം ആകണമെന്ന് നിഷ്‌കർഷിക്കുന്നുണ്ട്.13 വകുപ്പുകളടങ്ങിയ രാജസ്ഥാൻ സംസ്ഥാന നിയമത്തിലെ ഏഴാം വകുപ്പനുസരിച്ചു വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥന് 500 മുതൽ 5000 വരെ രൂപ പിഴ ശിക്ഷയും പുറമേ വകുപ്പുതല നടപടികളും അനുശാസിക്കുന്നു.30 ദിവസത്തിനുള്ളിൽ പരാതി കേൾക്കപ്പെടണം.പരാതി ആദ്യം എഴുതി നൽകണം. തുടർന്ന് ഒരു മാസത്തിനകം പരാതിക്കാരനെ വിളിച്ച് അത് കേൾക്കുകയും വേണം.ഹിയറിങ് നടത്താനായി സർക്കാർ പബ്ലിക് ഹിയറിങ്ഓഫീസറെ നിയമിക്കണം. ഇദ്ദേഹത്തിന്റെ തീരുമാനത്തിൽ അപകാതയുണ്ടെങ്കിൽ അപ്പീൽ സമർപ്പിക്കാനായി വിവരാവകാശ നിയമത്തിലേതുപോലെ ഫസ്റ്റ് അപ്പലേറ്റ് അതോറിറ്റിയും സെക്കൻഡ് അപ്പലേറ്റ് അതോറിറ്റിയും ഉണ്ടാകും. ഈഘട്ടത്തിലുള്ള തീർപ്പിനെക്കുറിച്ചും പരാതിയുള്ളവർക്ക് റിവിഷൻ അതോറിറ്റിയെ എന്ന മറ്റൊരു ഘടകത്തെ കൂടി സമീപിക്കാം. ഓരോ തട്ടിലുള്ള തീർപ്പിനെക്കുറിച്ചുമുള്ള പരാതികൾ 30 ദിവസത്തിനകം അപ്പീലായി നൽകണമെന്നും കരട് ബില്ലിൽ പരാമർശിക്കുന്നു

അവലംബം[തിരുത്തുക]

രാജസ്ഥാനിലെ കേൾക്കാനുള്ള അവകാശ നിയമം[[https://web.archive.org/web/20130605102512/http://www.ard.rajasthan.gov.in/Right_To_Hearing_Act.aspx Archived 2013-06-05 at the Wayback Machine.]]

പുറംകണ്ണികൾ[തിരുത്തുക]

മാതൃഭൂമി വാർത്ത :നിയമം വരുന്നു പരാതി കേൾക്കുന്നതും അവകാശമാകും [[https://web.archive.org/web/20130410144045/http://www.mathrubhumi.com/online/malayalam/news/story/2189635/2013-03-24/kerala Archived 2013-04-10 at the Wayback Machine.]]