പി. കേശവദേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേശവദേവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി. കേശവദേവ്
തൊഴിൽനോവലിസ്റ്റ്, കഥാകൃത്ത്
പങ്കാളിസീതാലക്ഷ്മി ദേവ്
കുട്ടികൾജ്യോതിദേവ് കേശവദേവ്
വെബ്സൈറ്റ്
http://www.kesavadev.net

കേരളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവർത്തകനുമായിരുന്നു പി. കേശവദേവ്.(ജനനം - 1904, മരണം - 1983).എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലാണ് അദ്ദേഹം ജനിച്ചത്.യഥാർത്ഥനാമം പി.കേശവപിള്ള.പണ്ഡിറ്റ് ഖുശി റാമിന്റെ ചിന്തകളിൽ ആകൃഷ്ടനായി ആര്യസമാജത്തിൽ ചേർന്ന് കേശവദേവ് എന്ന പേര് സ്വീകരിച്ചു.പിന്നീട് യുക്തിവാദി പ്രസ്ഥാനത്തിൻറെ പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി.സമൂഹത്തിലെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങൾ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്തു കേശവദേവ്.

ജീവിതരേഖ[തിരുത്തുക]

1904 ൽ പറവൂരിൽ ജനിച്ചു. സമൂഹത്തിലെ അനീതിക്കെതിരെ ശക്തമായി പ്രതികരിച്ച എഴുത്തുകാരനാണ്‌. അധികാരി വർഗ്ഗത്തെ എതിർക്കുന്ന ആശയങ്ങൾക്ക് പ്രചാരണം നൽകി. മനുഷ്യ സ്നേഹിയായ ഒരു കഥാകാരൻ കൂടിയായിരുന്നു അദ്ദേഹം.

1930കളിൽ മലയാള കഥാസാഹിത്യത്തിലെ നേതൃത്വം നൽകി.ആദ്യ നോവൽ ഓടയിൽ നിന്ന് . 20 നോവലുകളും പതിനാറോളം ചെറുകഥാസമാഹാരങ്ങളും പത്തിലേറെ നാടകങ്ങളും 7 ഏകാങ്കനാടകസമാഹാരങ്ങളും ആത്മകഥ രൂപത്തിലുള്ള രണ്ട് ഗ്രന്ഥങ്ങളും ചില ഗദ്യ കവിതകളും നിരൂപണങ്ങളും കേശവദേവ് എഴുതിയിട്ടുണ്ട്. അയൽക്കാർ എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചിട്ടുണ്ട്. റഷ്യൻ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിച്ച നോവലാണ്‌ കണ്ണാടി. ഇത്രയേറെ ജീവിതയാതനകൾ അനുഭവിച്ച എഴുത്തുകാർ മലയാളത്തിൽ വിരളമാണ് . ഓടയിൽ നിന്ന് എന്ന നോവൽ സിനിമ ആക്കിയിട്ടുണ്ട് .

സ്വദേശാഭിമാനി, രാജഭാരതം, പ്രതിദിനം, മഹാത്മാ എന്നീ ആനുകാലികങ്ങളുടെയും തൊഴിലാളി പത്രത്തിന്റെയും പത്രാധിപരായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെയും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെയും പ്രസിഡന്റായിരുന്നു. കുറച്ചുകാലം ആകാശവാണിയിൽ പ്രൊഡ്യൂസറായി ജോലി ചെയ്തു.

ആദ്യ ഭാര്യ ഗോമതിയമ്മ. പൊരുത്തക്കേടുകളാൽ ആ ദാമ്പത്യം മുന്നോട്ടു പോയില്ല. അക്കാലത്ത്‌ അവർ ഒരു പെൺകുട്ടിയെ വളർത്തുമകളായി സ്വീകരിച്ചു. ദാമ്പത്യബന്ധം തകർന്നിട്ടും ദേവ്‌, ഈ വളർത്തു പുത്രിയോടുള്ള ബന്ധം നിലനിർത്തി. 1956ൽ ദേവ്‌ ആകാശവാണിയിൽ നാടകവിഭാഗത്തിൽ ഉദ്യോ ഗസ്ഥനായി. ഏറെ കഴിയുംമുൻപ്‌ അദ്ദേഹം വീണ്ടും വിവാഹം ചെയ്തു. സിതാലക്ഷ്മിയുമായി നടന്ന ഈ വിവാഹം കുറെ ഒച്ചപ്പാടുണ്ടാക്കി. അദ്ദേഹത്തിന്‌ ജോലി നഷ്ടപ്പെട്ടു.

സീതാലക്ഷ്മി ദേവ്, കേശവദേവിനെക്കുറിച്ച് കേശവദേവ് എന്റെ നിത്യകാമുകൻ, കേശവദേവിനോടൊപ്പം സീത എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.[1]

1983 ജൂലൈ ഒന്നിന് അന്തരിച്ചു.

സ്മാരകം[തിരുത്തുക]

തിരുവനന്തപുരത്ത് പൂജപ്പുര കൊങ്കളം റോഡിൽ കേശവദേവിന്റെ കുടുംബത്തിന്റെ കൈവശമുള്ള 40 സെന്റ് സ്ഥലത്ത് സ്മാരകം നിർമിക്കുന്നുണ്ട്. ഇതിനായി 2018ലെ ബജറ്റിൽ 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. ‘ദേവിന്റെ ലോകം’ എന്നാണ് ഈ സാഹിത്യചരിത്ര മ്യൂസിയത്തിന്റെ പേര്. കേശവദേവ് ട്രസ്റ്റാണ് സർക്കാരിന്റെ സഹായത്തോടെ സ്മാരകം നിർമിക്കുന്നത്.

കേശവദേവിന്റെ പറവൂർ കെടാമംഗലത്തെ നല്ലേടത്ത് വീട് മുസിരിസ് പൈതൃക സ്മാരകങ്ങളിൽ ഒന്നായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 13 സെന്റ് ഭൂമിയും വീടും ഏറ്റെടുത്താണ് സ്മാരകമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. ദേവിന്റെ ആത്മകഥയായ 'എതിർപ്പിൽ' നല്ലേടത്ത് തറവാടിനെക്കുറിച്ചുള്ള വരികളുണ്ട്. കെടാമംഗലത്തിന്റെ വടക്കുകിഴക്ക് വശത്താണ് നല്ലേടത്ത് വീട്. അഞ്ച് സർപ്പക്കാവുകളുടെ മധ്യത്തിലായി പഴക്കമേറിയ വീട്. വിശാലമായ പുരയിടം. പ്ലാവുകളും പറങ്കിമാവിൻകൂട്ടവും വലിയ കുളങ്ങളും കർക്കടകത്തിലെ കറുത്തവാവിന്റെയന്ന് കോഴിയെ കൊന്ന് ചോരയൊഴുക്കുന്ന കരിങ്കൽ തറയും....

നോവൽ[തിരുത്തുക]

  • ഓടയിൽ നിന്ന്
  • ഭ്രാന്താലയം (1949)
  • അയൽക്കാർ (1953)
  • റൗഡി (1958)
  • കണ്ണാടി (1961)
  • സ്വപ്നം (1967)
  • എനിക്കും ജീവിക്കണം (1973)
  • ഞൊണ്ടിയുടെ കഥ (1974)
  • വെളിച്ചം കേറുന്നു (1974)
  • ആദ്യത്തെ കഥ (1985)
  • എങ്ങോട്ട്
  • ഒരു ലക്ഷവും കാറും

ചെറുകഥകൾ[തിരുത്തുക]

  • അന്നത്തെ നാടകം (1945‌‌)
  • ഉഷസ്സ് (1948)
  • കൊടിച്ചി (1961)
  • നിയമത്തിൻറെ മറവിൽ
  • ഒരു രാത്രി
  • റെഡ് വളണ്ടിയർ
  • പണത്തേക്കാൾ വലുതാ മനുഷ്യൻ
  • മരിച്ചീനി
  • അവൻ വലിയ ഉദ്യോഗസ്ഥനാ
  • പി.സി.യുടെ പ്രേമകഥ
  • ഭവാനിയുടെ ബോധധാര
  • മലക്കറിക്കാരി
  • വാതിൽ തുറക്കാം
  • പങ്കൻപിള്ളയുടെ കഥ
  • ഉണർവ്വ്
  • ഘോഷയാത്ര
  • പ്രേമിക്കാൻ നേരമില്ല
  • ആലപ്പുഴയ്ക്ക്
  • മീൻകാരൻ കോരൻ
  • കൊതിച്ചി
  • ക്ഷേത്രസന്നിധിയിൽ
  • രണ്ടുപേരും നാടുവിട്ടു
  • വേശ്യാലയത്തിൽ
  • കാരണവവിരുദ്ധ സംഘം
  • കഞ്ചാവ്
  • മൂന്നാല് കൊച്ചുങ്ങളുണ്ട്
  • ജീവിതസമരം
  • സ്വർഗ്ഗത്തിലൊരു ചെകുത്താൻ
  • ദുഷിച്ച പ്രവണത
  • സ്നേഹത്തെ അന്വേഷിച്ച്
  • എന്നെപ്പോലെ വളരണം അവൻ

നാടകം[തിരുത്തുക]

  • നാടകകൃത്ത് (1945)
  • മുന്നോട്ട് (1947)
  • പ്രധാനമന്ത്രി (1948)
  • ഞാനിപ്പൊ കമ്യൂണിസ്റ്റാവും (1953)
  • ചെകുത്താനും കടലിനുമിടയിൽ (1953)
  • മഴയങ്ങും കുടയിങ്ങും (1956)
  • കേശവദേവിന്റെ നാടകങ്ങൾ (1967)

പുരസ്കാരങ്ങൾ[തിരുത്തുക]

1964 ൽ "അയൽക്കാർ" എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 1970 ൽ സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡും നേടി. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

  1. "സീതാലക്ഷ്മി ദേവ്". 28 May 2021. Retrieved 28 May 2021.
"https://ml.wikipedia.org/w/index.php?title=പി._കേശവദേവ്&oldid=3944479" എന്ന താളിൽനിന്ന് ശേഖരിച്ചത്