കേരള മുസ്‌ലിം ഐക്യസംഘം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേരള മുസ്‌ലിം ഐക്യസംഘം
രൂപീകരണം1922
Affiliationsഇസ്ലാമിസം, ഇസ്‌ലാം

1922 ൽ കൊടുങ്ങല്ലൂർ കേന്ദ്രീകൃതമായി രൂപം കൊള്ളുകയും 1934 വരെ നിലനിൽക്കുകയും ചെയ്ത കേരളത്തിൽ രൂപീകൃതമായ ആദ്യത്തെ മുസ്‌ലിം സംഘടിതവേദിയാണ് കേരള മുസ്‌ലിം ഐക്യസംഘം. കേരളത്തിൽ മുസ്‌ലിം നവോത്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ മക്തി തങ്ങൾ, ശൈഖ് ഹമദാനി, വക്കം മൗലവി എന്നിവർ നടത്തിയ പ്രവർത്തനങ്ങൾക്ക് സംഘടിത രൂപം ലഭിച്ചത് കേരള മൂസ്‌ലിം ഐക്യസംഘത്തിന്റെ ആവിർഭാവത്തോടെയാണ്. 1921ലെ കലാപാനന്തരം കൊടുങ്ങല്ലൂരെത്തിയെ കെ എം മൌലവിയുടെയും ഹമദാനി തങ്ങളുടെയും ശ്രമഫലമായി അക്കാലത്ത് സമൂഹത്തിൽ നിലനിന്നിരുന്ന ദുരവസ്ഥ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ, 1922ൽ എറിയാട് എന്ന സ്ഥലത്ത് നിഷ്പക്ഷ സംഘം എന്ന സംഘടനക്ക് രൂപംനൽകി. ഹമദാനി ശൈഖ് രൂപീകരിച്ച സംഘടനയുടെ ആദ്യ പ്രസിഡന്റ് കുഞ്ഞു മുഹമ്മദ് ഹാജിയും സെക്രട്ടറി സീതിമുഹമ്മദുമായിരുന്നു. മലബാർ കലാപത്തെ തുടർന്ന് കൊടുങ്ങല്ലൂരിൽ അഭയം തേടിയെത്തിയ കെ.എം. മൗലവിയുടെയും ഇ.കെ. മൗലവിയുടെയും സാന്നിദ്ധ്യം കൂടിയായപ്പോൾ സംഘത്തിന്റെ പ്രവർത്തനം കൂടുതൽ സജീവമായി.[1]

കൊടുങ്ങല്ലൂരിലും സമീപപ്രദേശങ്ങളിലും നിലനിന്ന പല കക്ഷിവഴക്കുകളും പരിഹരിക്കുന്നതിൽ സംഘടന നിർണായക വിജയങ്ങൾ നേടിയതിനെ തുടർന്ന് ഇതേവർഷം എറിയാട് വെച്ചുതന്നെ മറ്റൊരു യോഗം ചേർന്ന് നിഷ്പക്ഷ സംഘത്തെ വിപുലീകരിച്ച് മുസ്ലിം ഐക്യസംഘം എന്ന സംഘടനക്ക് രൂപം നൽകി. 1921ലെ കലാപാനന്തരം ഹതാശരായ സമൂഹത്തിന് ആത്മവിശ്വാസവും വെല്ലുവിളികളെ നേരിടാനുള്ള മനക്കരുത്തും ഈ സംഘടന പ്രദാനം ചെയ്തു. മുസ്ലിംകൾക്കിടയിൽ ആധുനിക വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിലും അന്ധവിശ്വാസ അനാചാരങ്ങൾക്കെതിരിൽ സമൂഹ മനസാക്ഷിയെ ഉണർത്തുന്നതിലും ഈ സംഘടന വഹിച്ച പങ്ക് നിസ്തുലമാണ്. [2]

1923ൽ കൊടുങ്ങല്ലൂരിൽ വെച്ച് വക്കം മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന റണ്ടാം വാർഷിക സമ്മേളനത്തിൽ ഭരണഘടനക്ക് അംഗീകാരം നൽകി. 1924 ൽ ആലുവയിൽ വെച്ച് നടന്ന രാണ്ടാം വാർഷികയോഗത്തിൽ വെച്ചായിരുന്നു ജംഇയ്യത്തുൽ ഉലമാ എന്ന പണ്ഡിതസഭക്ക് രൂപം നൽകിയത്. ഐക്യസംഘം പ്രവർത്തനങ്ങൾ പ്രധാനമായും സമ്പന്നരായ മധ്യവർഗത്തിനിടയിലും പാശ്ചാത്യ വിദ്യാഭ്യാസം നേടിയവരിലുമാണ് പ്രചരിച്ചിരുന്നത്. സാധാരണ മുസ്ലിംകളിൽ നേരിട്ട് വലിയ സ്വീകാര്യത നേടാൻ അവർക്കായില്ല. കാലാകാലങ്ങളായി ആചരിച്ചുവന്നിരുന്ന ആചാര അനുഷ്ഠാനങ്ങളെ എതിർത്തു എന്നതും യാഥാസ്ഥിതിക പണ്ഡിത•ാർക്ക് സാധാരണക്കാർക്കിടയിലുള്ള സ്വാധീനവും ഇതിന് കാരണമായി. 1934 ൽ ഐക്യസംഘം പിരിച്ചുവിട്ടുവെങ്കിലും അതുയർത്തിയ മുദ്രാവാക്യങ്ങളും ആശയങ്ങളും പിൽക്കാലത്ത് മറ്റു പല മുസ്ലിം മത–സാമൂഹ്യ–രാഷ്ട്രീയ–വിദ്യാഭ്യാസ സംഘടനകളും ഏറ്റെടുക്കുകയും കേരള മുസ്ലിംകളിൽ ഇന്ന് കാണുന്ന മുന്നേറ്റത്തിനും ഉന്നമനത്തിനും ഹേതുവാകുകയും ചെയ്തു.[3] കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ സംഘടിത നീക്കങ്ങൾക്ക് തുടക്കം കുറിച്ച കേരള മുസ്ലിം ഐക്യസംഘത്തിന്റെ രൂപീകരണ കാലവും അതിന്ന് ശേഷം കേരളീയ മുസ്ലിം സമൂഹത്തിന്റെ വിവിധ സാമൂഹിക രംഗങ്ങളിൽ ദൃശ്യമായ അഭ്യൂദയങ്ങളുടെ ചരിത്രങ്ങളും യാഥാസ്ഥികത്വത്തിന്റെ പ്രചാരകരായ മതപൌരോഹിത്യത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ഓർക്കാനിഷ്ടപ്പെടാത്ത ചരിത്രവും കാലവുമാണ്. [4]

അവലംബം[തിരുത്തുക]

  1. ഇസ്ലാമിക വിജ്ഞാനകോശം /ഭാഗം 8
  2. http://shababweekly.net/index.php?option=com_content&view=article&id=535%3A2010-12-17-04-39-52&Itemid=57
  3. പ്രസ്ഥാനങ്ങളും ദർശനങ്ങളും -ഇസ്ലാം വാള്യം 5, യുവത ബുക്സ്
  4. http://islahmonthly.com/anubavam/108.html
"https://ml.wikipedia.org/w/index.php?title=കേരള_മുസ്‌ലിം_ഐക്യസംഘം&oldid=3088163" എന്ന താളിൽനിന്ന് ശേഖരിച്ചത്