കേരളഭൂഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിന്റെ രാഷ്ട്രീയ -സാമൂഹ്യ- സാംസ്‌കാരിക -ആത്മീയ രംഗത്ത് നിർണ്ണായകമായ സ്വാധീനം ചെലുത്തിയ ദിനപത്രമാണ് കേരളഭൂഷണം.

നിരണം കുറിച്ചിയേത്ത് കെ.കെ. കുരുവിളയാണ് പത്രത്തിന്റെ സ്ഥാപകൻ. മദ്ധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ രംഗത്തെ സംശുദ്ധമാക്കുകയും ്രൈകസ്തവസഭകളുടെ വിദ്യാഭ്യാസ,ആത്മീയ, സാംസ്‌കാരിക രംഗങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരളഭൂഷണം 1944ൽ കോട്ടയത്ത് ആരംഭിച്ചത്.  നിരണം സ്വദേശിയാണെങ്കിലും കെ.കെ കുരുവിളയുടെ പ്രവർത്തന മേഖല കോട്ടയമായിരുന്നു.

മാർത്തോമ്മാ വൈദിക സെമിനാരിയുടെ ആദ്യ പ്രിൻസിപ്പലായും കോട്ടയം എം.റ്റി. സെമിനാരി ഹൈസ്‌കൂൾ ഹെഡ്മാസ്റ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു. തിരുവിതാംകൂർ പ്രജാസഭയിൽ അംഗവുമായിരുന്നു അദ്ദേഹം.  കേരളഭൂഷണം പത്രത്തിന്റെ ആദ്യത്തെ ചീഫ് എഡിറ്ററും കെ.കെ. കുരുവിളയായിരുന്നു.

1944ൽ കേരളഭൂഷണം അദ്ദേഹം കോട്ടയത്തെ പ്രമുഖ വ്യവസായിയും, പ്ലാന്ററുമായ അഞ്ചേരിൽ എ.വി. ജോർജ്ജിനു കൈമാറി.  എ.വി. ജോർജ്ജ് സാരഥ്യം ഏറ്റെടുത്തതോടെ പത്രത്തിന്റെ പ്രചാരം വർദ്ധിച്ചു.   കോട്ടയം ജില്ലയിൽ മാത്രമല്ല മദ്ധ്യതിരുവിതാകൂറിലെ തന്നെ പ്രധാന ഭാഷാ ദിനപത്രമായി കേരളഭൂഷണം വളരെ വേഗം ഉയർന്നു.  മദ്ധ്യതിരുവിതാംകൂറിലെ ആദ്യത്തെ സായാഹ്നപത്രവും കേരള ഭൂഷണം ആണ്.

1959 ഓഗസ്റ്റ് 15ന് എ.വി. ജോർജ്ജ് നിര്യാതനായതിനെ തുടർന്ന് അദ്ദേഹത്തിന്റെ പുത്രൻ വർക്കി ജോർജ്ജ് പത്രത്തിന്റെ ചുമതല ഏറ്റെടുത്തു. അക്കാലത്തെ ഗവൺമെന്റിന്റെ നല്ല കാര്യങ്ങളെ പ്രകീർത്തിക്കുകയും പോരായ്മകളെ തുറന്നു കാട്ടുകയും ചെയ്ത പത്രത്തിന്റെ മുഖ പ്രസംഗവും രാഷ്ട്രീയ അവലോകനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു.  സംസ്ഥാനത്തെ കർഷകരുടെ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് കുടിയേറ്റക്കാരുടെ ദുരിതങ്ങൾ, ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ കേരളഭൂഷണം വലിയ പങ്ക് വഹിച്ചിരുന്നു.

1969ൽ കേരള ഭൂഷണം കോട്ടയത്തെ കേരളധ്വനി പത്രത്തിന്റെ ഉടമ കല്ലറയ്ക്കൽ ഡോ.ജോർജ്ജ് തോമസിന് കൈമാറി. കേരളധ്വനി സായാഹ്ന പത്രമായി മാറ്റിക്കൊണ്ട് കേരളഭൂഷണം പ്രഭാതപത്രമായി നിലനിർത്തി. കേരളത്തിലെ ഭാഷാ ദിന പത്രങ്ങളിൽ ആദ്യമായി വാരാന്ത്യത്തിൽ പ്രത്യേക പതിപ്പ് പ്രസിദ്ധീകരണം ആരംഭിച്ചത് കേരളഭൂഷണത്തിലാണ്. പത്രത്തിന്റെ വാരാന്ത്യം ഏറെ സവിശേഷതകൾ ഉണ്ടായിരുന്നതിനാൽ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദിനപത്രം ആദ്യമായി സ്വന്തം വാഹനങ്ങളിൽ വിതരണക്കാർക്ക് എത്തിച്ചു കൊടുക്കുന്നതടക്കമുള്ള മാധ്യമരംഗത്തെ പ്രൊഫഷണലിസത്തിൽ കേരളഭൂഷണം ഒരുചുവട് മുന്നിലായിരുന്നു. സാഹിത്യ-സാംസ്‌കാരിക-ചിന്താമണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളായിരുന്നു കേരളഭൂഷണത്തിന്റെ പത്രാധിപസ്ഥാനത്ത് വിളങ്ങിയിരുന്നത്.

സി.എൻ. ശ്രീകണ്ഠൻ നായർ, പവനൻ എന്നിവരൊക്കെ കേരളഭൂഷണത്തിന്റെ പത്രാധിപൻമാരായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ഡോ. ജോർജ്ജ് തോമസിന് എൺപതുകളുടെ മധ്യത്തിൽ പത്രത്തിന്റെ പ്രസിദ്ധീകരണം നിർത്തിവയ്‌ക്കേണ്ടി വന്നു.  തുടർന്ന് കോഴഞ്ചേരി കലമണ്ണിൽ കെ.ജെ. ഏബ്രഹാം പത്രം ഏറ്റെടുത്ത് 1989ൽ തിരുവല്ലയിൽ നിന്നു പുനരാരംഭിച്ചുവെങ്കിലും ഒരു വർഷത്തിനു ശേഷം സാങ്കേതിക കാരണങ്ങളാൽ പ്രഭാത ദിനപത്രം നിർത്തിവെച്ച് പത്തനംതിട്ട കേന്ദ്രമാക്കി സായാഹ്ന ദിനപത്രമാക്കി മാറ്റി.

2006ലാണ് തിരുവല്ല പരുമല സ്വദേശിയും ഖത്തറിലെ പ്രമുഖ ഡോക്ടറുമായ കടവിൽ ഡോ. കെ.സി. ചാക്കോ കേരളഭൂഷണം ഏറ്റെടുക്കുന്നത്.  2008 ഏപ്രിൽ 14ന് വിഷുദിനത്തിൽ തിരുവല്ലയിൽ നിന്ന് സായാഹ്ന ദിനപത്രമായി പുനഃപ്രകാശനം ചെയ്ത കേരളഭൂഷണം 2009 ഏപ്രിൽ 14 മുതൽ പ്രഭാത ദിനപത്രമാക്കി മാറ്റി. തുടക്കത്തിൽ മധ്യകേരളത്തിൽ മാത്രമായി പ്രചാരണം തുടങ്ങിയ പത്രം ഇപ്പോൾ കേരളത്തിലെ എല്ലാ ജില്ലകളിലും സജീവസാന്നിദ്ധ്യമുറപ്പിച്ചു.

ജാതി-മത-കക്ഷിരാഷ്ട്രീയ പക്ഷപാതിത്വമില്ലാതെ, സാമൂഹിക തിന്മകൾക്കും അസമത്വങ്ങൾക്കുംനീതിനിഷേധങ്ങൾക്കുമെതിരെ നിർഭയമായ നിലപാടുകളിൽ നിന്നുകൊണ്ട് തിരുത്തൽ ശക്തിയായി ഇടപെടുകയെന്നുള്ളതാണ് മുഖ്യപത്രാധിപ സ്ഥാനം വഹിച്ചുകൊണ്ട് ഡോ. കെ.സി ചാക്കോ കേരളഭൂഷണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

[1]

  1. "https://epaper.keralabhooshanam.com Archived 2021-03-07 at the Wayback Machine."
"https://ml.wikipedia.org/w/index.php?title=കേരളഭൂഷണം&oldid=3629439" എന്ന താളിൽനിന്ന് ശേഖരിച്ചത്