കേരളത്തിലെ മണ്ണിനങ്ങൾ

കേരളത്തിലെ മണ്ണിനെ രാസ, ഭൗതിക സ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി തരം തിരിച്ചിരിക്കുന്നു. വർഷപാതത്തിന്റെ വ്യതിയാനങ്ങൾ, താപനിലയും ഇടവിട്ടുള്ള ഈർപ്പവും വരണ്ടതുമായ അവസ്ഥകളും പ്രത്യേകിച്ച് പടിഞ്ഞാറൻ തീരപ്രദേശം തൊട്ട് കിഴക്കൻ മലനിരകൾ വരെയും വേഗത്തിലൊഴുകുന്ന പുഴകളും എല്ലാം കേരളത്തിന്റെ വിവിധങ്ങളായ സ്വാഭാവിക സസ്യജാലങ്ങളുടേയും വിവിധതരം മണ്ണുകളേയും സ്വാധീനിക്കുന്നു. പൊതുവായ വർഗ്ഗീകരണത്തിൽ കേരളത്തിൽ പ്രധാനമായും എട്ടുതരം മണ്ണിനങ്ങളാണ് കണ്ടുവരുന്നത്[1][2][3]. തീരദേശമണ്ണ്, എക്കൽമണ്ണ്, കരിമണ്ണ്, വെട്ടുകൽ മണ്ണ്, ചെമ്മണ്ണ്, മലയോര മണ്ണ്, കറുത്ത പരുത്തി മണ്ണ്, വനമണ്ണ് എന്നിവയാണ് ഇവ.[4] യു.എസ്. കാർഷിക വകുപ്പ് നിർമ്മിച്ച പ്രത്യേകരീതിയിലാണ് കേരളത്തിലെ മണ്ണിനെ ശാസ്ത്രീയമായ തരം തിരിച്ചിരിക്കുന്നത്[5]. കേരളത്തിൽ കണ്ടുവരുന്ന ഏതാണ്ട് 82 തരം മണ്ണിനങ്ങൾ, തിരുവനന്തപുരത്തെ പറോട്ടുകോണത്തുള്ള കേന്ദ്ര മണ്ണ് അനലിറ്റിക്കൽ പരീക്ഷണശാലയിൽ സ്ഥിതിചെയ്യുന്ന കേരള മണ്ണു മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്[6][7].
തീരദേശ മണ്ണ്[തിരുത്തുക]
കേരളത്തിന്റെ പടിഞ്ഞാറൻ സമുദ്രതീരത്തും അതിനോട് ചേർന്ന് കിടക്കുന്ന സമതലപ്രദേശത്തും കണ്ടുവരുന്ന മണ്ണാണ് തീരദേശ മണ്ണ് (Coastal alluvium). മഞ്ഞകലർന്ന തവിട്ടുനിറമുള്ള ഈ മണ്ണിൽ 80 ശതമാനത്തിനുമുകളിൽ മണലിന്റെ അംശമായതുകൊണ്ട് ഫലപുഷ്ടി കുറവാണ്. ഉയർന്ന ജലനിരപ്പ് മണ്ണിന്റെ പ്രത്യേകതയാണെങ്കിലും ഈർപ്പം നിലനിർത്താനുള്ള കഴിവ് വളരെ കുറവാണ്. സസ്യാഹാര മൂലകങ്ങളും വളരെ കുറവായതുകൊണ്ട് ഈ മണ്ണിൽ ജൈവവളങ്ങളും ജൈവപദാർത്ഥങ്ങളും വലരെയധികം ചേർത്താലെ കൃഷിയോഗ്യമാക്കാനാകൂ.
എക്കൽമണ്ണ്[തിരുത്തുക]
പുഴയോരത്തും അതിനോട് ബന്ധപ്പെട്ട സമതപ്രദേശത്തും കണ്ടുവരുന്ന മണ്ണാണ് എക്കൽമണ്ണ് (Alluvial Soil). താരതമ്യേന ജൈവാംശം കൂടിയ മണ്ണാണ്. രാസ ഭൗതിക സ്വഭാവങ്ങളിൽ പ്രാദേശികമായി വ്യത്യാസം കാണിക്കുന്നു. ഫലപുഷ്ടിയുള്ള ഈയിനം മണ്ണിലാണ് കൃഷി നന്നായി നടക്കുന്നത്. മഴക്കാലത്ത് വെള്ളപ്പൊക്കഭീഷണിയുള്ള ഈയിനം മണ്ണിന് നീർവാർച്ച കുറവാണ്. പുഴയോട് ചേർന്നുള്ള പ്രദേശങ്ങളിലായതിനാൽ മണ്ണൊലിച്ചുപോകുന്നതിനുള്ള സാധ്യതയുണ്ട്.
കരിമണ്ണ്[തിരുത്തുക]
ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ സമുദ്രനിരപ്പിനു താഴെയുള്ള ചതുപ്പുകളിൽ കാണപ്പെടുന്ന മണ്ണിനമാണ് കരിമണ്ണ് (Kari/Black Soil). മണൽകലർന്ന കളിമണ്ണാണിത്. അര മീറ്ററിനുതാഴെ അഴുകിയ ജൈവപദാർത്ഥങ്ങളുടെയും തടിയുടെയ്മ് അംശം കാണപ്പെടുന്നു. വളരെ നീർവാർച്ച കുറഞ്ഞ ഈയിനം മണ്ണിന് അമ്ലത കൂടുതലാണ്. ഇരുമ്പിന്റേയും അലുമിനിയത്തിന്റേയും മറ്റ് ലവളങ്ങളുടേയും അളവ് അധികമാണ്. വർഷകാലങ്ങളിൽ ഭൂരിഭാഗം സമയവും വെള്ളം കൊണ്ട് മൂടിക്കിടക്കുന്നു. ഫോസ്ഫറസ്, കാൽസ്യം എന്നിവയുടെ അഭാവമുണ്ട്. കുട്ടനാട്-കോൾ നെൽപ്പാടങ്ങളിൽ ഈയിനം മണ്ണാണ്.
വെട്ടുകൽ മണ്ണ്[തിരുത്തുക]
20 മുതൽ 100 മീറ്റർ വരെ ഉയരമുള്ള ഇടനാട്ടിൽ കാണപ്പെടുന്ന ഒരിനം മണ്ണാണ് വെട്ടുകൽ മണ്ണ് (Laterite Soil). മഞ്ഞ കലർന്ന തവിട്ടുനിറം മുതൽ ചുവപ്പുകലർന്ന തവിട്ടുനിറം വരെ കാണപ്പെടുന്നു. മറ്റുമണ്ണിനങ്ങളെ അപേക്ഷിച്ച് താഴ്ച കുറവാണ്. അമ്ലത്വം 5മുതൽ 6.2pH.
ചെമ്മണ്ണ്[തിരുത്തുക]
കേരളത്തിലെ തെക്കൻ പ്രദേശങ്ങളിൽ തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ കാണപ്പെടുന്ന മണ്ണിനമാണ് ചെമ്മണ്ണ് (Red Soil). മണൽ കലർന്ന പശിമരാശിമണ്ണാണ്. സസ്യാഹാരമൂലകങ്ങളുടെ അളവ് മണ്ണിൽ കുറവാണ്. അമ്ലവസ്വഭാവമുള്ള മണ്ണിന് കുറഞ്ഞ ഫലപുഷ്ടിയാണ്.
മലയോരമണ്ണ്[തിരുത്തുക]
ചരിവുകൂടിയ മലകളിൽ കണ്ടുവരുന്ന ഒരിനം മണ്ണാണ് മലയോരമണ്ണ് (Hill soil). ചരലിന്റെ അംശം വെട്ടുകൽമണ്ണിനെ അപേക്ഷിച്ച് കുറവാണ്. ഉരുളൻ കല്ലുകളും കാണപ്പെടുന്നു. നിറം കടുത്ത തവിട്ടുനിറം മുതൽ മഞ്ഞ കലർന്ന തവിട്ടുനിറം വരെ. വെട്ടുകൽ മണ്ണിനെക്കാളും അമ്ലസ്വഭാവം കുറവ്. വെട്ടുകൾ മണ്ണിനെ അപേക്ഷിച്ച് ഫലപുഷ്ടിയുള്ള മണ്ണാണെങ്കിലും താഴ്ന്ന ജലനിരപ്പും മണ്ണൊലിപ്പും പരിമിതികളാണ്.
കറുത്തപരുത്തി മണ്ണ്[തിരുത്തുക]
കേരളത്തിൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലും അതേ നിരപ്പുള്ള കിഴക്കൻ പ്രദേശങ്ങളിലും കണ്ടുവരുന്ന ഒരിനം മണ്ണാണ് കറുത്തപരുത്തി മണ്ണ് (Black cotton soil). കാതര മണ്ണ് എന്നും ഇതിനെ വിളിക്കുന്നു. കടുപ്പമേറിയ കറുപ്പുനിറമാണ്. പൊട്ടാഷ്യവും കാൽസ്യത്തിന്റേയും സാന്നിദ്ധ്യമുള്ള മണ്ണിന് മിക്കവാറും ക്ഷാരഗുണമാണ് (6.8-7.8pH). ജൈവാംശം കുറഞ്ഞ മണ്ണിനമായതിനാൽ കുറഞ്ഞ ഫലപുഷ്ടി. വരണ്ട കാലാവസ്ഥയിൽ വിണ്ട് കീറി വിള്ളലുണ്ടാകുന്നു. നൈട്രജനും ഫോസ്ഫറസും താരതമ്യേന കുറവാണ് ഈ ഇനം മണ്ണിൽ.
വനമണ്ണ്[തിരുത്തുക]
കേരളത്തിലെ വനപ്രദേശങ്ങളിൽ കണ്ടുവരുന്നയിനം മണ്ണാണ് വനമണ്ണ് (Forest soil). നല്ല ഫലപുഷ്ടിയുള്ള ആഴവും നീർവാർച്ചയുമുള്ള മണ്ണാണിത്.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "നമ്മുടെ നാട്ടിലെ എട്ടു മണ്ണിനങ്ങൾ". www.mathrubhumi.com/agriculture. മൂലതാളിൽ നിന്നും 2016-11-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ഫെബ്രുവരി 2017.
- ↑ നമ്മുടെ മണ്ണിനെ അറിയുക; കേരളത്തിലെ മണ്ണിനങ്ങളെക്കുറിച്ചുള്ള ഒരു ലഘുലേഖ - മണ്ണുപര്യവേഷണ സംരക്ഷണ വകുപ്പ്
- ↑ എച്മുക്കുട്ടി. "മണ്ണ് ചരക്കാകുന്ന വികസനത്തിന്റെ പുതിയ കാലം; 2015 അന്താരാഷ്ട്ര മണ്ണ് വർഷം". http://www.azhimukham.com. ശേഖരിച്ചത് 7 ഫെബ്രുവരി 2017.
{{cite web}}
: External link in
(help)|website=
- ↑ "Kerala Soil Survey & Soil Conservation Department website". മൂലതാളിൽ നിന്നും 2017-04-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ഫെബ്രുവരി 2017.
- ↑ "ENVIS Centre: Kerala State of Environment and Related Issues". ശേഖരിച്ചത് 7 ഫെബ്രുവരി 2017.
- ↑ "First Soil Museum Inaugurated". The New Indian Express. 2 January 2014. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 January 2014.
- ↑ T. Nandakumar (2 January 2014). "Museum to Showcase Soil Diversity in Kerala". The Hindu. ശേഖരിച്ചത് 5 January 2014.
പുറത്തേയ്ക്കുള്ള കണ്ണി[തിരുത്തുക]
- Soils of Kerala - keralasoils.gov.in Archived 2017-04-13 at the Wayback Machine.
- SOIL TYPES IN KERALA (DISTRICT-WISE) Archived 2017-01-20 at the Wayback Machine.