കേരളത്തിലെ പരിസ്ഥിതി സമരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ നിരവധി പരിസ്ഥിതി സമരങ്ങൾ നടന്നിട്ടുണ്ട്. കേരളത്തിൽ എൺപതുകൾക്കുശേഷം ശക്തമായ, പരിസ്ഥിതിയെ കുറിച്ചുള്ള വ്യവഹാരങ്ങൾ കേരളത്തിലെ പാർശ്വവത്കൃത സമുദായങ്ങളുടെ പശ്ചാത്തലത്തിൽ നിന്ന് വളരെ അപൂർവമായേ വിലയിരുത്തപെട്ടിട്ടുള്ളൂ. 'സൈലന്റ് വാലി പ്രക്ഷോഭങ്ങൾ' മുതൽ എന്ന് പൊതുവെ അടയാളപെടുത്താറുള്ള കേരളത്തിലെ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ ചരിത്രം, കേരളത്തിലെ ദലിത് ബഹുജൻ പിന്നോക്ക ന്യൂനപക്ഷ സമൂഹങ്ങളുടെ അതിജീവന ചരിത്രത്തിന്റെയും അവരുടെ പോരാട്ടത്തിന്റെയും പശ്ചാതലത്തിൽ വിലയിരുത്തുന്ന പഠനങ്ങൾ അതുകൊണ്ടുതന്നെ അനിവാര്യമാണ്.

സൈലന്റ് വാലി സംരക്ഷണ സമരം[തിരുത്തുക]

1970-കളിൽ സൈലന്റ് വാലി ജല വൈദ്യുത പദ്ധതിക്കെതിരെ ആയിരുന്നു ഈ സമരം ആരംഭിച്ചത്. കുന്തിപ്പുഴയിൽ അണ കെട്ടുന്നതായിരുന്നു പദ്ധതിയുടെ മുഖ്യ ലക്ഷ്യം., കവയിത്രി സുഗതകുമാരി ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. സമരത്തെ ജനകീയ പ്രക്ഷോഭമാക്കുന്നതിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തും അതിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പ്രൊഫസർ എം. കെ പ്രസാദും വലിയ പങ്ക് വഹിച്ചു. 1983-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പദ്ധതി ഉപേക്ഷിക്കാനും സൈലന്റ് വാലി ദേശീയോദ്യാനം ആക്കാനും തീരുമാനിച്ചു.

മാവൂർ റയോൺസ്-ചാലിയാർ സമരം[തിരുത്തുക]

മാവൂരിലെ ഗ്വാളിയർ റയോൺസ് ഫാക്റ്ററി ചാലിയാർ പുഴ മലിനമാക്കുന്നതിനെതിരെ 1970-കളിൽ ആണു സമരം ആരംഭിച്ചത്. ഫാക്റ്ററിയിലെ സ്വതന്ത്ര ട്രേഡ് യൂണിയനായ ഗ്രോ (GROW) സമരത്തെ അനുകൂലിച്ചു. ഈ സമരത്തിന് നേതൃത്വ നൽകിയത് കെ.എ റഹ്മാൻ ആയിരുന്നു. ബിർള എന്ന വ്യവസായ ഭീമനെ കെട്ട്കെട്ടിക്കുന്നത് വരെ അദ്ദേഹത്തിന്റെ ഒറ്റയാൾ പോരാട്ടം തുടർന്നു. സമരം ജനകീയമാക്കുന്നതിലും ഇദ്ദേഹമാണ് മുമ്പിൽ ഉണ്ടായിരുന്നത്.ഇദ്ദേഹം കാൻസർ പിടിപെട്ട് മരണപ്പെടുകയാണ് ഉണ്ടായത്.

ബേക്കൽ തീര സംരക്ഷണ സമരം[തിരുത്തുക]

ബേക്കൽ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പുകയില കർഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരേയും, തീരദേശ സംരക്ഷണ നിയമങ്ങൾ അവഗണിക്കപ്പെടുന്നതിനെതിരേയുമായിരുന്നു ബേക്കൽ സമരം. 1990-കളിൽ ആണ് സമരം നടന്നത്.

ഭൂതത്താൻ കെട്ട് ആണവ നിലയ വിരുദ്ധ സമരം[തിരുത്തുക]

കോതമംഗലത്ത് ഭൂതത്താൻ കെട്ടിൽ ആണവ നിലയം സ്ഥപിക്കുന്നതിനെതിരെ 1980-കളിൽ ആണ് ഈ സമരം നടന്നത്.

പെരിങ്ങോം ആണവ നിലയ വിരുദ്ധ സമരം[തിരുത്തുക]

കാസർഗോഡ് പെരിങ്ങോം ഗ്രാമത്തിൽ ആണവ നിലയം സ്ഥാപിക്കനുള്ള നീക്കത്തിനെതിരേയാണ് 1990-കളിൽ ഈ സമരം നടന്നത്.

തീര ദേശ സംരക്ഷണ നിയമം (CZR ആക്റ്റ്) നടപ്പാക്കൽ സമരം[തിരുത്തുക]

കേന്ദ്ര സർക്കാർ പാസ്സാക്കിയ തീര ദേശ സംരക്ഷണ നിയമം (CZR ആക്റ്റ്) നടപ്പാക്കണമെന്ന സുപ്രീം കോടതി വിധി മറികടക്കുന്നതിനായി പുതിയ നിയമ ഭേദഗതികൾ കൊണ്ട്വരുന്നതിനെ രാജ്യ വ്യാപകമായി നടന്ന സമരം കേരളത്തിൽ വളരെ സജീവമായിരുന്നു.

വർഷകാല ട്രോളിങ്ങ് നിരോധന സമരം[തിരുത്തുക]

വർഷകാലത്ത് സമുദ്രത്തിലെ മൽസ്യങ്ങൾ പ്രജനനം ചെയ്യുന്ന സമയതു യന്ത്രവൽകൃത ബോട്ടുകൾ മൽസ്യ ബന്ധനം നടത്തുന്നതു നിരോധിക്കണമെന്നു ആവശ്യപ്പെട്ട് നടന്ന സമരം. 1970-കളിൽ ആരഭിച്ചു. കേരള സർക്കാർ കാലവർഷ ട്രോളിങ്ങ് നിരോധിച്ചു ഉത്തരവ് ഇറക്കിയിട്ടുണ്ട്.

പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരം[തിരുത്തുക]

പാലക്കാട് പ്ലാച്ചിമടയിലെ കൊക്കോകോളാ ഫാക്റ്ററി ഭൂഗർഭ ജലം അമിത ചൂഷണം ചെയ്യ്യുന്നതിനും പരിസ്ഥിതി മലിനീകരിക്കുന്നതിനും എതിരേ 2000-മാണ്ട് മുതൽ നടന്നു വന്ന സമരം. 2004 മാർച്ചിൽ ഫാക്ടറി അടച്ചു പൂട്ടി. മയിലമ്മ ആയിരുന്നു സമര നായിക

എൻഡോസൾഫാൻ വിരുദ്ധ സമരം[തിരുത്തുക]

ഉത്തരകേരളത്തിൽ എൻഡോസൾഫാൻ എന്ന കീടനാശിനിയുടെ വ്യാപകമായ ഉപയോഗത്തിനെതിരെ നടക്കുന്ന സമരം. കൃഷിവകുപ്പിൽനിന്ന് അസിസ്റ്റന്റായി വിരമിച്ച ലീലാകുമാരിയമ്മ 2001ൽ എൻഡോസൾഫാനെതിരെ ഹോസ്ദുർഗ് മുൻസിഫ് കോടതിയെ സമീപിച്ച് ആകാശത്തുനിന്നുള്ള മരുന്നു തളിക്ക് താൽക്കാലിക നിരോധനം സമ്പാദിച്ചു. 2003ൽ ഹൈക്കോടതി ഈ വിധി ശരിവെച്ച്, സ്ഥിരം നിരോധനം ഏർപ്പെടുത്തി. 2004ൽ കേരള സർക്കാർ എൻഡോസൾഫാൻ നിരോധിച്ചു.

വയൽക്കിളി സമരം[തിരുത്തുക]

കണ്ണൂർ ജില്ലയിലെ കീഴാറ്റൂർ എന്ന സ്ഥലത്ത് നെൽവയൽ നികത്തി ബൈപാസ് പാത നിർമ്മിക്കുന്നതിനെതിരേ നാട്ടുകാരുടെ നേതൃത്വത്തിൽ അരംഭിച്ച പ്രതിഷേധ സമരമാണ് കീഴാറ്റൂർ സമരം അല്ലെങ്കിൽ വയൽക്കിളി സമരം എന്നറിയപ്പെടുന്നത്. തളിപ്പറമ്പിലൂടെ കടന്നുപോകുന്ന നിലവിലുള്ള ദേശീയപാത 45 മീറ്ററാക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടവും, എതിർപ്പും ഒഴിവാക്കാനാണ് കുപ്പം-കീഴാറ്റൂർ-കൂവോട്-കുറ്റിക്കോൽ ബൈപാസ് ഉണ്ടാക്കാൻ നിർദ്ദേശമുയർന്നത്. ഈ നിർദ്ദേശപ്രകാരം പാത നിർമ്മിക്കുമ്പോൾ ഏതാണ്ട് നൂറോളം വീടുകൾ പൊളിക്കേണ്ടി വരുമെന്നായപ്പോൾ പ്രതിഷേധമുയരുകയും, കീഴാറ്റൂരിലൂടെ അലൈൻമെന്റ് നിർമ്മിക്കാൻ ബദൽ നിർദ്ദേശം വന്നു, ഇപ്രകാരം നടപ്പിലാക്കിയാൽ മുപ്പതോളം വീടുകൾ മാത്രമേ പൊളിക്കേണ്ടി വരൂ എന്നതായിരുന്നു അനുകൂലഘടകം.[1]

വീടുകൾ നഷ്ടപ്പെടുന്നതിലുപരി ഒരു ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയെ തന്നെ നശിപ്പിച്ചേക്കാമെന്ന രീതിയിലുള്ള ദേശീയപാത നിർമ്മാണത്തിനെതിരേ ഗ്രാമീണവാസികൾ തന്നെ രംഗത്തെത്തി. രാഷ്ട്രീയത്തിനുപരിയായി തുടങ്ങിയ സമരത്തെ അനുകൂലിച്ച് ഇപ്പോൾ പ്രമുഖപാർട്ടികളെല്ലാം രംഗത്തെത്തികഴിഞ്ഞു.

തുരുത്തി സമരം[തിരുത്തുക]

കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഒരു സെറ്റിൽമെന്റ് പട്ടികജാതി കോളനിയാണ് തുരുത്തി.ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി മുപ്പതോളം കുടുംബങ്ങൾക്ക് അവരുടെ വീടുകളും ആരാധനാലയങ്ങളും നഷ്ടപ്പെടാൻ പോകുന്നതിനെതിരെ 2018പ്രിൽ 27 മുതൽ ആരംഭിച്ച സമരമാണ് തുരുത്തി സമരം.[1],[2],[3]ദേശീയപാത വികസനത്തിന്റെ ഭാഗമായി വികസന അതോറിറ്റി പുറത്തുവിട്ട നിർദ്ദിഷ്ട അലൈൻമെന്റ് മൂന്നാമത്തെതാണ്. ഒന്നും രണ്ടും അലൈൻമെന്റുകൾ വളവുകളില്ലാത്തതും ഏതെങ്കിലും ഒരു വിഭാഗത്തെ പ്രതികൂലമായി ബാധിക്കാത്തതുമായിരുന്നുവെങ്കിൽ മൂന്നാമത്തെത് 90 ശതമാനവും തുരുത്തിയിലെ പട്ടികജാതി വിഭാഗത്തെ കുടിയിറക്കുന്ന തരത്തിലുള്ളതാണ്. വേളാപുരം മുതൽ തുരുത്തി വരെ 500 മീറ്റർ നീളത്തിനിടയിൽ ഒരു വളവ് ബോധപൂർവ്വം സൃഷ്ടിച്ച് 29 കുടുംബങ്ങളെ പൂർണ്ണമായും കുടിയിറക്കുന്ന രൂപത്തിലേക്ക് അലൈൻമെന്റ് മാറി. അലൈൻമെന്റിൽ പറയുന്ന ദേശത്ത് 400 വർഷം പഴക്കമുള്ള ഒരു ആരാധന കേന്ദ്രം നിലനിൽക്കുന്നുണ്ട്. തുരുത്തിയിൽ അരിങ്ങളേയൻ തറവാട്ടുകാരുടെതാണ് ശ്രീ പുതിയിൽ ഭഗവതി ക്ഷേത്രം. പുലയരുടെ ആചാരവും അനുഷ്ഠാനവും വിശ്വാസവുമായി തുരുത്തിയിൽ സജീവമാണ് പ്രാദേശിക ജനതയുടെതായി നിലകൊള്ളുന്നതാണ് ഈ ആരാധനാലയം.2016ൽ പുറത്തു വന്ന പ്രസ്തുത അലൈൻമെന്റ് നോട്ടിഫിക്കേഷൻ പ്രകാരം ഈ കുടുംബങ്ങളിൽ മിക്കതും ദേശീയപാത വികസന അതോറിറ്റിക്ക് വിയോജിപ്പ് വ്യക്തിപരമായി എഴുതി നൽകുകയുണ്ടായി. എന്നാൽ യാതൊരു തരത്തിലുള്ള അനുകൂല പ്രതികരണവും അതോറിറ്റിയിൽ നിന്നുണ്ടായില്ല. പഞ്ചായത്ത് അധികാരികൾ, ജില്ലാ കലക്ടർ, തഹസിൽദാർ എന്നിവരെ പല ഘട്ടങ്ങളിലായി ഈ കുടുംബാംഗങ്ങൾ പരാതിയുമായി സമീപിച്ചെങ്കിലും ഇവരുടെ പരാതി കേൾക്കാനുള്ള ഒരു അവസരവും അധികാരികൾ സൃഷ്ടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തുരുത്തി നിവാസികൾ ഒരു ആക്ഷൻ കമ്മറ്റിക്ക് രൂപംകൊടുത്തു.തുടർന്ന് ഏപ്രിൽ 27-ാം തീയതി കോളനിയിലെ ദളിത് കുടുംബങ്ങൾ തുരുത്തിയിൽ കുടിൽ കെട്ടി സമരം ആരംഭിക്കുകയുണ്ടായി.[4]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://suprabhaatham.com/%E0%B4%A4%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82-%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%82/
  2. https://localnews.manoramaonline.com/kannur/local-news/2018/05/11/ppns-bypass-thuruthy-kudil-ketti-samaram-15th-day.html
  3. http://www.asianetnews.com/magazine/five-environmental-protests-in-kerala
  4. https://localnews.manoramaonline.com/kannur/local-news/2018/04/29/ppns-bypass-thuruthy-kudil-ketti-samaram-4th-day.html