കെ. വേണു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. വേണു

ഇന്ത്യയിലെ നക്സൽ പ്രസ്ഥാനത്തിന്റെ മുൻനേതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനും ആക്ടിവിസ്റ്റുമാണ് കെ.വേണു എന്ന കോയമ്പറമ്പ് വേണു (ജനനം:1945 ഡിസംബർ). കേരളത്തിലെ ഇടതു ധൈഷണികരിലൊരാളായി കെ.വേണു വിലയിരുത്തപ്പെടുന്നു.[1] 1979 മുതൽ 1991 കാലത്ത് പ്രവർത്തിച്ച സെൻട്രൽ റീ ഓർഗനൈസേഷൻ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്) എന്ന സംഘടനയുടെ സെക്രട്ടറിയായിരുന്നു.പിന്നീട് രാജിവെച്ചു.1996 ൽ യു.ഡി.എഫ്. മുന്നണിയിലായിരുന്ന ജെ.എസ്.എസ്.സ്ഥാനാർത്ഥിയായി കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽനിന്നും മൽത്സരിച്ചു പരാജയപ്പെട്ടു. ലാലൂരിലെ മാലിന്യനിക്ഷേപത്തിനെതിരെ ഗാന്ധിയൻ സമരമുറയായ നിരാഹാരമനുഷ്ഠിച്ച് വേണു അടുത്തിടെ ജനശ്രദ്ധനേടുകയുണ്ടായി.[2][3]

ജീവിതം[തിരുത്തുക]

ലാലൂർ സമരത്തെ പിന്തുണച്ചുകൊണ്ട് കെ. വേണുവിന്റെ നിരാഹാരം. തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിന് മുൻവശം.
കെ. വേണു മലയാളം വിക്കിപീഡിയ പത്താം പിറന്നാൾ ആഘോഷത്തിൽ സംസാരിക്കുന്നു

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള പുല്ലൂറ്റിൽ 1945 ഡിസംബറിൽ വേലായുധൻ നായരുടേയും അമ്മാളുവമ്മയുടേയും ഏഴു മക്കളിൽ ഒരാളായി ജനനം.സ്വദേശമായ കൊടുങ്ങല്ലൂരിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ബിരുദവും കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ജീവിതമാർഗ്ഗത്തിനായി സ്വകാര്യ ട്യൂഷ്യൻ തെരഞ്ഞെടുത്തു. ആദ്യനാളുകളിൽ വേണു മാർക്സിസ്റ്റ് ആശയക്കാരനും അനുഭാവിയും ആയിരുന്നു. 1967 ലെ നക്സൽ ബാരി കലാപവും 1968-ലെ തലശ്ശേരി-പുല്പള്ളി സംഭവങ്ങളും വേണുവിൽ സന്ദേഹങ്ങളുയർത്തി. 1970-കളിൽ അദ്ദേഹം നക്സലിസത്തിന്റെ വക്താവായി മാറി. 1970 മുതൽ 75 വരെയുള്ള അഞ്ചുവർഷങ്ങളിൽ അദ്ദേഹം നക്സലിസത്തിൻറെ പേരിൽ തടവുശിക്ഷ അനുഭവിച്ചു. അടിയന്തരാവസ്ഥ നാളുകളിൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.[1]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1996 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം മീനാക്ഷി തമ്പാൻ സി.പി.ഐ., എൽ.ഡി.എഫ്. കെ. വേണു ജെ.എസ്.എസ്, യു.ഡി.എഫ്.

കുടുംബം[തിരുത്തുക]

ചകിരിതൊഴിലാളിയായിരുന്ന മണിയെ 1981-ൽ വിവാഹം ചെയ്തു. അനൂപ്, അരുൺ എന്നീ രണ്ടു ആൺകുട്ടികളുണ്ട് ഇവർക്ക്.[1]

പുസ്തകങ്ങൾ[തിരുത്തുക]

  • പ്രപഞ്ചവും മനുഷ്യനും (1970)
  • വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ (1979)
  • Philosophical Problems of Revolution-(English Edition)(1982)
  • സ്വാതന്ത്ര്യത്തിന്റെ സാക്ഷാൽക്കാരം (1984)
  • കേരള പഠനത്തിനൊരു മുഖവുര (1987)
  • ഇന്ത്യൻ വിപ്ലവത്തിന്റെ കാഴ്ചപ്പാട്
  • ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം (1992)
  • ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ (2003)
  • ഇന്ത്യൻ ജനാധിപത്യം പ്രശ്നങ്ങളും സാധ്യതകളും (2010)
  • ജനാധിപത്യത്തിന്റെ മനുഷ്യാനുഭവങ്ങൾ (2010)

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കെ._വേണു&oldid=3628947" എന്ന താളിൽനിന്ന് ശേഖരിച്ചത്