കെ. രാജഗോപാൽ (ഭിഷഗ്വരൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. രാജഗോപാൽ
ജനനം(1932-11-17)നവംബർ 17, 1932
മരണം2014 ജനുവരി 10
ദേശീയതഇന്ത്യൻ
തൊഴിൽഭിഷഗ്വരൻ
കുട്ടികൾ

ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ ഭിഷഗ്വരനായിരുന്നു ഡോ. കെ. രാജഗോപാൽ (17 നവംബർ 1932 - 10 ജനുവരി 2015). നിരവധി റിസർച് ജേണലുകളുടെ എഡിറ്ററും ആയുർവേദ ലേഖനങ്ങളുടെ രചയിതാവുമാണ്. കാൻസർ, രക്തജന്യരോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ആയുർവേദരീതികൾ വികസിപ്പിച്ചു. എയ്ഡ്‌സിന് മേധാക്ഷയ ചികിത്സ ഉതകുമെന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. കരിംജീരകം ചേർന്ന കാൻസർ മരുന്ന് പരീക്ഷിച്ച അദ്ദേഹം സ്‌പോണ്ടിലൈറ്റിസിനും ഡിസ്‌ക് തകരാറുകൾക്കും പുതിയ ഔഷധക്കൂട്ടുകൾ വികസിപ്പിച്ചു. പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കിളികൊല്ലൂർ തോട്ടക്കാരൻ വൈദ്യന്മാരുടെ പരമ്പരയിൽപ്പെട്ട പദ്മനാഭൻ വൈദ്യർ മുത്തച്ഛനായിരുന്നു. മധ്യ തിരുവിതാംകൂറിലെ പേരുകേട്ട വൈദ്യനായിരുന്ന എം.പി.കൃഷ്ണൻ വൈദ്യന്റയും കല്യാണിക്കുട്ടി അമ്മയുടെയും മകനാണ്. [1]

തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളജിലെ ആദ്യത്തെ ഒന്നാം റാങ്കുകാരനായിരുന്നു. 1955ൽ ഡോക്ടർ ഒാഫ് ആയുർവേദിക് മെഡിസിന്റെ ആദ്യബാച്ചിലാണ് അദ്ദേഹം ഒന്നാമനായത്.1961ൽ എംബിബിഎസും പാസായി. പിതാവിന്റെ പേരിലുള്ള കൊല്ലത്തെ എം.പി. കൃഷ്ണൻ വൈദ്യൻ ആയുർവേദ ആശുപത്രിയിൽ ഡോക്ടറായി. 1985ൽ ബനാറസ് നാഷനൽ അക്കാദമി ഓഫ് ഇന്ത്യൻ മെഡിസിൻ എഫ്.എ.ഐ.എം. ഫെലോഷിപ്പും 1999ൽ നാഷനൽ അക്കാദമി ഓഫ് ആയുർവേദ എഫ്.എൻ.എ.എ ഫെലോഷിപ്പും നൽകി. അമല ആയുർവേദ ഹോസ്പിറ്റൽ ഓണററി റിസർച് ഡയറക്ടർ ആൻഡ് സ്പെഷൽ കൺസൽറ്റന്റ്, കോട്ടയ്ക്കൽ ആര്യവൈദ്യശാല ക്ളിനിക്കൽ ആൻഡ് ലിറ്റററി കൺസൽറ്റന്റ്, ആലുവ കേരള ആയുർവേദ ഫാർമസി ഡയറക്ടർ, ഷൊർണൂർ കെഎ സമാജം ആശുപത്രി ഉപദേശക സമിതി ബോർഡ് ചെയർമാൻ, ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 25 വർഷം കേരള ആയുർവേദ മണ്ഡലത്തിന്റെ പ്രസിഡന്റായിരുന്നു.[2]

സംസ്ഥാന പ്ലാനിങ് ബോർഡ് ആയുർവേദ -ഹോമിയോപ്പതി ടാക്‌സ് ഫോഴ്‌സ് ചെയർമാൻ, കേരള, എം.ജി., കാലിക്കറ്റ്, മദ്രാസ്, ഭാരതിയാർ സർവകലാശാലകളിൽ പരീക്ഷകൻ, ശ്രീശങ്കരാചാര്യ സർവകലാശാലയുടെ ഡീൻ, സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ അംഗം, തൃശ്ശൂർ അമല കാൻസർ സെന്ററിന്റെ ഡയറക്ടർ, കേരള ആയുർവേദ ഫാർമസിയുടെ രക്ഷാധികാരി തുടങ്ങി നിരവധി പദവികൾ വഹിച്ചു.

കൃതികൾ[തിരുത്തുക]

  • പഞ്ചകർമ ചികിത്സാസാര സംഗ്രഹം

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ
  • വൈദ്യവാചസ്പതി അവാർഡ് (1989),
  • ബൃഹത്രയീരത്ന അവാർഡ് (1977)
  • പതഞ്ജലി അവാർഡ് (2001)
  • അഷ്ടാംഗരത്ന അവാർഡ് (2009)

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ._രാജഗോപാൽ_(ഭിഷഗ്വരൻ)&oldid=3628939" എന്ന താളിൽനിന്ന് ശേഖരിച്ചത്