കെ.ബി. മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ. ബി. മേനോൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോ. കെ. ബി. മേനോൻ
ഡോ. കെ. ബി. മേനോൻ
ജനനം
ബാലകൃഷ്ണൻ

(1897-06-18)ജൂൺ 18, 1897
മരണംസെപ്റ്റംബർ 6, 1967(1967-09-06) (പ്രായം 70)
കോഴിക്കോട്
ദേശീയതഇന്ത്യൻ
തൊഴിൽസ്വാതന്ത്ര്യ സമര സേനാനി, അധ്യാപകൻ
അറിയപ്പെടുന്നത്കീഴരിയൂർ ബോംബ് കേസ്

സ്വാതന്ത്ര്യ സമര സേനാനിയും വടകരയിൽ നിന്നുള്ള ആദ്യ പാർലമെന്റംഗവുമായിരുന്നു[1] കോന്നാനാത്ത് ബാലകൃഷ്ണ മേനോൻ എന്ന ഡോ. കെ.ബി. മേനോൻ(18 ജൂൺ 1897 - 6 സെപ്റ്റംബർ 1967).

ജീവിതരേഖ[തിരുത്തുക]

മുൻസിഫായിരുന്ന കോഴിക്കോട് വെങ്ങാലിൽ രാമമേനോന്റെ മകനായി 1897–ൽ ജനിച്ചു. ബോംബെ സർവകലാശാലയിൽ നിന്ന് ബിരുദം നേടി. ഹൈദരബാദ് നൈസാം കോളജിൽ ജോലിയായെങ്കിലും രാജിവച്ച് സ്കോഷർഷിപ്പോടെ അമേരിക്കയിലെ കലിഫോർണിയാ സർവകലാശാലയിൽ ഉപരിപഠനത്തിന് പോയി. പിഎച്ച്ഡി നേടി. ഹാർവഡ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി. ഉപരിപഠനത്തിനായി അവിടെയെത്തിയ ജയപ്രകാശ് നാരായണനുമായി സൗഹൃദമായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ച് ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി. സ്വാതന്ത്യ്രസമരത്തിൽ പങ്കെടുത്തു പീഡനം അനുഭവിക്കുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നെഹ്റു സ്ഥാപിച്ച സിവിൽ ലിബർട്ടീസ് യൂണിയൻ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയായി. നാട്ടുരാജ്യ പ്രജാസമ്മേളനത്തിന്റെ ഓഫിസ് 1941ൽ വാർധയിലേക്കു മാറ്റിയതിനെത്തുടർന്ന് മേനോൻ വാർധയിലെ ഗാന്ധി ആശ്രമത്തിൽ അന്തേവാസിയായി. ഗാന്ധിജിയുമായി അടുത്ത ബന്ധം സ്ഥാപിച്ചു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരപ്രഖ്യാപനത്തോടെ കേരളത്തിൽ തിരിച്ചെത്തി. കൊച്ചിയിലും മലബാറിലും ക്വിറ്റ് ഇന്ത്യാ സമരമുഖം കൂടുതൽ വ്യാപകമാകുന്നത് ഡോക്ടർ മേനോന്റെ വരവോടെയാണ്. കോളിളക്കം സൃഷ്ടടിച്ച കീഴരിയൂർ ബോംബ്കേസിന്റെ പ്രധാന അണിയറ പ്രവർത്തകരിലൊരാളായിരുന്നു മേനോൻ.[2] ഈ കേസിലെ ഒന്നാം പ്രതി ഡോ. മേനോനായിരുന്നു. അഖിലേന്ത്യാ തലത്തിൽ ശ്രദ്ധിക്കപ്പെട്ട കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ച് നേതാജി സുബാഷ് ചന്ദ്ര ബോസ് കെ.ബി. മേനോനെഴുതിയ കത്ത് പ്രസിദ്ധമാണ്. അറസ്റ്റിലായ മേനോനെ 10 കൊല്ലത്തെ തടവിന് ശിക്ഷിച്ചു. സ്വാതന്ത്യപ്രാപ്തിയെത്തുടർന്ന് അഞ്ചുവർഷശേഷം വിട്ടയക്കപ്പെട്ടുവെങ്കിലും ജയിൽജീവിതം മേനോന്റെ ആരോഗ്യം തകർത്തിരുന്നു.

സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരകനായിരുന്ന അദ്ദേഹം, ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി കോൺഗ്രസ് വിട്ടതിനെത്തുടർന്ന് മേനോനും കോൺഗ്രസിനോട് വിടപറഞ്ഞു. 1952–ൽ തൃത്താലയിൽ നിന്ന് മദ്രാസ് അസംബ്ലിയിലേക്ക് സോഷ്യലിസ്റ്റ് പാർട്ടിയുടെ ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1957–ൽ വടകരയെ പ്രതിനിധീകരിച്ച് പാർലമെന്റിലും അംഗമായി. 1965ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം ഏറ്റവുംവലിയ ഒറ്റക്കക്ഷിയായെങ്കിലും വ്യക്തമായ ഭൂരിപക്ഷം ഒരു കക്ഷിക്കുമില്ലാത്തതിനാൽ നിയമസഭ പിരിച്ചുവിട്ടു. ഡോ. കെ ബി മേനോനെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭ രൂപീകരിക്കാൻ അണിയറയിൽ ശ്രമം നടന്നെങ്കിലും സോഷ്യലിസ്റ്റ് പാർടിയിലെ ഉന്നതർ പിന്നിൽനിന്ന് കുത്തി. അവസാനകാലങ്ങളിൽ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി.[3]

രോഗബാധിതനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ സാധാരണ വാർഡിൽ കിടന്ന്, 1967 സെപ്റ്റംബർ ആറിന് ഡോ. കെ.ബി.മേനോൻ അന്തരിച്ചു. സാധാരണ വാർഡിൽ നിന്ന് സ്‌പെഷൽ വാർഡിലേക്കു മാറ്റാനുള്ള ഒരു നിർബന്ധത്തിനും വഴങ്ങിയില്ല. മേനോന്റെ അശ്രാന്ത പരിശ്രമം കൊണ്ട് സ്ഥാപിതമായ തൃത്താല ഹൈസ്‌കൂൾ വളപ്പിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. അവസാനകാലത്ത് ഈ സ്കൂളിലെ ഒരു മുറിയിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.

സ്മരണ[തിരുത്തുക]

വടകര റസ്റ്റ് ഹൗസ് പരിസരത്ത് മേനോന്റെ അർധകായ പ്രതിമ കേ.ബി. മേനോൻ ഫൗണ്ടേഷൻ സ്ഥാപിച്ചിട്ടുണ്ട്. വില്യാപ്പള്ളി പഞ്ചായത്ത് പി.എച്ച്.സി. അറിയപ്പെടുന്നത് കെ.ബി. മേനോന്റെ പേരിലാണ്.

അവലംബം[തിരുത്തുക]

  1. "Second Lok Sabha Members Bioprofile". www.loksabhaph.nic.in. Loksabha. Retrieved 3 August 2020.
  2. പ്രദീപ് എസ് (5 September 2017). "ഡോ. കെ.ബി. മേനോൻ: ചരിത്രം മറക്കാത്ത തീപ്പൊരികൾ". www.manoramaonline.com. manoramaonline. Retrieved 3 August 2020.
  3. "ഡോ. കെ ബി മേനോന് വടകരയിൽ സ്മാരകമൊരുങ്ങുന്നു". Deshabhimani. Sep 29, 2014. Retrieved 3 August 2020.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.ബി._മേനോൻ&oldid=3482229" എന്ന താളിൽനിന്ന് ശേഖരിച്ചത്