കെ. ചന്ദ്രൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. ചന്ദ്രൻ പിള്ള

കേരളത്തിലെ സി.പി.ഐ.(എം) നേതാവാണ് കെ. ചന്ദ്രൻ പിള്ള. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ ചന്ദ്രൻ പിള്ള ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്. നല്ല ഒരു വാഗ്മി കൂടിയായ[അവലംബം ആവശ്യമാണ്] ഇദ്ദേഹം 2003 മുതൽ 2009 വരെ രാജ്യസഭാംഗമായിരുന്നു. 2011-ൽ നടന്ന പതിമൂന്നാം നിയസഭാ തിരഞ്ഞെടുപ്പിൽ കളമശ്ശേരിയിൽ നിന്നും എതിർ സ്ഥാനാർത്ഥിയായ മുസ്ലീം ലീഗിലെ ഇബ്രാഹിം കുഞ്ഞിനോട് പരാജയപ്പെട്ടു.

ജീവചരിത്രം[തിരുത്തുക]

1956 ഓഗസ്റ്റ് 18ന് ജനിച്ചു. അച്ഛൻ എം. കേശവപിള്ള, അമ്മ എം. സരസ്വതിയമ്മ. ബാല്യവും വിദ്യാഭ്യാസവും വ്യവസായ നഗരമായ ഏലൂർ ഉദ്യോഗമണ്ഡൽ ടൌൺഷിപ്പിലെ എഫ്.എ.സി.ടി സ്ക്കൂളിൽ. വിദ്യാർത്ഥിയായിരിക്കെ എസ്. എഫ് ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചു. സ്ക്കൂൾ പാർലമെന്റിൽ അംഗമായിരുന്നു. കോളേജ് വിദ്യാഭ്യാസം എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിൽ കെമിസ്ട്രിയിൽ ബിരുദം.

ഭാര്യ കെ.എം. ഷീല, അങ്കമാലി ടെൽക്ക് ജീവനക്കാരിയാണ്. മകൻ പ്രമോദ് ചന്ദ്രദാസ്, എഞ്ചിനീയറിംഗ് വിദ്യാർത്ഥി, മകൾ ശാലിനി എസ്., പ്ലസ്‌ടു വിദ്യാർത്ഥിനി.[1]

രാഷ്ട്രീയ ചരിത്രം[തിരുത്തുക]

1967 മുതൽ കെ.എസ്.വൈ.എഫ് പ്രവർത്തകൻ. വിദ്യാർത്ഥി സംഘടനയിലും യുവജന സംഘടനയിലും 70കളുടെ തുടക്കത്തിൽ ഒരുപോലെ പ്രവർത്തിച്ചു. പതിനേഴാം വയസ്സിൽ സി.പി.ഐ.(എം) ഏലുർ ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള പാണാടൻ കോളനി ബ്രാഞ്ചിൽ അംഗമായി. ലോക്കൽ സെക്രട്ടറിയും പ്രമുഖ എഴുത്തകാരനുമായ പയ്യപ്പിള്ളി ബാലനാണ് പാർട്ടി അംഗത്വം നൽകിയത്. 1977 ൽ കെ.എസ്.വൈ.എഫ് ഏലൂർ വില്ലേജ് സെക്രട്ടറിയായി. 1979 ൽ സംസ്ഥാന കമ്മിറ്റി അംഗമായും ജില്ലാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 1981 മുതൽ 1989 വരെ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്. ഇതേ കാലയളവിൽ വ്യവസായ മേഖലയിൽ സി.ഐ.ടി.യു സെക്രട്ടറിയായി. 1983 മുതൽ സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറിയുടെ ചുമതല. 1990 മുതൽ 34മത്തെ വയസ്സിൽ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയായി. 1986 മുതൽ സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗമായി. 2001-ൽ സംസ്ഥാന സെക്രട്ടറി. 1994 മുതൽ സി.ഐ.ടി.യു. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗമാണ്. 1983 മുതൽ വിവിധ ഘട്ടങ്ങളിലായി ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈട്സ് ലിമിറ്റഡ്, ടി.സി.സി., ഹിന്ദുസ്ഥാൻ ഓർ‌ഗാനിക് കെമിക്കൽ‌സ്, ബിനാമി സിങ്ക് കാർബോറാണ്ടം, തോഷിബ, ആലുവ ടോക്‌സ്റ്റെൽസ്, മിൽക്ക് മാർക്കറ്റിമംഗ് ഫെഡറേഷൻ,ജില്ലാ ബാങ്ക് എന്നിവടങ്ങളിൽ തൊഴിലാളി യൂണിയനുകൾക്ക് നേതൃത്വം നൽകി. രാജ്യസഭാഗമായിരിക്കെ തൊഴിൽ, വ്യവസായം എന്നിവ സംബന്ധിച്ച വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി, ഇൻ‌ഡസ്ട്രീസ് സ്റ്റാൻഡിംഗ് കമ്മിറ്റി, സ്റ്റീൽ & ഫെർട്ടിലൈസേഴ്സ് കൺസൾട്ടീവ് കമ്മിറ്റി എന്നിവയിലാണ് പ്രവർത്തിച്ചത്. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളി സംഘടനകളുടെ സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനറാണ് ഇപ്പോൾ.

വഹിച്ച സ്ഥാനങ്ങൾ[തിരുത്തുക]

  • കെ. എസ്. വൈ. എഫ്
  • ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്
  • സിഐടിയു ജില്ലാ സെക്രട്ടറി
  • സിഐടിയു സംസ്ഥാന സെക്രട്ടറി
  • സിഐടിയു ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം
  • സി.പി.ഐ.(എം) സംസ്ഥാന കമ്മറ്റി അംഗം[2]

അവലംബം[തിരുത്തുക]

  1. http://kchandranpillai.in/?q=node/2
  2. http://cpimkerala.org/state-committee-28.php?n=1
"https://ml.wikipedia.org/w/index.php?title=കെ._ചന്ദ്രൻ_പിള്ള&oldid=2784838" എന്ന താളിൽനിന്നു ശേഖരിച്ചത്