കെ. അച്യുതപ്പൊതുവാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പ്രസിദ്ധനായ ഒരു സംസ്കൃത പണ്ഡിതനായിരുന്നു കെ. അച്യുതപ്പൊതുവാൾ. കിള്ളിക്കുറിശ്ശിമംഗലത്തു കൊപ്പാട്ടു വീട്ടിൽ ലക്ഷ്മിപ്പൊതുവാൾസ്യാരുടെയും പൂന്തോട്ടത്തു മനയ്ക്കൽ ദാമോദരൻ നമ്പൂതിരിയുടെയും പുത്രനായി 1897 ജൂൺ മാസത്തിൽ ജനിച്ചു. മേലേടത്തു ഗോവിന്ദൻനമ്പ്യാർ തുടങ്ങിയ ഗുരുനാഥൻമാരുടെ കീഴിൽ സംസ്കൃതം പഠിച്ചതിനുശേഷം തൃപ്പൂണിത്തുറ സംസ്കൃത കോളജിൽ, താർക്കികതിലകം മാന്തിട്ട കുഞ്ചുനമ്പൂതിരിയുടെ കീഴിൽ ന്യായശാസ്ത്രത്തിൽ ഉപരിപഠനം നടത്തി. കൊച്ചി ഗവൺമെന്റിന്റെ ന്യായഭൂഷണം, മദ്രാസ് സർവകലാശാലയുടെ ന്യായശിരോമണി എന്നീ പരീക്ഷകൾ പാസ്സായി. 32 വർഷത്തോളം തൃപ്പൂണിത്തുറ സംസ്കൃത കോളജിൽ ന്യായാധ്യാപകനായി ജോലിനോക്കി. ഒരു കൊല്ലം അണ്ണാമല സർവകലാശാലയിലും അധ്യാപകനായിരുന്നു. മാതൃഭൂമി തുടങ്ങിയ പ്രമുഖപത്രമാസികകളിൽ പ്രൌഢങ്ങളായ അനേകം ലേഖനങ്ങളും പുസ്തക വിമർശനങ്ങളും എഴുതിയിട്ടുള്ളതിനു പുറമേ, സംസ്കൃതത്തിൽ വിലാപസപ്തതി, ശ്രീ പരീക്ഷിത്ചരിതം, മാതൃവിലാപം എന്നീ ഖണ്ഡകാവ്യങ്ങളും പന്ത്രണ്ടോളം സ്തോത്രകൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ശാസ്ത്രസദസ്സിനോടനുബന്ധിച്ച് കൊച്ചി മഹാരാജാവു നല്കാറുള്ള പണ്ഡിതരാജബിരുദവും തിരുവിതാംകൂർ മഹാരാജാക്കൻമാരിൽനിന്നും കാമകോടിപീഠം, ശാരദാപീഠം, ശൃംഗേരി എന്നിവിടങ്ങളിലെ ശങ്കരാചാര്യൻമാരിൽനിന്നും അനേകം ബഹുമതിമുദ്രകളും നേടിയിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തും പണ്ഡിതശാസ്ത്ര സദസ്സുകളിൽ പങ്കെടുത്തിട്ടുണ്ട്. 1954 മുതൽ ശ്രീരവിവർമ സംസ്കൃതഗ്രന്ഥാവലി പ്രസാധനം ചെയ്തുവന്നു. 1974-ൽ ഇദ്ദേഹം അന്തരിച്ചു.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കെ. അച്യുതപ്പൊതുവാൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കെ._അച്യുതപ്പൊതുവാൾ&oldid=929528" എന്ന താളിൽനിന്ന് ശേഖരിച്ചത്