Jump to content

കെ.സി. കേശവപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.സി. കേശവപിള്ള

പ്രമുഖനായ മലയാള സാഹിത്യകാരനും സംഗീതജ്ഞനുമായിരുന്നു കെ.സി.കേശവപിള്ള ( 4 ഫെബ്രുവരി. 1868- 4 സെപ്തംബർ. 1913). പരവൂർ. വി. കേശവനാശാനായിരുന്നു ഗുരു. സംസ്കൃത പാഠശാല സ്ഥാപിച്ചു. കൊല്ലം മലയാംപള്ളിക്കൂടം, കൊല്ലം ഇംഗ്ലിഷ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. പ്രാസവാദത്തിൽ കെ.സി. കേശവപിള്ള പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട്. മലയാളം, സംസ്കൃതം, ഇംഗ്ളീഷ്, തമിഴ് തുടങ്ങി നാലു ഭാഷയിൽ സംഗീതം രചിച്ചു. സംഗീതശാസ്ത്രത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹവും, പ്രായോഗികവൈദഗ്ദ്ധ്യവും മൂലം അദ്ദേഹത്തെ സരസഗായക കവിമണി എന്നു വിളിക്കാറുണ്ട്,കെ.സി.എല്ലാം തികഞ്ഞവൻ എന്നും വിശേഷണം ഉണ്ട്.[1]

ജീവിതരേഖ

[തിരുത്തുക]

കൊല്ലത്തിനടുത്ത് പരവൂരിൽ കോതേത്തു വീട്ടിൽ വലിയ വെളിച്ചത്തു വീട്ടിൽ രാമൻപിള്ളയുടെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു. ലക്ഷ്മിയമ്മയുടെ കുടുംബത്തിലെ കാരണവന്മാർക്ക് തിരുവിതാംകൂർ മഹാരാജാവ് നൽകിയ ബിരുദമാണ് കണക്കു ചെമ്പകരാമൻ. കണക്കു ചെമ്പകരാമൻ ആണ് കെ.സി. ആയത്. പരവൂർ മലയാളം സ്കൂളിലായിരുന്നു കേശവപിള്ളയുടെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് പരവൂർ കേശവൻ ആശാന്റെ കീഴിൽ സംസ്കൃതപഠനം നടത്തി. കാവ്യനാടകാലങ്കാരങ്ങളിൽ വ്യുല്പത്തി നേടി. എണ്ണയ്ക്കാട്ടു രാജരാജവർമ്മയുടെ കീഴിൽ വ്യാകരണം പഠിച്ചു. ഇംഗ്ളീഷിൽ ചില സുഹൃത്തുക്കളുടെ സഹായത്തോടെ സാമാന്യം നല്ല വൈദഗ്ദ്ധ്യം നേടി. തിരുവനന്തപുരത്ത് എത്തുംമുൻപ് ഒരു വൈദ്യ വിദ്യാലയത്തിൽ സംസ്കൃതാധ്യാപകനായി ജോലിനോക്കിയിട്ടുണ്ട്.

1897ൽ കൊല്ലത്ത് ഒരു മലയാളം സ്കൂളിലും, 1901ൽ ഇംഗ്ളീഷ് ഹൈസ്കൂളിലെ സംസ്കൃതാദ്ധ്യാപകനായും ജോലി ചെയ്തിരുന്നു. 1902ൽ ശ്രീമൂലം തിരുനാളിന്റെ മകൻ വേലായുധൻ തമ്പിയുടെ അധ്യാപകനായി തിരുവനന്തപുരത്ത് എത്തി. പിന്നീട് ജീവിതാന്ത്യം വരെ തിരുവനന്തപുരത്ത് ജീവിച്ചു.

1890ൽ കല്യാണിഅമ്മ എന്ന സ്ത്രീയെ അദ്ദേഹം വിവാഹം ചെയ്തു എങ്കിലും രണ്ടു വർഷം കഴിഞ്ഞപ്പോൾ അവർ മരിച്ചു. 1894ൽ അച്ഛന്റെ അനന്തരവൾ നാണിക്കുട്ടി അമ്മയെ കെ.സി. വിവാഹം ചെയ്തു. 1913 സെപ്തംബർ 4 (കൊ.വ. 1089 ചിങ്ങം 20) ന് കേശവപിള്ള അന്തരിച്ചു.

സാഹിത്യജീവിതം

[തിരുത്തുക]

പന്ത്രണ്ടാം വയസ്സിൽ രചിച്ച പ്രഹ്ളാദചരിതം എന്ന ആട്ടക്കഥയായിരുന്നു ആദ്യ കൃതി. സംഗീതത്തിലും, സാഹിത്യത്തിലും വാസനയും വൈദഗ്ദ്ധ്യവും ഉണ്ടായിരുന്നു. പില്ക്കാലത്ത്, ഹിരണ്യാസുരവധം, ശൂരപത്മാസുരവധം, ശ്രീകൃഷ്ണവിജയം എന്നിങ്ങനെ മൂന്ന് ആട്ടക്കഥകൾ അദ്ദേഹം എഴുതി. അജാമിളകഥ കിളിപ്പാട്ടായും വിക്രമോർവ്വശീയം, സദാരാമ, രാഘവമാധവം, ലക്ഷ്മീകല്യാണം എന്നിവ സംഗീതനാടകങ്ങളായുമെഴുതി. സംഗീതപ്രവേശിക, സംഗീതമാലിക എന്ന് രണ്ട് കൃതികൾ കർണാടകസംഗീതരീതി അനുസരിച്ചുള്ള കീർത്തനസമാഹാരങ്ങളാണ്. അവയിൽ പലതും അദ്ദേഹം സ്വയം രചിച്ച് ചിട്ടപ്പെടുത്തിയവയാണ്.പ്രശസ്തങ്ങളായ ചില പഴയ കീർത്തനങ്ങൾ ചിട്ടപ്പെടുത്തി.

മേല്പത്തൂരിന്റെ നാരായണീയത്തിന് കെ.സി. എഴുതിയ പരിഭാഷയാണ് ഭാഷാനാരായണീയം. ആസന്നമരണ ചിന്താശതകം ആണ് പ്രഖ്യാതമായ കൃതികളിൽ ഒന്ന്. പ്രാസവാദത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്ത്, പ്രൌഢമായ ആറേഴു ലേഖനങ്ങൾ ഭാഷാപോഷിണിയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. പ്രാസവാദപശ്ചാത്തലത്തിൽ അദ്ദേഹമെഴുതിയ മഹാകാവ്യമാണ് കേശവീയം . ഏ.ആറിന്റെ ആംഗല സാമ്രാജ്യം, മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തു. ഏ.ആർ. വൃത്തമഞ്ജരി രചിക്കുമ്പോൾ, കെ.സി.യുടെ ഉപദേശം തേടിയിരുന്നു.

കൃതികൾ

[തിരുത്തുക]

കെ.സി. കേശവപിള്ള രചിച്ച കീർത്തനങ്ങൾ

[തിരുത്തുക]
കീർത്തനം രാഗം താളം
അഷ്ടമൂർത്തയേ തോഡി രൂപകം
അഭിനവ വികസിത ചെഞ്ചുരുട്ടി ചാപു
അടിമലരിണ തൊഴുതേൻ ഹിന്ദുസ്ഥാനി കാപി ആദി
കരുണാജലരാശേ ഖരഹരപ്രിയ ആദി

അവലംബം

[തിരുത്തുക]
  1. http://malayalam.webdunia.com/miscellaneous/literature/remembrance/0709/03/1070903070_1.htm

പുറംകണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കെ.സി._കേശവപിള്ള&oldid=3747084" എന്ന താളിൽനിന്ന് ശേഖരിച്ചത്