കെ.പി. കൃഷ്ണകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.പി. കൃഷ്ണകുമാർ
മരണം1989 ഡിസംബർ 26
ദേശീയത ഇന്ത്യ
തൊഴിൽശില്പി, ചിത്രകാരൻ
അമർ കുടീരത്തിലെ ടാഗോർ പ്രതിമ
കെ.പി. കൃഷ്ണകുമാറിന്റെ പ്രശസ്ത ശിൽപ്പം ബോട്ട് മാൻ, കൊച്ചി-മുസിരിസ് ബിനലെയിലെ പ്രദർശനത്തിൽ നിന്ന്

അന്താരാഷ്ട്ര പ്രശസ്തനായ ശിൽപ്പിയും ആധുനിക ഇന്ത്യൻ ചിത്രകലയിലെ റാഡിക്കൽ മൂവ്മെന്റിന് രൂപം കൊടുത്തവരിൽ പ്രധാനിയായിരുന്നു കെ.പി. കൃഷ്ണകുമാർ (മരണം : 26 ഡിസംബർ 1989).ഈ കൂട്ടായ്മയുടെ ഭാഗമായി 1988ൽ കേരളത്തിലേക്ക് കൂടുമാറിയ കൃഷ്ണകുമാർ തൃപ്രയാറിലെ തന്റെ സ്റ്റുഡിയോ ഷെഡിൽ ആത്മഹത്യ ചെയ്തു. കലയുടെ ജനകീയവൽക്കരണത്തിന് ശ്രമിച്ച കൃഷ്ണകുമാറിന്റെ ശിൽപ്പങ്ങൾ കൊച്ചിയിൽ നടന്ന ആദ്യ ഇന്ത്യൻ ബിനാലെയുടെ ഭാഗമായി പെപ്പർ ഹൗസിലും ഡർബാർഹാളിലും പ്രദർശിപ്പിച്ചിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ജനിച്ചു. അമ്മാളുക്കുട്ടിയമ്മയാണ് കൃഷ്ണകുമാറിന്റെ അമ്മ. പ്രശസ്ത കവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ അനന്തരവനായിരുന്നു. ശാന്തിനികേതനിൽ ശിൽപ്പകലാ പഠനം പൂർത്തിയാക്കിയ കൃഷ്ണകുമാർ, ഇന്ത്യൻ കലാപ്രസ്ഥാന ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട, രണ്ടുവർഷം മാത്രം ആയുസ്സുണ്ടായ റാഡിക്കൽ മൂവ്മെന്റിന്റെ നട്ടെല്ലായിരുന്നു ഈ യുവശിൽപ്പി. എഴുപതുകളിലെ തീക്ഷ്ണമായ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് ഉൾക്കൊണ്ട ഊർജ്ജവും, തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ ആദ്യകാലബാച്ചുകാരനായിരിക്കെ ലഭിച്ച മികച്ച ശിക്ഷണവും കൈമുതലാക്കിയ ചിത്രകാരന്മാരും, ശില്പികളുമുൾപ്പടുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ സംഘമായിരുന്നു കൃഷ്ണകുമാറും, ശില്പി കെ.രഘുനാഥനുമൊക്കെ മുന്നിൽ നിന്നു നയിച്ച റാഡിക്കൽ പ്രസ്ഥാനം. അകാലത്തിൽ ജീവനൊടുക്കിയതോടെ ആധുനിക ലോകചിത്രകലയിലെ തന്നെ വഴിത്തിരിവെന്നു പറയാവുന്ന റാഡിക്കൽ പ്രസ്ഥാനം ശിഥിലമായിപ്പോയി.[2]

റാഡിക്കൽ മൂവ്മെന്റ്[തിരുത്തുക]

റാഡിക്കൽ ഇന്ത്യൻ പെയിൻറേഴ്സ് ആൻഡ് സ്കൾപ്ച്ചേഴ്സ് അസോസിയേഷൻറെ സ്ഥാപകരിൽ പ്രധാനിയായ കൃഷ്ണകുമാർ ആ കാലഘട്ടത്തിലെ രാഷ്ട്രീയത്തോടുള്ള പ്രതീകരണമായാണ് പ്രസ്ഥാനത്തെ നയിച്ചിരുന്നത്. യന്ത്രങ്ങൾ, ചെടികൾ, മൃഗങ്ങൾ, സ്ത്രീകൾ, പരുഷൻമാർ, പ്രവിശ്യകളും നഗരങ്ങളും അടങ്ങുന്ന പ്രദേശങ്ങൾ, സ്റ്റുഡിയോ- പ്രാദേശിക അകത്തളങ്ങൾ എന്നിവ ചേർന്ന ഒരു ലോകം പോലെയാണ് അദ്ദേഹത്തിൻറെ കലാസൃഷ്ടികൾ. കല എല്ലാവർക്കും പ്രാപ്യമാക്കുന്നതിനായി അദ്ദേഹം പ്രയത്നിച്ചിരുന്നു. അദ്ദേഹത്തിൻറെ മരണ ശേഷം സമൂലപരിഷ്കരണ വാദ പ്രസ്ഥാനമായ റാഡിക്കൽ പ്രസ്ഥാനം ശിഥിലമായി. കലയെ വിൽപ്പനച്ചരക്കാക്കുന്നതിലുള്ള വിയോജിപ്പ് അദ്ദേഹത്തിൻറെ പ്രസ്ഥാനം പ്രകടിപ്പിച്ചിരുന്നു. കൃഷ്ണകുമാറിൻറെ കേരള-ബറോഡ സംഘം രാഷ്ടീയ,സൗന്ദര്യാത്മക പ്രശ്നങ്ങളിൽ ഇന്ത്യൻ കല യുക്തിസഹജമായ ഇടപെടൽ നടത്തേണ്ടിയിരുന്നതായി വാദിച്ചിട്ടുണ്ട്. കൃഷ്ണകുമാർ ഉപയോഗിച്ചിരുന്ന ആംഗ്യവിക്ഷേപങ്ങൾ ആസ്വാകരെ കളിയാക്കുന്നതും ശിൽപസാന്നിധ്യത്തിലുള്ള വിശ്വസത്തിലേക്ക് വിരൽചൂണ്ടുന്നതുമായിരുന്നു.

കൊച്ചി-മുസിരിസ് ബിനാലെ 2018[തിരുത്തുക]

കൃഷ്ണകുമാറിന്റെ കലാസൃഷ്ടികൾ സമകാലീന കലാകാരിയും കൊച്ചി-മുസിരിസ് ബിനാലെ 2018 ന്റെ ക്യൂറേറ്ററുമായ അനിതാ ദുബെയെ സ്വാധീനിച്ചിട്ടുണ്ട്. അനിതയുടെ ക്യൂറേറ്റോറിയൽ കുറിപ്പിൽ കൃഷ്ണകുമാറിൻറെ ആദ്യകാല ശിൽപമായ ബോയ് ലിസണിംഗിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഇപ്പോൾ ഇത് നിലവിലില്ല.

പ്രശസ്ത ശിൽപ്പങ്ങൾ[തിരുത്തുക]

  • ബോട്ട്മാൻ
  • മിഗ് 28

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/newscontent.php?id=243034
  2. http://lsgkerala.in/kuttippurampanchayat/history/[പ്രവർത്തിക്കാത്ത കണ്ണി]

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

  • ശിൽപ്പി കൃഷ്ണകുമാറിന് ബിനാലെയുടെ ഓർമപ്പൂക്കൾ[1]
"https://ml.wikipedia.org/w/index.php?title=കെ.പി._കൃഷ്ണകുമാർ&oldid=3629089" എന്ന താളിൽനിന്ന് ശേഖരിച്ചത്