കെ.ജി. ശങ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ജി. ശങ്കർ

സ്വാതന്ത്ര്യസമര സേനാനിയും പത്ര പ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു കെ.ജി. ശങ്കർ (1894 - 1953). ഹരിജനോദ്ധരണത്തിനായുള്ള പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.

ജീവിതരേഖ[തിരുത്തുക]

1894 ൽ കൊല്ലം ഉണിച്ചക്കം വീട്ടിൽ ജനിച്ചു. ബോംബെയിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ വാർധയിലെ ആശ്രമത്തിൽ നിന്ന് ഗാന്ധിജിയുടെ ശിഷ്യത്വം സ്വീകരിച്ചു. ബാരിസ്റ്റർ എ.കെ. പിള്ളയോടൊപ്പം കേരളത്തിലെത്തി കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഹിന്ദി പ്രചരണം, അയിത്തോച്ചാടനം, മദ്യവർജ്ജന പ്രക്ഷോഭം, മിശ്ര വിവാഹം തുടങ്ങിയ സാമൂഹ്യ മാറ്റങ്ങൾക്ക് കൊല്ലം ജില്ലയിൽ നേതൃത്വം നൽകി. കൊല്ലത്ത് തേവള്ളിയിൽ തിരുവിതാംകൂറിലെ ആദ്യ കോൺഗ്രസ് ഓഫീസും ഖാദി ആശ്രമവും സ്ഥാപിച്ചു. തൊഴിലാളികളെ സംഘടിപ്പിച്ച് ആദ്യ ട്രേഡ് യൂണിയൻ സ്ഥാപിച്ചു. നാഷണൽ കോൺഗ്രസിനും സ്വാതന്ത്ര്യസമരത്തിനും പ്രചരണം നൽകാൻ മലയാള രാജ്യം പത്രം ആരംഭിച്ചു. മലയാളി പത്രത്തിന്റെ പത്രാധിപരായിരുന്നു. പത്രത്തിൽ വന്ന തിരുവിതാംകൂർ സർക്കാരിനെതിരെ നൽകിയ ഒരു വിവാദ എഡിറ്റോറിയലിനെത്തുടർന്ന് മലയാളി പത്രാധിപ സ്ഥാനത്തു നി്ന്ന് രാജി വച്ചു.

അയിത്തോച്ചാടനത്തിന്റെ ഭാഗമായി വടയാറ്റുകോട്ട ക്ഷേത്രം, നീണ്ടകര കണ്ണാട്ടുകുടി ക്ഷേത്രം തുടങ്ങിയവയിൽ ദളിതർക്ക് പ്രവേശിക്കാനുള്ള അവകാശ സമരത്തിന് നേതൃത്വം നൽകി. [1]

ദീർഘകാലം പക്ഷവാതത്താൽ കിടപ്പിലായിരുന്നു.

അവലംബം[തിരുത്തുക]

  1. ഉർവ്വരം സ്മരണിക, രവി പിള്ള ഫൗണ്ടേഷൻ, കൊല്ലം
"https://ml.wikipedia.org/w/index.php?title=കെ.ജി._ശങ്കർ&oldid=3537172" എന്ന താളിൽനിന്ന് ശേഖരിച്ചത്