കെ.കെ. നഗർ
കെ.കെ. നഗർ | |
---|---|
ചെന്നൈയുടെ പരിസരപ്രദേശം | |
Country | India |
State | Tamil Nadu |
District | Chennai District |
മെട്രോ | ചെന്നൈ |
Government | |
• ഭരണസമിതി | ചെന്നൈ കോർപ്പറേഷൻ |
Languages | |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 600078 |
Planning agency | CMDA |
Civic agency | Chennai Corporation |
വെബ്സൈറ്റ് | www |
കെ.കെ. നഗർ (കലൈഞ്ജർ കരുണാനിധി നഗർ എന്നതിന്റെ ചുരുക്കെഴുത്ത്) ചെന്നൈ നഗരത്തിന്റെ തെക്കു ഭാഗത്തുള്ള ഒരു പരിസരപ്രദേശമാണ്. അശോക് നഗറിനു പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന കെ.കെ. നഗറിൽ നിന്നും 10 കി.മീ. തെക്കുപടിഞ്ഞാറു ഭാഗത്താണ് മീനമ്പാക്കം വിമാനത്താവളം. 70-കളിലും, 80-കളിലുമാണ് കെ.കെ. നഗർ വികാസം പ്രാപിക്കുന്നത്. 5 ചതുരശ്ര കി.മീ. വിസ്തൃതിയുള്ള കെ.കെ. നഗർ, ചെന്നൈയുടെ മറ്റു പരിസര പ്രദേശങ്ങളിൽ നിന്നും വിഭിന്നമായി സെക്ടറുകളും, സ്ട്രീറ്റുകളുമായി വിഭജിച്ചിരിക്കുന്നതിനാൽ ഇവിടെ മേൽവിലാസങ്ങൾകണ്ടുപിടിക്കാൻ വളരെ എളുപ്പമാണ്. കെ.കെ. നഗറിൽ 15 സെക്ടറുകളും, 102 സ്ട്രീറ്റുകളുമാണുള്ളത്.
ഗതാഗതം[തിരുത്തുക]
നഗരത്തിന്റെ എല്ലാ പ്രദേശങ്ങളിൽ നിന്നും കെ.കെ. നഗറിലേക്ക് ബസ് സർവീസുകൾ ഉണ്ട്.
കെ.കെ. നഗറിൽ നിന്നും 12 കി.മീ. ദൂരെയുള്ള ചെന്നൈ സെൻട്രൽ റയിൽവേ സ്റ്റേഷനിലേക്ക് 11-ജി, 17-ഡി എന്നീ റൂട്ട് ബസ്സുകളും, മെറീനാ ബീച്ചിലേക്ക് 12-ജി ബസ്സും, എഗ്മൂർ വഴി ബ്രോഡ് വേയിലെത്താൻ 17-ഡി എന്നു തുടങ്ങി കെ.കെ. നഗറിലുള്ള എം.ടി.സി. ബസ് ടെർമിനസിൽ നിന്നും പ്രതിദിനം 171 ബസ് സർവീസുകളാണുള്ളത്.
കെ.കെ. നഗറിൽ നിന്നും തൊട്ടടുത്തുള്ള മാമ്പലം സബർബൻ റയിൽവേ സ്‌റ്റേഷൻ ആണ്. ചെന്നൈ മെട്രോ പ്രവർത്തനമാരംഭിക്കുന്നതോടെ കെ.കെ. നഗറിൽ നിന്നും സെൻട്രൽ റയിൽവേ സ്‌റ്റേഷനിലേക്കും, വിമാനത്താവളത്തിലേക്കുമുള്ള യാത്ര കൂടുതൽ എളിതാകും.
സവിശേഷതകൾ[തിരുത്തുക]
തികച്ചും ആസൂത്രിതമായി വികസനം പ്രാപിച്ച കെ.കെ. നഗർ പ്രദേശത്ത് ദീർഘചതുരാകൃതിയിലുള്ള ബ്ലോക്കുകളായിട്ടാണ് കെട്ടിടങ്ങളുടെ നിര കാണാനാകുക. ഇങ്ങനെ 12 ദീർഘചതുരാകൃതിയിലുള്ള ബ്ലോക്കുകളാണ് കെ.കെ. നഗറിള്ളത്. വളവുകളും തിരിവുകളും ഇല്ലാതെ ചതുരാകൃതിയിലുള്ള ബ്ലോക്കുകൾക്കിടയിലൂടെ തെക്കു വടക്കായും, കിഴക്കു പടിഞ്ഞാറായും കീറിമുറിച്ചു ചെല്ലുന്ന ഓരോ സ്ട്രീറ്റിനും തനതു നമ്പർ ഉണ്ടായിരിക്കും.
പഞ്ചാബിലെ ചണ്ഡീഗഡ് നഗരത്തെപ്പോലെ തന്നെ തികച്ചും ആസൂത്രിതമായി വികസിപ്പിച്ചെടുത്ത നഗരപ്രദേശമാണ് കെ.കെ. നഗർ. ആകെയുള്ള 12 സെക്ടറുകളിൽ മിക്കവാറും എല്ലാ സെക്ടറിലും മധ്യഭാഗത്തായി ഒരു പാർക്ക് ഉണ്ടായിരിക്കും എന്നത് ശ്രദ്ധേയമാണ്.
പ്രധാന കാര്യാലയങ്ങൾ[തിരുത്തുക]
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യാലയങ്ങൾ കെ.കെ. നഗറിൽ പ്രവർത്തിച്ചു വരുന്നു. തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡ് (ടി.എൻ.ഇ.ബി.), ഇ.എസ്.ഐ. ഹോസ്പിറ്റൽ, ബി.എസ്.എൻ.എൽ ടെലിഫോൺ എക്‌സ്‌ചേഞ്ച്, ചെന്നൈ മെട്രോ വാട്ടർ ഓഫീസ്, എം.ടി.സി. ബസ് ടെർമിനസ്, എന്നിവ അവയിൽ ചിലത് മാത്രം.
പ്രധാന ലാൻഡ്മാർക്കുകൾ[തിരുത്തുക]
കിഴക്കു നിന്നും പടിഞ്ഞാറു ഭാഗത്തേക്ക് - കാമരാജ് ശാലയിൽ ഉള്ള റിസർവ് ബാങ്ക് സ്റ്റാഫ് ക്വാർട്ടേഴ്‌സ്, പി.ടി. രാജൻ ശാലയിലുള്ള ശിവൻ പാർക്ക്, പിള്ളയാർ കോവിൽ, ഭുവനേശ്വരി അമ്മൻ കോവിൽ, ഭാരതിദാസൻ കോളനി, ഹോട്ടൽ ശരവണഭവൻ, മെട്രോ വാട്ടർ കോർപ്പറേഷന്റെ രണ്ടു വലിയ ജലസംഭരിണികൾ - ഡബിൾ ടാങ്ക്, അഴഗിരി സ്വാമി ശാലയിൽ ഉള്ള പദ്മശേഷാദ്രി ബാലഭവൻ സ്‌കൂൾ, അമ്മൻ കോവിൽ, എം.ജി.ആർ. നഗർ, അയ്യപ്പൻ കോവിൽ, നെശപ്പാക്കത്തുള്ള പോണ്ടിച്ചേരി ഗസ്റ്റ് ഹൗസ് എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന ലാൻഡ് മാർക്കുകൾ.
വിദ്യാലയങ്ങൾ[തിരുത്തുക]
പദ്മശേഷാദ്രി ബാലഭവൻ സീനിയർ സെക്കണ്ടറി സ്‌കൂൾ, വേളാങ്കണ്ണി ഹയർ സെക്കണ്ടറി സ്‌കൂൾ, ശ്രീകൃഷ്ണസ്വാമി മെട്രിക്കുലേഷൻ ഹയർ സെക്കണ്ടറി സ്‌കൂൾ, സ്പ്രിംഗ്ഫീൽഡ് മെട്രിക്കുലേഷൻ, അവിച്ചി ഹൈ സ്‌കൂൾ, തായ് സത്യ മെട്രിക്കുലേഷൻ സ്‌കൂൾ, ഓൾ എഞ്ചൽസ് ഹയർ സെക്കണ്ടറി മെട്രിക്കുലേഷൻ സ്‌കൂൾ, സൂം കിഡ്‌സ് പ്ലേ സ്‌കൂൾ എന്നിവയാണ് കെ.കെ. നഗറിലെ പ്രധാന വിദ്യാലയങ്ങൾ.
ശിവൻ പാർക്ക്[തിരുത്തുക]
പി.ടി. രാജൻ ശാലയിൽ ഉള്ള ശിവൻ പാർക്ക് നല്ല രീതിയിൽ പരാമരിക്കപ്പെട്ടു വരുന്ന ഒരു പാർക്ക് ആണ്. കെ.കെ. നഗർ ഹൗസിംഗ് ലേ ഔട്ട് കരട് തയ്യാറാക്കിയപ്പോൾ തമിഴ്‌നാട് ഹൗസിംഗ് ബോർഡ് ആണ് ഈ പാർക്ക് രൂപകൽപ്പന ചെയ്തത്. പിന്നീട് ഈ പാർക്ക് മുനിസിപ്പൽ കോർപ്പറേഷന് കൈമാറുകയായിരുന്നു. പാർക്കിന്റെ പ്രവേശന കവാടത്തിൽ 15 അടി ഉയരമുള്ള പരമശിവന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. ഈ പാർക്കിനോടനുബന്ധിച്ച് വൃക്ഷത്തൈകൾ വിൽപ്പന ചെയ്യുന്ന ഒരു നഴ്‌സറിയും പ്രവർത്തിച്ചു വരുന്നു.[1]
മുനുസ്വാമി ശാലൈ[തിരുത്തുക]
നെശപ്പാക്കത്തു നിന്നും പോണ്ടിച്ചേരി ഗസ്റ്റ്് ഹൗസ് വഴി വിരുഗമ്പാക്കത്ത് ആർക്കോട് റോഡുമായി ചേരുന്ന ഒരു കിലോ മീറ്റർ ദൂരം വരുന്ന റോഡിന് മുനുസ്വാമി ശാലൈ എന്നാണ് പേര്. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ., യു.ടി.ഐ., ഐ.ഡി.ബി.ഐ., എന്നീ ബാങ്കുകളുടെ എ.ടി.എമ്മുകൾ മുനുസ്വാമി ശാലൈയിലുണ്ട്. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ നെശപ്പാക്കം ബ്രാഞ്ചും മുനുസ്വാമി ശാലൈയിൽ പ്രവർത്തിച്ചു വരുന്നു.
അഴഗിരി സ്വാമി ശാലൈ[തിരുത്തുക]
ഈ റോഡിന്റെ സിംഹഭാഗവും പദ്മശേഷാദ്രി ബാലഭവൻ സ്‌കൂളിന്റെ കോമ്പൗണ്ട് ആണ്. ഇവിടെ ഐ.സി.ഐ.സി.ഐ ബാങ്കിന്റേയും, ആക്‌സിസ് ബാങ്കിന്റേയും എ.ടി.എമ്മുകൾ ഉണ്ട്.
കെ.കെ. നഗറിലെ വിവിധ പ്രദേശങ്ങൾ[തിരുത്തുക]
- പടിഞ്ഞാറ് - എം.ജി.ആർ. നഗർ, നെശപ്പാക്കം
- കിഴക്ക് - അശോക് നഗർ
- വടക്ക് - സാലിഗ്രാമം
- വടക്കുകിഴക്ക് - വടപഴനി
- വടക്കുപടിഞ്ഞാറ് - വിരുഗമ്പാക്കം
- തെക്ക് - ഈക്കാട്ടു താങ്കൽ
അവലംബം[തിരുത്തുക]
- ↑ "കെ.കെ. നഗർ ശിവൻ പാർക്കിലെ നഴ്‌സറി". മൂലതാളിൽ നിന്നും 2015-04-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-11.
