വേദവ്യാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൃഷ്ണദ്വൈപായനൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനൻ എന്ന വ്യാസമഹർഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസൻ എന്നാൽ വ്യസിക്കുന്നവൻ എന്നർത്ഥം. വേദത്തെ നാലാക്കി പകുത്തതിനാൽ വേദവ്യാസൻ എന്നനാമം. സപ്തചിരഞ്ജീവികളിൽ ഒരാളാണ് വേദവ്യാസൻ.

ജനനം[തിരുത്തുക]

പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിൽ ജനിച്ചതാണ് കൃഷ്ണൻ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനൻ. ഈ പേരു വരാൻ കാരണം ജനനം ഒരു ദ്വീപിൽ ആയിരുന്നു എന്നതിനാലത്രേ. ജനിച്ചയുടൻ‌തന്നെ വളർ‌ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.

ഐതിഹ്യം[തിരുത്തുക]

പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു.[1]

ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു. ഗംഗാദേവി അദ്ദേഹത്തെ ഉപേക്ഷിച്ചു പോയ ശേഷം ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും അതിൽ വിചിത്രവീര്യൻ, ചിത്രാംഗദൻ എന്നീ പുത്രൻ‌മാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു. ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച് ഭീഷ്മർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി. വ്യാസനിൽ‌ നിന്നും അംബിക, അംബാലിക എന്നിവർ‌ക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻ‌മാർ ജനിച്ചു. ഇവരിൽ‌ നിന്നു കൗരവരും, പാണ്ഡവരും പിറന്നു. കൂടാതെ കൊട്ടാരത്തിലെ ദാസിയിൽ വിദുരരും പിറന്നു. അംബിക വ്യാസരുടെ രൂപം കണ്ട് സംഗമസമയം കണ്ണടച്ചുകളയുകയാൽ ധൃതരാഷ്ട്രർ അന്ധനായും, അംബാലിക വ്യാസരുടെ രൂപം കണ്ട് അറപ്പുതോന്നി വിളറുകയാൽ ശരീരത്തിൽ പാണ്ഡോടെ പാണ്ഡുവും പിറന്നു.

കാവ്യജീവിതം[തിരുത്തുക]

ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരത കാവ്യരചന നടന്നത്. മഹാഭാരതത്തിന്റെ രചനയാണ് വ്യാസമഹർ‌ഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. മഹാഭാരതത്തിൽ പരാമർ‌ശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം മഹാഭാരതത്തിൽ പരാമർ‌ശിക്കപ്പെട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസൻ, അവയെ കാവ്യരൂപത്തിൽ പകർ‌ത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ഗണപതി നിയോഗിതനായി. എഴുത്താണി നിർ‌ത്താനിട വരാതെ നിർ‌ഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താൻ എഴുത്തുകാരനായിരിക്കാമെന്നും, അനർ‌ഗ്ഗളമായി ചൊല്ലുന്ന നേരം അർത്ഥം ധരിക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി മഹാഭാരതം രചന തുടങ്ങി. ഏകദേശം രണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി.

ജയം[തിരുത്തുക]

മഹാഭാരതത്തിന്റെ ചെറിയ ഒരു സംഹിതയാണ് ഇത്. കുരുക്ഷേത്രയുദ്ധസമയത്ത് കൗരവപിതാവും ഹസ്തിനപുരിയിലെ രാജാവുമായിരുന്ന ധൃതരാഷ്ട്രർക്ക് യുദ്ധഭൂമിയിലുണ്ടാകുന്ന സംഭവവികാസങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ തേരാളിയായ സഞ്ജയൻ വിവരിയ്ക്കുന്നു.

ഇതിന്റെ പ്രാരംഭത്തിൽ അന്നുണ്ടായിരുന്ന വിവിധങ്ങളായ സാമ്രാജ്യങ്ങളെപ്പറ്റിയും അന്യഗ്രഹങ്ങളെക്കുറിച്ചും വിശദീകരിയ്ക്കുന്നു. ഭാരതം എന്ന സാമ്രാജ്യവും സേനാബലവും ഓരോ ഗ്രാമങ്ങളും നഗരങ്ങളും എല്ലാം വിധിപോലെ വിവരിയ്ക്കപ്പെടുന്നുണ്ട്. യുദ്ധഭൂമിയിൽ ഓരോ ദിവസവുമുള്ള സേനാവിന്യാസവും യുദ്ധസമ്പ്രദായങ്ങളും വിശദീകരിക്കുന്നു. ആയതിനാൽ‌തന്നെ ഈ സംഹിത ഭൂമിശാസ്ത്രം, ചരിത്രം, യുദ്ധതന്ത്രങ്ങൾ, മതം എന്നീ സകലമേഖലകളെപ്പറ്റിയും പരാമർശിയ്ക്കുന്നുണ്ട്.

തിന്മയുടെ മേൽ നന്മയ്ക്ക് സംഭവിച്ച വിജയം എന്ന ഉദ്ദേശ്യത്തോടെ ആയിരിക്കണം ജയം എന്ന് വിളിയ്ക്കുന്നത്. കഥയിൽ തിന്മ എന്നാൽ കൗരവപക്ഷത്തേയും നന്മ എന്നാൽ പാണ്ഡവപക്ഷത്തേയും സൂചിപ്പിക്കുന്നു.

വ്യാസൻ‌മാർ[തിരുത്തുക]

ഇരുപത്തിയെട്ട് വ്യാസന്മാർ[തിരുത്തുക]

മഹാഭാരതത്തെ ആസ്പദപ്പെടുത്തിയാൽ ഓരോ മന്വന്തരങ്ങളിലേയും ദ്വാപരയുഗത്തിൽ ഓരോ വ്യാസന്മാർ ജനിയ്ക്കുമെന്നാണ് സങ്കല്പം.ഈ കാലം വരെ ഇരുപത്തെട്ട് വ്യാസന്മാർ ജനിച്ചിട്ടുണ്ടെന്നും ഇവരോരോരുത്തരും വേദത്തെ നാലാക്കി തിരിച്ചിട്ടുണ്ടെന്നും സങ്കല്പമുണ്ട്.

  1. ഒന്നാം ദ്വാപരയുഗം - ബ്രഹ്മാവ്
  2. രണ്ടാം ദ്വാപരയുഗം - പ്രജാപതി
  3. മൂന്നാം ദ്വാപരയുഗം - ശുക്രാചാര്യൻ
  4. നാലാം ദ്വാപരയുഗം - ബൃഹസ്പതി
  5. അഞ്ചാം ദ്വാപരയുഗം - സൂര്യൻ
  6. ആറാം ദ്വാപരയുഗം - ധർ‌മരാജാവ്
  7. ഏഴാം ദ്വാപരയുഗം - ദേവേന്ദ്രൻ
  8. എട്ടാം ദ്വാപരയുഗം - വസിഷ്ഠൻ
  9. ഒൻപതാം ദ്വാപരയുഗം - സാരസ്വതൻ
  10. പത്താം ദ്വാപരയുഗം - ത്രിധാമാവ്
  11. പതിനൊന്നാം ദ്വാപരയുഗം - ത്രിശിഖന്
  12. പന്ത്രണ്ടാം ദ്വാപരയുഗം - ഭർദ്വാജൻ
  13. പതിമൂന്നാം ദ്വാപരയുഗം - അന്തരീക്ഷൻ
  14. പതിന്നാലാം ദ്വാപരയുഗം - വർ‌ണ്ണി
  15. പതിനഞ്ചാം ദ്വാപരയുഗം - ത്രയ്യാരുണൻ
  16. പതിന്നാറാം ദ്വാപരയുഗം - ധനഞ്ജയൻ
  17. പതിനേഴാം ദ്വാപരയുഗം - ക്രതുഞ്ജയൻ
  18. പതിനെട്ടാം ദ്വാപരയുഗം - ജയൻ
  19. പത്തൊൻപതാം ദ്വാപരയുഗം - ഭരദ്വാജൻ
  20. ഇരുപതാം ദ്വാപരയുഗം - ഗൗതമന്
  21. ഇരുപത്തിഒന്നാം ദ്വാപരയുഗം - ഹര്യാത്മാവ്
  22. ഇരുപത്തിരണ്ടാം ദ്വാപരയുഗം - തൃണബിന്ദു
  23. ഇരുപത്തിമൂന്നാം ദ്വാപരയുഗം - വാജശ്രവസ്സ്
  24. ഇരുപത്തിനാലാം ദ്വാപരയുഗം - വാല്മീകി
  25. ഇരുപത്തിഅഞ്ചാം ദ്വാപരയുഗം - ശക്തി
  26. ഇരുപത്തിആറാം ദ്വാപരയുഗം - പരാശരൻ
  27. ഇരുപത്തിഏഴാം ദ്വാപരയുഗം - ജാതുകർ‌ണ്ണൻ
  28. ഇരുപത്തിയെട്ടാം ദ്വാപരയുഗം - കൃഷ്ണദ്വൈപായനൻ

ബുദ്ധമതത്തിൽ[തിരുത്തുക]

ബുദ്ധമതത്തിൽ ജാതകകഥകളിലാണ് (ബി.സി.400) വ്യാസനെപ്പറ്റി പരാമർ‌ശമുള്ളത്. ജാതകം എന്നാൽ ജന്മം.പുനർ‌ജ്ജന്മത്തിൽ വിശ്വസിയ്ക്കുന്നവരാണ് ബൗദ്ധന്മാർ. രണ്ട് ജാതകകഥകളിൽ ഇദ്ദേഹം പ്രത്യക്ഷനാകുന്നു. അനേകം സന്മാർഗ്ഗികതത്വങ്ങൾ കഥാരൂപേണ ഹാസ്യവും സാഹസികതയും കലർത്തി പറഞ്ഞിരിയ്ക്കുന്നു.

അർത്ഥശാസ്ത്രത്തിൽ[തിരുത്തുക]

ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ ആറാം അദ്ധ്യായത്തിൽ 'യാതൊരുവന് മനസാന്നിദ്ധ്യം ഇല്ലയോ അവൻ വേഗത്തിൽ തന്നെ നശിച്ചുപോകുന്നു' എന്നൊരു തുടക്കത്തോടേയും വ്യാസൻ പരാമർ‌ശിയ്ക്കപ്പെടുന്നു. ഇതിലേയ്ക്കായി വൃഷ്ണികൾ കൃഷ്ണദ്വൈപായനനോട് ചെയ്ത പ്രവൃത്തി ഉദാഹരിയ്ക്കുന്നു.

ബ്രഹ്മസൂത്രരചയിതാവ്[തിരുത്തുക]

ബ്രഹ്മസൂത്രം രചിച്ചത് ബാദരായണൻ ആണ്.ജനനസ്ഥലത്തെ ആസ്പദമാക്കി ബദരായണനും വ്യാസനും ഒന്നുതന്നെയെന്നും അല്ലെന്നും ഉള്ള വാദങ്ങൾ നിലനിൽക്കുന്നു.

ചരിത്രത്തിൽ[തിരുത്തുക]

വേദവ്യാസന്റെ കാലം ബി.സി.1500നും 180നും ഇടയ്ക്കായിരുന്നു എന്ന് ഭൂരിഭാഗം പണ്ഡിതന്മാരും വിശ്വസിയ്ക്കുന്നു. വൈശമ്പായനൻ,ജൈമിനി തുടങ്ങിയ വ്യാസശിഷ്യൻ‌മാർ മഹാകാവ്യം പ്രചരിപ്പിച്ചു.

അവലംബം[തിരുത്തുക]

  1. മഹാഭാരതം -- ഡോ.പി.എസ്.നായർ -- വിദ്യാരംഭം പബ്ലിഷേസ്
"https://ml.wikipedia.org/w/index.php?title=വേദവ്യാസൻ&oldid=3988757" എന്ന താളിൽനിന്ന് ശേഖരിച്ചത്