Jump to content

കൂടരഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമമാണ് കൂടരഞ്ഞി. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലുൾപ്പെടുന്ന കൂടരഞ്ഞി തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്‌.

ചരിത്രം

[തിരുത്തുക]

കൂടരഞ്ഞിയിൽ കുടിയേറ്റം ആരംഭിക്കുന്നത് 1946 സെപ്തംബർ 24 ന് ആണ്. പനക്കച്ചാൽ മലമുകളിലും മറ്റും അതിനു മുമ്പ് ആദിവാസികൾ അധിവസിച്ചിരുന്നു. കൂടരഞ്ഞിയുടെ കുടിയേറ്റ ചരിത്രം സാഹസികരും, ദൃഢചിത്തരും ത്യാഗികളുമായ ഒരു ജനതയുടെ ആവേശം ജനിപ്പിക്കുന്ന കഥയാണ്. ഇരുവഞ്ഞിപ്പുഴയോട് കൂടിച്ചേരുന്ന പുഴയുടെ നീർതടപ്രദേശമായ കൂടരഞ്ഞിയുടെ പേർ വന്നത് അങ്ങനെയാണെന്ന് പഴമക്കാർ പറയുന്നു. 1948-ൽ 125 ഓളം കുടുംബങ്ങൾ കൂടരഞ്ഞി പ്രദേശത്ത് താമസിച്ചിരുന്നതായി ലഭ്യമായ രേഖകളിൽ കാണുന്നു. കുടിയേറ്റത്തിന്റെ ആദ്യ വർഷങ്ങളിൽ കർഷകർ മരക്കൊമ്പുകളിലുള്ള ഏറുമാടങ്ങളിൽ താമസിച്ചും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ചും ജീവിത പോരാട്ടം തുടർന്നു. ആദ്യകാലത്ത് കർഷകരെ ജോലിക്ക് സഹായിച്ചിരുന്നത് മുക്കം, കുന്ദമംഗലം, അരീക്കോട് പ്രദേശങ്ങളിലെ കർഷക തൊഴിലാളികളായിരുന്നു. അറുപതുകളുടെ ആരംഭത്തോടെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ കർഷകത്തൊഴിലാളികൾ കൂടരഞ്ഞിയുടെ കാർഷിക പുരോഗതിക്ക് ആക്കം കൂട്ടി. ചിറ്റൂർ തുടങ്ങിയ പാലക്കാടൻ പ്രദേശങ്ങളിൽ നിന്ന് തൊഴിലാളികൾ എത്തിത്തുടങ്ങി.

1948-ൽ കുടിയേറ്റ കർഷകർ ഒത്തുചേർന്ന് നിർമ്മിച്ച കൂടരഞ്ഞിയിലെ വി.സെബസ്റ്റ്യാനോസിന്റെ ദേവാലയമാണ് ആദ്യത്തെ പൊതുസ്ഥാപനം. 1962-ൽ കൂടരഞ്ഞി ഹൈസ്ക്കൂൾ ആരംഭിക്കുകയും, 1968-ൽ കൂടരഞ്ഞി സർവ്വീസ് സൊസൈറ്റി സർവ്വീസ് സഹകരണ ബാങ്കായി ഉയർത്തുകയും ചെയ്തു. 1970-72 കാലഘട്ടത്തിൽ ഗ്രാമത്തിൽ വൈദ്യുതി എത്തി. പഞ്ചായത്തിൽ ആദ്യം കൂമ്പാറയിലും പിന്നീട് കൂടരഞ്ഞിയിലും ബസ് സർവ്വീസ് ആരംഭിച്ചു. ഉരുൾപൊട്ടൽ, ശക്തിയായ കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ മനുഷ്യനും കൃഷിക്കും ഇടക്കിടെ നാശം വിതച്ചിട്ടുണ്ട്. തമ്പുരാൻ കൊല്ലി മലയിടിച്ചിലും, നാലുപേരുടെ ജീവൻ അപഹരിച്ച 1991-ലെ പെരുമ്പുള ഉരുൾപൊട്ടലും, ഒരാളുടെ ജീവൻ അപഹരിച്ച 88-ലെ സ്രാമ്പി ഉരുൾപൊട്ടലും പഞ്ചായത്തിന്റെ ചരിത്രത്തിലെ മങ്ങാത്ത മുറിവുകളാണ്. മുമ്പ് വനഭൂമിയായിരുന്ന ഈ പ്രദേശം വെട്ടിത്തെളിച്ച് നെല്ലും മരച്ചീനിയും കൃഷി ചെയ്തു. കൂടാതെ മുരിക്കിൻ കാലുകൾ നാട്ടി കുരുമുളകും തെങ്ങ്, പ്ളാവ് തുടങ്ങിയവയും കൃഷി ചെയ്തു. ചിലയിടങ്ങളിൽ ഒന്നാ രണ്ടോ വിളവെടുപ്പിനുശേഷം ഇഞ്ചിപ്പുൽ കൃഷിക്കും പ്രചാരം ലഭിച്ചു. രാമച്ചകൃഷി 1960-കളിൽ വലിയ പ്രചാരം നേടി. അമ്പതുകളുടെ ഒടുവിലും അറുപതുകളിലും ഗ്രാമത്തിലെ കൃഷിക്കാരുടെ പ്രധാന വരുമാനമാർഗ്ഗം പുൽത്തൈലം, കുരുമുളക് എന്നിവയിൽ നിന്നുമായിരുന്നു. 1946 മുതൽ കൂടരഞ്ഞി പ്രദേശത്ത് സ്ഥിരവാസമുറപ്പിച്ച കുടിയേറ്റക്കാർ സ്ഥാപിച്ച സെന്റ് സെബാസ്റ്റ്യൻസ് എലിമെന്ററി സ്കൂളാണ് കൂടരഞ്ഞിയിലെ ആദ്യത്തെ വിദ്യാലയം. കൂമ്പാറയിൽ ആദിവാസികൾക്കുവേണ്ടി 1961-ൽ സ്ഥാപിച്ച ഗവ.ട്രൈബൽ സ്കൂളാണ് കൂടരഞ്ഞി പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാലയം. ആദിവാസികൾ അധികവും താമസിക്കുന്നത് കക്കാടം പൊയിൽ പ്രദേശത്താണ്. പുതിയൊരു ഗവ.എൽ.പി.സ്കൂൾ കക്കാടം പൊയിൽ ഇവിടുത്തെ നിവാസികൾക്ക് ലഭിക്കുകയുണ്ടായി. 1970-നു ശേഷം വന്ന ഗവൺമെന്റിന്റെ നിയമമനുസരിച്ച് സർക്കാർ സ്കൂൾ അനുവദിച്ചപ്പോൾ പൂവാറൻതോട്ടിലും, മണക്കടവിലും ഓരോ ഗവ.എൽ.പി.സ്കൂളുകൾ ലഭിക്കുകയുണ്ടായി. സർക്കാർ നയത്തിൽ വീണ്ടും മാറ്റം വന്നപ്പോൾ സ്വകാര്യ മേഖലയിൽ കൂടരഞ്ഞി പ്രദേശത്ത് വിദ്യാലയങ്ങളുണ്ടായി. 1946-ൽ കുടിയേറ്റ കർഷകർ താമസം തുടങ്ങിയ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ 25 വർഷങ്ങൾക്ക് ശേഷം 1971 ഡിസംബറിൽ ആദ്യമായി വൈദ്യുതി എത്തി. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലേക്കാണ് ആദ്യത്തെ കണക്ഷൻ നൽകിയത്.

സാംസ്കാരികം

[തിരുത്തുക]

ഇവിടുത്തെ ജനങ്ങളിൽ മുസ്ളീങ്ങൾ, ഹിന്ദുക്കൾ എന്നിവരെ അപേക്ഷിച്ച് ക്രിസ്ത്യൻ മതവിഭാഗങ്ങൾ കൂടുതലാണ്. കൂടരഞ്ഞിപള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാൾ പ്രസിദ്ധമാണ്. മലബാർ കുടിയേറ്റ മേഖലകളിൽ ഏറ്റവും അധികം നാനാജാതി മതസ്ഥർ ഒത്തുചേരുന്നതും ജനുവരി 16 മുതൽ 20 വരെ നടക്കുന്ന കൂടരഞ്ഞിപള്ളി തിരുനാളിലാണ്. കൂടാതെ ശ്രീപോർക്കലി ഭഗവതിക്ഷേത്രത്തിലെ ഉത്സവം, ബാലഗോകുലം ശോഭയാത്ര, അയ്യപ്പൻ വിളക്ക് തുടങ്ങിയവ എല്ലാ വർഷവും നടത്തിവരുന്നു. എല്ലാ മുസ്ളീം മഹല്ലുകളുടേയും നേതൃത്വത്തിൽ നബിദിനം സമുചിതമായി ആഘോഷിച്ചുവരുന്നു. എല്ലാ മതവിഭാഗങ്ങളുടേയും ആഘോഷപരിപാടികളിൽ ജാതിമതചിന്തക്കതീതമായ അന്യോന്യ സഹകരണം ഉണ്ട്.

ഗതാഗതം

[തിരുത്തുക]

കോഴിക്കോട് നഗരത്തിൽ നിന്നും റോഡ് മാർഗ്ഗമായി 35 കിലോമീറ്റർ സഞ്ചരിച്ചാൽ കൂടരഞ്ഞി എത്തിച്ചേരാം. മുക്കം, തിരുവമ്പാടി, കൂമ്പാറ, തോട്ടുമുക്കം, പൂവാറൻതോട്, കക്കാടംപൊയിൽ, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നും കൂടരഞ്ഞിയിലേക്ക് ബസ് സർവ്വീസുകൾ ഉണ്ട്.

സമ്പദ്ഘടന

[തിരുത്തുക]

മൊത്തമായി നോക്കുമ്പോൾ കൂടരഞ്ഞി ഒരു കാർഷിക മേഖലയാണ്: നെല്ല്, മരച്ചീനി, പയറുവർഗങ്ങൾ, കായ്കറികൾ, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവയും റബ്ബർ, തെങ്ങ്, കുരുമുളക് എന്നീ നാണ്യവിളകളും നഗരാതിർത്തിക്കുള്ളിൽപോലും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു.

ഇതും കാണുക

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കൂടരഞ്ഞി&oldid=3334200" എന്ന താളിൽനിന്ന് ശേഖരിച്ചത്