കുർള
കുർള | |
---|---|
Neighbourhood | |
ഫീനിക്സ് മാർക്കറ്റ് സിറ്റി മാൾ | |
Coordinates: 19°04′N 72°53′E / 19.06°N 72.89°E | |
രാജ്യം | ഇന്ത്യ |
State | മഹാരാഷ്ട്ര |
District | മുംബൈ സബർബൻ |
നഗരം | മുംബൈ |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
PIN | 400070 and 400072 west
400071 east[1] |
ഏരിയ കോഡ് | 022 |
വാഹന റെജിസ്ട്രേഷൻ | MH 03 |
Civic agency | ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ |
കിഴക്കൻ മുംബൈയിലെ ഒരു പ്രദേശമാണ് കുർള. മുംബൈ സബർബൻ ജില്ലയിലെ കുർള താലൂക്കിന്റെ ആസ്ഥാനമാണ് ഈ സ്ഥലം.ഇവിടെ പണ്ട് നിലനിന്നിരുന്ന ഗ്രാമത്തിന്റെ പേരു തന്നെ ഈ പ്രദേശത്തിന് നൽകപ്പെട്ടു. ഹാർബർ- സെന്റ്രൽ ലൈനുകളുടെ സംഗമസ്ഥാനമായ കുർള റെയിൽവേ സ്റ്റേഷൻ മുംബൈ സബർബൻ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്. ദീർഘദൂര തീവണ്ടികൾക്കായുള്ള ലോക്മാന്യ തിലക് ടെർമിനസ് (LTT) സ്റ്റേഷനും കുർളയിൽ സ്ഥിതിചെയ്യുന്നു[2].
ചരിത്രം
[തിരുത്തുക]1534 ഡിസംബർ 23-ന് ഗുജറാത്തിലെ സുൽത്താൻ ബഹദൂർ, പോർച്ചുഗലുമായി ഒപ്പുവച്ച ബാസ്സീൻ ഉടമ്പടി പ്രകാരം കുർള ഗ്രാമം പോർച്ചുഗീസ് ഭരണത്തിൻ കീഴിലായി. 1548-ൽ കുർള ഗ്രാമവും മറ്റ് ആറ് ഗ്രാമങ്ങളും പോർച്ചുഗീസ് ഗവർണർ അന്റോണിയോ പെസ്സോവയുടെ സൈനികസേവനത്തിനായി പ്രതിഫലം നൽകി. 1774 ൽ സാൽസെറ്റ് ദ്വീപ് ബ്രിട്ടീഷ് അധീനതയിലാകും വരെ കുർള പോർച്ചുഗീസ് ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട്1782-ലെ സാൽബായ് ഉടമ്പടിപ്രകാരം ഈ ദ്വീപ് ഔദ്യോഗികമായി ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു കൈമാറി.
1805-ൽ സയൺ കോസ്വേ വഴി ബോംബെ ദ്വീപ് കുർളയുമായി ബന്ധപ്പെട്ടു. 1853 ൽ ബോംബേക്കും താനെയ്ക്കും ഇടയിൽ ആരംഭിച്ച ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈനിൽ (ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേ) പ്രധാന സ്റ്റേഷനായിരുന്നു കുർള.
1808 ൽ കുർളയും മറ്റു ചില ഗ്രാമങ്ങളും ബോംബെയിലെ പാഴ്സി കച്ചവടക്കാരനായ ഹോർമാസ്ജി ബാമൻജി വാഡിയ പ്രതിവർഷം 3587 രൂപയ്ക്ക് പാട്ടത്തിനെടുത്തു. ബോംബേ പ്രവിശ്യയിലെ ഏറ്റവും വലിയ പരുത്തി മിൽ സ്ഥിതി ചെയ്തിരുന്നത് കുർളയിലായിരുന്നു.
1910 ഡിസംബർ 12 ന് കുർളയിൽ നിന്ന് റേ റോഡ് സ്റ്റേഷനിലേക്ക് സെൻട്രൽ റെയിൽവേ ഹാർബർ ലൈൻ സേവനം തുടങ്ങി. 1925 ൽ ഹാർബർ ലൈനിൻറെ വൈദ്യുതീകരണ സമയത്ത് കുർളയിലെ റെയിൽവേ കാർ ഷെഡ് നിർമ്മിക്കപ്പെട്ടു[3]. 1928 ൽ സെൻട്രൽ സൽസറ്റ് ട്രാംവേ എന്ന പേരിൽ ട്രോംബേയിൽ നിന്ന് കുർള വഴി അന്ധേരിയിലേക്ക് 13 കിലോമീറ്റർ ദൂരത്തിൽ ഒരു ട്രാം സർവീസ് ആരംഭിച്ചുവെങ്കിലും ഇത് അധികകാലം പ്രവർത്തിച്ചില്ല[4].
ഭൂമിശാസ്ത്രം
[തിരുത്തുക]സാൽസെറ്റ് ദ്വീപിന്റെ തെക്ക് ഭാഗത്ത്, മിഠി നദിയുടെ കിഴക്കൻ തീരത്താണ് കുർള സ്ഥിതി ചെയ്യുന്നത്. സെൻട്രൽ റെയിൽവേ ലൈൻ ഈ പ്രദേശത്തെ കുർള (ഈസ്റ്റ്), കുർള (വെസ്റ്റ്), എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. തെക്ക് ചുനാഭട്ടി, കിഴക്ക് ചെമ്പൂർ, വടക്ക് ഘാട്കോപർ എന്നിവയാണ് കുർലാ ഈസ്റ്റിന്റെ അതിരുകൾ. കുർള വെസ്റ്റിന്റെ വടക്ക് ഘാട്കോപർ, സാക്കി നാക്ക പ്രദേശങ്ങളും പടിഞ്ജാറ് കലീന, ബാന്ദ്ര കുർള കോംപ്ലക്സ് തുടങ്ങിയവയും , പടിഞ്ഞാറ് ഭാഗത്ത് മാഹിം ക്രീക്കിന് സമീപമുള്ള സയൺ-ധാരാവി പ്രദേശം എന്നിവയും അതിരുകളാകുന്നു. മിഠി നദി വടക്ക്-പടിഞ്ഞാറ് വശത്ത് കൂടി കുർളയിൽ പ്രവേശിച്ച്, ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അതിരിലൂടെ ഒഴുകി കുർളയുടെ തെക്ക് അറ്റത്തുള്ള മാഹിം ക്രീക്കിലേയ്ക്ക് പതിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Pin code : Kurla, Mumbai". pincode.org.in. Retrieved 10 February 2015.
- ↑ https://mumbaimirror.indiatimes.com/mumbai/cover-story/Never-trust-a-railway-terminus-that-looks-like-a-swank-airport/articleshow/20160884.cms
- ↑ .http://archive.indianexpress.com/news/new-trains-from-old/732081/0
- ↑ http://irfca.org/faq/faq-gauge.html