കുറുമ്പൻ ദൈവത്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകനും പ്രജാസഭാംഗവുമായിരുന്നു കുറുമ്പൻ ദൈവത്താൻ (1880 - 15 ഏപ്രിൽ 1927). പത്തൊൻപതാം നൂറ്റാണ്ടിൽ ആറന്മുളയുടെയും തിരുവിതാംകൂറിന്റെയും സാമൂഹ്യ മുന്നേറ്റത്തിനുവേണ്ടി പ്രയത്നിച്ചു. സവർണ്ണാധിപത്യത്തിനെതിരെ പൊരുതി വിദ്യ അഭ്യസിച്ച ഇദ്ദേഹം അധസ്ഥിത സമൂഹത്തിനുവേണ്ടി നിരവധി സമരങ്ങളേറ്റെടുത്തു നടത്തി. ക്ഷേത്രപ്രവേശന വിളംബരത്തിന് ഒരു വ്യാഴവട്ടംമുമ്പ് ചെങ്ങന്നൂർ, ആറന്മുള ക്ഷേത്രങ്ങളിലേക്ക് ജാഥ നയിച്ച് അധഃസ്ഥിതർക്ക് ക്ഷേത്രപ്രവേശനം നേടിയത് ഇദ്ദേഹമായിരുന്നു. ലംസംഗ്രാന്റിന്റെ മുൻ രൂപമായ സ്റ്റൈപ്പന്റ് പുലയക്കുട്ടികൾക്ക് നേടിക്കൊടുത്തത് ദൈവത്താനാണ്.

ജീവിതരേഖ[തിരുത്തുക]

ആറൻമുളയിൽ കുരവയ്ക്കൽ ചക്കോളയിൽ കുറുമ്പന്റെയും തെക്കേതിൽ പറമ്പിൽ നാണിയുടെയും മകനായി ജനിച്ചു. 'നടുവത്തമ്മൻ' എന്ന ഓമനപേരിലറിയപ്പെട്ടു. അക്കാലത്ത് ദളിതർക്ക് വിദ്യ അഭ്യസിക്കാൻ മാർഗ്ഗമുണ്ടായിരുന്നില്ല. നാട്ടിലുണ്ടായിരുന്ന കുടിപ്പള്ളിക്കൂടത്തിൽ പുലയർക്ക് മാത്രമല്ല ഈഴവാദികൾക്കും പ്രവേശനമുണ്ടായിരുന്നില്ല. അവരെ പഠിപ്പിക്കാൻ ആശാൻമാർക്കും ധൈര്യമുണ്ടായിരുന്നില്ല. അഥവാ അതിന് ആരെങ്കിലും തയ്യാറായാൽ സവർണ്ണ വിദ്യാർത്ഥികൾ കളരി ബഹിഷ്കരിച്ച് പുറത്തു പോവുകയും ആചാര ലംഘനം നടത്തുന്ന കുട്ടികളെയും ആശാന്മാരെയും കായികമായി ആക്രമിക്കുകയും കളരിക്ക് തീ വയ്ക്കുകയും ചെയ്തിരുന്നു.

പള്ളിക്കൂടത്തിനത്ര അകലെയല്ലാതെ കൊച്ചു കുഞ്ഞാശാൻ എന്ന ക്രിസ്ത്യാനി പണ്ഡിതൻ കുറുമ്പനെ പഠിപ്പിക്കാൻ തയ്യാറായി. മറ്റെല്ലാ വിദ്യാർത്ഥികളും പഠിത്തം കഴിഞ്ഞ് മടങ്ങിയതിനു ശേഷം രാത്രി എട്ടു മണിയോടു കൂടി എത്താൻ ആശാൻ പറഞ്ഞു. ഒരു കിലോമീറ്ററോളം രാത്രിയിൽ നടന്നാണെത്തേണ്ടിയിരുന്നത്.[1] ഇതറിയാനിടയായ സവർണ്ണർ കുറുമ്പനെയും കുടുംബത്തെയും കൈയേറ്റം ചെയ്യുകയും നാടു വിടേണ്ടി വരികയും ചെയ്തു. എങ്കിലും പഠനം അദ്ദേഹം തുടർന്നു.[2] പുലയ സമുദായത്തിന്റെ തനതു കലാരൂപമായിരുന്ന കോലടിയിൽ അദ്ദേഹം നിപുണനായിരുന്നു.

പിതാവിൽ നിന്നും പഠിച്ച കാളക്കച്ചവടവും പാട്ടക്കൃഷിയും കൊണ്ടു മാത്രം ഉപജീവനം നിർവഹിക്കാൻ കഴിയാതെ വന്നപ്പോൾ കുറച്ചുകാലം തോട്ട മേഖലയിൽ കങ്കാണിയായും ജോലി നോക്കി. അയ്യങ്കാളിയുടെയും വെള്ളിക്കര ചോതിയുടെയും സമുദായ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി തെഴിലിൽ നിന്ന് പടിപടിയായി പിന്മാറി. ഇന്നത്തെ സമ്പ്രദായത്തിലുള്ള ചുവരെഴുത്തുകൾ അന്നുണ്ടായിരുന്നില്ലെങ്കിലും ദൈവത്താൻ ജന്മി പുരയിടങ്ങളുടെ മൺഭിത്തികളിൽ ചില മുദ്രാ വാക്യങ്ങൾ ചുണ്ണാമ്പും കുമ്മായവും കൊണ്ട് എഴുതി പ്രചരിപ്പിക്കാറുണ്ടായിരുന്നു. അത്തരം മുദ്രാവാക്യങ്ങളിൽ ഒന്ന് ഇതായിരുന്നു.[3]

സംസ്ഥാനത്ത് ആദ്യമായി ചുവരെഴുതിയതിന് ഇദ്ദേഹത്തിന് ആറുമാസം ഒളിവിൽ കഴിയേണ്ടി വന്നു. അയ്യങ്കാളിക്കൊപ്പം അദ്ദേഹത്തിന്റെ മാനേജരായി ദൈവത്താൻ പ്രവർത്തിച്ചു. ദൈവത്താന്റെ ഗുരു തുല്യനായ സഹായിയായിരുന്നു മൂലൂർ എസ്. പത്മനാഭ പണിക്കർ. പിൽക്കാലത്ത് അയ്യങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടായി അകന്നു. 1917 ൽ ഹിന്ദു പുലയ സമാജം എന്ന സംഘടന സ്ഥാപിച്ചു. മതപരിവർത്തനത്തോട് യോജിച്ചിരുന്നില്ലെങ്കിലും മത പരിവർത്തനം ചെയ്ത ദളിതരോട് അനഭാവം പുലർത്തി. 1915 ൽ ശ്രീമൂലം സഭയിൽ അംഗമായി നിയോഗിക്കപ്പെട്ടു. പത്തു വർഷത്തോളം ഈ പദവിയിൽ പ്രവർത്തിച്ചു. ശ്രീമൂലം പ്രജാസഭാ അംഗമെന്ന നിലയിൽ നടത്തിയ സേവനങ്ങൾ പിൻകാല കേരളത്തിന്റെ സമഗ്ര മുന്നേറ്റത്തിന് സഹായകരമായി. ലംസംഗ്രാന്റ്, കോളനിയെന്ന ആശയം, വിദ്യാഭ്യാസത്തിനുവേണ്ടി നടത്തിയ സമരങ്ങൾ, ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങൾ തുടങ്ങി നിരവധി സമരങ്ങളേറ്റെടുത്തു നടത്തി. കോളനി എന്ന ആശയം കേരളത്തിൽ ആദ്യമായി ഉയർത്തിയത് ദൈവത്താനാണ്.

ജീവചരിത്രം[തിരുത്തുക]

തിരുവിതാംകൂർ ഹിന്ദു പുലയസമാജത്തിന്റെ പ്രസിഡന്റും ശ്രീമൂലം പ്രജാസഭാംഗവുമായിരുന്ന കുഞ്ഞൻ ദൈവത്താൻ 1929-ൽ ചെങ്ങന്നൂരിലെ ജോൺ മെമ്മോറിയൽ പ്രസ്സിൽ നിന്ന് കുറുമ്പൻ ദൈവത്താന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.[4] 2005-ൽ ബാബു തോമസ് രചിച്ച ജീവചരിത്രമാണ് നവോത്ഥാനത്തിന്റെ സൂര്യതേജസ്സ്.[5][6]

സ്മാരകം[തിരുത്തുക]

  • കുറുമ്പൻ ദൈവത്താന്റെ അന്ത്യവിശ്രമ സ്ഥലത്ത് ആറന്മുള ഗ്രാമപഞ്ചായത്ത് സ്മാരകം നിർമ്മിച്ചിട്ടുണ്ട്.
  • ആറന്മുള പഞ്ചായത്തിലെ എരുമക്കാട്ട് ഗുരുക്കൻകുന്നിലെ ഹരിജൻ വെൽഫയർ എൽപി സ്കൂൾ സ്മൃതിയിടമായി പ്രഖ്യാപിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "കുറുമ്പൻ ദൈവത്താന്റെ അക്ഷരസ്മാരകവും അന്ത്യവിധികാത്ത്". ദേശാഭിമാനി. 0-Jun-2013. ശേഖരിച്ചത് 2013 ജൂൺ 20. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)
  2. ബാബു തോമസ് (2005). നവോത്ഥാനത്തിന്റെ സൂര്യ തേജസ്സ്.
  3. പി. ഗോവിന്ദപിള്ള (2010). കേരള നവോത്ഥാനം യുഗ സന്തതികൾ യുഗ ശിൽപ്പികൾ. ചിന്ത പബ്ലീഷേഴ്സ്. pp. 110–129. ISBN 81 -262-0232-7.
  4. ഡോ.പി.കെ.രാജശേഖരൻ (03 മാർച്ച് 2014). കെ.കെ.ഗോവിന്ദന്റെ പുസ്തകധ്വംസനം അഥവാ അറുകൊലക്കണ്ടം. മാതൃഭൂമി ബുക്സ്. മൂലതാളിൽ നിന്നും 5 മാർച്ച് 2014 14:32:45-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 മാർച്ച് 3. Check date values in: |accessdate=, |date=, and |archivedate= (help)CS1 maint: discouraged parameter (link)
  5. "Tribute to a social reformer". The Hindu. 2005 മേയ് 25. മൂലതാളിൽ നിന്നും 2016 ഏപ്രിൽ 29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 ഏപ്രിൽ 29. Check date values in: |accessdate=, |date=, and |archivedate= (help)CS1 maint: discouraged parameter (link)
  6. http://www.keralapscgk.com/2016/04/kerala-psc-beat-forest-officer-solved.html?m=1
"https://ml.wikipedia.org/w/index.php?title=കുറുമ്പൻ_ദൈവത്താൻ&oldid=3088138" എന്ന താളിൽനിന്ന് ശേഖരിച്ചത്