കുരുക്കഴിക്കുന്ന മാതാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുരുക്കഴിക്കുന്ന മാതാവ്
കലാകാരൻയൊഹാൻ ഷോർഷ് സ്മിഡ്റ്റ്നെർ
വർഷംc. 1700
തരംഎണ്ണച്ചായ ചിത്രം
അളവുകൾ182 cm × 110 cm (72 in × 43 in)
സ്ഥാനംസെയ്ന്റ് പീറ്റർ ആം പെർലാക്ക്,
ഓഗ്സ്ബെർഗ്, ജർമ്മനി

ഒരു മരിയൻ ഭക്തിമാർഗ്ഗത്തിന്റേയും, അതിന്റെ അവതരണമായ ജർമ്മൻ ബരോക്ക് ചിത്രത്തിന്റേയും പേരാണ് കുരുക്കഴിക്കുന്ന മാതാവ് (Mary, Undoer of Knots). യൊഹാൻ മെൽക്കിയോർ സ്മിഡ്റ്റ്നർ 1700-നടുത്തു വരച്ച ചിത്രം, ജർമ്മനിയിൽ ബവേറിയായിലെ ഓഗ്സ്ബെർഗിൽ, വിശുദ്ധ പീറ്റർ ആം പെർലായുടെ പേരിലുള്ള കത്തോലിക്കാ തീർത്ഥസ്ഥാനത്താണ്. ജർമ്മനിയിൽ വിദ്യാർത്ഥിയായിരിക്കെ ചിത്രം കണ്ട ഫ്രാൻസിസ് മാർപ്പാപ്പ, പിന്നീട് ലത്തീൻ അമേരിക്കയിൽ അതിന്റെ വണക്കം പ്രചരിപ്പിച്ചതായി പറയപ്പെടുന്നു.

ചിത്രം[തിരുത്തുക]

ബരോക്ക് ശൈലിയിൽ യൊഹാൻ മെൽക്കിയോർ ഷ്മിഡ്റ്റ്നർ(1625-1707) രചിച്ച ഈ ചിത്രം, അമലോത്ഭവമാതാവിന്റെ ചിത്രത്തിലെ മാതൃക പിന്തുടർന്ന്, മാലാഖാമാരുടെ അകമ്പടിയോടെ ചന്ദ്രക്കലയിൽ നിൽക്കുന്നവളായി മാതാവിനെ അവതരിപ്പിക്കുന്നു. ശിരസ്സിനു മുകളിൽ പ്രാവിന്റെ രൂപത്തിൽ പരിശുദ്ധാത്മാവും നക്ഷത്രമാലയുമായി നിൽക്കുന്ന മാതാവ്, കയ്യിലുള്ള കെട്ടുപിണഞ്ഞ നൂൽ കെട്ടഴിച്ച് ഒരു നാടയിൽ ചുറ്റിയെടുക്കുന്നു. മാതാവിന്റെ കാലുകൾ, കെട്ടുപിണഞ്ഞ ഒരു സർപ്പത്തെ ചവിട്ടിയുമിരിക്കുന്നു. സാത്താന്റെ പ്രതീകമായ സർപ്പത്തോടുള്ള ഈവിധം പെരുമാറ്റം, "നീയും സ്ത്രീയുമായും, നിന്റെ സന്തതിയും അവളുടെ സന്തതിയുമായും ഞാൻ ശത്രുതയുണ്ടാക്കും, അവൻ നിന്റെ തല തകർക്കും, നീ അവന്റെ കണങ്കാലിൽ കടിക്കും" എന്ന ഉല്പത്തിപ്പുസ്തക വചനത്തെ അനുസ്മരിപ്പിക്കുന്നു." [1]

ചിത്രത്തിനു താഴെ, ഒരു ചെറിയ മാലാഖയെ പിന്തുടരുന്ന്, ഒരു മനുഷ്യനും അയാളുടെ നായും കാണപ്പെടുന്നു. ഇത്, ഗബ്രിയേൽ ദൈവദൂതനെ പിന്തുടർന്ന് സാറായോടു വിവാഹാഭ്യർത്ഥന നടത്താൻ പോകുന്ന പഴയനിയമത്തിലെ തോബിയാസിനെ പ്രതിനിധാനം ചെയ്യുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു.[2]

"കുരുക്കഴിക്കുന്ന മാതാവ്" എന്ന സങ്കല്പം, ലയോൺസിലെ വിശുദ്ധ ഐറേനിയസിന്റെ "തത്ത്വവാദങ്ങളുടെ തിരിച്ചറിവും അമർത്തലും" എന്ന രചനയെ ആശ്രയിച്ചുള്ളതാണ്. പ്രസ്തുത രചനയിൽ ഐറേനിയസ്, മറിയത്തേയും, ആദിമാതാവായ ഹവ്വായേയും താരതമ്യപ്പെടുത്തുകയും, ഹവ്വായുടെ അനുസരണക്കേടു മൂലമുണ്ടായ കെട്ടുപിണയൽ, മറിയത്തിന്റെ അനുസരണ വഴി അഴിഞ്ഞു എന്നെഴുതുന്നു. അവിശ്വാസത്തിലൂടെ ഹവ്വാ വരുത്തിയ പിണയൽ, വിശ്വാസത്തിലൂടെ മറിയം അഴിച്ചു എന്നും അദ്ദേഹം പറയുന്നു.[3]

ചരിത്രം[തിരുത്തുക]

ഓഗ്സ്ബെർഗിലെ വിശുദ്ധ പീറ്റർ ആം പെർലാക് പള്ളിയും പെർലാക് ഗോപുരവും

1700-നടുത്ത് ഓഗ്സ്ബെർഗിലെ വിശുദ്ധ പൗലോസിന്റെ ആശ്രമത്തിലെ പുരോഹിതനായിരുന്ന ഹീരോണിമസ് അംബ്രോസിയസ് ലാങ്കന്മാന്റൽ (1641-1718) ഏർപ്പാടു ചെയ്തു വരപ്പിച്ചതാണ് ഈ ചിത്രം.[4] ലാങ്കന്മാന്റലിന്റെ കുടുംബത്തിലെ ഒരു സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ഇതെന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛൻ വോൾഫ്ഗാങ് ലാങ്കന്മാന്റലും(1586-1637) ഭാര്യ സോഫിയാ റെന്റ്സുമായുള്ള വിവാഹബന്ധം തകർച്ചയുടെ വക്കിലായപ്പോൾ അദ്ദേഹം ഈശോസഭാവൈദികനായ ജേക്കബ് റെമ്മിന്റെ സഹായം തേടി. ഇതരബന്ധനങ്ങളെല്ലാമഴിച്ച്, ദാമ്പത്യബന്ധം ഉറപ്പിക്കാനായി റെം മാതാവിനോടു പ്രാർത്ഥിച്ചതോടെ, ദമ്പതിമാർക്കിടയിൽ സമാധാനം സ്ഥാപിക്കപ്പെട്ട്, വേർപിരിയൽ ഒഴിവായി. ഈ സംഭവത്തിന്റെ അനുസ്മരണമായി പേരക്കിടാവ് ഏർപ്പാടു ചെയ്തു വരപ്പിച്ചതാണത്രെ "കുരുക്കഴിക്കുന്ന മാതാവിന്റെ" ചിത്രം.

വണക്കം[തിരുത്തുക]

യുക്രൈനിൽ ചെർണോബിലിലുണ്ടായ അണുവികസരണ ദുരന്തത്തെ തുടർന്ന് 1989-ൽ, ഓസ്ട്രിയയിലെ സ്റ്റൈറിയയിലാണ്, കുരുക്കഴിക്കുന്ന മാതാവിനു പ്രതിഷ്ഠിക്കപ്പെട്ട ആദ്യദേവാലയം സ്ഥാപിതമായത്.[5] ഈ ചിത്രത്തിന്റെ പകർപ്പുകൾ അർജന്റീനയിലും ബ്രസീലിലും വണങ്ങപ്പെടുന്നുണ്ട്.[2] കുരുക്കഴിക്കുന്ന മാതാവിന്റെ വണക്കത്തിന് ലത്തീൻ അമേരിക്കൻ നാടുകളിലുണ്ടായ പ്രചാരത്തെ ബ്രിട്ടണിലെ ഗാർഡിയൻ പത്രം ഒരു "മതപരമായ ഉന്മാദം" (religious craze) എന്നു വിശേഷിപ്പിക്കുക പോലും ചെയ്തു.[6]

പിന്നീട് ബ്യൂണോഴ്സ് അയേഴ്സിലെ മെത്രാപ്പോലീത്തയും ഫ്രാൻസിസ് മാർപ്പാപ്പയുമായി മാറിയ ഷോർഷ് മാരിയോ ബെർഗോഗ്ലിയോ, ജർമ്മനിയിൽ മൂലരചന കണ്ടശേഷം, ഈ ചിത്രമടങ്ങിയ ഒരു അഞ്ചൽ കാർഡ്, അർജന്റീനയിൽ എത്തിച്ച ശേഷമാണ്, ഈ കത്തോലിക്കാ വണക്കം ലത്തീൻ അമേരിക്കയിൽ വ്യാപിച്ചത്.[7][8][9] ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ഇതു ബ്രസ്സിലിലെത്തി. റിയോ ഡി ജനീറോയിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസിലെ റെജീനാ നോവേസിന്റെ അഭിപ്രായത്തിൽ, ചെറിയ പ്രശ്നങ്ങളുള്ളവരെയാണ് ഈ വണക്കം അധികവും ആകർഷിക്കുന്നത്.[6] ബെർഗോഗ്ലിയോ ഈ ചിത്രം ആലേഖനം ചെയ്ത ഒരു കാസ, ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പക്കു സമ്മാനിച്ചിട്ടുണ്ട്. ഈ ചിത്രം തന്നെ രേഖപ്പെടുത്തിയിട്ടുള്ള മറ്റൊരു കാസ, അർജന്റൈൻ ജനത ഫ്രാൻസിസ് മാർപ്പാപ്പക്കും പിന്നീട് സമ്മാനിച്ചു.[7]

അവലംബം[തിരുത്തുക]

  1. Douay-Rheims Bible, 1899 Edition
  2. 2.0 2.1 Richard Lenar. "History of the Devotion to Mary, Untier of Knots". A Dictionary of Mary. University of Dayton. Archived from the original on 13 നവംബർ 2013. Retrieved 14 മാർച്ച് 2013.
  3. Irenaeus, Against Heresies, III, 22
  4. (in German) “Hieronymus Ambrosius Langenmantel”, Wikipedia: Die freie Enzyklopädie
  5. International Fraternity of the Virgin Mary Untier of Knots, "List of Churches, Chapels and Places where the Virgin Mary, Untier of Knots is venerated [as] Maria Knotenlöserin". Retrieved 16 June 2013.
  6. 6.0 6.1 Bellos, Alex (23 ഡിസംബർ 2001). "Virgin painting ties Brazilians in knots". The Guardian (UK). Retrieved 14 മാർച്ച് 2013.
  7. 7.0 7.1 Jiménez, Pablo (14 മാർച്ച് 2013). "The Pope's chalice: silver-made, austere and featuring Our Lady of Luján". Buenos Aires Herald. Archived from the original on 17 മാർച്ച് 2013. Retrieved 14 മാർച്ച് 2013.
  8. "El Santuario" (in സ്‌പാനിഷ്). Parroquia San José del Talar. Retrieved 14 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
  9. (in German) "Bergoglio studierte einst in Frankfurt am Main [Bergoglio once studied in Frankfurt am Main"] - (Die Welt, 14 March 2013, Online Edition).