കുരിയച്ചൻ
നെട്ടൂരി(കൊച്ചി)ലെ വിശുദ്ധ കുരിശിന്റെ ദേവാലയത്തിൽ വിശുദ്ധ കുരിശിന്റെ ഗ്രോട്ടോയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മരകുരിശാണ് കുരിയച്ചൻ എന്ന പേരിൽ അറിയപ്പെടുന്നത്. 200 വർഷത്തോളം പഴക്കമുള്ള ഈ കുരിശ് 1940-42 വരെ വെണ്ടുരുത്തിയിൽ വിശുദ്ധ കുരിശിന്റെ പള്ളിയിലാണ് പ്രതിഷ്ഠിച്ചിരുന്നത്[1].
1942 ൽ കൊച്ചി നേവൽബേസിനു വേണ്ടി സ്ഥലമേറ്റെടുത്തതിനെ തുടർന്ന് വെണ്ടുരുത്തിയിൽ നിന്നും നെട്ടൂരേക്ക് കുടിയേറി പാർത്തവർ തങ്ങളുടെ പൈതൃകസ്വത്തായ കുരിയച്ചനെ അവർ നെട്ടൂരേക്ക് കൊണ്ടുപോന്നു. അവർ നെട്ടൂരിൽ പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയ നാമത്തിൽ ഒരു ദേവാലയം പണിതു (Immaculate Heart of Mary’s Church); നെട്ടൂർ ഇടവക ആരംഭിച്ചു. പള്ളിസ്ഥലത്ത് ഒരു ഷെഡ് കെട്ടി കുരിശിനെ അവിടെ പ്രതിഷ്ഠിച്ചു[2]
വളരെ പുലർച്ചെ മുതൽ നാനാ ജാതി മതത്തിൽപ്പെട്ട ആളുകൾ കുരിയച്ചന്റെ അടുക്കലെത്തി പ്രാർത്ഥിക്കാറുണ്ട്. എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 5.00 മണിക്ക് വിശുദ്ധ കുരിശിന്റെ നൊവേനയുണ്ട്. പ്രധാന നേർച്ച ചുറ്റുവിളക്കും പൂമാലയും. നെട്ടൂരിൽ സെപ്തംബർ 14 നോടടുത്ത ഞായറാഴ്ച വിശുദ്ധ കുരിശിന്റെ മഹത്ത്വീകരണ തിരുനാളായി ആഘോഷിക്കുന്നു. തിരുനാളാഘോഷത്തിന് ബുധനാഴ്ച കൊടി കയറി ഞായറാഴ്ച സമാപിക്കുന്നു.
കുരിയച്ചന്റെ പള്ളി, വെണ്ടുരുത്തി
[തിരുത്തുക]വെണ്ടുരുത്തിയിൽ ഇടവകപ്പള്ളിയായ വിശുദ്ധ പത്രോസ് പൗലോസ് ദേവാലയത്തിന്റെ കീഴിലുള്ള വിശുദ്ധ കുരിശിന്റെ ദേവാലയം (Holy Cross church) ഒരു കുടുംബ പള്ളിയായിരുന്നു. കുരിയച്ചന്റെ പള്ളി, നടുക്കത്തെപ്പള്ളി, നെടുമ്പറമ്പന്മാരുടെ പള്ളി എന്നീ പേരുകളിലും ഈ പള്ളി അറിയപ്പെട്ടിരുന്നു. ഇപ്പോഴത്തെ കൊച്ചി നേവൽ അഡ്‌മിറൽ ഓഫീസിനു സമീപമായിരുന്നു വിശുദ്ധ കുരിശിന്റെ ദേവാലയം. ഇടവകക്കാരനായ നെടുമ്പറമ്പിൽ പൈലി പേറുക്കുഞ്ഞൻ പണികഴിപ്പിച്ചതായിരുന്നു ഈ ദേവാലയം. അദ്ദേഹത്തിന് അവകാശമായി കിട്ടിയ കുടുംബസ്വത്തിൽ ആറ് ഏക്കർ സ്ഥലം നൽകി അതിൽ പള്ളി പണിതു.
ഈ ദേവാലയത്തിന്റെ അൾത്താരയിൽ പ്രതിഷ്ഠിച്ചിരുന്ന ക്രൂശിത രൂപത്തിനു മുന്നിലായി താഴെ ഒരു മരക്കുരിശ് പ്രതിഷ്ഠിച്ചിരുന്നു. ഈ മരക്കുരിശിനെ ആളുകൾ “കുരിയച്ചൻ” എന്നു വിളിച്ചിരുന്നു. കുരിശും മറ്റ് സ്വരൂപങ്ങളും പേറുകുഞ്ഞൻ ഗോവയിൽ നിന്നും വാങ്ങിച്ചതാണെന്ന് പറയപ്പെടുന്നു. കുരിശിന്റെ പള്ളിയിലെ വെള്ളിയാഴ്ച ദിവസം കുർബാനയും മറ്റ് പ്രാർത്ഥനകളും ഉണ്ടായിരുന്നു. . നോമ്പുകാലത്ത് വിയാസാക്രയും (Via Sacra കുരിശിന്റെ വഴി) മറ്റ് ദിവസങ്ങളിൽ പ്രാർത്ഥനകളും നടത്തിയിരുന്നു[3].
നെടുമ്പറമ്പിൽ പേറുക്കുഞ്ഞന്റെ വീട്ടുകാരായിരുന്നു പള്ളിയുടെ ചെലവുകളും മറ്റ് മേൽനോട്ടവും നടത്തിയിരുന്നത്. കാലമേറെയായപ്പോൾ ഈ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായി. കാലപ്പഴക്കംകൊണ്ട് പള്ളി ജീർണ്ണിച്ച് തകരാറായെങ്കിലും പള്ളിയെ പരിപാലിച്ചു കൊണ്ടു പോകാൻ അവർക്ക് കഴിഞ്ഞില്ല. ഇതിനിടെ ഇടിവെട്ടേറ്റ് പള്ളിയുടെ മേൽക്കൂര തകർന്നു വീണു. അൾത്താരയും പള്ളിമുഖപ്പും അത്രയേറെ തകരാതെ നിന്നു. കുരിയച്ചൻ കുരിശൊഴിച്ച് മറ്റ് തിരുസ്വരൂപങ്ങളും പൂജാവസ്തുക്കളും ഇടവക പള്ളിയിലേക്ക് മാറ്റി[4].
മഴയും വെയിലും കാറ്റുമേറ്റ് “കുരിയച്ചൻ കുരിശ്” കാലങ്ങളോളം നിന്നു. പള്ളിക്കകവും പുറവും കാടുപിടിച്ചു. എങ്കിലും കുരിയച്ചന്റെ അടുക്കൽ പ്രാർത്ഥിക്കുവാനായി നാട്ടുകാരെത്തിയിരുന്നു. 1940 ൽ വെണ്ടുരുത്തി പള്ളി വികാരിയായിരുന്ന ഫാ. അഗസ്റ്റിൻ കുറ്റിക്കലിന്റെ നേതൃത്വത്തിൽ, ഇടവകയിൽ നിന്നും പിരിവെടുത്ത് കുരിശിന്റെ പള്ളി പുതുക്കിപ്പണിതു. മുടങ്ങിയിരുന്ന വിശുദ്ധ കുരിശിന്റെ തിരുനാൾ വീണ്ടും ആരംഭിച്ചു. [5]
എന്നാൽ 1942 സൈനിക സുരക്ഷാ നിയമം അനുസരിച്ച് കൊച്ചി നേവൽബേസിനു വേണ്ടി ബ്രിട്ടീഷ്-ഇന്ത്യ സർക്കാർ വെണ്ടുരുത്തിയിൽ സ്ഥലമേറ്റെടുക്കുവാൻ ആരംഭിച്ചു.[6] പുതുക്കിപ്പണിത വിശുദ്ധ കുരിശിന്റെ ദേവാലയവും കടൽക്കര മാതാവിന്റെ കപ്പേളയും ഉൾപ്പെടെയുള്ള വെണ്ടുരുത്തി സൈനികാവശ്യത്തിനായി 1942 മുതൽ സർക്കാർ ഏറ്റെടുത്തു തുടങ്ങി. നാനാജാതികളിലായി അഞ്ഞൂറിലേറെ കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടു. ഇടവക ദേവാലയമായ വിശുദ്ധ പത്രോസ് പൗലോസ് ദേവാലയത്തിന്റെ സമീപപ്രദേശവും വാത്തുരുത്തിയും ഒഴിവാക്കപ്പെട്ടു.[7]
1942-44 കാലങ്ങളിൽ വെണ്ടുരുത്തിക്കാർ പള്ളുരുത്തി, പെരുമ്പടപ്പ്, കൊച്ചി, തേവര, തൃപ്പൂണിത്തുറ, കോന്തുരുത്തി, വൈറ്റില, നെട്ടൂർ തുടങ്ങിയ സമീപ പ്രദേശത്തേക്ക് കുടിയേറി. കുടിയൊഴിപ്പിക്കലിനുശേഷം അവശേഷിച്ചത് ഇടവക പള്ളിക്കു ചുറ്റുമുള്ള പത്ത് മുപ്പത് വീടുകൾ മാത്രം. കുടിയൊഴിഞ്ഞ ചിലർ വാത്തുരുത്തിയിലേക്ക് താമസം മാറ്റി. ഏതാണ്ട് ഇരുന്നൂറ്റി പതിനഞ്ചോളം (215) വീട്ടുകാർ നെട്ടൂരിലേക്കാണ് കുടിയേറിയത്. കുടിയേറിയവർ നെട്ടൂർ വടക്കെ കോളനിയിൽ ഒരു പള്ളി പണിതു. [8]
കുരിയച്ചന്റെ ഗ്രോട്ടോ
[തിരുത്തുക]പള്ളി പണിത് കാലമേറെയായിട്ടും വെണ്ടുരുത്തിയിൽനിന്നും കൂടെ കൊണ്ടു പോന്ന കുരിയച്ചൻ കുരിശ് പ്രതിഷ്ഠിക്കാതെ പള്ളി സങ്കീർത്തിയുടെ ഒരു മൂലയിൽ പൊടിയും മാറാലയും പിടിച്ച് അങ്ങനെ കിടന്നിരുന്നു. വർഷങ്ങൾക്കു ശേഷം തേക്കിൻ കഴകളും ഇരുമ്പുതകിടും കൊണ്ട് പള്ളി സ്ഥലത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയ്ക്ക് ഒരു ഷെഡ് നിർമ്മിച്ചു. പടിഞ്ഞാറ് പുഴയിൽ എറണാകുളത്തു നിന്നും സാധനങ്ങൾ കയറ്റി ചന്തവള്ളം അടുക്കുന്ന കടവിന് അഭിമുഖമായിട്ടായിരുന്നു ഷെഡ്ഡ് പണിതത്. ഷെഡ്ഡിനുള്ളിൽ കുരിശിനെ (കുരിയച്ചനെ) പ്രതിഷ്ഠിച്ചു. കാലമേറെയായപ്പോൾ ഷെഡ്ഡ് നശിച്ചു പോകുകയും വർഷങ്ങളോളം വെയിലും മഴയുമേറ്റ് കുരിയച്ചൻ അങ്ങനെ നിന്നു. വർഷങ്ങൾ കഴിഞ്ഞ് കുരിശിന് അടിത്തറയും ചുറ്റിനും കോൺക്രീറ്റ് തൂണുകളും ഗ്രില്ലുകളും മേൽക്കൂരയും പണിതു<.
ഗ്രോട്ടോ കാലപ്പഴക്കംകൊണ്ട് കോൺക്രീറ്റ് തൂണുകളും മേൽക്കൂരയും ഗ്രില്ലുമൊക്കെ പൊട്ടിപ്പൊളിയുവാൻ തുടങ്ങിയപ്പോൾ ഈ ഗ്രോട്ടോ പൊളിച്ച് കൂടുതൽ സൗകര്യവും നിശ്ശബ്ദ ധ്യാനത്തിനും പ്രാർത്ഥനയ്ക്കുമായി ഒരു ഗ്രോട്ടോ പുതിയതായി നിർമ്മിച്ചു. വികാരി ഫാ. വർഗ്ഗീസ് സോജൻ തോപ്പിൽ (2009-13) ചെയർമാനായ പതിനൊന്നംഗ കമ്മിറ്റിയാണ് ഗ്രോട്ടോ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. 2011 മാർച്ച് 17 ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. വർഗ്ഗീസ് വലിയപറമ്പിൽ ശിലാസ്ഥാപനം നിർവ്വഹിച്ചു. 2012 മെയ് 18 ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസീസ് കല്ലറക്കൽ ഗ്രോട്ടോ ആശീർവദിച്ചു. യേശുകിസ്തുവിനെ ക്രൂശിച്ച കുരിശിന്റെ തിരുശ്ശേഷിപ്പ് ആ ദിവസം ഈ കപ്പേളയിൽ പ്രതിഷ്ഠിക്കുകയുണ്ടായി[5].
അവലംബം
[തിരുത്തുക]- ↑ “പ്രവാസികളുടെ കുരിയച്ചൻ, ചരിത്രത്തിന്റെ താളുകളിൽ നിന്ന് ”- എം.എസ്. അഗസ്റ്റിൻ (നെട്ടുർ വിശുദ്ധ കുരിശിന്റെ നവീകരിച്ച കപ്പേളയുടെ ആശിർവ്വാദവും തിരുശ്ശേഷിപ്പ് പ്രതിഷ്ഠയും സ്മരണിക 18.05.2012)
- ↑ “ഒരു യാത്ര; നെട്ടുർ ഇടവകയുടെ ചരിത്രത്തിലൂടെ” – എം.എസ്. അഗസ്റ്റിൻ (അടയാളം നെട്ടുർ വിമലഹൃദയ ദേവാലയ നവീകരണ സ്മരണിക 2015)
- ↑ [[ “ഒരു യാത്ര; നെട്ടുർ ഇടവകയുടെ ചരിത്രത്തിലൂടെ” – എം.എസ്. അഗസ്റ്റിൻ (അടയാളം നെട്ടുർ വിമലഹൃദയ ദേവാലയ നവീകരണ സ്മരണിക 2015) ]]
- ↑ “ഒരു യാത്ര; നെട്ടുർ ഇടവകയുടെ ചരിത്രത്തിലൂടെ” – എം.എസ്. അഗസ്റ്റിൻ (അടയാളം നെട്ടുർ വിമലഹൃദയ ദേവാലയ നവീകരണ സ്മരണിക 2015)
- ↑ “വിശുദ്ധ കുരിശിന്റെ സ്പർശമുള്ള ഗ്രോട്ടോ” – എം. എ.ഡയസ് (അടയാളം നെട്ടുർ വിമലഹൃദയ ദേവാലയ നവീകരണ സ്മരണിക 2015)