കുമ്മനം രാജശേഖരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുമ്മനം രാജശേഖരൻ
Kummanam rajasekharan.jpg
ജനനം 23 ഡിസംബർ 1952
കുമ്മനം, കോട്ടയം
ഭവനം മാരാർജി ഭവൻ, തിരുവനന്തപുരം
ദേശീയത ഇന്ത്യൻ
മതം ഹിന്ദു
വെബ്സൈറ്റ് kummanam.info

കുമ്മനം രാജശേഖരൻ ബി.ജെ.പി. കേരള സംസ്ഥാന ഘടകത്തിന്റെ അദ്ധ്യക്ഷനും ഹിന്ദു ഐക്യ വേദിയുടെമുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറൽ സെക്രട്ടറിയും ജന്മഭൂമി ദിനപ്പത്രത്തിന്റെ ചെയർമാനുമാണ്. [1]കോട്ടയം പട്ടണത്തിൽ നിന്ന് നാലു കിലോമീറ്റർ ദൂരത്തുള്ള കുമ്മനം എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. നിലയ്ക്കൽ പ്രക്ഷോഭം , പാലിയം വിളംബരം, ആറന്മുള വിമാനത്താവള വിരുദ്ധ സമരം എന്നീ വിഷയങ്ങളിൽ അദ്ദേഹം മുഖ്യസ്ഥാനം വഹിച്ചു.[2] [3] 1987-ൽ സർക്കാർ സർവീസിൽ നിന്ന് രാജിവച്ച അദ്ദേഹം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി. ബാലസദനങ്ങളുടെ മേൽനോട്ടം, വിശ്വ ഹിന്ദു പരിഷതിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയിലേയും പ്രവർത്തനങ്ങൾ എന്നിവയൊക്കെ ഇദ്ദേഹത്തിനെ ശ്രദ്ധേയനാക്കി.

ആദ്യകാല ജീവിതം[തിരുത്തുക]

കോട്ടയം പട്ടണത്തിൽ നിന്ന് നാല് കിലോമീറ്റർ ദൂരത്തുള്ള കുമ്മനം എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. അവിടെത്തന്നെ കുമ്മനം ഗവ. യു.പി. സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കോട്ടയത്തെ സി.എം.എസ്. കോളേജിൽ നിന്ന് ബി.എസ്.സി (ബോട്ടണി) ബിരുദം നേടി. പത്രപ്രവർത്തനത്തിൽ ബിരുദാനന്ദര ഡിപ്ലോമ നേടിയ അദ്ദേഹം പല പത്രസ്ഥാപങ്ങളിലും ജോലി നോക്കിയിട്ടുണ്ട്. വിവാഹം കഴിച്ചിട്ടില്ല.

ഔദ്യോഗിക ജീവിതം[തിരുത്തുക]

കോട്ടയത്തിലെ ദീപിക പത്രത്തിലാണ് 1974-ൽ അദ്ദേഹം പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. രാഷ്ട്രവാർത്ത (കൊച്ചി), കേരളദേശം (തിരുവനന്തപുരം), കേരളഭൂഷണം (കോട്ടയം), കേരളധ്വനി (കോട്ടയം) എന്നീ ദിനപ്പത്രങ്ങളിലെ സബ് എഡിറ്ററായി അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 1976-ൽ അദ്ദേഹം കൊച്ചിയിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി നേടി. 1987-ൽ അദ്ദേഹം ജോലിയിൽ നിന്ന് രാജിവച്ച് ആർ.എസ്.എസിന്റെ മുഴുവൻ സമയ പ്രചാരകനായി. ഈ സംഘടനയുടെ തത്ത്വമനുസരിച്ച് കുടുംബത്തിൽ നിന്നകന്ന് അവിവാഹിതനായാണ് അദ്ദേഹം ജീവിക്കുന്നത്.

പൊതു ജീവിതവും കാഴ്ച്ചപ്പാടും[തിരുത്തുക]

അയ്യപ്പ സേവാ സമാജം

വിദ്യാഭ്യാസകാലത്താണ് ഇദ്ദേഹം രാഷ്ട്രീയ സ്വയം സേവക് സംഘുമായി ബന്ധപ്പെട്ടത്. 1979-ൽ അദ്ദേഹം വിശ്വ ഹിന്ദു പരിഷതിന്റെ ജില്ലാ സെക്രട്ടറിയായി. പിന്നീട് പല ഹിന്ദു സംഘടനകളുമായി പല രീതിയിൽ ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. [4][5]

 • 1981-ൽ വിശ്വഹിന്ദു പരിഷതിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി.
 • 1983-ൽ നിലയ്ക്കൽ ആക്ഷൻ കൗൺസിലിന്റെ ജനറൽ കൺവീനറായി. ഇത് കേരളത്തിലെ ഹിന്ദു സംഘടനകളുടെ ഒരു പൊതു കമ്മിറ്റിയായിരുന്നു.
 • 1985-ൽ ഹിന്ദു മുന്നണിയുടെ ജനറൽ സെക്രട്ടറിയായി.
 • 1987-ൽ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രചാരക് ആയി.
 • 1987-ൽ ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായി തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി.
 • 1988-ൽ ഗുരുവായൂർ ക്ഷേത്ര ആക്ഷൻ കൗൺസിലിന്റെ ജനറൽ സെക്രട്ടറിയായി ജേക്കബ് തമ്പി എന്നയാളെ ഗുരുവായൂർ ക്ഷേത്രത്തിലെ മാനേജിംഗ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കാനുള്ള സമരം നടത്തി വിജയിച്ചു.
 • 1988-ൽ എളവൂർ തൂക്കത്തിനും പാലാഴി തൊട്ടുകൂടായ്മയ്ക്കുമെതിരേ പ്രക്ഷോഭങ്ങൾ നടത്തി.
 • 1989-ൽ ജന്മഭൂമി (കൊച്ചി) എഡിറ്ററായി.
 • 1992-ൽ ഹിന്ദു ഐക്യ വേദിയുടെ ജനറൽ കൺവീനറായി.
 • 1996-ൽ വിശ്വ ഹിന്ദു പരിഷതിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായി.
 • 1998-ൽ സ്വാമി പ്രകാശാനന്ദയെ ശിവഗിരി മഠത്തിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിൽ പ്രതിക്ഷേധിച്ച് നടന്ന പ്രക്ഷോഭത്തെ സഹായിക്കാൻ രൂപീകരിച്ച ശിവഗിരി സമര സഹായ സമിതിയുടെ ജനറൽ കൺവീനറായി.
 • 2003-ൽ മാറാട് നടന്ന ഹിന്ദു-മുസ്ലീം കലാപത്തിൽ ഹിന്ദുക്കളുടെ കൂട്ടക്കൊലയ്ക്കെതിരേ ജനകീയ പ്രക്ഷോഭം നയിച്ചു.
 • 2007-ൽ ജന്മഭൂമി പത്രത്തിന്റെ മാനേജിംഗ് ഡയറക്റ്ററായി.
 • 2009-ൽ ശബരിമല അയ്യപ്പ സേവാ സംഘത്തിന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
 • 2011-ൽ ജന്മഭൂമി പത്രത്തിന്റെ ചെയർമാനായി നിയമിതനായി. [6]
 • 2012-ൽ ആറന്മുള പൈതൃകഗ്രാമ കർമ്മസമിതിയുടെ മുഖ്യരക്ഷാധികാരിയായി പ്രവർത്തനം ആരംഭിച്ചു.
 • 2015-ൽ ബി.ജെ.പി. കേരള സംസ്ഥാന ഘടകത്തിന്റെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

നിലക്കൽ പ്രക്ഷോഭം[തിരുത്തുക]

പ്രധാന ലേഖനം: നിലക്കൽ പ്രക്ഷോഭം

1983 മാർച്ച് 24-ന് ഒരു ക്രിസ്ത്യൻ പാതിരി, നിലയ്ക്കൽ മഹാദേവക്ഷേത്രത്തിനടുത്തായി, തന്റെ ഇടവകയിലെ രണ്ടംഗങ്ങൾ തോമാശ്ലീഹ 57 AD-യിൽ സ്ഥാപിച്ച ഒരു കൽക്കുരിശ് കണ്ടെത്തി എന്നവകാശപ്പെട്ടു. ഈ സ്ഥലം 18 മലകൾ ചേർന്ന അയ്യപ്പന്റെ പൂങ്കാവനമാണെന്നാണ് ഹിന്ദുക്കൾ കണക്കാക്കുന്നത്. ഇവിടെ പള്ളി നിർമ്മിക്കാനുള്ള അവകാശവാദം നടത്തിയപ്പോൾ ഹിന്ദുക്കൾ അതിനെതിരേ പ്രക്ഷോഭമാരംഭിച്ചു. ഇത് ആറു മാസം നീണ്ടു നിൽക്കുകയും പള്ളിയുടെ സ്ഥാനം മാറ്റുന്നതിൽ അവസാനിക്കുകയും ചെയ്തു. കുമ്മനം രാജശേഖരൻ ഈ സമരത്തിൽ പ്രധാന പങ്കു വഹിച്ചിരുന്നു.ഇതാണ് നിലക്കൽ പ്രക്ഷോഭം എന്ന് അറിയപ്പെടുന്നത്.

മാറാട് കലാപത്തിനോടനുബന്ധിച്ച സമരങ്ങളിലെ പങ്ക്[തിരുത്തുക]

2002 ൽ മാറാട് കടപ്പുറത്ത് മീൻപിടുത്തക്കാർ തമ്മിലുണ്ടായ തർക്കം ഹിന്ദു-മുസ്ലീം സംഘർഷമായി പരിണമിക്കുകയും ഒന്നാം മാറാട് കലാപത്തിന് കാരണമാകുകയും അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തു. 2003 ൽ വീണ്ടും ഈ മേഖലയിൽ കലാപമുണ്ടാകുകയും ഒൻപത് ആൾക്കാർ കൊല്ലപ്പെടുകയും പലർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തോടനുബന്ധിച്ച് ഹിന്ദു ഐക്യ വേദി നടത്തിയ സമരങ്ങളിൽ കുമ്മനം രാജശേഖരൻ പ്രധാന പങ്കു വഹിച്ചിരുന്നു. [7]

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME കുമ്മനം രാജശേഖരൻ
ALTERNATIVE NAMES രാജേട്ടൻ
SHORT DESCRIPTION ഹിന്ദു നേതാവും സാമൂഹ്യ പരിഷ്കർത്താവും
DATE OF BIRTH
PLACE OF BIRTH കുമ്മനം, കോട്ടയം
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=കുമ്മനം_രാജശേഖരൻ&oldid=2488930" എന്ന താളിൽനിന്നു ശേഖരിച്ചത്