കുമാരജീവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുമാരജീവൻ
ജനനം334 CE
കുച രാജ്യം (ഇപ്പോൾ കുഖ്വാ, ചൈന)
മരണം413 CE
ഷങ്കൻ, ചൈന
തൊഴിൽബുദ്ധമതപണ്ഡിതൻ, സന്യാസി, പരിഭാഷകൻ
അറിയപ്പെടുന്നത്ബുദ്ധമതഗ്രന്ഥങ്ങൾ ചൈനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്തു

ഒരു ബുദ്ധസന്ന്യാസിയും പണ്ഡിതനുമായിരുന്നു കുമാരജീവൻ (Kumārajīva)[1].

ജീവചരിത്രം[തിരുത്തുക]

എ.ഡി. 334-ൽ ചൈനീസ്‌ ടർക്കിസ്‌താനിലെ കൂചി എന്ന പട്ടണത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം.[2] ഭാരതീയ ബ്രാഹ്മണനും ഒരു നാട്ടുരാജ്യത്തിലെ ദിവാനുമായിരുന്ന കുമാരരായണനായിരുന്നു കുമാരജീവന്റെ പിതാവ്,[3][4][5] മാതാവ് കൂചിയിലെ രാജകുമാരിയും. കുമാരജീവന്റെ ചെറുപ്പത്തിലെ പിതാവ് മരണമടഞ്ഞു. കുമാരജീവനു ഏഴുവയസ്സുള്ളപ്പോൾ മാതാവ് ബുദ്ധസന്യാസിനിയായി മാറി.

പിന്നീടുള്ള വർഷങ്ങളിൽ കുമാരജീവൻ അമ്മയോടൊത്ത് യാത്ര ചെയ്ത് നിരവധി ജീവിതാനുഭവങ്ങൾ ആർജിച്ചു. കൂചിയിലും കാശ്‌മീരിലും കാഷ്‌ഗറിലും താമസിച്ചു ബുദ്ധധർമങ്ങളും സംസ്‌കൃത ഗ്രന്ഥങ്ങളും അഭ്യസിച്ചു. കുമാരജീവൻ തന്റെ ഇരുപതാം വയസ്സിൽ കൂചി കൊട്ടാരത്തിൽവച്ച്‌ സന്ന്യാസം സ്വീകരിച്ചു. തുടക്കത്തിൽ ബുദ്ധമതത്തിലെ ഹീനയാനമാണ്‌ സ്വീകരിച്ചിരുന്നതെങ്കിലും പിന്നീട്‌ കാഷ്‌ഗറിൽ വച്ച്‌ അദ്ദേഹം മഹായാനമാർഗ്ഗത്തിന്റെ അനുയായിയായി മാറി.

കുമാരജീവന്റെ പ്രതിമ, കിസിൽ ഗുഹയുടെ മുൻപിലായി സ്ഥാപിച്ചിരിക്കുന്നു. ചൈന

ബുദ്ധസന്ന്യാസി എന്ന നിലയിലും അതോടൊപ്പം ബുദ്ധമതപണ്ഡിതനെന്ന നിലയിലും കുമാരജീവന്റെ പ്രശസ്‌തി ഭാരതത്തിനകത്തും പുറത്തും വ്യാപിച്ചു. ചൈനയിലെ ഭരണാധികാരികൾ 379-ൽ കുമാരജീവനെ ചൈനയിലെത്തിക്കാനുള്ള ശ്രമം നടത്തി. 384-ൽ ചിൻ രാജവംശത്തിലെ ഫൂചിയൻ ചക്രവർത്തി കുമാരജീവനെ തന്റെ സദസ്സിൽ അംഗമാക്കുവാനായി കൂചി കീഴടക്കി അദ്ദേഹത്തെ എത്തിക്കാനായി ലൂക്വാങ്‌ എന്ന ജനറലിന്റെ നേതൃത്വത്തിൽ സൈന്യത്തെ തന്നെ ഏർപ്പെടുത്തി. എന്നാൽ കുമാരജീവനെ കീഴടക്കിയ ലൂക്വാങ് അദ്ദേഹത്തെ തന്റെ അധീനതയിലുള്ള പടിഞ്ഞാറൻ ചൈനയിലെ ഒരു നിയന്ത്രണ വിധേയനായ ഒരു ഉദ്യോഗസ്ഥനാക്കി മാറ്റി. ഈ കാലത്താണ് കുമാരജീവൻ ചൈനീസ് ഭാഷയിൽ പ്രാവീണ്യം നേടിയത്. കൂടാതെ സംസ്കൃതത്തിലും മറ്റ് 16 ഏഷ്യൻ ഭാഷയിലും ഇദ്ദേഹത്തിനു പ്രാവീണ്യമുള്ളതായി പറയപ്പെടുന്നു.

കുമാരജീവനെ നിയന്ത്രണത്തിൽ വച്ചിരുന്ന പടിഞ്ഞാറൻ പ്രദേശത്ത് എ.ഡി. 401-ൽ ആക്രമണം ഉണ്ടാകുകയും മോചിതനായ കുമാരജീവനെ ചൈനയിലെ ചക്രവർത്തി രാജകീയ ബഹുമതികളോടെ സ്വീകരിക്കുകയും ചെയ്തു. കൊട്ടാരത്തിൽ താമസിച്ചുകൊണ്ട്‌ കുമാരജീവൻ നിരവധി മഹായാന ഗ്രന്ഥങ്ങൾ ചൈനീസ് ഭാഷയിലേക്ക്‌ മൊഴിമാറ്റം ചെയ്‌തു. മുൻപു തന്നെ മഹായാനധർമ ഗ്രന്ഥങ്ങൾക്ക് ചൈനീസ് വിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും കുമാരജീവന്റെ വിവർത്തനങ്ങളാണ്‌ ആധികാരികസ്വഭാവമുള്ളവയും മൂലത്തോടടുത്തുനിൽക്കുന്നവയുമായി വിലയിരുത്തപ്പെടുന്നത്.

ബുദ്ധമത പണ്ഡിതരും നൂറുകണക്കിന്‌ ഭിക്ഷുക്കളും നിറഞ്ഞ സദസ്സിൽ വച്ചാണ് കുമാരജീവൻ പരിഭാഷകൾ നടത്തിയിരുന്നത്‌. പരിഭാഷ പറഞ്ഞുകൊടുത്തുകൊണ്ടിരിക്കുമ്പോൾ തന്നെ അതുമായി ബന്ധപ്പെട്ട് സദസ്സിൽ നിന്നുണ്ടാവുന്ന ചോദ്യങ്ങൾക്ക്‌ കുമാരജീവൻ മറുപടി നല്‌കിയിരുന്നു. സത്യസിദ്ധിശാസ്‌ത്രം, സദ്‌ധർമപുണ്ഡരീകം തുടങ്ങിയ മഹായാനത്തിലെ അടിസ്ഥാനഗ്രന്ഥങ്ങളും വിമല കീർത്തിനിർദ്ദേശസൂത്രത്തിന്‌ രചിച്ച ഭാഷ്യവും കുമാരജീവന്റെ കൃതികളിൽ പ്രധാനപ്പെട്ടവയാണ്‌. കുമാരജീവന്റെ പരിഭാഷകളും പ്രഭാഷണങ്ങളും മഹായാന ബുദ്ധമതം പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

കുമാരജീവനെ ചക്രവർത്തി എല്ലാവിധ സുഖസൗകര്യങ്ങളും നല്‌കിയാണ്‌ താമസിപ്പിച്ചിരുന്നത്‌. പ്രതിഭാശാലിയായ കുമാരജീവന് അനന്തര തലമുറയില്ലാതെ വരരുതെന്ന ഉദ്ദേശ്യത്തോടെ ബ്രഹ്മചര്യം ലംഘിക്കുവാൻ ചക്രവർത്തി നിർബന്ധിച്ചെന്നും ബുദ്ധഭിഷുവായിരുന്ന കുമ്മാരജീവന് ഇക്കാര്യത്തിൽ വളരെയധികം കുണ്‌ഠിതമുണ്ടായിരുന്നെങ്കിലും നിർദ്ദേശത്തെ മാനിച്ച്‌ തന്റെ സന്ന്യാസം ഉപേക്ഷിച്ച്‌ വിവാഹിതനായിത്തീർന്നു എന്നും ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.

കുമാരജീവന്റെ മരണവർഷത്തെ പറ്റി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. എ.ഡി. 409 സെപ്‌റ്റംബർ 15-നു കുമാരജീവൻ അന്തരിച്ചതായി കാ ഓ സെങ്‌ ചുവാൻ രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ മരിച്ചത്‌ 413 മേയ്‌ 28-ന്‌ ആണെന്നാണ്‌ മറ്റു ചിലരുടെ അഭിപ്രായം.

അവലംബം[തിരുത്തുക]

  1. "കുമാരജീവൻ". http://www.sutrasmantras.info/translators.html. Archived from the original on 2016-02-07. Retrieved 7 ഫെബ്രുവരി 2016. {{cite web}}: External link in |website= (help)CS1 maint: bot: original URL status unknown (link)
  2. Pollard, Elizabeth (2015). Worlds Together Worlds Apart. 500 Fifth Ave New York, NY: W.W. Norton Company Inc. p. 287. ISBN 978-0-393-91847-2.{{cite book}}: CS1 maint: location (link)
  3. Upinder Singh, A History of Ancient and Early Medieval India: From the Stone Age to the 12th Century, Pearson Education India (2008), p. 523
  4. Moti Chandra, Trade and Trade Routes in Ancient India, Abhinav Publications (1977), p. 180
  5. David Howard Smith, Chinese Religions From 1000 B.C. to the Present Day, Weidenfeld & Nicolson (1971), p. 115
  • Nattier, Jan. The Heart Sutra: A Chinese Apocryphal Text? Archived 2013-10-29 at the Wayback Machine.. Journal of the International Association of Buddhist Studies Vol. 15 (2), 153-223 (1992).
  • Puri, B. N. Buddhism in Central Asia, Motilal Banarsidass Publishers Private Limited, Delhi, 1987 (2000 reprint)
  •  This article incorporates text from The Chinese recorder and missionary journal, Volume 3, a publication from 1871 now in the public domain in the United States.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുമാരജീവൻ&oldid=3970116" എന്ന താളിൽനിന്ന് ശേഖരിച്ചത്