കുന്നന്താനം പടയണി
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കുന്നന്താനം മഠത്തിൽക്കാവു ദേവീക്ഷേത്രത്തിൽ നടക്കുന്ന അനുഷ്ഠാനകലയാണ് കുന്നന്താനം പടയണി.
പടയണി
[തിരുത്തുക]മേടം ഒന്നിനു ചൂട്ടുവച്ച് അഞ്ചിനു അടവിയും ചൂരളടവിയും നടത്തി ഏഴിനു വലിയപടയണി എന്ന ക്രമത്തിലാണ്. ദേവതയക്ഷിക്കോലവും അംബരയക്ഷിക്കോലവും വിശേഷാലാണ്. ആര്യങ്കാലയിൽ കളരിയിൽനിന്ന് രാത്രി എട്ടിന് എടുത്തുവരവ് ഘോഷയാത്രയോടെയാണ് തുടക്കം. എട്ടരയ്ക്ക് ക്ഷേത്രത്തിൽ വന്നുചേരും. പുലവൃത്തം കഴിഞ്ഞ് ഗണപതിക്കോലം കളത്തിലെത്തും. അടുത്തതായി നൂറ്റൊന്ന് പാളയിൽ തീർത്ത ഭൈരവി കാപ്പൊലിച്ച് കളം നിറയും. പിന്നാലെ യക്ഷി, അരക്കിയക്ഷി, പക്ഷി, മറുത, മാടൻ എല്ലാം ഊഴമിട്ടെത്തും. മാർക്കണ്ഡേയപുരാണം ഇതിവൃത്തമാക്കിയ കാലങ്കോലമാണ് ചടുലതയിലും ചുവടുകളിലും മുന്നിൽ. ലതയിലെഴുതിയ മംഗളഭൈരവി വന്ന് കുറ്റങ്ങളെല്ലാം പൊറുത്ത് അനുഗ്രഹിക്ക ഭഗവതിയേ എന്ന് ചൊല്ലി മറയുന്നതോടെ പടയണി പൂർണമാവുകയായി. ഗോത്രകലാപീഠമാണ് മഠത്തിൽക്കാവിൽ പടയണി കാഴ്ചവയ്ക്കുക.[1]
മറ്റുകരകളിൽനിന്ന് വ്യത്യസ്തമായി പഞ്ചപിശാചുക്കളാണ് ഗണപതിക്കോലം തുള്ളി ആദ്യം കളത്തിലത്തെുന്നത്. മഠത്തിൽക്കാവിലമ്മയുടെ കോലമായ ദേവതയും അംബര യക്ഷികളും കലമാടൻ കോലവും കുന്നന്താനം കരപടയണിയുടെ പ്രത്യേകതകളാണ്. കാളതുള്ളലോടുകൂടിയ എടുത്തുവരവ്, തപ്പുമേളം, പുലവൃത്തം, പഞ്ചപിശാചുകൾ, അരക്കുതിര, വലിയ ഭൈരവി, പരദേശി, അന്തരയക്ഷി, ദേവത, പക്ഷി, ഗർക്കരക്കൂട്ടം, അരക്കിയക്ഷി, നിണ ഭൈരവി, ചട്ടത്തോൽ യക്ഷി, കാക്കാലൻ, കാലമാടൻ, കരിമറുത, കൂട്ടമറുത, കാലൻ കോലം, മംഗളഭൈരവി എന്ന ക്രമത്തിൽ പുരോഗമിക്കുന്നതാണു ഇവിടുത്തെ പടയണി.[2]
അവലംബം
[തിരുത്തുക]- ↑ "കുന്നന്താനം പടയണി ഇന്ന്". Newspaper (in ഇംഗ്ലീഷ്). 20 ഏപ്രിൽ 2023.
- ↑ ഡെസ്ക്, വെബ് (19 ഏപ്രിൽ 2016). "കുന്നന്താനം പടയണി നാളെ | Madhyamam". www.madhyamam.com.