കുന്ദലത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുന്ദലത
കർത്താവ് അപ്പു നെടുങ്ങാടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
സാഹിത്യവിഭാഗം നോവൽ
പ്രസാധകർ വിദ്യാവിലാസം അച്ചുകൂടം, കോഴിക്കോട്
പ്രസിദ്ധീകരിച്ച വർഷം 1887
അച്ചടി മാധ്യമം Print (Hardback & Paperback)
ഐ.എസ്.ബി.എൻ. NA
Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കുന്ദലത എന്ന താളിലുണ്ട്.

മലയാളനോവലിന്റെ പൂർവ്വരൂപങ്ങളിൽ സുപ്രധാനസ്ഥാനം വഹിക്കുന്ന കൃതിയാണ് അപ്പു നെടുങ്ങാടിയുടെ കുന്ദലത. 1887 [1]ഒക്ടോബറിൽ കോഴിക്കോട്ടെ വിദ്യാവിലാസം അച്ചുകൂടത്തിൽനിന്നാണ് കുന്ദലത പ്രസിദ്ധീകരിക്കുന്നത്. ‘ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങൾക്കും പ്രത്യേകിച്ച് പിടിപ്പതു പണിയില്ലാത്തതിനാൽ നേരം പോകാതെ ബുദ്ധിമുട്ടുന്നവരായ സ്ത്രീകൾക്കും ദോഷരഹിതമായ ഒരു വിനോദത്തിന്നു ഹേതുവായിത്തീരുക’ എന്നതാണ് ഗ്രന്ഥത്തിന്റെ ഉദ്ദേശ്യമെന്ന് മുഖവുരയിൽ പറയുന്നു.

ഇതിവൃത്തം[തിരുത്തുക]

കുന്ദലത - ഒരു ഗദ്യറൊമാൻസ്[തിരുത്തുക]

കേരളവർമ്മ, ഭാഷാചരിത്രകാരനായ പി. ഗോവിന്ദപ്പിള്ള, മൂർക്കോത്ത് കുമാരൻ, എം.പി. പോൾ, ഉള്ളൂർ തുടങ്ങിയവർ മലയാളത്തിലെ ആദ്യത്തെ നോവലായി കുന്ദലതയെ പരിഗണിക്കുന്നു. എന്നാൽ ‘പരിണാമഗുപ്തി’ ഒഴികെ നോവലിനെ വ്യാവർത്തിപ്പിക്കുന്ന ഗുണങ്ങളൊന്നും കുന്ദലതയിലില്ലെന്ന് എം.പി. പോൾ വ്യക്തമാക്കിയിട്ടുണ്ട്. പരിണാമഗുപ്തി നോവലിന്റെ അവശ്യഗുണവുമല്ല.

റൊമാൻസ് എന്ന കഥാ‍ശാഖയിൽപ്പെടുന്ന കൃതിയാണ് കുന്ദലത. നോവലിന്റെ അടിസ്ഥാനസവിശേഷതയായ കാലദേശാധിഷ്ഠിതമായ ജീവിതചിത്രീകരണം കുന്ദലതയിലില്ല. ഏതുകാലം, ഏതു ദേശം എന്ന ചോദ്യം കുന്ദലതയെ സംബന്ധിച്ച് അപ്രസക്തമാണ്. കഥയിലെ കലിംഗം, കുന്തളം എന്നീ ദേശനാമങ്ങൾക്ക് പഴയ രാജ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. നിശ്ചിതസ്ഥലകാലങ്ങളെ കുറിക്കുന്നില്ലെങ്കിലും പഴമയുടെ ഗന്ധം ഉണ്ടായിരിക്കുക എന്നത് റൊമാൻസുകളുടെ പ്രത്യേകതയാണ്. ഇതിവൃത്തം, പാത്രസൃഷ്ടി, സംഭവങ്ങൾ, പശ്ചാത്തലം, വർണ്ണന, സംഭാഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാംറൊമാൻസിന്റെ സ്വഭാവമാണ് കുന്ദലത പിന്തുടരുന്നത്. മൃഗയ, യുദ്ധം, ഉന്നതകുലജാതരുടെ പ്രണയം എന്നിവയാണ് കുന്ദലതയിൽ പരാമർശിക്കുന്നത്. ശ്ലോകങ്ങളും സംസ്കൃതപദങ്ങളും ഇടകലർത്തിയ ലളിതമായ മണിപ്രവാളഭാഷയിലാണ് കുന്ദലത എഴുതിയിട്ടുള്ളത്. കൃത്രിമമായ ഭാഷയും നിർജ്ജീവമായ സംഭാഷണങ്ങളും കൃതിയെ റൊമാൻസിനോട് ബന്ധിപ്പിക്കുന്നു.

കടപ്പാടുകൾ[തിരുത്തുക]

ഷേക്സ്പിയറുടെ സിംബലിൻ നാടകത്തോടും വാൾട്ടർ സ്കോട്ടിന്റെ ഐവാൻ‌ഹോയോടും കുന്ദലതയ്ക്കുള്ള കടപ്പാട് എം.പി. പോൾ വ്യക്തമാക്കിയിട്ടുണ്ട്[2] [3]. ഇതിവൃത്തത്തിലും കഥാപാത്രങ്ങളിലും സിംബലിനോടുള്ള സാമ്യം പ്രകടമാണ്. കുന്ദലതയുടെ ആത്മഗതം ഐവാൻ‌‌ഹോയുടെ റബേക്കയുടേതിനോടുള്ള ബന്ധം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രഘുവംശത്തിലെ ദിലീപവർണ്ണനയോട് ഇതിലെ യോഗീശ്വരവർണ്ണനയ്ക്കുള്ള ബന്ധവും ശ്രദ്ധേയമാണ്[4].

സ്വീകാര്യത[തിരുത്തുക]

കുന്ദലത യുക്തിബദ്ധത, പ്രമേയവൈപുല്യം ഇവയിൽ ഏറെക്കുറേ വിജയിക്കുന്ന കൃതിയാണ്. കാര്യകാരണബദ്ധമായ ഇതിവൃത്തവും പരിണാമഗുപ്തിയും കുന്ദലതയുടെ സവിശേഷതയാണ്. പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകം കേരളവർമ്മ കേരളപത്രികയിൽ കുന്ദലതയെ പ്രശംസിച്ച് എഴുതുകയുണ്ടായി. തുടർന്ന് നിരവധി പേരുടെ പ്രശംസകൾ കുന്ദലതയ്ക്കുണ്ടായി. വിദ്യാവിനോദിനിയിൽ സി.പി. അച്യുതമേനോൻ കുന്ദലതയെക്കുറിച്ച് മണ്ഡനനിരൂപണം എഴുതി. തിരു-കൊച്ചി മലബാർ ഭാഗങ്ങളിലെ സ്കൂളുകളിൽ കുന്ദലത പാഠപുസ്തകമായി.

ഇത് കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. എം. ടി. വാസുദേവൻ നായർ
  2. പോൾ, എം.പി. (1958). നോവൽസാഹിത്യം. 
  3. ജോർജ്ജ്, ഇരുമ്പയം (1981). ഉപാസിക്കുന്നു ദുഃഖത്തെ ഞാൻ. സാഹിത്യപ്രവർത്തക സഹകരണസംഘം. p. 81-85.  താരതമ്യപഠനം കാണുക
  4. ജോർജ്ജ്, ഇരുമ്പയം (1984). മലയാളനോവൽ പത്തൊൻപതാംനൂറ്റാണ്ടിൽ‍. സാഹിത്യപ്രവർത്തക സഹകരണസംഘം. p. 63-68. 
"https://ml.wikipedia.org/w/index.php?title=കുന്ദലത&oldid=1691462" എന്ന താളിൽനിന്നു ശേഖരിച്ചത്