കുന്തകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏ ഡി 925 കാശ്മീരിൽ ജനിച്ചു എന്നു കരുതുന്നു. കുന്തളൻ എന്നും ഇദ്ദേഹത്തെ വിളിക്കാറുണ്ട്. അഭിവനഗുപ്തന്റെ സമകാലികനെന്നു കരുതാവുന്ന കുന്തകൻ (950-1050) ധ്വനികാലത്തിലെ ധ്വനിവിരോധിയായ ഒരു ആലങ്കാരികനാണ്. കവിതയിൽ രസത്തിനുള്ള സ്ഥാനം കുന്തകൻ അംഗീകരിക്കുന്നു. അലൗകികമായി ചമത്ക്കാരം ഉളവാക്കുന്ന ആവിഷ്‌ക്കരണസരണിയാണ് വക്രോക്തി. ഓരോ പ്രബന്ധത്തിനും വ്യക്തിത്വമുണ്ടെന്ന് അദ്ദേഹം കരുതുന്നു. ശാസ്ത്രത്തിൽ കാണാൻ കിട്ടാത്ത ഒരു പ്രത്യേക വൈചിത്ര്യം കാവ്യത്തിൽ ഉളവാകുന്നതാണ് വക്രോക്തി. അലങ്കാര സാമാന്യലക്ഷണമായി കുന്തകൻ വക്രോക്തിയെ ഗണിക്കുന്നു.

വർണവിന്യാസം, പ്രത്യയം, വാക്യം, പ്രകരണം, പ്രബന്ധം എന്നിങ്ങനെ പലതിലും വരാവുന്ന വക്രോക്തി, കാവ്യത്തിനു ചാരുത്വഹേതുവാണ്. കാളിദാസാദികളുടെ കൃതികളിൽനിന്നും യഥേഷ്ടം ഉദ്ധരിച്ച് സ്വാഭിപ്രായം സമർഥിക്കുന്നതിനും കുന്തകൻ വിട്ടുപോയിട്ടില്ല. സാമാന്യജനങ്ങളുടെ ഭാഷയിൽ നിന്നും കവികളുടെ ഭാഷ വേർതിരിക്കപ്പെടുന്നത് വക്രോക്തിയുടെ സമാശ്ലേഷംകൊണ്ടാണെന്നും വക്രത കൂടാത്ത ഭാഷ, ശാസ്ത്രത്തിനേ പറ്റുകയുള്ളു എന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കാവ്യത്തിന്റെ സൗന്ദര്യം എങ്ങനെ ആസ്വദിക്കണം എന്ന കാര്യത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ അഭിപ്രായം വക്രോക്തിജീവിതത്തിൽ നിന്നും വ്യക്തമായി മനസ്സിലാക്കാം.

വക്രോക്തി ജീവിതം[തിരുത്തുക]

കുന്തകൻ എഴുതിയ കാവ്യമീമാംസഗ്രന്ഥമാണ് വക്രോക്തി ജീവിതം. വക്രോക്തി എന്നതു ഭാമഹാഭിപ്രായത്തിൽ, അതിശയോക്തിമയമായ അലങ്കാരസാമാന്യം മാത്രമാണ്. അതിനെ വളരെ വിപുലമായ അർഥത്തിൽ വ്യാഖ്യാനിച്ച് കാവ്യത്തിന്റെ ഉപസ്കാര്യമായ അംശമായി കുന്തകൻ പ്രകാശിപ്പിച്ചിട്ടുണ്ട്. ധ്വനിയെ ഇദ്ദേഹം കാണായ്കയല്ല, വക്രോക്തിയിൽ അന്തർഭവിപ്പിച്ചു എന്നുമാത്രം. ധ്വനിസിദ്ധാന്തം കാവ്യത്തെ ഭാവപക്ഷത്തിൽനിന്നുകൊണ്ടു സമീപിച്ചു എങ്കിൽ കുന്തകന്റെ വക്രോക്തിവിവേചനം അതിനെ കലാപക്ഷത്തുനിന്നുകൊണ്ടു സമീപിച്ചു. കുന്തകന്റെ വക്രോക്തി അപൂർവമായ ഒരു കാവ്യധർമമാണ്; അനുപ്രാസം, ഉപമ, രൂപകം മുതലായവയെപ്പോലെ സാധാരണകോടിയിൽപ്പെട്ട ഒരു അലങ്കാരം മാത്രമല്ല കാവ്യസൗന്ദര്യം ജനിപ്പിക്കുന്നതിന് അപൂർവമായ സാമർഥ്യം അതിനുണ്ട്.


അവലംബം[തിരുത്തുക]

ഭാരതീയകാവ്യശാസ്ത്രം-ഡോ ടി ഭാസ്‌ക്കരൻ കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ട്

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കുന്തകൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കുന്തകൻ&oldid=1392144" എന്ന താളിൽനിന്ന് ശേഖരിച്ചത്