കുനാൽ ബസു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുനാൽ ബസു
ജനനം (1956-05-04) 4 മേയ് 1956  (67 വയസ്സ്)
കൽക്കട്ട , പശ്ചിമ ബംഗാൾ
തൊഴിൽസെയ്ദ് ബിസിനസ് സ്കൂളിലെ മാർക്കറ്റിങ്ങ് വിഭാഗത്തിലെ സർവകലാശാലാ റീഡർ, ഓക്സ്ഫോർഡ് സർവകലാശാല
പങ്കാളിസുസ്മിത ബസു
വെബ്സൈറ്റ്
http://www.kunalbasu.com

ഇന്ത്യൻ എഴുത്തുകാരനായ കുനാൽ ബസു, ദി ഓപ്പിയം ക്ലെർക്ക് (2001) , ദി മിനിയേച്ചറിസ്റ്റ് ( 2003) , റേസിസ്റ്റ് (2006) , ദി യെല്ലോ എംപറേർസ് ക്യൂർ (2011) എന്നീ ഇംഗ്ലീഷ് നോവലുകളുടെ രചയിതാവാണ്. ദി ജാപ്പനീസ് വൈഫ് ‌എന്ന ഇദ്ദേഹത്തിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ൯ ചലച്ചിത്ര സംവിധായക അപർണ്ണ സെൻ 2011ൽ പുറത്തിറക്കിയ‌ ദ ജാപ്പനീസ് വൈഫ് എന്ന ചലച്ചിത്രം.

ജീവചരിത്രം[തിരുത്തുക]

സാഹിത്യകാരനും പ്രസാധകനും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല അംഗവുമായിരുന്ന സുനിൽ കുമാർ ബസുവിന്റെയും എഴുത്തുകാരിയും അഭിനേത്രിയും ആയിരുന്ന ചാർബി ബസുവിന്റെയും പുത്രനായിട്ടായിരുന്ന1956 മേയ് നാലിന് കൊൽക്കത്തയിൽ കുനാൽ ബസുവിന്റെ ജനനം. മാതാപിതാക്കൾ വിശാല ചിന്തഗതിക്കാരയതിനാൽ അദ്ദേഹത്തിന് ബാല്യകാലം മുതലേ സാഹിത്യത്തോടും കലയോടും കൂടുതലിടപഴകാൻ അവസരം ലഭിച്ചിരുന്നു . കൊൽക്കത്തയിലെ സൗത്ത് പോയിന്റ്‌ ഹൈസ്കൂളിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം, ജാദവ്പൂർ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽൽ ബിരുദവും ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി . 1982 ൽ യു എസ്സിൽ വീണ്ടും തിരിച്ചെത്തിയതിനു ശേഷം ഫ്ലോറിഡ സർവകലാശാലയുൽ നിന്ന് ഡോക്ടറേറ്റും നേടി . പരസ്യ നിർമ്മാണ ഏജൻസിയിലും സ്വതന്ത്രപത്ര പ്രവർത്തനത്തിലും ചലച്ചിത്രനിർമ്മാണത്തിലും ജോലി നോക്കിയിരുന്ന കുനാൽ ബസു പതിനാറു മാസക്കാലം ജാദവ്പൂർ സർവ്വകലാശാലയിൽ അധ്യാപകനുമായിരുന്നു . 1982 ലായിരുന്നു സുസ്മിതയുമായിട്ടുള്ള അദ്ദേഹത്തിന്റെ വിവാഹം. അപരാജിത എന്നാണു മകളുടെ പേര് . ഡോക്ടറേറ്റ് ലഭിച്ചതിനുശേഷം 1986 മുതൽ 1999 വരെ കാനഡയിലെ മക്ഗിൽ സർവ്വകലാശാലയിൽ അദ്ദേഹം അധ്യാപകസ്ഥാനം വഹിച്ചിരുന്നു. ഈ കാലയളവിൽ കുനാൽ ബസു എൻജിനിയറിങ്ങ് ശാഖയിൽ നിന്നും മാനേജ്മെന്റ് ശാഖയിലേക്ക് തിരിഞ്ഞിരുന്നു . 1999 മുതൽ ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ കീഴിലുള്ള സയ്ദ് ബിസിനസ് സ്കൂൾ (Said Business school) ൽ അധ്യാപകനായി പ്രവർത്തിച്ചു തുടങ്ങി. ഫാസ്റ്റ് കമ്പനി (Fast Company) , എം ഐ ടി സ്ലൊവാൻ മാനേജ്മെന്റ് റിവ്യൂ( MIT Sloan Management Review) തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം സാമ്പത്തിക ലേഖനങ്ങൾ എഴുതിയിരുന്നു [1].

സ്വാധീനവും പ്രമേയങ്ങളും[തിരുത്തുക]

ചരിത്ര നോവലുകൾ എഴുതുന്ന വളരെ ചുരുക്കം എഴുത്തുകാരിലൊരാളാണ് കുനാൽ ബസു. ഈ എഴുത്തിനുപിന്നിൽ ചരിത്രത്തോടുള്ള താല്പര്യത്തിനോടൊപ്പം ഇഷ്ട നോവലിസ്റ്റായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ സ്വാധീനവും ഉണ്ടായിരുന്നു . ചരിത്രത്തിന്റെ അനന്ത കാൽപനിക സാധ്യതകളും വായനക്കാർക്ക് അപരിചിതമായ സ്ഥലകാലങ്ങൾ അനുഭവവേദ്യമാക്കി കൊടുക്കാനുള്ള സാധ്യതയുമാണ്‌ അദ്ദേഹത്തെ ഈ വിഭാഗം നോവലുകളിലേക്ക് ആകർഷിച്ചതിന്റെ പ്രധാന കാരണം. ഇന്ത്യൻ നോവലുകളിൽ ‘കറുപ്പ് വ്യാപാരം’എന്ന വിഷയം ആദ്യമായി കൊണ്ടുവന്ന എഴുത്തുകാരനായിരുന്നു കുനാൽ ബസു. ബ്രിട്ടീഷ് അധിനിവേശ ചരിത്രത്തിന്റെ ഭാഗമായ ഈ വിഷയം ഇന്നത്തെ ബ്രിട്ടീഷ് പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.പണ്ടു നിലനിന്നിരുന്ന മുഗൾ സാമ്രാജ്യത്തെ പുനർജ്ജീവിപ്പിക്കാൻ ഇദ്ദേഹത്തിന്റെ ‘ദി മിനിയെച്ചറിസ്റ്റ്’എന്ന ഇംഗ്ലീഷ് നോവലിന് സാധിച്ചിട്ടുണ്ട് . മുഗൾ ചരിത്രത്തോടുള്ള അതിയായ അഭിനിവേശവും ആഗ്ര,ഫതെഹ്പുർ സിക്രി എന്നീ സ്ഥലങ്ങളിലേക്കുള്ള പല യാത്രകളും 16-ാം നൂറ്റാണ്ട് കാലഘട്ടം വീണ്ടും സൃഷ്ടിക്കാൻ ബസുവിനെ സഹായിച്ചു. ഒരു ഇന്ത്യൻ കഥാപാത്രങ്ങളുമില്ലെന്ന സവിശേഷതയുള്ളതായിരുന്നു അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവലായ റേസിസ്റ്റ് വെള്ളക്കാരനല്ലാത്ത എഴുത്തുകാരനാൽ എഴുതപ്പെട്ട ആദ്യത്തെ വിക്ടോറിയൻ നോവൽ ആയിരുന്നു ഇത് . ഈ നോവൽ ക്രോസ് വേർ‍ഡ് ബുക്ക് അവാർഡിനു വേണ്ടി നാമനിർദ്ദേശിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ രചനകളിൽ ആഴമേറിയ ആത്മകഥാ സ്പർശമുണ്ടെന്നും 19ാം നൂറ്റാണ്ടിലെ യംങ്ങ് ബംഗാൾ പ്രസ്ഥാനത്തിന്റെ അംഗമായ മഹിം എന്നാ കഥാപാത്രം തന്റെ വ്യക്തിത്വത്തിനോട് ഏറെ അടുത്ത് നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് [2] .

ഗ്രന്ഥസൂചി[തിരുത്തുക]

നോവലുകൾ[തിരുത്തുക]

  • ദി ഒപ്പിയം ക്ലാർക്ക് ( 2001)

19ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കറുപ്പ് വ്യാപാരത്തിന്റെ കാണാക്കയങ്ങളിലേക്ക് വായനക്കാരെ എത്തിക്കുന്നതാണ് കുനാൽ ബസുവിന്റെ ആദ്യ നോവലായ ദി ഒപ്പിയം ക്ലാർക്ക് . 1857 ൽ നടന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെയുള്ള സൈനിക കലാപത്തിൽ പിതാവ് മരണമടഞ്ഞ അതേ ദിവസമാണ് നോവലിലെ പ്രധാന കഥാപാത്രമായ ഹിരണിന്റെ ജനനം.ഹസ്തരേഖാ ശാസ്ത്രത്തിൽ അപാരമായ അന്തർ ജ്ഞാന നൈപുണ്യമുള്ള വ്യക്തിയാണ് ഹിരൺ. ഭാഗ്യം ഹിരണിനെ ആ ലേലപ്പുരയിലെ ജോലിക്കാരനാകുമ്പോൾ അവനു ഏതോ നിഗൂഢമായ കച്ചവടത്തിൽ ആഴ്ന്നിറങ്ങുന്ന അനുഭൂതിയായിരുന്നു . അതിലുമുപരി പരമ ദുഷ്ടനും കുപ്രസിദ്ധനുമായ അവന്റെ മേലുദ്യോഗസ്ഥൻ ജോനാഥൻ കാബ്രെയുടെയും കറുപ്പിനടിമയായ അയാളുടെ സഹധർമ്മിണിയുടെയും വ്യവഹാരത്തിലേക്കുള്ള കൂടിക്കലരലും. വിപ്ലവത്തിലേക്കും യുദ്ധത്തിലേക്കും പ്രണയത്തിലേക്കും വിരഹത്തിലേക്കും മുഖത്ത് പ്രഹരിക്കുന്ന തിരമാലകളിലേക്കും തട്ടിപ്പുകളിലേക്കും വലിച്ചിഴക്കപ്പെടുന്ന ഒരു അനുരൂപനായ നായകനാണ് ഹിരൺ .

  • ദി മിനിയേച്ചറിസ്റ്റ് ( 2003)

16ാം നൂറ്റാണ്ടിലെ അക്ബർ ചക്രവർത്തിയുടെ കീഴിലുള്ള മുഗൾ ഭരണകാലത്തെ ചിത്രീകരിക്കുന്നതാണ് കുനാൽ ബസുവിന്റെ രണ്ടാമത്തെ നോവലായ ‘ദി മിനിയേച്ചറിസ്റ്റ്’. അക്ബർ ചക്രവർത്തിയുടെ രാജസദസ്സിലെ പ്രധാന ചിത്രകാരനായ ബിഹ്സാദിയിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്‌ . ചിത്രകലയിൽ അതിയായ പാടവം ചെറുപ്പം മുതലേ പ്രദർശിപ്പിച്ചിരുന്ന ഒരു ബാലനായിരുന്നു ബീഹ്സാദ് .ചിത്രരചനയിലുള്ള ഈ നൈപുണ്യം അവനെ അക്ബറിന്റെ ഫത്തെഹ്പൂർ സിക്രിയിലെ പുതിയ രാജസദസ്സിലെത്തിച്ചു . ബീഹ്സാദിന്റെ രാജസദസ്സിലേക്കുള്ള രംഗപ്രവേശനം മറ്റുള്ളവരിൽ അസൂയ ഉളവാക്കി . അദ്ദേഹം ഒഴിവുവേളകളിൽ വിനോദവൃത്തിക്കായി വരച്ചിരുന്ന ചക്രവർത്തിയുടെ രതിജന്യമായ ചിത്രങ്ങൾ പരസ്യമാക്കാനും അതിനാൽ രാജസദസ്സിൽ നിന്ന് പുറത്താക്കാനും ഈ അസൂയ കാരണമായി .

  • റേസിസ്റ്റ്സ് (2006)

19ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന യൂറോപ്യൻ വർണ്ണ വിവേചനത്തിന്റെ പരിപൂർണ്ണ ചിത്രം വിവരിച്ചിരിക്കുന്ന നോവലാണ്‌ കുനാൽ ബസുവിൻറെ റേസിസ്റ്റ്സ് . വംശീയ വിരോധികളായ ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ബേറ്റ്സും അദ്ദേഹത്തിന്റെ മറുപ്രതിയായ ഫ്രഞ്ച് ശാസ്ത്രജ്ഞൻ ബിലാവോയ്ക്സുമാണ് കഥയിലെ മുഖ്യ കഥാപാത്രങ്ങൾ വംശീയ ശാസ്ത്രത്തിലെ ഒരു ആശയത്തെക്കുറിച്ച് ഇവർ തമ്മിലുണ്ടാകുന്ന വാഗ്വാദം എന്നെന്നേക്കുമായി ഒത്തുതീർക്കാൻ ഇവർ ഇരുവരും ചേർന്ന് നടത്തുന്ന ഒരു ശാസ്ത്രീയ പരീക്ഷണത്തിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്‌. ഇതിനായി പന്ത്രണ്ടു വർഷക്കാലം വിജനമായൊരു ആഫ്രിക്കൻ ദ്വീപിൽ കറുത്ത വർഗക്കാരനായ ഒരാൺകുഞ്ഞിനേയും വെള്ളക്കാരിയായ ഒരു പെൺകുഞ്ഞിനെയും ചെറുപ്പക്കാരിയും മൂകയുമായ ഒരു പരിചാരികയോടൊപ്പം പാർപ്പിച്ചു. ഈ പ്രാകൃതമായ ചുറ്റുപാട് അവരിൽ ജന്മസിദ്ധമായ സ്വഭാവം വികസിപ്പിക്കും [3].

  • ദി യെല്ലോ എമ്പരേഴ്സ് ക്യൂര് (2011)

അപകടകരമായ ഒരു സ്ഥലത്ത് എത്തിപ്പെടുന്നതിന്റെ ഒറ്റപ്പെടലും അസാധ്യമായൊരു പ്രണയവും കൊണ്ട് നെയ്തെടുത്ത കഥയാണ് ദി യെല്ലോ എമ്പരേഴ്സ് ക്യൂര് . പിതാവിന്റെ മാരകമായ സിഫിലിസ് രോഗം ഭേദമാക്കാനുള്ള മരുന്ന് അന്വേഷിച്ച് ചൈനയിലേക്ക് പുറപ്പെടുന്ന സർജൻ അന്റോണിയോ മരിയോയിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത് . പക്ഷെ അവിടെ എത്തിചേർന്നതിനു ശേഷം ഉപേക്ഷിക്കാനാവാത്തവിധം പ്രണയബദ്ധരാവുകയാണ് ഡോക്ടറും ഫ്യൂമി എന്ന കഥാപാത്രവും.

ചെറുകഥാ സമാഹാരങ്ങൾ[തിരുത്തുക]

  • ദി ജാപ്പനീസ് വൈഫ്‌ (2008)

ചെറുകഥാ സമാഹാരത്തിലെ ആദ്യ കഥയുടെ പേരുതന്നെയാണ് സമാഹാരത്തിന്റെ തലക്കെട്ടായി നൽകിയിരിക്കുന്നത്. ഇന്ത്യക്കാരനായൊരാൾ ഒരു ജാപ്പനീസ് യുവതിക്ക് കത്ത് എഴുതുന്നു . അവർ മറുപടി അയക്കുന്നു. കത്തുകളിലൂടെ, അതിലെ അക്ഷരങ്ങളിലൂടെ അവർ പ്രണയിക്കുകയും ഒരിക്കലും നേരിട്ട് കാണാത്ത അവർ ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കുകയും ചെയ്യുന്നു .വാക്കുകളിലൂടെയുള്ള അടുപ്പം ജീവിതത്തിന്റെ അനിർവചനീയമായ വിപ്ലവങ്ങൾക്ക് വഴിയൊരുക്കുന്നു. പന്ത്രണ്ടു കഥകളുടെ സമാഹാരം അപ്രതീക്ഷിതങ്ങളായവയെ ക്കുറിച്ചുള്ളവയാണ്. ആത്മഹത്യ ചെയ്യാനായി ഇന്ത്യയിൽ വന്ന അമേരിക്കൻ പ്രൊഫസർ ഒരു പാമ്പുകളിക്കാരന്റെ മകളുമായി മരുഭൂമിയിലേക്ക് യാത്ര പോകുന്നു . ടിയാനെമ്മെൻ ചത്വരത്തിലെ പ്രക്ഷോഭങ്ങൾക്കിടയിൽ മധുവിധു ആഘോഷിക്കാൻ വന്ന ഇന്ത്യൻ ദമ്പതികൾ അറസ്റ്റിലാകുന്നു .ഒരു റഷ്യൻ വേശ്യ, കൽക്കട്ടയിലെ വിപ്ലവകാരികൾക്കിടയിലാണ് അവളുടെ വേരുകൾ എന്ന് കണ്ടെത്തുന്നു . വെറുപ്പിന്റെ താഴ്‌വരയിൽ ഒറ്റപ്പെട്ടു പോകുന്ന സർവ്വനാശത്തിന്റെ ഇര .

ജാപ്പനീസ് വൈഫ്‌ എന്ന കഥ ചലച്ചിത്ര സംവിധായിക അപർണ്ണ സെൻ വെള്ളിത്തിരയിൽ എത്തിച്ചു.ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ വച്ച് കഥാകാരനുമായി നടന്ന ഒരു സൗഹൃദ സംഭാഷണത്തിനിടയിലാണ് സംവിധായിക ഈ കഥയെ അസാദ്ധ്യമായതും എന്നാൽ മനുഷ്യമനസ്സിനെ മദിക്കാൻ കെൽപ്പുള്ളതുമായ ഒരു പ്രണയ കാവ്യമായി തിരിച്ചറിഞ്ഞത് . അയഥാർത്ഥത്തിൽ വിരിയുന്ന നിഷ്കളങ്കത മുന്നോട്ട് വയ്ക്കുന്ന ദൃശ്യ ഭാഷയുടെ സാധ്യതകളാണ് ഇതിനെ ഒരു ചലച്ചിത്രമാക്കാൻ അവരെ പ്രേരിപ്പിച്ചത് എന്ന് സംവിധായിക ഒരു ചാനൽ ചർച്ചയിൽ പറഞ്ഞിട്ടുണ്ട്. ബസുവിനെ സംബന്ധിച്ചിടത്തോളം ഈ ചലച്ചിത്രം ചലച്ചിത്ര ശാഖയുമായി അദ്ദേഹത്തിന് ഒരു ദീർഘകാല ബന്ധം കെട്ടിപ്പടുക്കാൻ സഹായിക്കുന്നതായിരുന്നു . പിന്നീട് ബസു, മൃണാൾ സെന്നിന്റെ പുനശ്ച , അബാശിശൈ എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ഫുട്ബോൾ(1980), ദി മാജിക്‌ ലൂം(1997) എന്നീ ഹ്രസ്വ ചിത്രങ്ങളുടെ നിർമ്മാണത്തിൽ സഹായിക്കുകയും ചെയ്തു .

അവലംബം[തിരുത്തുക]

  1. Homo Calculus
  2. Kunal Basu official site
  3. Kunal Basu (2006) The Racists, Penguin ISBN 0-14-306225-5
"https://ml.wikipedia.org/w/index.php?title=കുനാൽ_ബസു&oldid=2950373" എന്ന താളിൽനിന്ന് ശേഖരിച്ചത്