കുത്ത് റാത്തീബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇറാഖിലെ വാസ്സിത്തിൽ ജീവിച്ചിരുന്ന സൂഫി യോഗിയും രിഫാഇയ്യ സൂഫി താരിഖയുടെ സ്ഥാപകനുമായ ശൈഖ് അഹമ്മദുൽ കബീർ അൽ-രിഫായിയുടെ പേരിൽ നടത്തപ്പെടുന്ന പ്രതേക റാതീബ് (സ്തോത്ര സദസ്സ്) ആണ് കുത്തു റാത്തീബ് , വെട്ടും കുത്തും റാത്തീബ് എന്ന പേരുകളിൽ കേരളത്തിൽ അറിയപ്പെടുന്നത്. സാധാരണ റാതീബുകളിൽ നിന്നും വ്യത്യസ്തമായി റാത്തീബ് നടത്തുന്നടിന്നിടയിലോ ശേഷമോ ആയുധാഭ്യാസം ഉണ്ടായിരിക്കും.[1]

നെഞ്ചിലും തലയിലും മൊട്ടു സൂചിയോ കത്തിയോ ഉപയോഗിച്ച് കുത്തുക, തീ ചുമക്കുക, കത്തി കാളുന്ന തീ കുണ്ഡത്തിൽ ഇരിക്കുക ,തീ തിന്നുകെടുത്തുക,കത്തി മറിയുന്ന തീകൊണ്ട് കളിക്കുക. ജീവനുള്ള പാമ്പിനെ തിന്നുക, സിംഹങ്ങളെ വാഹനമായി ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ഇത്തരം റാത്തീബുകൾക്കിടയിൽ അരങ്ങേറും . തങ്ങളുടെ ഗുരുവിന്റെ കറാമത്ത് (ആത്മീയ ശക്തി) വെളിപ്പെടുത്താനുള്ള മാർഗ്ഗമായാണ് രിഫായിയുടെ അനുയായികൾ ഇതിനെ കാണുന്നത്.[2] റാത്തീബുകൾക്കു ശേഷം പുണ്യം പ്രതീക്ഷിച്ചു ഭക്ഷണ വിതരണവും നടത്തുക പതിവാണ്

നാവിനു സൂചി കുത്തുക , കത്തിയും വാളും ഉപയോഗിച്ച് മുറിവേൽപ്പിക്കുക്ക തുടങ്ങിയ കൃത്യങ്ങളാണ് സാധാരണ ഗതിയിൽ കേരളത്തിലെ രിഫാഇയ്യ റാത്തീബുകളിൽ കണ്ടുവരുന്നത്. സദസ്സ് പിരിയുന്നതോടു കൂടി അത്തരം മുറിവുകൾ ഉണങ്ങുമെന്നു വിശ്വസിക്കപ്പെടുന്നു. കണ്ണൂരിൽ അറക്കൽ രാജവംശത്തിൻറെ അതിഥിയായി വന്ന രിഫാഇ സൂഫി പ്രമുഖനായിരുന്ന ശൈഖ് മുഹമ്മദ് ഖാസിം വലിയുള്ള യിലൂടെയാണ് ഈ കല കേരളത്തിലെത്തുന്നത് . ശൈഖ് സബ്ഹാൻ വലിയുള്ള എന്ന സൂഫി ഗുരുവിൻറെ നിർദ്ദേശ പ്രകാരമാണ് ഇദ്ദേഹം കണ്ണൂരിൽ എത്തുന്നത് . ഖാസി വലിയുള്ള ഭജനമിരുന്ന പള്ളി ഇന്ന് ഹൈദ്രോസ് പള്ളിയെന്നു അറിയപ്പെടുന്നു . അദ്ദേഹത്തിൽ നിന്നും ഇജാസിയത് (അനുമതി) ലഭിച്ച ദ്വീപ് തങ്ങന്മാർ (ലക്ഷദ്വീപിൽ നിന്നും ഖാസിമിൻറെ ശിഷ്വത്യം സ്വീകരിക്കാൻ വന്ന സൂഫികൾ ) അടക്കമുള്ള ശിഷ്യന്മാർ ദേശാടനം നടത്തിയ നാടുകളിൽ റാത്തീബ് പുരകൾ എന്ന പേരിൽ ചെറിയ സാവിയകൾ (സൂഫി ആശ്രമങ്ങൾ) നിർമ്മിച്ച് റാത്തീബുകൾ അവിടെ വെച്ച് നടത്തി പോന്നു. ഇത്തരത്തിലുള്ള ഒരു റാത്തീബ് പുര ഇന്നും നശിക്കാതെ മാഹിയിലുള്ള അഴിയൂരിൽ ബാക്കി നിൽപ്പുണ്ട്.[3]

പണ്ടുകാലങ്ങളിൽ യുദ്ധത്തിന് പുറപ്പെടുന്ന നാളിലും, മറ്റു യാത്ര വേളകളിലും, മറ്റു ശുഭ കാര്യങ്ങൾക്കായും വീടുകളിലും പള്ളികളിലുംഈ റാത്തീബുകൾ ഒരു ചടങ്ങായി തന്നെ നടത്തിയിരുന്നു. അതിനായി ഭക്ഷണം തയ്യാറാക്കാനായി കോഴി, ആട് എന്നിവയെ നേർച്ചയാക്കി വളർത്തുകയും പതിവായിരുന്നു . മുൻകാലങ്ങളിൽ മാപ്പിള പോരാളികളിൽ പലരും വലിയ തോതിൽ ഈ റാത്തീബ് വീട്ടിൽ നടത്തുകയും സദ്യ വിളമ്പുകയും ചെയ്തത് കാരണം വൈദേശിക ഭരണ കൂടങ്ങൾ ചിലയിടങ്ങളിൽ ഇവയ്ക്കു നിയന്ത്രണമേർപ്പെടുത്തി.[4] പിന്നീട് കാല ക്രമേണ ഈ കല കേരളത്തിൽ ഭാഗികമായി അന്യവത്കരിക്കപ്പെട്ടു. 1950 ഉകൾക്കു ശേഷം മുസ്ലിം വിഭാഗത്തിൽ പരിഷ്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാവുകയും ഇത്തരം ആചാരങ്ങൾ ശോഷിക്കപ്പെടുകയും ചെയ്തു.എന്നിരുന്നാലും എൺപതുകളുടെ അവസാനം വരെ മുസ്ലിം സമൂഹത്തിൽ കുത്തു റാത്തീബ് പോലുള്ള സൂഫി അനുഷ്‌ഠാനങ്ങൾ ഭാഗികമായി നടക്കാറുണ്ടായിരുന്നു. ഇപ്പോഴും പാരമ്പര്യ വാദികൾക്ക് ഭൂരിപക്ഷമുള്ള മേഖലകളിൽ ചെറിയ അളവിൽ ഇവകൾ നടന്നു വരുന്നുണ്ട്. ഇസ്‌ലാമിലെ യാഥാസ്ഥിതികർ ഇതൊരു പുണ്യ പ്രവർത്തിയായി കാണുമ്പോൾ മൗലിക വാദികൾ ഇസ്‌ലാമുമായി ബന്ധമില്ലാത്ത നടപടിയായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ശൈഖ് രിഫായീയുടെ അനുയായികൾക്ക് പുറമെ ശൈഖ് അഹ്മദുബ്നു അൽവാനീയുടെ അനുയായികളും റാത്തീബുകളിൽ ആയുധ പ്രയോഗങ്ങൾ നടത്താറുണ്ട്.സൂഫി സദസ്സുകളിലോ, കാർമ്മികതത്വത്തിലോ മാത്രം അരങ്ങേറിയിരുന്ന ഇത്തരം റാത്തീബുകൾ പ്രദർശനമായി സൂഫികളല്ലാത്തവരും സാർവത്രികമായി ഇപ്പോൾ ചെയ്തു വരുന്നു. ശുദ്ധ ആത്മീയ ജീവിതം നയിക്കുന്നവർ ചെയ്യേണ്ട ഇത്തരം കാര്യങ്ങൾ വ്യക്തി ജീവിതത്തിൽ സൂക്ഷമത പാലിക്കാത്തവർ അനുകരിക്കുന്നതോടു കൂടി അതിലെ ആത്മീയഭാവം കൈമോശം വന്നുവെന്നും ആയതിനാൽ ഇവ ഇപ്പോൾ കേവലം അഭ്യാസ പ്രകടനമായോ, കലാരൂപമായോ മാറിയെന്ന ആക്ഷേപവും നിലനിൽക്കുന്നു.


അവലംബം[തിരുത്തുക]

  1. Followers were also noted to have practiced charming snakes and thrusting iron spikes and glass into their sfn|Trimingham|1998|p=38|Bosworth|1997
  2. (വഫിയ്യാത്തുൽ അഅയാൻ: 1/172)
  3. Vijayalakshmi, M. (1997). Trade and Trading centers in Kerala (800- 1500 A. D). (Unpublished Ph. D Thesis). Department of History, University of Calicut.
  4. രിഫായി റാത്തീബ് ആംഗ്ലോ-മാപ്പിള യുദ്ധം,1921,എ.കെ. കോടൂര്, പേജ്: 26
"https://ml.wikipedia.org/w/index.php?title=കുത്ത്_റാത്തീബ്&oldid=3972662" എന്ന താളിൽനിന്ന് ശേഖരിച്ചത്