കുണാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുണാല മൗര്യൻ
മൗര്യ രാജകുമാരൻ
പദവികൾമൗര്യ രാജകുമാരൻ, തക്ഷശില രാജാവ്
ജന്മസ്ഥലംപാടലീപുത്രം
മുൻ‌ഗാമിഅശോകൻ
പിൻ‌ഗാമിസമ്പ്രതി
രാജ്ഞിറാണി കാഞ്ചനമാല
അനന്തരവകാശികൾസമ്പ്രതി
രാജകൊട്ടാരംമൗര്യസാമ്രാജ്യം
പിതാവ്അശോക ചക്രവർത്തി
മാതാവ്റാണി പത്മാവതി
മതവിശ്വാസംജൈനമതം

കുണാല മൗര്യൻ, മൗര്യ രാജകുമാരൻ, മൗര്യചക്രവർത്തിയായിരുന്ന മഹാനായ അശോകനു റാണി പത്മാവതിയിൽ ജനിച്ച പുത്രൻ. തിളക്കമുള്ള കണ്ണുകൾ ഉള്ളവൻ എന്നർത്ഥത്തിൽ കുണാല എന്നു പേരു കിട്ടി. ഹിന്ദിയിൽ കുണാലയ്ക്ക് കറുത്ത പരുന്ത് എന്നും സംസ്കൃതത്തിൽ താമരയെന്നും അർത്ഥമുണ്ട്. അശോകനു ശേഷം മൗര്യസാമ്രാട്ടാകേണ്ടതായിരുന്നെങ്കിലും അന്ധനായതിനാൽ കുണാലയുടെ പുത്രൻ സമ്പ്രതി മൗര്യ ചക്രവർത്തിയായി.[1]

ജനനം, ആദ്യകാല ജീവിതം[തിരുത്തുക]

മൗര്യ ചക്രവർത്തി അശോകനു റാണി പത്മാവതിയിൽ ജനിച്ച ഏക പുത്രൻ. തിളക്കമുള്ള കണ്ണുകൾ ഉള്ളവൻ എന്നർത്ഥത്തിൽ കുണാൽ എന്നു പേരിട്ടു. കുണാൽ ജനിച്ച് അധികനാൾ കഴിയും മുൻപ് മാതാവ് പത്മാവതി മരിച്ചു. പിന്നീട് കുണാലിന്റെ സംരക്ഷണം മഹാറാണി ദേവിയാണ് (അശോകന്റെ മറ്റൊരു ഭാര്യ) ഏറ്റെടുത്തത്. അശോകൻ തന്റെ പിൻഗാമിയെ കുണാലിൽ കാണുകയും തന്നെ പോലെ പ്രശസ്തനാകുവാനായി വിദ്യാഭ്യാസത്തിനും ആയോധനകലകൾ വശത്താക്കുന്നതിനുമായി ഉജ്ജയിനിലേക്ക് അയച്ചു പഠിപ്പിച്ചു. പിന്നീട് ഉജ്ജയിനിയിൽ നിന്നും തക്ഷശിലയിലേക്ക് രാജാധികാരങ്ങളോടെ അയച്ചു അവിടുത്തെ രാജാവാക്കി അവരോധിച്ചു.

പത്മാവതിയുടെ മരണത്തെ തുടർന്ന് റാണി ദേവിയുടെ കൂടെയായിരുന്നു കുണാൽ തന്റെ ബാല്യകാലം കഴിച്ചുകൂട്ടിയത്. ദേവി ജൈനമത വിശ്വാസിയായിരുന്നു. ദേവിയുടെ രണ്ടുമക്കളും അശോക പ്രേരണയാൽ ബുദ്ധമത വിശ്വാസികളായപ്പോഴും ദേവി ജൈനമതത്തിൽ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ തന്റെ വളർത്തുപുത്രനായ കുണാലിനെ ജൈനമത വിശ്വാസത്തിൽ വളർത്തി. അശോകന്റെ മറ്റു പത്നിമാരും മക്കളും ബുദ്ധമതം സ്വീകരിച്ചപ്പോൽ റാണി ദേവിയും പത്മാവതിയുടെ പുത്രൻ കുണാലും മാത്രമാണ് ജൈനമതം പുന്തുടർന്നു പോന്നിരുന്നത്.

അന്ധനായ കുണാൽ[തിരുത്തുക]

അശോകന്റെ നാലാമത്തെ പത്നിയായിരുന്നു തിഷ്യരക്ഷ. അശോകനുമായി വളരെയേറെ പ്രായ വ്യത്യാസമുണ്ടായിരുന്ന തിഷ്യരക്ഷയ്ക്ക് അശോകന്റെ പുത്രനായ കുണാലിനോട് പ്രേമം തോന്നി. കുണാൽ മാതാവിന്റെ സ്ഥാനം നൽകി ബഹുമാനപൂർവ്വം അതു നിരസിച്ചെങ്കിലും, തുടർച്ചയായി തിഷ്യരക്ഷ കുണാലിനോട് പ്രേമാഭ്യർത്ഥന നടത്തി കൊണ്ടിരുന്നു. കുണാൽ തന്റെ വരുതിക്കു വരുന്നില്ലയെന്നു മനസ്സിലാക്കിയ അവർ കുണാലിനെ ഇല്ലാതാക്കുവാൻ നിശ്ചയിച്ചു. കുണാല ആസമയത്ത് തക്ഷശിലയുടെ രാജാവായിരുന്നു. അശോകനെ കൊണ്ട് തക്ഷശിലയിലേക്ക് ഒരു ദൂത് അയപ്പിക്കുകയും തക്ഷശിലയിലെ വിലയേറിയ രണ്ടു മാണിക്യങ്ങൾ പാടലിപുത്രത്തിലേക്ക് കൊടുത്തയക്കുവാൻ അതിൽ തിഷ്യരക്ഷ എഴുതി ചേർക്കുകയും ചെയ്തു. അശോകൻ ഒപ്പുവെച്ച ദൂത് തക്ഷശിലയിൽ കുണാൽ കൈപ്പറ്റി. രണ്ടു മാണിക്യങ്ങൾ തന്റെ കണ്ണുകളാണന്നു വിജ്ഞാനിയായ കുണാൽ പെട്ടെന്നുതന്നെ മനസ്സിലാക്കി. പിതാവാണ് എഴുതിയത് എന്നു തെറ്റി ധരിച്ച് തന്റെ രണ്ടുകണ്ണുകളും ചൂഴ്ന്നെടുത്ത് പാടലിപുത്രത്തിലേക്ക് അയച്ചുകൊടുത്തു. അങ്ങനെ കുണാല അന്ധനായി. അശോകൻ ഏറെ വിഷമിച്ചു. താൻ അയച്ച ദൂതിലെ മറഞ്ഞിരുന്ന അർത്ഥം അപ്പോഴാണ് അശോകനു മനസ്സിലായത്. കുണാലയെ പാടലിപുത്രത്തിലേക്ക് വിളിപ്പിക്കുകയും പരിഹാരമായി എന്തും ആവശ്യപെടാൻ അനുവദിക്കുകയും ചെയ്തു. കുണാല മൗര്യചക്രവർത്തിപദമാണ് ആവശ്യപ്പെട്ടത്. പക്ഷെ അശോകൻ തന്റെ അന്ധനായ പുത്രന് രാജഭരണം കൈമാറാൻ ഒരുക്കമായിരുന്നില്ല. എന്നാൽ അന്ധനായ കുണാലിന്റെ കഴിവും ഭരണ നൈപുണ്യവും അതിലേറെ രാജഭക്തിയും മനസ്സിലാക്കി അദ്ദേഹത്തിന്റെ പുത്രൻ സമ്പ്രതിയെ അശോകനുശേഷം മൗര്യസാമ്രാജ്യത്തിന്റെ അനന്തരവകാശിയായി പ്രഖ്യാപിച്ചു. അശോകന്റെ മരണസമയത്ത് സമ്പ്രതിയ്ക്കു പ്രായപൂർത്തിയാവാഞ്ഞതിനാൽ അശോകന്റെ മറ്റൊരു പൗത്രൻ ദശരഥ മൗര്യൻ മൗര്യചക്രവർത്തിയായി അവരോധിക്കപ്പെട്ടു. ദശരഥ മൗര്യന്റെ മരണത്തിനു ശേഷം സമ്പ്രതി മൗര്യ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി.

അവലംബം[തിരുത്തുക]

  1. The Legend of King Asoka, A study and translation of the Asokavadana", John Strong, Princeton Library of Asian translations, 1983, ISBN 0-691-01459-0
"https://ml.wikipedia.org/w/index.php?title=കുണാൽ&oldid=2281761" എന്ന താളിൽനിന്ന് ശേഖരിച്ചത്