കുടിയേറ്റം
വികസിതങ്ങളായ സ്ഥലങ്ങളിൽ നിന്നും അവികസിതങ്ങളായ സ്ഥലങ്ങളിലേക്ക് ജനതകളുടെ സംഘടിതമോ അസംഘടിതമോ ആയ ചേക്കേറലാണു കുടിയേറ്റം എന്നറിയപ്പെടുന്നത്. വളരെ പ്രാചീന കാലം മുതലേ ഉള്ളൊരു പ്രതിഭാസമാണിത്. കൃഷിയുടെ വ്യാപനത്തിനും പ്രദേശങ്ങളുടെ സർവ്വതോന്മുഖമായ വികസനത്തിനും സാമ്പത്തികരംഗത്തെ വികസനത്തിനും അതുപോലെ സാമൂഹികവും സാംസ്കാരികവുമായ ഉണർവിനും കുടിയേറ്റങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തിരുവിതാംകൂറിന്റെ പലഭാഗങ്ങളിൽ നിന്നായി കൂട്ടമായും അല്ലാതെയും മലബാറിലേക്കു നടത്തിയ കുടിയേറ്റം കേരളചരിത്രത്തിലെ ഒരു പ്രധാന അധ്യായമാണ്
കുടിയേറ്റം ആദ്യകാലത്ത്[തിരുത്തുക]
ഗോത്രങ്ങളും വർഗങ്ങളും മെച്ചപ്പെട്ട താമസസൗകര്യങ്ങൾക്കും ഭക്ഷണത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ആദ്യകാലം മുതൽക്കേ കുടിയേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആഹാരം, വസ്ത്രം, പാർപ്പിടം എന്ന പ്രാഥമികാവശ്യങ്ങളായിരുന്നു അന്നവരെ അതിനു പ്രേരിപ്പിച്ച ഘടകം. പിന്നീട്, രാഷ്ട്രീയവും വംശീയവും മതപരവുമായ കാരണങ്ങളാലും കുടിയേറ്റങ്ങൾ നടന്നിട്ടുണ്ട്.