കുഞ്ഞിത്തൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ വടക്കേക്കര പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം ആണ് കുഞ്ഞിത്തൈ. പെരിയാർ നദി കുഞ്ഞിത്തൈയുടെ തെക്ക് വശത്ത് കൂടി വന്ന് പടിഞ്ഞാറ് ഭാഗത്ത് കൂടി വടക്ക് മാല്യങ്കര ഭാഗത്തേക്ക് ഒഴുകി പോകുന്നു. പെരിയാറിന്റെ ഒരു കൈവഴി കുഞ്ഞിത്തൈയുടെ വടക്ക് വശത്ത് കൂടി ഒഴുകി പോകുന്നത് മേൽ പറഞ്ഞ പെരിയാറുമായി വടക്ക് പടിഞ്ഞാറേ ഭാഗത്ത് വച്ച് സന്ധിക്കുന്നു. കിഴക്ക് മാച്ചാംതുരുത്ത് പാല്യതുരുത്ത് എന്നീ കരകളും, വടക്ക് ചെട്ടിക്കാട്, വാവക്കാട് എന്നീ കരകളും, പടിഞ്ഞാറ് പള്ളിപ്പുറം എന്ന കരയും തെക്ക് പട്ടണം എന്ന കരയും ആണ് കുഞ്ഞിത്തൈയുടെ അതിർത്തികൾ. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളാണ് ഭൂരിഭാഗം ആളുകളും ചെയ്യുന്നത്. ഫിഷിംഗ് ബോട്ട് നിർമ്മാണ മേഖലയിൽ കുഞ്ഞിത്തൈ ഗണ്യമായ സംഭാവനവകൾ നൽകി പോരുന്നു. മുപ്പതോളം ബോട്ട് നിർമ്മാണ ശാലകൾ കുഞ്ഞിത്തൈയിൽ സ്ഥിതി ചെയ്യുന്നു. ഏകദേശം രണ്ടായിരത്തോളം ആളുകൾ ഈ മുപ്പത് ബോട്ട് നിർമ്മാണശാലകളിലായി ജോലി ചെയ്യുന്നുണ്ട് എന്നാണു ഏകദേശ കണക്ക്.

നാനാ ജാതി മതസ്ഥർ തിങ്ങിക്കഴിയുന്ന പ്രദേശം ആണ് കുഞ്ഞിത്തൈ. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീംങ്ങളും ജാതിഭേദങ്ങൾ ഇല്ലാതെ സഹോദരങ്ങളെ പോലെ കഴിയുന്ന ഒരു പ്രദേശം. എസ് എൻ എൽ പി സ്കൂൾ, ആംഗ്ലോ ഇന്ത്യൻ എൽ പി സ്കൂൾ എന്നിങ്ങനെ രണ്ടു സ്കൂളുകളും ഇവിടെ സ്ഥിതി ചെയ്യുന്നു. ഏകദേശം രണ്ടായിരത്തോളം ഭവനങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു.

സെ. ഫ്രാൻസിസ് സേവ്യാർ ചർച്ച്, ശ്രീ ബാല സുബ്രഹ്മണ്യ ക്ഷേത്രം, കുഞ്ഞിത്തൈ ജുമാ മസ്ജിദ് എന്നിവ ഇവിടത്തെ പ്രധാന ആരാധനാലയങ്ങൾ ആണ്.

1341 മുസരിസ് പ്രദേശത്തുണ്ടായ ശക്തമായ സുനാമിയുമായി ബന്ധപ്പെട്ട് രൂപം കൊണ്ട പ്രദേശങ്ങളിൽ ഒന്നാണ് കുഞ്ഞിത്തെ എന്ന പ്രദേശവും. ആ കാലത്ത് തന്നെ വളർന്നു വരുന്ന തൈയുടെ വലിപ്പവുമായി ബന്ധപ്പെട്ട് ഈ നാട് കുഞ്ഞിത്തൈ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

"https://ml.wikipedia.org/w/index.php?title=കുഞ്ഞിത്തൈ&oldid=3274406" എന്ന താളിൽനിന്ന് ശേഖരിച്ചത്