കിത്തൂർ റാണി ചെന്നമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കിത്തൂർ റാണി ചെന്നമ്മ
Kittur Chenamma.jpg
Statue of kittur chenamma near town hall
ജനനം(1778-10-23)23 ഒക്ടോബർ 1778
മരണം21 ഫെബ്രുവരി 1829(1829-02-21) (പ്രായം 50)
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര സമര സേനാനി

കിത്തൂരിലെ (ഇപ്പോൾ കർണാടക)റാണിയായിരുന്നു കിത്തൂർ റാണി ചെന്നമ്മ. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കലാപം നയിച്ചു.1829ൽ ചെന്നമ്മയെ അറസ്റ്റ് ചെയ്ത് തടവിലാക്കി. കമ്പനിക്കെതിരേ സായുധ കലാപം നയിച്ചതിന്റെ പേരിലാണ് ഇവർ പ്രധാനമായും അറിയപ്പെടുന്നത്. ഈ സായുധ കലാപത്തിനു ശേഷം ചെന്നമ്മ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായി അറിയപ്പെടുന്നു. 21 ഫെബ്രുവരി 1829 ന് തന്റെ അമ്പതാമത്തെ വയസ്സിൽ തടവറയിൽ വച്ച് ചെന്നമ്മ അന്തരിച്ചു.[1]

ആദ്യകാല ജീവിതം[തിരുത്തുക]

ബ്രിട്ടീഷ് ഇന്ത്യയിലുള്ള കർണ്ണാടകയിലെ ബെൽഗാം താലൂക്കിലാണ് ചെന്നമ്മ ജനിച്ചത്. 1778 ഒക്ടോബർ 23 നായിരുന്നു ജനനം. കുതിര സവാരിയിലും, ആയോധനകലകളിലും വളരെ ചെറുപ്പത്തിൽ തന്നെ ചെന്നമ്മക്ക് പരിശീലനം ലഭിച്ചിരുന്നു. ദേശായി കുടുംബത്തിലെ മല്ലസർജയെയാണ് ചെന്നമ്മ വിവാഹം ചെയ്തത്. ഈ ദമ്പതികൾക്കുണ്ടായ ഏക പുത്രൻ 1824 ൽ അന്തരിച്ചു. ഇതിനുശേഷം ശിവലിംഗപ്പ എന്ന കുട്ടിയെ ചെന്നമ്മ തന്റെ അനന്തരാവകാശിയായി ദത്തെടുക്കുകയായിരുന്നു. എന്നാൽ ഡോക്ട്രിൻ ഓഫ് ലാപ്സ് [൧] എന്ന നിയമപ്രകാരം ഈ ദത്തെടുക്കൽ സാധുവല്ലെന്ന് ബ്രിട്ടീഷ് സർക്കാർ ചെന്നമ്മയെ അറിയിച്ചു. ഈ വിഷയത്തിൽ ചെന്നമ്മ ബ്രിട്ടീഷ് നേതൃത്വവുമായി തെറ്റി, തനിക്ക് ലഭ്യമായ സൈന്യത്തെ വെച്ച് ബ്രിട്ടീഷ് സേനയെ നേരിടാൻ ചെന്നമ്മ തീരുമാനിച്ചു.

ബ്രിട്ടനെതിരേയുള്ള യുദ്ധം[തിരുത്തുക]

അനന്തരാവകാശിയെ വാഴിക്കാനുള്ള തന്റെ അവകാശം കാണിച്ച് ചെന്നമ്മ ബോംബെ ഗവർണർക്ക് ഒരു കത്തയച്ചു. ഗവർണർ ഈ ആവശ്യം നിരാകരിക്കുകയും, യുദ്ധം ഉടനടി പൊട്ടിപ്പുറപ്പെടുകയും ചെയ്തു.[2] കിത്തൂരിലെ വിലപിടിപ്പുള്ള വജ്രങ്ങളും, രത്നങ്ങളും ബ്രിട്ടീഷ് സേന കൊള്ളയടിച്ചു. മദ്രാസ് നേറ്റീവ് ഹോർസ് ആർട്ടിലറിയാണ് ചെന്നമ്മക്കെതിരേ യുദ്ധം ചെയ്തത്. 2000 ഓളം സൈനികരും, 400 ഓളം പീരങ്കികളും ബ്രിട്ടീഷ് സേനക്കുണ്ടായിരുന്നു. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ബ്രിട്ടീഷ് സേനക്ക് കനത്ത നാശം സംഭവിച്ചു, കളക്ടറായിരുന്ന ജോൺ താക്കറേ യുദ്ധത്തിൽ കൊല്ലപ്പെട്ടു.[3] ചെന്നമ്മയുടെ സൈന്യാധിപനായിരുന്നു അമതൂർ ബാലപ്പയായിരുന്നു കിത്തൂർ സേനയെ മുന്നിൽ നിന്നു നയിച്ച് ബ്രിട്ടീഷ് സേനക്കു മുകളിൽ കനത്ത നാശം വിതച്ചത്.[4] വാൾട്ടർ എലിയറ്റ്, സ്റ്റീവൻസൺ എന്നീ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ കിത്തൂർ സേന ബന്ദികളായി പിടികൂടി. ബ്രിട്ടീഷുകാരെ വിട്ടയച്ചാൽ യുദ്ധം നിറുത്താൻ തയ്യാറാണെന്ന് ജനറൽ ചാപ്ലിൻ ചെന്നമ്മയെ അറിയിക്കുകയും, ചെന്നമ്മ അതനുസരിച്ച് ബന്ദികളെ വിട്ടയക്കുകയും ചെയ്തു. എന്നാൽ വാക്കു മാറിയ ചാപ്ലിൻ കൂടുതൽ സേനയുമായി വന്നെത്തി കിത്തൂരിനെ ആക്രമിച്ചു.

എന്നാൽ യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിലും, കിത്തൂർ സേനക്കു തന്നെയായിരുന്നു മുൻതൂക്കം. ഷോളാപൂർ സബ് കളക്ടറായിരുന്ന മുൻറോ കൊല്ലപ്പെട്ടു. സങ്കോളി റായണ്ണ എന്ന സൈന്യാധിപനായിരുന്നു രണ്ടാം ഘട്ടത്തിൽ യുദ്ധം നയിച്ചിരുന്നത്. അവസാനം ബ്രിട്ടീഷ് പട്ടാളം ചെന്നമ്മയെ പരാജയപ്പെടുത്തുകയും, ബെയിഹൊങ്കൽ കോട്ടയിൽ തടവിലാക്കുകയും ചെയ്തു. ഗുരുസിദ്ധപ്പ എന്നൊരു സൈന്യാധിപൻ കൂടി ചെന്നമ്മക്കു വേണ്ടി അവസാനം വരെ പോരാടിയിരുന്നു.[5] ചെന്നമ്മ തടവിലായെങ്കിലും, 1829 വരെ സങ്കോളി രായണ്ണ അവശേഷിക്കുന്ന സൈന്യവുമായി ഗറില്ലാ യുദ്ധം തുടർന്നു. ചെന്നമ്മ ദത്തെടുത്ത ശിവലിംഗപ്പയെ കിത്തൂരിന്റെ അനന്തരാവകാശിയായി വാഴിക്കണമെന്നായിരുന്നു രായണ്ണയുടെ ആഗ്രഹമെങ്കിലും, ഇരുവരും ബ്രിട്ടീഷ് സേനയുടെ പിടിയിലായി. രായണ്ണയെ ബ്രിട്ടീഷ് പട്ടാളം തൂക്കിക്കൊന്നു.

കുറിപ്പുകൾ[തിരുത്തുക]

  • ^ ബ്രിട്ടന്റെ കീഴിലുള്ള ഏതെങ്കിലും നാട്ടുരാജ്യങ്ങളിലെ രാജാവോ, ഭരണാധികാരിയോ മരിക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്താൽ ആ രാജ്യം ഈ പ്രത്യേക അധികാരമുപയോഗിച്ച് ബ്രിട്ടന്റെ നേരിട്ടുള്ള അധികാരത്തിൻ കീഴിൽ വരും

അവലംബം[തിരുത്തുക]

  1. "കിത്തൂർ റാണി ചെന്നമ്മ". ഹിന്ദു ജനജാഗ്രതി സമിതി. ശേഖരിച്ചത് 2015-01-10.
  2. ഗോപാലകൃഷ്ണൻ, സുബ്രഹ്മണ്യൻ (എഡിറ്റർ.) (2007). ദ സൗത്ത് ഇന്ത്യൻ റെബല്യൻസ് : ബിഫോർ ആന്റ് ആഫ്ടർ 1800 (ഒന്നാം പതിപ്പ് പതിപ്പ്.). ചെന്നെ: പളനിയപ്പ ബ്രദേഴ്സ്. പുറങ്ങൾ. 102–103. ISBN 9788183795005.
  3. ഡിസ്റ്റർബൻസ് അറ്റ് കിത്തൂർ ആന്റ് ദ ഡെത്ത് ഓഫ് മിസ്റ്റർ.താക്കറേ. ലണ്ടൻ: പാർബറി, അലൻ, ആന്റ് കമ്പനി. 1825. പുറങ്ങൾ. 474–5.
  4. "റീസ്റ്റോർ കിത്തൂർ മൊണ്യുമെന്റ്സ്". ദ ഹിന്ദു. 2011-10-11. ശേഖരിച്ചത് 2015-01-11.
  5. "കമ്പർ കോൾസ് ഫോർ റിസർച്ച് ഓൺ ചെന്നമ്മ". ദ ഹിന്ദു. 2012-10-25. ശേഖരിച്ചത് 2015-01-11.


"https://ml.wikipedia.org/w/index.php?title=കിത്തൂർ_റാണി_ചെന്നമ്മ&oldid=3532885" എന്ന താളിൽനിന്ന് ശേഖരിച്ചത്