Jump to content

കിംഗ് കോംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിംഗ് കോംഗ്
സംവിധാനംPeter Jackson
നിർമ്മാണം
തിരക്കഥ
ആസ്പദമാക്കിയത്
അഭിനേതാക്കൾ
സംഗീതംJames Newton Howard
ഛായാഗ്രഹണംAndrew Lesnie
ചിത്രസംയോജനംJamie Selkirk
സ്റ്റുഡിയോWingNut Films
വിതരണംUniversal Pictures
റിലീസിങ് തീയതി
 • ഡിസംബർ 5, 2005 (2005-12-05) (New York City)
 • ഡിസംബർ 13, 2005 (2005-12-13) (New Zealand)
 • ഡിസംബർ 14, 2005 (2005-12-14) (United States)
രാജ്യം
 • New Zealand
 • United States
ഭാഷEnglish
ബജറ്റ്$207 million
സമയദൈർഘ്യം187 minutes[1]
ആകെ$550.5 million

കിംഗ് കോംഗ് പീറ്റർ ജാക്സൺ സഹ രചനയും നിർമ്മാണവും സംവിധാനം നിർവ്വഹിച്ച 2005 ലെ ഇതിഹാസ രാക്ഷസ സാഹസിക ചിത്രമാണ്. ഇതേ പേരിൽ 1933 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാമത്തെ റീമേക്കായ ഈ ചിത്രത്തിൽ നവോമി വാട്ട്സ്, ജാക്ക് ബ്ലാക്ക്, അഡ്രിയൻ ബ്രോഡി, ആൻഡി സെർകിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1933 ൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം നിഗൂഢമായ സ്‌കൾ ദ്വീപിലേക്ക് യാത്ര ചെയ്യാൻ ചിത്രത്തിലെ അഭിനേതാക്കളെയും വാടകക്കെടുത്ത കപ്പൽ ജോലിക്കാരേയും നിർബന്ധിച്ച് നിയോഗിക്കുന്ന ഉൽക്കർഷേച്ഛുവായ ഒരു ചലച്ചിത്രകാരന്റെ കഥയാണ് അവതരിപ്പിക്കുന്നത്. അവിടെ, ദ്വീപിലെ അധിവാസികളായ വിചിത്രജീവികളെയും കോംഗ് എന്നറിയപ്പെടുന്ന ഒരു ഐതിഹാസിക ഗോറില്ലയെയും കണ്ടുമുട്ടുന്ന അവർ പിന്നീട് ഗോറില്ലയെ പിടികൂടി ന്യൂയോർക്ക് നഗരത്തിലേക്ക് കൊണ്ടുപോകുന്നു.

കിംഗ് കോംഗിന്റെ ചിത്രീകരണം ന്യൂസിലാന്റിൽ 2004 സെപ്റ്റംബർ മുതൽ 2005 മാർച്ച് വരെ നടന്നു. ഈ പദ്ധതിയുടെ ബജറ്റ് തുടക്കത്തിലെ 150 മില്യൺ ഡോളറിൽ നിന്ന് 207 മില്യൺ ഡോളറായി ഉയർന്നിരുന്നു. 2005 ഡിസംബർ 14 ന് ജർമ്മനിയിലും അമേരിക്കയിലും നടത്തിയ ആദ്യ പ്രദർശനത്തിൽ ഇത് 50.1 മില്യൺ ഡോളറിന്റെ നേട്ടമുണ്ടാക്കി. തുടക്കത്തിൽ ഈ ചിത്രം പ്രതീക്ഷിച്ചതിലും താഴെയുള്ള പ്രകടനം കാഴ്ചവെച്ചപ്പോൾ, ആഭ്യന്തരമായും ലോകവ്യാപകമായും ഇത് വരുമാനം 550 മില്യൺ ഡോളർ[2] വരെയുള്ള വരുമാനം നേടുകയും അക്കാലത്ത് യൂണിവേഴ്സൽ പിക്ചേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ചിത്രവും 2005 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രവുമായി ഇതു മാറുകയും ചെയ്തു. ഇതുകൂടാതെ ഹോം വീഡിയോ റിലീസിലൂടെ ചിത്രം 100 മില്യൺ ഡോളറിന്റെ ഡിവിഡി വിൽപ്പനയും നേടി.[3]

ഈ ചിത്രം നിരൂപകരിൽ നിന്ന് മികച്ച അവലോകനങ്ങൾ നേടുകയും 2005 ലെ നിരവധി മികച്ച പത്തു പട്ടികകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ചിത്രത്തിന്റെ സ്പെഷ്യൽ ഇഫക്റ്റുകൾ, താരങ്ങളുടെ പ്രകടനങ്ങൾ, കാഴ്ചയുടെ അവബോധം, 1933 ലെ ചിത്രത്തിന്റെ ഒറിജിനലുമായി താരതമ്യപ്പെടുത്തൽ എന്നിവ പ്രശംസിക്കപ്പെട്ടുവെങ്കിലും ചിലർ ചിത്രത്തിന്റെ 3 മണിക്കൂർ ദൈർഘ്യത്തെ വിമർശിച്ചിരുന്നു. മികച്ച സൗണ്ട് എഡിറ്റിംഗ്, മികച്ച സൗണ്ട് മിക്സിംഗ്, മികച്ച വിഷ്വൽ ഇഫക്റ്റുകൾ എന്നീ ഇനങ്ങളിൽ ചിത്രം മൂന്ന് അക്കാദമി അവാർഡുകൾ നേടിയിരുന്നു.

കഥാസാരം

[തിരുത്തുക]

1933 ൽ, മഹാമാന്ദ്യത്തിനിടയിൽ, ന്യൂയോർക്ക് നഗരത്തിലെ ഹാസ്യനാടക നടിയായ ആൻ ഡാരോയെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ചലച്ചിത്ര നിർമ്മാതാവ് കാൾ ഡെൻഹാം, നടൻ ബ്രൂസ് ബാക്സ്റ്ററിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ കരാർ ചെയ്തു. തന്റെ പ്രിയപ്പെട്ട നാടകകൃത്ത് ജാക്ക് ഡ്രിസ്‌കോളാണ് ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് എന്ന വിവരം ആൻ മനസ്സിലാക്കുന്നു. ക്യാപ്റ്റൻ എംഗൽഹോണിന്റെ നേതൃത്വത്തിൽ എസ്എസ് വെഞ്ച്വർ എന്ന ചരക്ക് ആവിക്കപ്പലിൽ സിംഗപ്പൂരിലേക്ക് പുറപ്പെടുമെന്ന വ്യാജേന കാളിന്റെ സിനിമയുടെ ചിത്രീകരണം നടക്കുന്നു. എന്നാൽ സത്യത്തിൽ നിഗൂഢമായ സ്കൾ ദ്വീപിലേക്ക് യാത്ര ചെയ്യാനും അവിടെ ചിത്രീകരണം നടത്താനുമാണ് കാൾ ഉദ്ദേശിക്കുന്നത്. മുന്നിലുള്ള കുഴപ്പങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ജോലിക്കാരുടെ അനുമാനങ്ങൾ ക്യാപ്റ്റൻ എംഗൽ‌ഹോണിനെ ഈ യാത്രയെക്കുറിച്ച് രണ്ടാമതൊന്നുകൂടി ചിന്തിക്കുന്നതിനു പ്രേരിപ്പിച്ചു. യാത്രയിൽ ആനും ജാക്കും പ്രണയബദ്ധരാകുന്നു. തെക്കൻ സമുദ്രത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിക്കവേ നിർമ്മാണം നിർത്തലാക്കാനുള്ള സ്റ്റുഡിയോയുടെ ഉത്തരവിനെ ധിക്കരിച്ചതിനാൽ കാളിനെ അറസ്റ്റുചെയ്യാൻ വാറണ്ട് ഉണ്ടെന്ന് എംഗൽഹോണിനെ അറിയിക്കുന്ന ഒരു റേഡിയോ സന്ദേശം എസ്എസ് വെഞ്ചറിലേയ്ക്ക് ലഭിക്കുന്നു. സന്ദേശം റംഗൂണിലേക്ക് കപ്പൽ തിരിച്ചുവിടാൻ എംഗൽ‌ഹോണിനോട് നിർദ്ദേശിക്കുന്നുവെങ്കിലും മൂടൽമഞ്ഞിൽ അകപ്പെട്ടതിനാൽ കപ്പൽ സ്കൾ ദ്വീപിലെ പാറക്കെട്ടുകൾ നിറഞ്ഞ തീരത്തിനടുത്തുകൂടി സഞ്ചരിക്കുകയും ചെയ്യുന്നു. കാളും സംഘവും ദ്വീപിൽ പര്യവേക്ഷണം നടത്തുകയും തദ്ദേശീയർ അവരെ ആക്രമിക്കുകയും ചെയ്യുന്നു. പിടിക്കപ്പെടുമ്പോൾ ആൻ ഉച്ചത്തിൽ നിലവിളിക്കുകയും തത്സമയം ഒരു മതിലിനപ്പുറത്തുനിന്ന് ഒരു വലിയ അലർച്ച കേൾക്കുകയും ചെയ്യുന്നു. ഇതിനുശേഷം, "കോംഗ്" എന്ന വാക്ക് പിറുപിറുത്തുകൊണ്ട് ഗോത്രമേധാവിയായ സ്ത്രീ ആനെ ലക്ഷ്യമിടുന്നു. എംഗൽ‌ഹോൺ ഇടപെട്ട് സിനിമാ യൂണിറ്റിനെ രക്ഷിക്കുന്നുവെങ്കിലും പുറത്തുപോകാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ, ഒരു തദ്ദേശി കപ്പലിലേക്ക് ഒളിച്ചുകടന്ന് ആനെ തട്ടിക്കൊണ്ടുപോകുന്നു. 25 അടി (7.6 മീറ്റർ) ഉയരമുള്ള ഗോറില്ലയായ കോംഗിന് ഒരു ബലിയായി തദ്ദേശീയർ ആനെ വാഗ്ദാനം ചെയ്യുന്നു. ആന്റെ തിരോധാനം ജാക്ക് ശ്രദ്ധിച്ചതോടെ കപ്പൽ ജോലിക്കാർ ദ്വീപിലേക്ക് മടങ്ങിയെങ്കിലും അവർ ഏറെ വൈകിപ്പോയി. കോംഗ് ആനിനെ എടുത്തുകൊണ്ട് കാട്ടിലേക്ക് ഓടിപ്പോയിരുന്നു. കോംഗിനെ വീക്ഷിക്കുവാനിടയായ കാൾ ജീവിയെ തന്റെ സിനിമയിൽ പകർത്തണമെന്നു കൂടുതൽ ദൃഢനിശ്ചയം ചെയ്യുന്നു.

തന്റെ തടവുകാരനിൽ ആദ്യം കോംഗ് പരിഭ്രാന്തനായെങ്കിലും, ആൻ തമാശയും നൃത്തവും കൊണ്ട് കോംഗിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിൽ വിജയിക്കുകയും കോംഗിന്റെ ബുദ്ധിശക്തിയും വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള അതിന്റെ ശേഷിയും മനസ്സിലാക്കിത്തുടങ്ങുകയും ചെയ്യുന്നു. ആനെ കണ്ടുപിടിക്കാനായി തന്റെ പ്രധാന കൂട്ടാളികളായ ഹെയ്സിന്റെയും ജാക്കിന്റെയും നേതൃത്വത്തിൽ സിനിമാ യൂണിറ്റിലെ അംഗങ്ങൾ ഉൾപ്പെട്ട ഒരു രക്ഷാസംഘത്തെ എംഗൽ‌ഹോൺ സംഘടിപ്പിക്കുന്നു. ഒരുകൂട്ടം വെനാറ്റോസൊറസ് സെവിഡിക്കസിന്റെയും അവർ വേട്ടയാടുന്ന ഒരുപറ്റം ബ്രോന്റോസൊറസുകളുടേയും നടുവിൽ ഈ രക്ഷാംസംഘം അകപ്പെടുന്നു. ഇതേത്തുടർന്നുണ്ടായ വിരണ്ടോട്ടത്തിൽ ദൌത്യസംഘത്തിലെ നിരവധി അംഗങ്ങൾ കൊല്ലപ്പെട്ടു. ഇതിനുശേഷം ബാക്സ്റ്റർ സംഘത്തിൽനിന്ന് വേറിട്ട് കപ്പലിലേക്ക് മടങ്ങാൻ പുറപ്പെടുന്നു. കോംഗിന്റെ ആക്രമണത്തുവിധേയരായ സംഘത്തിലെ ബാക്കി അംഗങ്ങൾ കാട്ടിലൂടെ തുടർന്നു യാത്ര  ചെയ്യവേ അവർ ഒരു മലയിടുക്കിലേക്ക് വീഴുകയും ഇതു ഹെയ്സിന്റെ മരണത്തിനു ഹേതുവാകുകയും കാളിന് തന്റെ ക്യാമറയും ഫിലിം ചുരുളുകളും നഷ്ടപ്പെടുന്നതിനും ഇടയാക്കുന്നു. പർ‌വ്വതങ്ങളിലെ തന്റെ ഗുഹയിലേക്ക്‌ കൊണ്ടുപോകുന്നതിന്‌ മുമ്പ്‌ കോംഗ്‌ ആനിന്റെ സമീപത്തേയ്ക്കു മടങ്ങിയെത്തുകയും അവളെ മൂന്ന്‌ വാസ്റ്ററ്റോസൊറസ് റെക്‌സുകളിൽനിന്ന്‌ രക്ഷിക്കുകയും ചെയ്യുന്നു. ബാക്കിയുള്ള രക്ഷാസംഘത്തെ മലയിടുക്കിലെ ഭീമാകാരന്മാരായ പ്രാണികൾ ആക്രമിക്കുകയും എംഗൽ‌ഹോണിനൊപ്പം മടങ്ങിവരുന്ന ബാക്സ്റ്റർ അവരെ പ്രാണികളിൽനിന്നു രക്ഷിക്കുകയും ചെയ്യുന്നു. ജാക്ക് ആനെ തിരയുന്നത് തുടരുമ്പോൾ, കോംഗിനെ പിടികൂടാൻ കാൾ തീരുമാനിക്കുന്നു. കോംഗിന്റെ ഗുഹയിലേക്ക് പോകുന്ന ജാക്ക് അശ്രദ്ധമായി ഗോറില്ലയെ ഉണർത്തുകയും ഒരുകൂട്ടം പറക്കുന്ന ടെറാപുസ്മോർഡാക്സുകളെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. കോംഗ് ഈ പറക്കും കൂട്ടങ്ങളോടു പോരാടുന്ന സമയത്ത് ആനും ജാക്കും ജീവനുംകൊണ്ടു രക്ഷപ്പെടുന്നു. കോങ് അവരെ പിന്തുടർന്ന് ഒരു മതിലിന്റെ മുകളിലെത്തവേ, കാൾ തുടർന്നു ചെയ്യാൻ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് ആൻ അസ്വസ്ഥയാകുന്നു. ഗേറ്റ് പൊളിച്ച് അവളെ വിണ്ടെടുക്കാൻ ശ്രമിക്കുന്ന കോംഗ് ഈ ഉദ്യമത്തിൽ നിരവധി നാവികരെ കൊന്നൊടുക്കിയെങ്കിലും കാൾ ക്ലോറോഫോം ഉപയോഗിച്ച് കോംഗിനെ കീഴടങ്ങുന്നു.

ന്യൂയോർക്ക് നഗരത്തിലെ ബ്രോഡ്‌വേയിൽ ബാക്സ്റ്ററും തടവിലാക്കപ്പെട്ട കോംഗും അഭിനയിക്കുന്നതെന്ന രീതിയിൽ "ലോകത്തിന്റെ എട്ടാമത്തെ അത്ഭുതമായ കോംഗ്" എന്ന പരിപാടിയിൽ കാൾ ഗോറില്ലയെ അവതരിപ്പിക്കുന്നു. പ്രകടനത്തിൽ പങ്കെടുക്കാൻ ആൻ വിസമ്മതിച്ചതിനാൽ ഒരു അജ്ഞാത കോറസ് പെൺകുട്ടിയാണ് അവളെ ഈ പരിപാടിയിൽ അവതരിപ്പിക്കുന്നത്. ക്യാമറകൾ മിന്നുന്നതിലൂടെ പ്രകോപിതനായ കോംഗ് തന്റെ ക്രോം-സ്റ്റീൽ ചങ്ങലകളിൽനിന്ന് മോചിതനാകുകയും തിയേറ്റർ അപ്പാടെ തകർക്കുകയും ചെയ്യുന്നു. ഗോറില്ല ജാക്കിനെ മെട്രോപൊളിറ്റൻ തെരുവുകളിലേക്ക് ഓടിക്കുകയും ആനെ കണ്ടുപിടിക്കുന്നതിനുള്ള ഒരു തിരയൽ ആരംഭിക്കുകയും ചെയ്യുന്നു. കോംഗ് ജാക്കിനെ തള്ളിയിടുകയും തുടർന്ന്  തന്നെ ശാന്തനാക്കാൻ കഴിയുന്ന ആനുമായി ഒരിക്കൽക്കൂടി കണ്ടുമുട്ടുകയും ചെയ്യുന്നു. യുഎസ് ആർമി ആക്രമണംനടത്തുന്നതു വരെയുള്ള സമയം സെൻട്രൽ പാർക്കിലെ തണുത്തുറഞ്ഞ കുളത്തിനു സമീപം കോംഗും ആനും ഒരു നിമിഷം പങ്കിടുന്നു. ആറ് എഫ് 8 സി -5 ഹെൽഡൈവർ നേവി വിമാനങ്ങളുമായി പൊരുതുന്ന കോംഗ് എമ്പയർ സ്റ്റേറ്റ് കെട്ടിടത്തിന്റെ മുകളിലേയ്ക്ക് ആനുമായി കയറുന്നു. വിമാനങ്ങളുടെ വെടിവയ്പിൽ കോംഗിന് മാരകമായി പരിക്കേൽക്കുകയും കെട്ടിടത്തിൽ നിന്നു വീണു മരിക്കുന്നതിനു മുമ്പ് അവസാനമായി ആനെ നോക്കുന്നു. ആൻ ജാക്കുമായി വീണ്ടും ഒത്തുചേരവേ, നാട്ടുകാരും പോലീസുകാരും പട്ടാളക്കാരും കോംഗിന്റെ മൃതദേഹത്തിന് ചുറ്റും വട്ടം കൂടുന്നു. കാൾ ആൾക്കൂട്ടത്തിനിടയിലൂടെ വഴിയുണ്ടാക്കി അവിടേയ്ക്കു കടന്നുവരുകയും കോംഗിനെ അവസാനമായി നോക്കിക്കൊണ്ട് പറയുകയും ചെയ്യുന്നു, " വിമാനങ്ങളല്ല, സൗന്ദര്യമാണ് മൃഗത്തെ കൊന്നത്."

അഭിനേതാക്കൾ

[തിരുത്തുക]
 • നവോമി വാട്ട്സ് - ആൻ ഡാരോ : രംഗത്തു പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്ന ഒരു ഹാസ്യ-നാടക നടി. ഒരു പഴക്കടയിലെ തട്ടിൽനിന്ന് ഒരു ആപ്പിൾ മോഷ്ടിക്കാൻ ശ്രമിക്കുമ്പോഴാണ് കാൾ ആദ്യമായി അവളെ കാണുന്നത്. നാവിക യാത്ര പുരോഗമിക്കവേ, അവൾ ജാക്കുമായി പ്രണയത്തിലാകുകയും കോംഗുമായി ഒരു പ്രത്യേക ബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു.
 • ജാക്ക് ബ്ലാക്ക് – കാൾ ഡെൻഹാം : സ്കൽ ദ്വീപിന്റെ മാപ്പു കൈവശമുള്ള ഒരു ചലച്ചിത്ര സംവിധായകൻ. കടങ്ങൾ കാരണം, കാളിന് തന്റെ ധാർമ്മിക ബോധവും നഷ്ടപ്പെടാൻ തുടങ്ങുന്നു, ഒപ്പം തന്റെ സിനിമാ ഭ്രാന്തു മൂത്ത അയാൾ സുരക്ഷയെ അവഗണിക്കുന്നു.
 • അഡ്രിയൻ ബ്രോഡി – ജാക്ക് ഡ്രിസ്കോൾ : ആനുമായി പ്രണയത്തിലായ ഒരു തിരക്കഥാകൃത്ത്. ഡെൻ‌ഹാമിന് ഒരു സ്‌ക്രിപ്റ്റ് കൈമാറുന്നതിനിടെ അയാൾ മനഃപൂർ‌വ്വം ജാക്കിനെ വെൻ‌ചറിൽ‌ നിന്ന് ഇറങ്ങുന്നതിനെ താമസിപ്പിക്കുകയും അങ്ങനെ‌ അപ്രതീക്ഷിതമായി നാവികയാത്രയുടെ ഭാഗമാകേണ്ടി വരുന്നു.
 • തോമസ് ക്രെറ്റ്ച്ച്മാൻ - വെൻ‌ചർ എന്ന കപ്പലിന്റെ ജർമ്മൻ ക്യാപ്റ്റനായ എംഗൽ‌ഹോൺ : അദ്ദേഹത്തിന്റെ ഭ്രാന്തമായ സ്വഭാവം കാരണം ഡെൻ‌ഹാമിനോടുള്ള അനിഷ്ടം എംഗൽ‌ഹോൺ പ്രകടിപ്പിക്കുന്നു.
 • കോളിൻ ഹാങ്ക്സ് – പ്രെസ്റ്റൺ : ഡെൻ‌ഹാമിന്റെ ഞരമ്പുരോഗിയും എന്നാൽ സത്യസന്ധനുമായ പേഴ്‌സണൽ അസിസ്റ്റന്റ്.
 • ജാമീ ബെൽ - ജിമ്മി : വെൻ‌ചറിൽ‌ കണ്ടെത്തിയ ഒരു നിഷ്‌കളങ്കനും അനാഥനുമായ കാടൻ കൌമാരക്കാരൻ‌.
 • ആൻഡി സെർകിസ് - കോംഗ് (മോഷൻ പിക്ചർ) : 120-150 വയസ്സ് പ്രായമുള്ള 25 അടി (7.6 മീറ്റർ) ഉയരമുള്ള ഗോറില്ല. മെഗാപ്രിമാറ്റസ് കോങ് എന്നയിനത്തിലെ അവസാനത്തെ അംഗം.[4]
  • ആൻഡി സെർകിസ് - ലമ്പി : കപ്പലിന്റെ പാചകക്കാരൻ, ബാർബർ, സർജൻ എന്നീ ചുമതലകളുള്ള വ്യക്തിയുടെ വേഷവും സെർകിസ് അവതരിപ്പിക്കുന്നു. ധീരനായ ഒരു നാവികനായ അയാൾ സ്കൾ ദ്വീപിനെക്കുറിച്ചും കോംഗിനെക്കുറിച്ചും കേട്ട അഭ്യൂഹങ്ങളെക്കുറിച്ച് ഡെൻഹാമിന് മുന്നറിയിപ്പ് നൽകുന്നു.
 • ഇവാൻ പാർ‌ക്ക് – ബെഞ്ചമിൻ “ബെൻ” ഹെയ്സ്: ഒന്നാം ലോകമഹായുദ്ധസമയത്ത് കൈവരിച്ച സൈനിക പരിശീലനവും യുദ്ധാനുഭവവും കാരണം ആനിന്റെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന എംഗൽ‌ഹോണിന്റെ ഉറ്റ കൂട്ടാളിയും ജിമ്മിയുടെ ഉപദേശകനും.
 • കൈലെ ഷാൻഡ്ലർ - ബ്രൂസ് ബാക്സറ്റർ : സാഹസിക സിനിമകളിൽ വിദഗ്ദ്ധനായ ഒരു നടൻ. അദ്ദേഹം ആനിന്റെ രക്ഷാപ്രവർത്തനം ഉപേക്ഷിച്ചു പോയെങ്കിലും അന്വേഷകസംഘത്തെ പ്രാണികളുടെ കുഴിയിൽ നിന്ന് രക്ഷപ്പെടുത്താൻ എംഗൽഹോണിനെ കൊണ്ടുവരുന്നു, കൂടാതെ കോംഗിന്റെ ബ്രോഡ്‌വേ പ്രദർശന വേളയിൽ ആനെ രക്ഷപ്പെടുത്തിയതിന്റെ ബഹുമതിയും അദ്ദേഹത്തിന് ലഭിക്കുന്നു.
 • ജോൺ സംനർ - ഹെർബ് : ഡെൻഹാമിന്റെ വിശ്വസ്തനായ ക്യാമറാമാൻ.
 • ലോബൊ ചാൻ - ചോയ് : ലമ്പിയുടെ ഉറ്റസുഹൃത്തും വെൻ‌ചറിലെ മേൽനോട്ടക്കാരനും.
 • ക്രേഗ് ഹാൾ - മൈക്ക് : നാവിക യാത്രയിലെ ഡെൻഹാമിന്റെ സൗണ്ട്മാൻ
 • വില്യം ജോൺസൺ - മാന്നി : വൃദ്ധനായ ഹാസ്യനാടകനടനും ഡാരോയുടെ സഹപ്രവർത്തകനും.
 • മാർക്ക് ഹാഡ്ലോ – ഹാരി : ജീവിതസമരത്തിലേർപ്പെട്ടിരിക്കുന്ന ഒരു ചെയ്യുന്ന ഹാസ്യനാടക നടൻ.
 • ജെഡ് ബ്രോഫി, ടൊഡ് റിപ്പൺ എന്നിവർ ക്രൂ അംഗങ്ങളായി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു.


അവലംബം

[തിരുത്തുക]
 1. "KING KONG (12A)". British Board of Film Classification. Retrieved November 8, 2014.
 2. "King Kong". BoxOfficeMojo.com. Retrieved 2006-10-12.
 3. "King Kong – DVD sales". BlogCritics.org. Archived from the original on October 14, 2007. Retrieved 2007-03-04.
 4. Wloszczyna, Susan (June 26, 2005). "King Kong goes digital". USA Today. Retrieved 2006-06-14.
"https://ml.wikipedia.org/w/index.php?title=കിംഗ്_കോംഗ്&oldid=3723229" എന്ന താളിൽനിന്ന് ശേഖരിച്ചത്