കാർഡമം മലനിരകൾ
കാർഡമം മലനിരകൾ | |
---|---|
ഉയരം കൂടിയ പർവതം | |
Peak | Phnom Aural |
Elevation | 1,813 m (5,948 ft) |
വ്യാപ്തി | |
നീളം | 300 km (190 mi) NW/SE |
Width | 70 km (43 mi) NE/SW |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Country | Cambodia and Thailand |
Range coordinates | 12°00′N 103°15′E / 12.000°N 103.250°E |
ഭൂവിജ്ഞാനീയം | |
Age of rock | Cambrian[1] |
Type of rock | Metaconglomerate |
കാർഡമം മലനിരകൾ (Khmer: ជួរភ្នំក្រវាញ, Chuor Phnom Krâvanh; Thai: ทิวเขาบรรทัด, Thio Khao Banthat, pronounced [tʰīw kʰǎw bān.tʰát]) അഥവാ ക്രാവാൻ മലനിരകൾ കംബോഡിയയുടെ തെക്കുകിഴക്കും കിഴക്കൻ തായ്‍ലാൻറിലുമായി സ്ഥിതിചെയ്യുന്ന മലനിരകളാണ്. കാർഡമം മലനിരകളുടെ നിഴൽ ചിത്രം തായ്‍ലാൻറിലെ ട്രാറ്റ് പ്രവിശ്യയുടെ പ്രാദേശിക മുദ്രയെന്നതുപോലെയാണ് ദൃഷ്ടിഗോചരമാകുന്നത്.[2]
സ്ഥലവും വിവരണവും
[തിരുത്തുക]തായ്‍ലാന്റ് ഉൾക്കടൽ മേഖലയിലെ കോഹ് കോങ് പ്രവിശ്യയിൽ നിന്ന് തെക്ക്കിഴക്ക്-വടക്കുപടിഞ്ഞാറ് അച്ചുതണ്ടിനു സമാന്തരമായി പർസാറ്റ് പ്രവിശ്യയിലെ വീൽ വിയാങ്ങ് ജില്ലയിലേയ്ക്ക് മലനിരകൾ വ്യാപിച്ച് കിടക്കുന്നു. ഇത് വീണ്ടും ഡാംരീ മലനിരകളിലൂടെ (എലഫന്റ് മൌണ്ടൻ) തെക്ക് കിഴക്കോട്ട് നീണ്ടു പോകുന്നു.[3] തായ്ലാന്റിലെ ചന്താബുരി പ്രവിശ്യയിലെ ശിഖരത്തിന്റെ വടക്കുപടിഞ്ഞാറൻ അറ്റം 'സായ് ഡാവോ മൗണ്ടൻസ്' (ഖാവോ സോയി ഡാവോ) എന്നും 'ചന്താബുരി റേഞ്ച്' എന്നിങ്ങനെയും ചില മാപ്പുകളിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
ഇടതിങ്ങിയ ഉഷ്ണമേഖലാ മഴക്കാടുകളാൽ പ്രബലമായ ഈർപ്പമുള്ള പടിഞ്ഞാറൻ ചെരിവുകളിൽ 150 മുതൽ 200 ഇഞ്ച് വരെ (3,800-5,000 മില്ലീമീറ്റർ) വാർഷിക മഴ ലഭിക്കുന്നു. എന്നാൽ മരങ്ങൾ നിറഞ്ഞ കിഴക്കൻ ചെരിവുകളിലെ കമ്പോഡിയൻ സമതലത്തെ അഭിമുഖീകരിക്കുന്ന കിരിറോൺ ദേശീയോദ്യാനം പോലയുള്ള മഴ നിഴൽ പ്രദേശത്ത് 40 മുതൽ 60 ഇഞ്ച് വരെ (1,000 മുതൽ 1,500 മില്ലിമീറ്റർ വരെ) മഴയേ ലഭിക്കുന്നുള്ളൂ. കിഴക്കൻ ചരിവുകളിൽ ഏലക്ക, കുരുമുളക് എന്നിവ ഇപ്പോഴും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നു.
തെക്കുപടിഞ്ഞാറൻ കംബോഡിയയിലെ വിദൂരമായ ഈ മഴക്കാടുകൾ ഇന്ന് യഥാർത്ഥത്തിൽ നാശത്തിന്റെ പാതയിലാണ്. ലോകത്തിലെ ഏറ്റവും ഭീകരമായ വനനശീകരണങ്ങളിൽ ഒന്നാണ് ഇവിടെ നടക്കുന്നത്. ഒരിക്കൽ തെക്ക്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലായി ഏകദേശം 237,300,000 ഹെക്ടർ (അതായത് ഏതാണ്ട് 500 ദശലക്ഷം ഏക്കർ) വ്യാപിച്ചു കിടന്നിരുന്ന ഈ മഴക്കാടുകളിൽ ഏതാണ്ട് 5 ശതമാനം മാത്രമേ ഇപ്പോൾ നിലവിലുള്ളൂ. ബാക്കി വനമേഖലയുടെ അഞ്ചിൽ ഒരു ഭാഗം കമ്പോഡിയയിലാണ് സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, കാർഡമം മലനിരകൾ ശ്രദ്ധാപൂർവം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഒരിക്കൽ ഖെമർ റൂജിന്റെ അവസാന ശക്തികേന്ദ്രമായിരുന്ന ഈ പ്രദേശം, ഗറില്ലകളാൽ നിയന്ത്രിക്കപ്പെട്ടിരുന്നു.
1990 കളിൽ അവസാനത്തെ ഗറില്ലയും ഇവിടെനിന്നു പുറംതള്ളപ്പെടുന്ന സമയത്ത് മനുഷ്യസ്പർശനമേൽക്കാത്തതും അതീവ ജൈവവൈവിധ്യവുമുള്ളതുമായ ഈ നിബിഡ മേഖലയിൽ 100 ലധികം സസ്തനികളുമുണ്ടായിരുന്നതിൽ പാങ്കോളിൻ, സൺ ബിയറുകൾ, മക്കാക്വേകൾ മുതലായവയുടെ അംഗസംഖ്യ വളരെ ദുർബലമായിരുന്നു. അനധികൃത തടിവെട്ടുകാർ, വേട്ടക്കാർ, വനഭൂമി വെട്ടിവെളുപ്പിച്ചു തോട്ട കൃഷി ചെയ്യുന്നവർ തുടങ്ങിയവരെല്ലാ ഈ പ്രധാനപ്പെട്ട കന്യാവനത്തെ നശിപ്പിക്കുന്നതിൽ അവരുടേതായ പങ്കുവഹിച്ചിരുന്നു.
കോങ് കോംഗ്, പർസാറ്റ് പ്രവിശ്യകളിലെ കാർഡമം മലനിരകൾ തെക്കുകിഴക്കൻ ഏഷ്യയിൽ ബാക്കിയായ അത്യപൂർവ്വമായ കന്യാവനങ്ങളാണ്. കമ്പോഡിയയുടെ തെക്കു പടിഞ്ഞാറൻ ഭാഗത്തായിട്ടാണ് കാർഡമം മലനിരകൾ സ്ഥിതിചെയ്യുന്നത്. ഈ മലനിരകളുടെ പടിഞ്ഞാറൻ അറ്റം തായ്‍ലാന്റ് അതിർത്തിയെ തൊട്ടാണ് നിലനിൽക്കുന്നത്. എന്നാൽ ഇതിന്റെ ഏറ്റവും കിഴക്കുഭാഗം കമ്പോഡിയൻ തലസ്ഥാനമായ ഫ്നോം പെനിൽ നിന്നും ഏകദേശം അറുപതു മൈൽ വടക്കുപടിഞ്ഞാറ് അവസാനിക്കുന്നു.
അനേകം വെള്ളച്ചാട്ടങ്ങളെ സൃഷ്ടിക്കുന്ന 5 പ്രധാന നദികകൾ കാർഡമം മലനിരകളിലുണ്ട്. ഏകദേശം 25,000 ആളുകൾ ഈ മേഖലയിൽ ജീവിക്കുന്നുണ്ട്. അവരിൽ ചിലർ തദ്ദേശീയ വംശീയ ന്യൂനപക്ഷങ്ങളായ പോർ (Porr) ജനങ്ങളാണ്. 1993 ൽ നൊരോദം സിഹാനൂക്ക് രാജാവിന്റെ ഉത്തരവിനാൽ സൃഷ്ടിക്കപ്പെട്ട രണ്ടു വന്യമൃഗസങ്കേതങ്ങൾ കാർഡമം മലനിരകളിൽ സ്ഥിതിചെയ്യുന്നു. ഇതിൽ മൌണ്ട സാംകോസ് വന്യമൃഗസങ്കേതം മലനിരകളുടെ പടിഞ്ഞാറൻ ഭാഗത്തും മൌണ്ട് ആറൽ വന്യമൃഗസങ്കേതം മലനിരകളുടെ കിഴക്കുഭാഗത്തുമാണ് സ്ഥിതിചെയ്യുന്നത്. ഇവ നിയമം മൂലം നില നിൽക്കുന്നുവെങ്കിലും വന്യജീവി സംരക്ഷണത്തിന് ആവശ്യമായ സജീവ മാനേജ്മെന്റിന്റെ അഭാവമുണ്ട്.
1979 ൽ അധികാരത്തിൽ നിന്ന് പുറത്തായ ശേഷം ഖേമർ റൂഷ് ഗറിലകൾ കാർഡമം വനനിരകളിലേയ്ക്കു പിൻവാങ്ങുകയും അടുത്ത ഇരുപതു വർഷം അവർ അതിൽ സ്ഥാപിച്ചിരുന്ന മൈനുകളെ ഭയന്ന് ആരും പ്രദേശത്ത് പ്രവേശിക്കാൻ ധൈര്യപ്പെട്ടില്ല. തത്ഫലമായി, ഈ പ്രദേശം മനുഷ്യകരസ്പർശമേൽക്കാതെയും അവികസിതവുമായി നിലനിന്നു. ആയിരക്കണക്കിന് കമ്പോഡിയക്കാർ ഖമർ റൂഷിന്റെ കൂട്ടക്കൊലകളുടെ കാലത്തും അതിനുമുമ്പും ഈ വനനിരകൾ കാൽനടയായി താണ്ടി രാജ്യത്തിനു പുറത്തേക്കും തായ്‍ലാന്റിലെ അഭയാർത്ഥി ക്യാമ്പുകളിലേയ്ക്കും നീങ്ങിയിരുന്നു.
ഇന്ന്, കാർഡമം മലനിരകൾ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ വന്യതയെ പുണർന്നുകിടക്കുന്ന വനമേഖലയാണ്. ലോകത്തിൽ മറ്റെവിടെയും കാണപ്പെടാത്തതും വംശനാശ ഭീഷണി നേരിടുന്നതുമായി നിരവധി ജീവികളെ ഇവിടെ കാണാം. എന്നിരുന്നാലും, ശരിയായ സംരക്ഷണമില്ലാത്തതിനാൽ ഈ വനമേഖലയും അതിലെ ജീവിവർഗ്ഗങ്ങളും ഇപ്പോൾ തടിവെട്ടുകാരുടേയും അനധികൃത വേട്ടക്കാരുടേയും മേച്ചിൽപ്പുറങ്ങളായി മാറിയിരിക്കുന്നു.
സസ്യജന്തുജാലങ്ങൾ
[തിരുത്തുക]2000 ൽ “ഫ്യൂണ ആന്റ് ഫ്ലോറ ഇന്റർനാഷണൽ, കൺസർവേഷൻ ഇന്റർനാഷണലും” കംബോഡിയൻ പരിസ്ഥിതി വന്യജീവി സംരക്ഷണ പരിപാടിയും ചേർന്ന് ഇവിടെ ഒരു സംയുക്ത സർവേ സംഘടിപ്പിച്ചിരുന്നു. പര്യവേഷണ പരിപാടി അതിവിശാലമായ വന്യതയുടെ ഏറ്റവും ചെറിയ ഒരു മേഖല ഉൾക്കൊള്ളിച്ചാണ് നടത്തിയതെങ്കിലും 30 വലിയ സസ്തനികളെയും 30 ചെറിയ സസ്തനികളെയും 450 ൽ അധികം പക്ഷികൾ, 64 തരം ഉരഗങ്ങളും, 30 ഉഭയജീവികളും, മറ്റ് പലവിധ സസ്യങ്ങൾ, പ്രാണികൾ എന്നിവയെ തിരിച്ചറിഞ്ഞിരുന്നു. തദ്ദേശീയ ജീവിവർഗ്ഗങ്ങളിൽ ആനകൾ, കടുവകൾ, മേഘപ്പുലികൾ, മറ്റു നിരവധി സസ്തനികളിലെ മലേഷ്യൻ സൺ ബിയർ, പ്ലീറ്റഡ് ഗിബ്ബണുകൾ, സയാമീസ് മുതലകൾ എന്നിവയും ഉൾപ്പെടുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലെ ജീവികളിൽ മറ്റെവിടെയെങ്കിലും നിലവിലുള്ളതിനേക്കാൾ കൂടിയ അളവിൽ ഇവിടെ കാണപ്പെടുന്നു. തെക്കുപടിഞ്ഞാറൻ കമ്പോഡിയയിലെ കാർഡമം മലനിരകളിൽ ആദ്യമായി ബൃഹത്തായ രീതിയിൽ പഠനം നടത്തിയത് ഫ്യൂണ & ഫ്ലോറ ഇന്റർനാഷണലായിരുന്നു. പൂർണ്ണമായും പര്യവേക്ഷണം ചെയ്യപ്പെടാത്തതും തരംതിരിക്കപ്പെടാത്തതുമായ വന്യജീവികളുടെ ആവാസവ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഇത് തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും മികച്ച പ്രകൃതി വിഭവങ്ങളെ പ്രതിനിധീകരിക്കുന്നു.
കൊടുമുടികൾ
[തിരുത്തുക]കാർഡമം മലനിരകളിലെ ഏററവും ഉയരം കൂടിയ കൊടുമുടി 1,813 മീറ്റർ (5,948 അടി) ഉയരമുള്ള ഫ്നോം ആറാലാണ്. ഇത് കംബോഡിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. ഫ്നോം സാംകോസ് (1,717 മീ.), ഫ്നോം തുമ്പോർ (1,516 മീറ്റർ), ഫ്നോം കുമോച്ച് (1,220 മീ.) എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട കൊടുമുടികൾ.
ചരിത്രം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Cambodia Ecological Zonation" (PDF). Archived from the original (PDF) on 2016-03-04. Retrieved 2017-11-12.
- ↑ "Seals of The Provinces of Thailand" (PDF). Archived from the original (PDF) on 2007-09-30. Retrieved 2017-11-12.
- ↑ "Cardamom and Elephant Mountains (Cambodia)". Archived from the original on 2012-03-25. Retrieved 2017-11-12.