കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം
ലോക പ്രശസ്‌ത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ സ്മാരകമായി അദ്ദേഹത്തിന്റെ ജന്മനാടായ കായംകുളത്ത് സ്ഥിതി ചെയ്യുന്ന സ്‌മാരകമാണ് കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം. ഇന്ത്യയിലെ ആദ്യത്തെ ദേശീയ കാർട്ടൂൺ മ്യൂസിയമാണിത്. കേരള ലളിതകലാ അക്കാദമി ഒരുക്കുന്ന കാർട്ടൂൺ മ്യൂസിയത്തിൽ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ മൗലിക കാർട്ടൂണുകളും അദ്ദേഹം സർഗസൃഷ്‌ടിക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പാവകളും പ്രദർശിപ്പിച്ചിട്ടുണ്ട്. മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പ്രമുഖ കലാകാരന്മാരുടെ പ്രശസ്‌തമായ കാർട്ടൂണുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. [1]
നിർമ്മാണം[തിരുത്തുക]
സി.കെ. സദാശിവൻ എം.എൽ.എ. ഫണ്ടിൽ നിന്നനുവദിച്ച മൂന്നു കോടി രൂപ വിനിയോഗിച്ച് 15,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച കെട്ടിടമാണ് കേരള ലളിതകലാ അക്കാദമിക്ക് വിട്ടു നൽകിയത്. 2014 ജൂലൈ 31ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്.
സൗകര്യങ്ങൾ[തിരുത്തുക]
ശങ്കറിന്റെ കാർട്ടൂണുകളുടെ ഒറിജനലുകൾക്കു പുറമെ, ശങ്കറിനെപ്പറ്റിയുള്ള ഡോക്യുമെന്ററികളും പവർ പോയിന്റ് പ്രസന്റേഷനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. നെഹ്രുവിനെ കഥാപാത്രമാക്കി ശങ്കർ വരച്ച കാർട്ടൂണുകൾ, സ്വാതന്ത്ര്യത്തിനു മുൻപും ശേഷവും അദ്ദേഹം വരച്ച കാർട്ടൂണുകൾ, ലോക നേതാക്കൾ ശങ്കറിനയച്ച കത്തുകൾ, ലഭിച്ച പാരിതോഷികങ്ങൾ എന്നിവ മൂന്നു ഹാളുകളിലായി സജ്ജീകരിച്ചിട്ടുണ്ട്.[2]
അവലംബം[തിരുത്തുക]
- ↑ "കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം". www.lalithkala.org. ശേഖരിച്ചത് 31 ജൂലൈ 2014.
- ↑ "ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-07-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 ജൂലൈ 2014.