കാൻഡിയിലെ ബുദ്ധക്ഷേത്രം ആക്രമണം 1998

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാൻഡിയിലെ ബുദ്ധക്ഷേത്രം ആക്രമണം 1998
സ്ഥലംകാൻഡി, ശ്രീലങ്ക
നിർദ്ദേശാങ്കം7°17′38″N 80°38′19″E / 7.29389°N 80.63861°E / 7.29389; 80.63861
തീയതി25 ജനുവരി 1998
6:10 am (UTC+6)
ആക്രമണലക്ഷ്യംബുദ്ധക്ഷേത്രം
ആക്രമണത്തിന്റെ തരം
ബോംബാക്രമണം
മരിച്ചവർ17
മുറിവേറ്റവർ
25+
ആക്രമണം നടത്തിയത് എൽ.ടി.ടി.ഇ
ഉദ്ദേശ്യംശ്രീലങ്ക സ്വതന്ത്രമായതിന്റെ അമ്പതാം വാർഷിക ആഘോഷങ്ങൾ അട്ടിമറിക്കുക

ഗൗതമബുദ്ധന്റെ തിരുശേഷിപ്പായ ഒരു പല്ല് സൂക്ഷിച്ചിട്ടുള്ള ശ്രീലങ്കയിലെ കാൻഡിയിലുള്ള പുരാതനമായ ഒരു ക്ഷേത്രം, തീവ്രവാദി സംഘടനയായ എൽ.ടി.ടി.ഇ ആക്രമിച്ച സംഭവമാണ് കാൻഡിയിലെ ബുദ്ധക്ഷേത്രം ആക്രമണം എന്നറിയപ്പെടുന്നത്. ബുദ്ധമതക്കാർ വളരെ പരിപാവനമായി കരുതിപ്പോരുന്നതും, യുനെസ്കോ പൈതൃക നഗരങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുള്ളതുമായ ഒരു ക്ഷേത്രം കൂടിയായിരുന്നു ഇത്.[1][2]

പശ്ചാത്തലം[തിരുത്തുക]

1990 കളുടെ അവസാനം വരെ ശ്രീലങ്കയിൽ ആഭ്യന്തര യുദ്ധം അതിന്റെ മൂർച്ഛയിലെത്തി നിൽക്കുകയായിരുന്നു. 1995 ൽ തീവ്രവാദി സംഘടനയായിരുന്ന എൽ.ടി.ടി.ഇയുടെ കൈവശമിരുന്നിരുന്ന ജാഫ്ന ശ്രീലങ്കൻ സൈന്യം തിരികെ പിടിച്ചു.[3] ഇതിനുള്ള പ്രതികാരമെന്നോണം, ശ്രീലങ്കൻ സൈന്യത്തിനു കനത്ത ആഘാതമേൽപ്പിച്ചുകൊണ്ട് മുല്ലത്തീവ് എൽ.ടി.ടി.ഇ അവരുടെ അധീനതയിലാക്കി.[4] ഓപ്പറേഷൻ ജയസികുരുവി എന്ന സൈനിക നടപടിയിലൂടെ, എൽ.ടി.ടി.ഇയുടെ നിയന്ത്രണത്തിലായിരുന്ന പല നിർണ്ണായക പ്രദേശങ്ങളും ശ്രീലങ്കൻ സർക്കാർ അവരുടെ അധീനതയിലാക്കി.[5] സർക്കാർ സ്ഥാപനങ്ങളിലും, സൈന്യത്തിനു നേരേയും, മനുഷ്യബോംബുകളെ പ്രയോഗിച്ചു കനത്ത നാശനഷ്ടങ്ങളുണ്ടാക്കിക്കൊണ്ടാണ് എൽ.ടി.ടി.ഇ തിരിച്ചടിച്ചത്.

1998 ന്റെ തുടക്കത്തിൽ ശ്രീലങ്ക ബ്രിട്ടനിൽ നിന്നും സ്വതന്ത്രമായതിന്റെ അമ്പതാം വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.[6] ചാൾസ് രാജകുമാരനായിരുന്നു മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖ നേതാക്കൾ വരും ദിവസങ്ങളിൽ ശ്രീലങ്കയിൽ എത്തിച്ചേരുവാനുണ്ടായിരുന്നു.[7] ആഘോഷവേദിയായി കാൻഡി ആണു നിശ്ചയിച്ചിരുന്നത്. കൂടാതെ 16വർഷങ്ങൾ നീണ്ട ആഭ്യന്തര യുദ്ധത്തിനുശേഷം, ഒരു പ്രാദേശിക തിരഞ്ഞെടുപ്പിനു ഒരുങ്ങുകയായിരുന്നു ശ്രീലങ്ക. കിള്ളിനോച്ചി പോലുള്ളിടങ്ങളിൽ അപ്പോഴും ചെറിയ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെങ്കിലും, ശ്രീലങ്ക സമാധാനത്തിലേക്കു തിരിച്ചു വരികയാണെന്നു അവർക്കു പുറംലോകത്തെ അറിയിക്കേണ്ടതുണ്ടായിരുന്നു.

ആക്രമണം[തിരുത്തുക]

1998 ജനുവരി 25 ആം തീയതി എൽ.ടി.ടി.ഇ ക്ഷേത്രത്തിനുള്ളിൽ അതി ഭയങ്കരമായ ഒരു ബോംബാക്രമണം നടത്തി. സ്ഫോടകവസ്തുക്കൾ നിറച്ച് ഒരു ട്രക്ക് ക്ഷേത്ര മതിൽക്കെട്ടിനകത്തു വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. രാവിലെ 6.10ന് കനത്ത സുരക്ഷാവലയങ്ങളെ ഭേദിച്ച് എൽ.ടി.ടി.ഇ തീവ്രവാദികൾ രാജവീഥിയിലൂടെ ട്രക്ക് ഓടിച്ചുകയറ്റി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.[8][9] രണ്ടു തവണ ഉഗ്രമായ സ്ഫോടനം കേട്ടതായി സമീപവാസികൾ പറയുന്നു. 400 കിലോഗ്രാം വരുന്ന സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്കായിരുന്നു തീവ്രവാദികൾ ഉപയോഗിച്ചത്.[10] മൂന്നു തീവ്രവാദികളും, പിഞ്ചുകുഞ്ഞുൾപ്പട്ടെ മറ്റു പതിമൂന്നു പേരും സ്ഫോടനത്തിൽ മരണമടഞ്ഞു.[11][12] നാലു സ്ത്രീകൾ, ഒരു ബുദ്ധഭിക്ഷു, ഒരു പോലീസ് ഓഫീസർ എന്നിവരുൾപ്പടെ ഇരുപത്തഞ്ചോളം ആളുകൾക്കു പരുക്കേറ്റു.[13] സ്ഫോടനത്തിന്റെ ആഘാതത്തിൽ 5 കിലോമീറ്റർ ചുറ്റളവിലുള്ള നിരവധി കെട്ടിടങ്ങൾക്കു ക്ഷതം സംഭവിച്ചു, ജനാലചില്ലുകൾ പൊട്ടിച്ചിതറി.[14]

അനന്തരഫലങ്ങൾ[തിരുത്തുക]

കുപിതരായ ജനക്കൂട്ടം, പെട്ടെന്നു തടിച്ചകൂടുകയും, അവിടെയുണ്ടായ ചില വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. അവർ ഒരു ഹിന്ദു ആരാധനാലയത്തിനു തീവെക്കുകയും ചെയ്തു. പോലീസ് ഉടൻ കണ്ണീർവാതകം പ്രയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചു വിട്ടതിനാൽ കൂടുതലിടത്തേക്കു അക്രമം പടർന്നുപിടിച്ചില്ല.[15][16] സിംഹളീസ് ജനതയോടു സമചിത്തത പാലിക്കാൻ പ്രസിഡന്റ്, ചന്ദ്രിക കുമാരതുംഗെ ആവശ്യപ്പെട്ടു. തമിഴ് വംശജരോടു, പ്രതികാരമരുതെന്നും സംഭവസ്ഥലം സന്ദർശിച്ചശേഷം, അവർ പറഞ്ഞു.

തൊട്ടടുത്ത ദിവസം, എൽ.ടി.ടി.ഇ എന്ന സംഘടനയെ ശ്രീലങ്കൻ സർക്കാർ രാജ്യത്തു നിരോധിച്ചു. എൽ.ടി.ടി.ഇ യുമായി സർക്കാർ നടത്തിവന്നിരുന്ന എല്ലാ സമാധാന ചർച്ചകളും നിറുത്തിവെച്ചു.[17] ശ്രീലങ്കയുടെ പ്രതിരോധ മന്ത്രി അനിരുദ്ധ റാത്വാറ്റ് സുരക്ഷാ പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രാജിവെച്ചു.[18] സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലേക്കു മാറ്റി. ശ്രീലങ്കയോടു ആഭിമുഖ്യം പ്രഖ്യാപിച്ചുകൊണ്ട്, ചാൾസ് രാജകുമാരനുൾപ്പടെ ക്ഷണിക്കപ്പെട്ട എല്ലാ അതിഥിതികളും ആഘോഷത്തിനു എത്തിച്ചേർന്നു.[19] യാദൃച്ഛികമെന്നോണം, രാജീവ് ഗാന്ധി വധക്കേസിൽ എൽ.ടി.ടി.ഇ തലവൻ വേലുപ്പിള്ള പ്രഭാകരനും, മറ്റു 25 പേർക്കുമെതിരേ മദ്രാസ് ഹൈക്കോടതി വാറണ്ടു പുറപ്പെടുവിച്ചു.[20]

പ്രതികരണങ്ങൾ[തിരുത്തുക]

ബുദ്ധ ക്ഷേത്ര മുഖ്യപരിപാലകൻ ഈ ആക്രമണത്തിൽ അഗാധമായ നടുക്കം രേഖപ്പെടുത്തി.[21] ബുദ്ധക്ഷേത്രത്തിനു നേരെ നടന്ന ഈ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ അങ്ങേയറ്റം അപലപിക്കുന്നതായി ഹിന്ദു കൗൺസിൽ പ്രസി‍ഡന്റ്, യോഗേന്ദ്ര ദ്വരൈസ്വാമി ക്ഷേത്ര പരിപാലകനയച്ച കത്തിൽ പറഞ്ഞു. സാമാന്യബുദ്ധിയുള്ള ആരും ചെയ്യാൻ മടിക്കുന്ന ഒന്നായിരുന്നു ഈ ആക്രമണമെന്നാണ് കൊളംബോ ആർച്ച് ബിഷപ്പ് ഇതിനെതിരേ പ്രതികരിച്ചത്. ശ്രീലങ്കൻ ഇസ്ലാമിക് സെന്ററും, ബുദ്ധമതക്കാരുടെ അന്താരാഷ്ട്ര സംഘടയും സംഭവത്തെ അപലപിച്ചു. ശ്രീലങ്കയുടെ പൈതൃകത്തിനു നേരെ നടന്ന ആക്രമണമായിരുന്നു ഇതെന്നാണ്, പ്രതിപക്ഷ നേതാവ് റാണിൽ വിക്രമസിംഗ പാർലിമെന്റിൽ പ്രസ്താവിച്ചത്.[22]

ക്ഷേത്രത്തിനുനേരെ നടന്ന ആക്രമണം തികച്ചും നിഷ്ഠൂരവും, ദുഷ്പ്രവൃത്തിയുമായിരുന്നുവെന്ന് സ്വാതന്ത്ര്യ ദിനാഘോഷവേളയിൽ പ്രസംഗിക്കവേ, ചാൾസ് രാജകുമാരൻ പ്രസ്താവിച്ചു. ആക്രമിക്കപ്പെട്ട ബുദ്ധക്ഷേത്രം, ശ്രീലങ്കയുടേയോ, ബൗദ്ധരുടേയോ മാത്രമല്ല, അതു ലോകത്തിന്റെ പൈതൃകമാണ്. അതുകൊണ്ടു തന്നെ, അതിന്റെ പഴയപ്രതാപത്തിലേക്കു ക്ഷേത്രത്തെ തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രീലങ്കയുടെ ശ്രമങ്ങൾക്ക് എല്ലാ വിദേശ രാജ്യങ്ങളുടേയും സഹകരണം ഉണ്ടാവുമെന്നും രാജകുമാരൻ കൂട്ടിച്ചേർത്തു.[23]

ജനീവ കൺവെൻഷനിൽ പാസ്സാക്കിയ അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങളെ എൽ.ടി.ടി.ഇ അനുസരിക്കേണ്ടതുണ്ടെന്ന്, സംഭവത്തെ അപലപിച്ച ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു. ജനീവ കൺവെൻഷനിലെ പ്രോട്ടോക്കോൾ രണ്ടിന്റെ നഗ്നമായ ലംഘനമാണ് നിരപരാധികളെ കൊലപ്പെടുത്തുക വഴി എൽ.ടി.ടി.ഇ ചെയ്തിരിക്കുന്നതെന്നും ആംനസ്റ്റി വക്താവ് കൂട്ടിച്ചേർത്തു.[24]

നാശനഷ്ടവും പുനർനിർമ്മാണവും[തിരുത്തുക]

ആക്രമണത്തിൽ ക്ഷേത്രത്തിനു സാരമായ കേടുപാടുകൾ പറ്റി. മേൽക്കൂരയും, മുഖപ്പുമാണ് ഏറ്റവും കൂടുതൽ തകർന്നത്. എന്നാൽ അകത്തെ മുറികൾക്കും, പല്ലു സൂക്ഷിച്ചിരുന്ന മുറിക്കും കേടുപാടുകൾ പറ്റിയിരുന്നില്ല. അഷ്ടഭുജം, ക്ഷേത്രത്തിന്റെ പ്രധാന കവാടം, ക്ഷേത്രത്തിലെ ലൈബ്രറി എന്നിവക്കും നാശനഷ്ടങ്ങളുണ്ടായി. ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്തിരുന്ന ക്വീൻസ് ഹോട്ടൽ, സെന്റ് പോൾസ് ദേവാലയം എന്നിവക്കും നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.[25]

ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തതിനുശേഷം, ഫെബ്രുവരി പത്താം തീയതി ക്ഷേത്രം ജനങ്ങൾക്കായി തുറന്നു കൊടുത്തു.[26] ഏതാണ്ട് ഒന്നരവർഷമെടുത്താണ് ക്ഷേത്രത്തിന്റെ പുനർനിർമ്മാണം പൂർണ്ണമായ രീതിയിൽ പൂർത്തിയായത്. ശ്രീലങ്കൻ സർക്കാർ ആദ്യ ഗഡു എന്ന നിലയിൽ രണ്ടു ദശലക്ഷം ശ്രീലങ്കൻ രൂപ പുനർനിർമ്മാണത്തിനായി നൽകി. എന്നാൽ പുനർനിർമ്മാണത്തിനു നിശ്ചയിച്ചിരുന്ന തുകയേക്കാൾ മൂന്നു മടങ്ങു അധികം പൊതുജനങ്ങളിൽ നിന്നും സംഭാവനയായി കിട്ടി. 1999 ഏപ്രിൽ മാസത്തിൽ ക്ഷേത്രം, പഴയ നിലയിൽ സജ്ജമായി.

അവലംബം[തിരുത്തുക]

 1. "Sacred city of Kandy". Unesco. ശേഖരിച്ചത് 2016-11-26.
 2. Penfield, Frederic Courtland (1907). East of Suez. California: Echo Library. pp. 41–43. ISBN 978-140-6894-27-1.
 3. "1995: Jaffna falls to Sri Lankan army". BBC. 1995-12-05. ശേഖരിച്ചത് 2016-11-26.
 4. "Censorship out: then events unfurled". Sunday Times, Lanka. 1996-10-13. ശേഖരിച്ചത് 2016-11-26.
 5. "Operation Jaya Sikurui one year: how justifiable?". Sunday Times, Lanka. 1998-05-10. ശേഖരിച്ചത് 2016-11-26.
 6. "8 killed in Sri Lankan blast at temple". CNN. 1998-01-25. ശേഖരിച്ചത് 2016-11-26.
 7. "Eleven die in Sri Lankan temple suicide bomb". BBC. 1998-01-25. ശേഖരിച്ചത് 2016-11-26.
 8. "LTTE Terrorists Attack Holy Shrine". Sinhaya. ശേഖരിച്ചത് 2016-11-27.
 9. "11 Killed in Assault on Buddhist Shrine". Losangels Times. 1998-01-26. ശേഖരിച്ചത് 2016-11-27.
 10. Ramasubramanian, R (August 2004). "Suicide Terrorism in Sri Lanka" (PDF). IPCS Research Papers. IPCS conference. New Delhi: Institute of Peace and Conflict Studies. p. 23. ശേഖരിച്ചത് 2016-11-27.
 11. "Suicide Attacks by the LTTE". South asia Terrorism portal. ശേഖരിച്ചത് 2016-11-27.
 12. "Tigers bomb Temple of the Tooth". Peace and Conflict Timeline. 1998-01-25. ശേഖരിച്ചത് 2016-11-27.
 13. "8 killed in Sri Lankan blast at temple". CNN. 1998-01-25. ശേഖരിച്ചത് 2016-11-26.
 14. "Kandy Returns To Normality As More Details About The Attack Emerge". Sinhaya. ശേഖരിച്ചത് 2016-11-27.
 15. "8 Killed in Truck Bombing at Kandy, Sri Lanka Buddhist Site". Anusha. 1998-01-26. ശേഖരിച്ചത് 2016-01-27.
 16. Suzy, Prize (1998-01-26). "Despatches". BBC. ശേഖരിച്ചത് 2016-11-27.
 17. George, Kohn (2006). Dictionary of Wars. Checkmark books. p. 527. ISBN 0816065780.
 18. "Gen. Ratwatte submits resignation". Tamilnet. 1998-01-28. ശേഖരിച്ചത് 2016-01-27.
 19. "Charles in Lanka for I-Day jubilee". Indian Express. 1998-02-04. ശേഖരിച്ചത് 2016-01-27.
 20. Brady, Linda; Ubayasiri, Kasun (2003). "One Temple, one Bomb, and three lines of Political Narrative" (PDF). Central Queensland University. p. 26. ശേഖരിച്ചത് 2016-01-27.
 21. "Today is the 9th Anniversary of LTTE`s bomb Attack - Sri Dalada Maligawa". Lankanewspapers. 2007-01-25. ശേഖരിച്ചത് 2016-01-27.
 22. "Kandy Returns To Normality As More Details About The Attack Emerge". Sinhaya. ശേഖരിച്ചത് 2016-11-27.
 23. "Prince Charles arrives in Sri Lanka, visits Batticaloa". Tamilnet. 1998-02-28. ശേഖരിച്ചത് 2016-11-27.
 24. "Sri Lanka: Amnesty International appalled at LTTE attack on civilians". Sinhaya. 1998-01-26. ശേഖരിച്ചത് 2016-11-27.
 25. "Liberation Tigers of Tamil Eelam". Globalsecurity. ശേഖരിച്ചത് 2016-11-28.
 26. "Maligawa, A slow restoration". Sundatimes, Lanka. 1998-04-12. ശേഖരിച്ചത് 2016-11-28.