Jump to content

കാസ്റ്റ് എവേ (അമേരിക്കൻ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാസ്റ്റ് എവേ
Theatrical poster
സംവിധാനംറോബർട്ട് സിമിക്കിസ്
നിർമ്മാണംജാക്ക് റാപ്കെ
റോബർട്ട് സിമിക്കിസ്
സ്റ്റീവ് സ്റ്റാർകെ
ടോം ഹാങ്ക്സ്
രചനവില്ല്യം ബ്രൊയൽസ് ജൂനിയർ
അഭിനേതാക്കൾടോം ഹാങ്ക്സ്
ഹെലൻ ഹണ്ട്
സംഗീതംഅലൻ സിൽവ്സ്റ്ററി
ഛായാഗ്രഹണംഡോൺ ബർഗ്ഗസ്
ചിത്രസംയോജനംആർതർ സ്കിംറ്റ്
വിതരണംട്വന്റിയത് സെഞ്ച്വറി ഫോക്സ്
ഡ്രീം‌വർക്ക്സ്
റിലീസിങ് തീയതിഅമേരിക്കൻ ഐക്യനാടുകൾ
December 7, 2000
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
ബജറ്റ്$90,000,000
സമയദൈർഘ്യം143 മിനുട്ടുകൾ
ആകെ$429,632,142

2000 ൽ അമേരിക്കയിലിറങ്ങിയ ഇംഗ്ലീഷിലുള്ള ഒരു സാഹസിക ചലച്ചിത്രമാണ്‌ കാസ്റ്റവേ (English: Cast Away). റോബർട്ട് സിമിക്കിസ് സം‌വിധാനം നിർ‌വ്വഹിച്ച ഈ ചിത്രത്തിൽ പ്രധാന കഥാപത്രമായി വേഷമിട്ടത് ടോം ഹാങ്ക്സാണ്‌. കൊറിയർ സ്ഥാപനമായ ഫെഡക്സിലെ ജോലിക്കാരനായ ചക് നോളന്റ് (ടോം ഹാങ്ക്സ്) തെക്കൻ പസഫിക് സമുദ്രത്തിൽ വിമാനം തകർന്ന് വീണ്‌ ഒരു ജനവാസമില്ലാത്ത ദ്വീപിലെത്തപ്പെടുന്നതും അവിടെ തന്റെ ജീവൻ നിലനിർത്തുന്നതിനും രക്ഷപ്പെടുന്നതിനുമായി നടത്തുന്ന ശ്രമങ്ങളും ഒടുവിൽ ദ്വീപിൽ നിന്ന് രക്ഷപ്പെട്ട് സ്വന്തം സമൂഹത്തിലേക്ക് എത്തിപ്പെടുന്നതുമാണ്‌ ഈ ചിത്രത്തിന്റെ കഥ.ഈ ചിത്രത്തിലെ അഭിനയം ടോം ഹാങ്ക്സിനെ ഏറ്റവും നല്ല നടനുള്ള ഓസ്കാർ പുർസ്കാരത്തിന്‌ അർഹമാക്കുകയുണ്ടായി.

കഥാസംഗ്രഹം

[തിരുത്തുക]

സമയ നഷ്ടത്തെ കുറിച്ച് വലിയ ആശങ്കയുള്ള ഫഡക്സ് കമ്പനിയിലെ ഒരു തിരക്കുപിടിച്ച ഉദ്യോഗസ്ഥനാണ്‌ ചക് നോളന്റ് (ടോം ഹാങ്ക്സ്).ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫെഡക്സിന്റെ ഓഫീസുകളിലേക്ക് യാത്രചെയ്ത് ഉത്പാദനം വർദ്ധിപ്പിക്കാനാവശ്യമായ നടപടികൾ കൈകൊള്ളുക എന്നതാണ്‌ അദ്ദഹത്തിൽ നിക്ഷിപ്തമായിരിക്കുന്ന ജോലി. കെല്ലി ഫ്രീർസുമായി ഏറെ നാളായി പ്രണയത്തിലാണ് ചക് നോളന്റ്.ഇരുവരും മെംഫിസിൽ ഒരുമിച്ചു താമസിക്കുന്നു.രണ്ട്പേരും തമ്മിലുള്ള വിവാഹം പെട്ടെന്ന് വേണമെന്നുണ്ടെങ്കിലും ചക് നോളന്റിന്റെ തിരക്കുപിടിച്ച ജോലി അതിനു തടസ്സമാവുയാണ്‌.ഒരിക്കൽ കുടുംബാംഗങ്ങളോടൊത്തുള്ള ഒരു ക്രിസ്തുമസ്‌ ആഘോഷത്തിനിടെ വിദേശത്തുള്ള കമ്പനിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം പരിഹരിക്കുന്നതിനായി ചക് നോളന്റ് വിളിപ്പിക്കപ്പെടുന്നു. പോകുന്ന സമയത്ത് ചക് നോളന്റിന്റെ കാമുകി കെല്ലി തന്റെ മുത്ത്ഛന്റെ ഒരു പോക്കറ്റ് വാച്ച് (കെല്ലിയുടെ ഫോട്ടോയോടുകൂടിയത്) ചക് നോളന്റിന്‌ സമ്മാനമായി നൽകുന്നു.പകരം ചക് നോളന്റ് കെല്ലിക്ക് ഒരു മോതിരവും നൽകുന്നു;താൻ തിരിച്ചുവന്ന് പുതുവർഷത്തിലേ അതു തുറക്കാവൂ എന്ന് നിർദ്ദേശിച്ചുകൊണ്ട്.

തന്റെ യാത്രക്കിടയിൽ പസഫിക് സമുദ്രത്തിലുണ്ടാവുന്ന അതിശക്തമായ കൊടുങ്കാറ്റ് ചക് നോളന്റിന്റെ വിമാനത്തെ അപകടത്തിലാക്കുകയും സമുദ്രത്തിൽ തകരുകയും ചെയ്യുകയാണ്‌. ജീവൻ രക്ഷാ ട്യൂബ് ഉപയോഗിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഒരു ദ്വീപിന്റെ കരയ്ക്കണയുകയാണ്‌ ചക് നോളന്റ്. ഈ ദ്വീപ് ജനവാസമില്ലാത്ത ഒന്നാണന്ന് തിരിച്ചറിഞ അദ്ദേഹം വിദൂരതിയിലൂടെ കടന്ന് പോകുന്ന തിരച്ചിൽ വിമാനത്തിനും മറ്റും വിവിധ തരത്തിലുള്ള സിഗ്നലുകൾ കാണിച്ചും ലൈഫ് റാഫ്റ്റ് ഉപയോഗിച്ചും ദ്വീപിൽ നിന്ന് രക്ഷപ്പെടാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അതെല്ലാം വിഫലമാവുകയാണ്‌. തകർന്ന ഫെഡക്സ് വിമാനത്തിൽ നിന്നുള്ള പാർസൽ പാക്കേജുകൾ ഓരോന്നായി ദ്വീപിന്റെ കരക്കണയാൻ തുടങ്ങി.തനിക്കാവശ്യമുള്ള വല്ലതുമുണ്ടോ എന്നറിയാൻ ചക് നോളന്റ് ഈ പാക്കേജുകൾ ഓരോന്നും തുറന്ന് നോക്കി.ചില പാകറ്റുകളിൽ നിന്ന് തനിക്ക് ഉപകാരപ്പെടുന്നത് ലഭിച്ചെങ്കിലും പുറമെ രണ്ട് ചിറകുകളുടെ ചിത്രമുള്ള ഒരു പാക്കറ്റ് പൊളിക്കാതെ അദ്ദേഹം സൂക്ഷിച്ചു. ഇതിനിടെ തീ ഉണ്ടാക്കാനുള്ള വിഫല ശ്രമത്തിൽ ചക് നോളന്റിന്റെ കൈയിൽ നല്ലൊരു മുറിവ് പറ്റുന്നു.ഇതിൽ ദേശ്യപ്പെട്ട ചക് ഒരു പാകറ്റിൽ നിന്ന് ലഭിച്ച വോളി‍ബോൾ ഉൾപ്പെടെ എല്ലാ സാധനങ്ങളും വലിച്ചെറിയുന്നു.അല്പസമയത്തിന്‌ ശേഷം, രക്തത്തിൽ കുതിർന്ന കൈപത്തിയുടെ അടയാളം പതിഞ്ഞ വോളിബോളിൽ ഒരു മനുഷ്യ മുഖം വരച്ച് അതിന്‌ വിൽസൺ എന്ന് പേരു നൽകുകയും തന്റെ സുഹൃത്തെന്നോണം അതിനോട് സംസാരിക്കുകയും ചെയ്യുന്നുണ്ട് ചക് നോളന്റ്. നിരന്തരമായ ശ്രമത്തിനൊടുവിൽ ചക് നോളന്റ് തീ ഉണ്ടാക്കുന്നതിൽ വിജയിക്കുന്നു. അപ്പോഴേക്കും നാലുവർഷം കടന്നു പോയിരുന്നു. മെലിഞുണങ്ങി താടിയൊക്കെ വളർന്നു വലുതായി ഒരു പ്രത്യാക രൂപമായിരിക്കുന്നു ചക് നോളന്റ്. ചൂണ്ടെലിട്ട് മീൻ പിടിക്കുകയും വേവിക്കാതെ തന്നെ തിന്നുകയും ചെയ്യുന്നു. ആൾപ്പാർപ്പില്ലാത്ത ഈ ദ്വീപിൽ ജീവിക്കാൻ ശീലിച്ചു എന്ന് മാത്രമല്ല വിൽസൺ എന്ന വോളിബോളുമായി വലിയ ചങ്ങാത്തത്തിലാവുകയും അതിനോട് സംസാരിക്കുകയും അതു നഷ്ടമാവുന്നു എന്ന് കാണുമ്പോൾ നിരാശനാവുകയും ചെയ്യുന്നു അയാൾ.

കരയ്ക്കടിഞ്ഞ ഒരു പോർട്ടബിൾ ടോയ്‌ലറ്റിന്റെ വലിയ ഒരു പ്ലാസ്റ്റിക് ഷീറ്റ്കൊണ്ട് ഒരു ചങ്ങാടം ഉണ്ടാക്കി അതിൽ രക്ഷപെടാമെന്ന് തീരുമാനിക്കുന്ന ചക് നൊളന്റ് കറേ സമയം അതു നിർമ്മിക്കാനായി പാടുപെട്ട് അതിൽ ചില ഭക്ഷണങ്ങളും മീൻപിടിക്കുന്ന ഉപകരണങ്ങളും പിന്നെ തുറക്കാതെ വെച്ച ആ ഫെഡക്സ് പാക്കാജും കൊണ്ടുവെക്കുന്നു.കാലാവസ്ഥ അനുകൂലമായപ്പോൾ ഈ ചങ്ങാടവുമായി യാത്രചെയ്തു രക്ഷപെടാൻ ശ്രമം നടത്തി. പക്ഷേ കുറച്ച് യാത്രചെയ്തപ്പോഴേക്കും സമുദ്രത്തിൽ വീശിയടിച്ച ശക്തമായ കാറ്റ് തന്റെ ചങ്ങാടത്തെ നശിപ്പിക്കുക മാത്രമല്ല ഏക സുഹൃത്തായ വിൽസൺ വോളിബോൾ നഷ്ടമാവുകയും ചെയ്യുകയാണ്‌. നിരാശനായ ചക് തന്റെ വിധി ഇതാണെന്ന് തിരിച്ചറിഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമത്തിൽനിന്ന് സ്വമേധയാ പിന്മാറുന്നു. തകർന്ന ചങ്ങാടത്തിൽ പരിക്ഷീണിതനായും സുര്യതാപമേറ്റും ചക് ഒഴുകുന്നത് കണ്ട ഒരു ഒരു ന്യൂസിലാന്റ് ചരക്ക് കപ്പൽ ചകിനെ രക്ഷപ്പെടുത്തുന്നു. വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം,തന്റെ വീട്ടുകാരും സമൂഹവും താൻ മരിച്ചെന്ന് കരുതി എല്ലാ മരണാനന്തരക്രിയകളും നടത്തിയതായും തന്റെ പഴയ കാമുകി മറ്റൊരാളുമായി വിവാഹിതയാവുകയും അവരുടെ ബന്ധത്തിൽ ഒരു പെൺകുട്ടിയുള്ളതായും മനസ്സിലാക്കുന്നു. കാമുകിയായ കെല്ലിയെ ചക് നേരിൽ കാണുകയും തങ്ങൾ തമ്മിലുള്ള പ്രണയത്തിന്റെ ഊഷ്മളത പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടങ്കിലും ഒരുമിച്ചുള്ള ഒരു ജീവിതം ഇനി അസാധ്യമാണെന്ന് തിരിച്ചറിയുകയാണ്‌ ഇരുവരും. കെല്ലി ഉപയോഗിച്ചിരുന്ന ചകിന്റെ ചെറോക്കി ജീപ്പ് അവൾ അദ്ദേഹത്തിന്‌ തിരിച്ചു നൽകുന്നു.

തുറക്കാതെ സൂക്ഷിച്ചു വെച്ച ആ പഴയ പാർസൽ പൊതി അതിന്റെ ഉടമയുടെ വിലാസത്തിൽ എത്തികുന്നതിനായാണ്‌ ചക് പിന്നെ യാത്ര തിരിക്കുന്നത്. പാർസലുടമയുടെ വീട്ടിൽ ആളില്ല എന്ന് മനസ്സിലായപ്പോൾ പാർസൽ വാതിലിനടുത്ത് വെച്ച് അദ്ദേഹം മടങ്ങുന്നു. തിരിച്ച് വരുന്ന വഴിയെ ഒരു കവലയിൽ വഴി മനസ്സിലാവാതെ ശങ്കിച്ചു നിന്നപ്പോഴതാ അതുവഴി ഒരു സ്ത്രീ ഒരു ജീപ്പിൽ കടന്നു വരുന്നു. വഴി വിശദീകരിച്ചുകൊടുത്ത് ആ സ്ത്രീ ജീപ്പ് ഓടിച്ചു പോകുമ്പോഴാണ്‌ ചക് അവരുടെ ജീപ്പിന്റെ പുറകിലുള്ള ആ ചിത്രം ശ്രദ്ധിക്കുന്നത്. താനിപ്പോൾ വീട്ടിലെത്തിച്ച ആ പാർസലിന്റെ പുറത്തുള്ള അതേ ചിത്രം തന്നെ ഇതും. വിദൂരതയിലേക്ക് പോകുന്ന ആ ജീപ്പിനെ നോക്കി ചക് ആ കവലയിൽ വിളറിയ പുഞ്ചിരിയുമായി നിൽകുന്ന പശ്ചാതലത്തോടെ ചിത്രത്തിന്റെ തിർശ്ശീല വീഴുകയാണ്‌.

നിർമ്മാണം

[തിരുത്തുക]

ഫിജിയിലെ ഏറ്റവും വലിയ ദ്വീപായ വിറ്റി ലെവു എന്നതിന്റെ ഭാഗമായുള്ള മനുറുക്കി എന്ന ദ്വീപിലാണ്‌ കാസ്റ്റവേയുടെ ചിത്രീകരണം നടന്നത്. കാസ്റ്റവേ ഇറങ്ങിയതിന്‌ ശേഷം ഈ ദ്വീപ് വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമായി മാറി.

അനുബന്ധം

[തിരുത്തുക]

ചക് നോളന്റ് കണ്ടെടുക്കുന്ന ഉപയോഗപ്രദമല്ലന്ന് തോന്നിപ്പിക്കുന്ന ചില വസ്തുക്കളുടെ ലിസ്റ്റ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ തയ്യാറാക്കി. അതിൽ പാർട്ടി വസ്ത്രങ്ങൾ, ഐസ് സ്‌കേറ്റ്, വിവാഹ മോചന പത്രം, വീഡിയോ ചിത്രങ്ങൾ, അല്ലറചില്ലറ മറ്റു വസ്തുക്കൾ എന്നിവയുണ്ടായിരുന്നു. ഈ വസ്തുക്കൾ അതീജീവനതന്ത്ര വിദഗ്ദരെക്കൊണ്ട് പരിശോധിപ്പിക്കുകയും കഥാപാത്രത്തിന്‌ ഈ വസ്തുക്കൾ എങ്ങനെ ഉപയോപ്പെടുത്താം എന്ന് ആരായുകയും ചെയ്തു. ചിത്രത്തിന്റെ ഒരു ചർച്ചയിൽ അതിന്റെ സം‌വിധായകൻ റോബർട്ട് സിമിക്കിസ് തമാശയായി അവതരിപ്പിച്ച കാര്യമാണ്‌ ഈ ചിത്രത്തിന്റെ പരസ്യചിത്രത്തിൽ സ്വീകരിച്ചത്. അതായത് ചക് നോളന്റ് തുറക്കാതെ സൂക്ഷിച്ചു വെക്കുന്ന പാർസലിനകത്ത് സൗരോർജ്ജത്താൽ പ്രവർത്തിക്കുന്ന വെള്ളം കടക്കാത്ത ഒരു ഉപഗ്രഹ ഫോണാണ്‌ ഉള്ളത് എന്നതായിരുന്നു അദ്ദേഹത്തിന്റെ തമാശ.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]