കാഷ്യസ് ഡയോ
Lucius Cassius Dio | |
---|---|
ജനനം | c. 155 AD Nicaea, Bithynia |
മരണം | c. 235 AD (aged approx. 80) Bithynia |
തൊഴിൽ | Historian, Senator, Proconsul, Consul |
ദേശീയത | Roman |
വിഷയം | History |
ശ്രദ്ധേയമായ രചന(കൾ) | History of Rome |
റോമൻ ഭരണാധികാരിയും ചരിത്രകാരനുമായിരുന്നു കാഷ്യസ് ഡയോ. ഇദ്ദേഹത്തിന്റെ പൂർണമായ പേര് കാഷ്യസ് ഡയോ കോഷിയാനസ് (Cassius Dio Cocceianus) എന്നായിരുന്നു. ഡാൽമേഷ്യ, സിലിഷ്യ എന്നീ പ്രദേശങ്ങളുടെ ഗവർണറായിരുന്ന കാഷ്യസ് അപ്രോണിയാനസിന്റെ പുത്രനായി സുമാർ 150-ൽ ബിഥിനിയ (Bithynia) പ്രവിശ്യയിലുള്ള (ഇപ്പോൾ തുർക്കിയുടെ ഭാഗം) നിസിയയിൽ (Nicaea) ഇദ്ദേഹം ജനിച്ചു. പിതാവിന്റെ മരണശേഷം ഇദ്ദേഹം റോമിലേക്ക് പോവുകയുണ്ടായി (180). അവിടെ റോമൻ സെനറ്റിൽ അംഗമാകുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു. പ്രെയ്റ്റർ എന്ന ഉദ്യോഗസ്ഥപദവിയിലേക്ക് ഇദ്ദേഹം നിയമിക്കപ്പെട്ടിരുന്നു. പെർഗാനം, സ്മിർണ തുടങ്ങിയ പ്രദേശങ്ങളിലെ ഭരണച്ചുമതലയും കോൺസൽ പദവിയും വഹിച്ചിട്ടുണ്ട്. അലക്സാണ്ടർ സെവറസിന്റെ ഭരണകാലത്ത് 229-ൽ കോൺസൽ പദവിയിൽ നിന്നും വിരമിച്ച് നിസിയയിലേക്കു പോയി. പിന്നീട് അവിടെ വച്ചാണ് 235-ൽ ഇദ്ദേഹം നിര്യാതനായത്.
ഇദ്ദേഹതിന്റെ പ്രസിദ്ധകൃതികൾ
[തിരുത്തുക]ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ റോമൻ ചരിത്രഗ്രന്ഥമാണ് റൊമെയ്ക (Romaika). ഗ്രീക്കു ഭാഷയിലെഴുതപ്പെട്ട ഈ ഗ്രന്ഥം ഏനിയാസ് ഇറ്റലിയിൽ എത്തിയതു മുതൽ അലക്സാണ്ടർ സെവറസിന്റെ ഭരണകാലം (222-235) വരെയുള്ള റോമിന്റെ ചരിത്രം വിവരിക്കുന്നതാണ്. റോമൻ റിപ്പബ്ലിക്കിന്റെ അവസാനകാലങ്ങളെക്കുറിച്ചും റോമാ സാമ്രാജ്യത്തിന്റെ ആദ്യനാളുകളെക്കുറിച്ചും ഈ ഗ്രന്ഥം ആധികാരിക വിവരം നൽകുന്നു. ഇത് 80 ചെറു ഗ്രന്ഥങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവയിൽ 36 മുതൽ 60 വരെയുള്ള ഗ്രന്ഥഭാഗങ്ങൾ ലഭ്യമാണ്. കോൺസ്റ്റന്റൈൻ VII പോർഫിറോജനിറ്റസ് (Constantine VII Porphyrogenitus), ജോൺ സിഫിലിനസ് (John Xiphilinus), ജോൺ സൊനാറസ് (John Zonaras) എന്നിവർ പിൽക്കാലത്ത് ഡയോ കാഷ്യസിന്റെ ഗ്രന്ഥഭാഗങ്ങളെ ചരിത്രരചനയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. ഒരു മഹത്തായ സംരംഭമായി ഡയോ കാഷ്യസിന്റെ ചരിത്ര ഗ്രന്ഥത്തെ വിശേഷിപ്പിക്കാറുണ്ട്. പരിചയസമ്പന്നനായ ഒരു സൈനികനും രാഷ്ട്രീയക്കാരനും മാത്രം അവതരിപ്പിക്കാനാവുന്ന വിവരണങ്ങളാണ് ഇദ്ദേഹം ഈ ഗ്രന്ഥത്തിൽ നൽകിയിരിക്കുന്നത്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://penelope.uchicago.edu/Thayer/E/Roman/Texts/Cassius_Dio/home.html
- http://www.britannica.com/EBchecked/topic/164018/Dio-Cassius
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡയോ കാഷ്യസ് (സു.150-235) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |