കാവേരീ നദീജല തർക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Tamil Nadu topo deutsch mit Gebirgen.png

ഇന്ത്യയിലെ കർണാടകം, തമിഴ്‌നാട്‌ സംസ്ഥാനങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദിയാണ്‌ കാവേരി. ഇരു സംസ്ഥാനങ്ങളും കാവേരീ നദിയിലെ ജലം പങ്കുവെയ്ക്കുന്നതിനെ കുറിച്ച്‌ ഇന്നും തർക്കത്തിലാണ്‌. ഈ തർക്കം പലപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന തലത്തിലേക്കു പോലും എത്തിച്ചേരാറുണ്ട്‌.

പശ്ചാത്തലം[തിരുത്തുക]

നൂറ്റാണ്ടുകളായി കന്നഡ-തമിഴ്‌ കർഷകരുടെ പ്രധാന ജലസ്രോതസ്സാണ്‌ കാവേരീ നദി. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ അവരുടെ കീഴിലായിരുന്ന മദ്രാസ്‌ പ്രവിശ്യയും മൈസൂർ രാജാവും തമ്മിലായിരുന്നു ആദ്യം തർക്കം ഉടലെടുത്തത്‌. 1916-ൽ മൈസൂർ ഭരണകൂടം കൃഷ്ണരാജ സാഗർ അണക്കെട്ട്‌ നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ മദ്രാസ്‌ അധികാരികൾ അത്‌ എതിർത്തു തമിഴ്‌നാട്ടിൽ ജലം എത്തുകയില്ലാ എന്നായിരുന്നു അവരുടെ വാദം. തർക്കത്തിനൊടുവിൽ 1924-ൽ പ്രാബല്യത്തിൽ വന്ന കരാറനുസരിച്ച്‌ മൈസൂറിന്‌ അണക്കെട്ടുണ്ടാക്കാനുള്ള തടസ്സം മാറി. അതോടൊപ്പം തന്നെ മദ്രാസ്‌ പ്രവിശ്യയിലുണ്ടായിരുന്ന മേട്ടൂർ അണക്കെട്ടിലേക്ക്‌ ജലം എത്താൻ തടസ്സം ഉണ്ടാകാനും പാടില്ലാ എന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. 575.68 റ്റി.എം.സി.എഫ്‌. റ്റി ജലത്തിന്‌ തമിഴ്‌നാടിന്‌ അർഹതയുണ്ടെന്നായിരുന്നു വ്യവസ്ഥ. കൂടാതെ പുതിയതായി കർണാടകഭാഗത്ത്‌ ഉണ്ടാക്കുന്ന അണക്കെട്ടുകൾക്ക്‌ തമിഴ്‌നാടിന്റെ സമ്മതവും ആവശ്യമായിരുന്നു.

കേരളത്തിൽ നിന്നുത്ഭവിക്കുന്നതും കാവേരിയുടെ പോഷകനദിയുമായ കബനിയിൽ 1959-ൽ കർണാടകം ഒരു അണക്കെട്ടുണ്ടാക്കി. തമിഴ്‌നാട്‌ പ്രതിഷേധവുമായി രംഗത്തു വന്നു. മറ്റൊരു പോഷകനദിയായ ഹേമാവതി നദിയിൽ അണക്കെട്ടുണ്ടാക്കാൻ തീരുമാനമായപ്പോഴേക്കും തമിഴ്‌നാടിന്റെ എതിർപ്പു ശക്തമായി. എന്നാൽ പഴയ കരാർ ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാകയാൽ കാലഹരണപ്പെട്ടുവെന്നായിരുന്നു കർണ്ണാടകത്തിന്റെ വാദം.

1970 മുതൽ കാവേരീ പ്രശ്നം ഒരു ട്രൈബ്യൂണലിനു വിടണമെന്ന് തമിഴ്‌നാട്‌ ആവശ്യപ്പെടാൻ തുടങ്ങി. 1974-ൽ അന്നത്തെ കേന്ദ്ര ജലസേചന മന്ത്രിയായിരുന്ന ജഗ്ജീവൻ റാം ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്തു. തുടർന്ന് തമിഴ്‌നാടിന്റെ ഓഹരി 489 ടി.എം.സി ആയി കുറച്ചു. തമിഴ്‌നാട്‌ സുപ്രീം കോടതിയെ സമീപിക്കുകയും ട്രിബ്യൂണലിനെ നിയമിക്കാൻ വിധി സമ്പാദിക്കുകയും ചെയ്തു. വിധിയനുസ്സരിച്ച്‌ 1991-ൽ വി.പി. സിംഗ്‌ സർക്കാർ മൂന്നംഗ ട്രിബ്യൂണലിനെ നിയമിക്കുകയും ട്രിബ്യൂണൽ തമിഴ്‌നാടിന്‌ 205 ടി.എം.സി. ജലം കൂടി അനുവദിച്ചുകൊണ്ട്‌ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു.

തമിഴ്‌നാടും കർണ്ണാടകവും തമ്മിലുള്ള തർക്കം തുടർന്നുകൊണ്ടിരിക്കുന്നു. കാവേരിയുടെ വൃഷ്ടിപ്രദേശം കേരളത്തിലും ഉൾപ്പെടുന്നതുകൊണ്ട്‌ കേരളവും പോണ്ടിച്ചേരിയിലൂടെ ഒഴുകുന്നതുകൊണ്ട്‌ പോണ്ടിച്ചേരിയും താന്താങ്ങളുടെ ഭാഗങ്ങൾ ന്യായികരിച്ചുകൊണ്ട്‌ ഈ തർക്കങ്ങളിൽ ഇടപെടുകയുണ്ടായി.

തമിഴ്‌നാടിന്റെ നെല്ലറയായ തഞ്ചാവൂർ കാവേരീ തടത്തിലാണ്‌, കൂടാതെ ആടിമാസത്തിലെ ആടിപെരുക്ക്‌ തമിഴരുടെ പ്രധാന ഉത്സവമാണ്‌. കവേരീ നദിക്ക്‌ ഉപഹാരങ്ങൾ അർപ്പിക്കുകയാണ്‌ ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്‌, കാവേരീ ജലം ലഭിച്ചില്ലങ്കിൽ ആടിപ്പെരുക്ക്‌ മുടങ്ങുമെന്നും തമിഴർ വാദിക്കുന്നു. എന്നാൽ തമിഴ്‌നാട്‌ വൈകാരികമായി പ്രതികരിക്കുകവും അവകാശപ്പെട്ടതിലധികം പിടിച്ചു വാങ്ങുകയും ചെയ്യുന്നതുകൊണ്ട്‌ കർണാടകയുടെ പ്രശ്നങ്ങൾ ആരും കാണുന്നില്ലന്നാണ്‌ കർണാടകക്കാരുടെ വാദം. ഇതൊക്കെ കൊണ്ടാണ്‌ കാവേരി നദീ ജല തർക്കം ടി. എം. സി കണക്കുകൾക്കപ്പുറം സാമൂഹികവും സാംസ്കാരികവും ഭാഷാപരവുമായ തലങ്ങളിലേക്ക്‌ വ്യാപിക്കുന്നത്‌.

"https://ml.wikipedia.org/w/index.php?title=കാവേരീ_നദീജല_തർക്കം&oldid=2395678" എന്ന താളിൽനിന്ന് ശേഖരിച്ചത്