കാലൻകോലം (പടയണി)
പടയണിയിലെ ഒരു പാളക്കോലമാണ് കാലൻകോലം.
മാർക്കണ്ഡേയ ചരിത്രമാണ് കാലൻകോലം തുള്ളുന്ന പാട്ടിൻറെ ഇതിവൃത്തം. കാലൻ കോലത്തിൻറെ തളരാത്ത കായബലവും ചടുലതയും മേളത്തിൻറെയും ആർപ്പിൻറെയും അകമ്പടിയും ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കുക. നെഞ്ചുമാലയും അരമാലയും ധരിച്ച് മുഖമാകെ എണ്ണയിൽ ചാലിച്ച കരിപൂശി തലയിൽ കിരീടം പോലെ കോലം ധരിച്ച് വലം കൈയിൽ വാളും ഇടം കൈയിൽ പന്തവും പാശവുമായാണ് കാലൻ കോലം കളത്തിലെത്തുക. പടയണിയിലെ തുള്ളൽ സമ്പ്രദായങ്ങളെല്ലാം സ്വായത്തമാക്കിയ കലാകാരന്മാരാണ് കാലൻ കോലം തുള്ളുക. കലാകാരൻറെ അഭ്യാസപാടവവും അനുപമമായ കലാബോധവും സവിശേഷമായ കായശേഷിയും കാലൻ കോലത്തിൽ ഒന്നിക്കുന്നു. ദ്രുതചലനത്തിൻറെ ശക്തിയിൽ പന്തം അണയാനിടവന്നാൽ രണ്ടാം വേഷക്കാരൻ കത്തിച്ചുകൊടുക്കും. രണ്ടാം വേഷക്കാരൻ കാലം കോലത്തിൻറെ അരപ്പട്ടയിൽ പുറകിൽ നിന്ന് പിടിച്ചിരിക്കും. പന്തത്തിന് വേണ്ടി കാലൻ കോലവും രണ്ടാം വേഷക്കാരനുമായി ബലപ്രയോഗം നടത്തുന്നതും കാണാം. തുള്ളലിനവസാനം കാലപാശം വിട്ടൊഴിയുന്നു എന്ന സങ്കൽപ്പത്തിൽ ഉറഞ്ഞു വീഴുന്ന വേഷക്കാരനെ കോലമഴിച്ചുമാറ്റി എടുത്തുകൊണ്ടു പോവുന്നു. [1]
കാലൻ കോലത്തിന്റെ പുരാവൃത്തത്തിൽ അനേകം കഥാപാത്രങ്ങളുണ്ടെങ്കിലും അരങ്ങത്ത് ഒരു കോലം മാത്രമേ വരുന്നുള്ളു. ശിവൻ കോലമെന്നും കാലാരിക്കോലമെന്നും പേരുള്ള രണ്ടു കഥാപാത്രങ്ങൾ നേരിയ വ്യത്യാസങ്ങളോടെ ചില സ്ഥലങ്ങളിൽ തുളളാറുണ്ട്. അതി പ്രാചീനയുഗത്തിൽ ശിവനെ സൃഷ്ടിയുടെയും സംഹാരത്തിന്റെയും മൂർത്തിയെന്ന നിലയ്ക്ക് കാലപുരുഷനായി സങ്കല്പിച്ചു. ഭൂരിഭാഗം സ്ഥലങ്ങളിലും കാലൻ കോലത്തിന് മൂന്ന് മുഖങ്ങളേയുള്ളൂ. എന്നാൽ ചില സ്ഥലങ്ങളിൽ തുള്ളൽക്കാരന്റെ മുഖം കൂടാതെ നാല് മുഖങ്ങൾ കൂടി വരച്ചു ചേർക്കാറുണ്ട്. പഞ്ചമുഖനായ ശിവനെ പ്രതിനിധീകരിക്കാനാണിത്.[2]
ഏകദേശം രണ്ടുരണ്ടര അടിയോളം ഉയരം വരുന്ന കിരീടസമാനമായ കോലമാണ് കാലൻ കോലം. ഇതിന്റെ നിർമ്മാണത്തിന് പതിനഞ്ചുപാള ആവശ്യമായി വരുന്നു. കൂമ്പൻ തൊപ്പി ഘടിപ്പിച്ച ചട്ടത്തിൽ തൊപ്പി മറ, പ്രഭ, രണ്ടുകാത് രണ്ടു നാഗമുഖം, ഒരു കിമ്പിരി, ഒരു പച്ചമുഖം എന്നിവ പ്രത്യേകം എഴുതി ചേർക്കുന്നു. മുഖത്ത് മനയോലയിട്ട് കണ്ണും കുറിയും ദംഷ്ടയും വച്ച് വലതു കയ്യിൽ വാളും ഇടതുകയ്യിൽ പന്തവും പാശവും പിടിച്ചാണ് കോലം കളത്തിലെത്തുന്നത്. കാലൻ കോലത്തിന്റെ മൂന്നുമുഖങ്ങൾ കാലത്തിന്റെ പ്രതിരൂപങ്ങളായിട്ടു കണക്കാക്കുന്നു.
ഏറുമൊരു തേരിൽ വിളയാടും ഹരനോട
ങ്ങാദരാൽ വരം വരിച്ചു കൊണ്ടു വിപ്രദേവൻ
ഏറെ മോദമോടു തന്റെ മന്ദിരേ ഗമിച്ചി
ട്ടേക കാര്യമായ് വസിച്ചു ഭാര്യയോടു കൂടി
ആറു ചൂഡൻ തമ്പുരാന്റനുഗ്രഹ പ്രകാരം
ആദരേണ ഗർഭവും ധരിച്ചു ഭാര്യ താനും
വേറൊരാത്മ ചിന്തയന്യേ വേദിയേന്ദ്രനപ്പോൾ
വേഗമോടു പുംസവനാദിക്രിയകൾ ചെയ്തു
പത്തു മാസവും തികഞ്ഞു പത്നി നോവു പൂണ്ടി
ട്ടുത്തമ ദിനത്തിലാശു പെറ്റു ബാലനേയും
ജാതമോദമോടു ജാത കർമ്മവും കഴിച്ചു പിന്നെ
ജ്ഞാതി വർഗ്ഗമൊത്തു മാസമാറു ചെന്ന നാളിൽ
ധന്യ ബാലനിട്ടു പേരു മാർക്കണ്ടേയനെന്ന്
അന്നവും കൊടുത്തുടൻ പ്രസന്നനായ് വളർത്തിനാൻ
- എന്നിങ്ങനെയാണു കാലൻകോലത്തിന്റെ പാട്ട്.
അവലംബം
[തിരുത്തുക]- ↑ "പടയണിക്കോലങ്ങൾ". malayalam.webdunia.com.
- ↑ Vinod, A. R. (30 ജൂൺ 2003). "Visual aesthetics of form and colour in Theyyam and Padayani". University (in Other).
{{cite web}}
: CS1 maint: unrecognized language (link)
