കാറൽമാൻ ചരിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിദ്വാനും കവിയും നടനുമായിരുന്ന കൊച്ചിക്കാരൻ വറീച്ചനുണ്ണാവി രചിച്ച ചവിട്ടുനാടകമാണ് കാറൽമാൻ ചരിതം. എ.ഡി. എട്ടാം ശതകത്തിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന വിശുദ്ധ റോമൻ ചക്രവർത്തി കാറൽമാൻ എമ്പ്രദോരും അദ്ദേഹത്തിന്റെ പാരിമാരും കൂടി തുർക്കികളെ തോൽപ്പിച്ചു ക്രിസ്തുമതാവലംബികളാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഇതിൽ പല യുദ്ധ വർണ്ണനകളും പ്രണയരംഗങ്ങളും പാതാളപര്യടനങ്ങളുടെയും ധീരകൃത്യങ്ങളുടെയും അത്ഭുതസംഭവങ്ങളുടെയും വിവരണങ്ങളും ഉണ്ട്. എൺപതോളം കഥാപാത്രങ്ങളുള്ള ഈ നാടകം ഏഴു ദിവസം കൊണ്ടേ മുഴുവനായി അഭിനയിച്ചു തീരുകയുള്ളൂ.[1]

ഇതിവൃത്തം[തിരുത്തുക]

വ്യക്തിപ്രഭാവനായ കാറൽമാൻ ചക്രവർത്തിയുടെ മഹിമാതിരേകത്തെ പാടിപ്പുകഴ്ത്തുന്ന വരവു വിരുത്തത്തോടെയാരംഭിക്കുന്ന ഈ ചവിട്ടു നാടകത്തിന് അഞ്ച് ഭാഗങ്ങളാണുള്ളത്.


ഭാഗം ഒന്ന്[തിരുത്തുക]

കാറൽമാൻ ചക്രവർത്തിയുടെ സഹോദരി ബേട്ത്തയും അദ്ദേഹത്തിന്റെ മന്ത്രിയായ മിലാനിലെ പ്രഭുവുമായുള്ള പ്രണയ കഥയും റോളന്റിന്റെ ജനനവും ബാല്യവും മിലാന്റെ മരണവും ചക്രവർത്തിയുമായി രമ്യപ്പെടുന്നതും, ചക്രവർത്തി റോളന്റിനെ ആയുധഭ്യാസം ചെയ്യിക്കുന്നതും പടയുടുപ്പ് സ്വന്തം കൈ കൊണ്ട് അണിയിക്കുന്നതും റോളന്റിന്റെ ബാല്യ കാല വീര കഥകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ ഭാഗത്തെ ചിന്നറോൾദാൻകഥ എന്നു നാമകരണം ചെയ്തിരിക്കുന്നു.[2]

ഭാഗം രണ്ട്[തിരുത്തുക]

നിരവധി പരീക്ഷണങ്ങൾക്കു ശേഷം പാരിമാരെ തെരഞ്ഞെടുക്കുന്നതും അവരുടെ നേതാവായി അതുല്യ പരാക്രമിയായ റോളന്റിനെ നിശ്ചയിക്കുന്നതും അവർ പട സന്നാഹങ്ങളോടെ ജെറുസലേം പിടിച്ചെടുക്കുവാന്‌ പുറപ്പെടുന്നതുമാണ് ഈ ഭാഗത്തിൽ.

ഭാഗം മൂന്ന്[തിരുത്തുക]

ഈ ഭാഗത്തിലെ ആഞ്ചലിക്കക്കഥയിൽ റോളന്റ് അബ്ദുൾ റഹ്മാൻ ചക്രവർത്തിയുടെ പുത്രി ആഞ്ചലിക്കയെ പരിണയിക്കുന്നു. അതിന്നിടയിൽ നേരിടേണ്ടി വരുന്ന സംഘട്ടനങ്ങളാണ് ഈ ഭാഗത്ത്.

ഭാഗം നാല്[തിരുത്തുക]

വാൾദുവിന്റെ കഥയാണ് ഈ ഭാഗത്തിൽ. പാരിമാരിൽ ഒരാളായ വാൾദുവിനെ വധിച്ച് അദ്ദേഹത്തിന്റെ സുന്ദര പത്നിയെ അപഹരിക്കുവാൻ മുതിരുന്ന ഒരു പടനായകനെ അവൾ തന്നെ കാലപുരിക്കയക്കുന്നു.

ഭാഗം അഞ്ച്[തിരുത്തുക]

അവസാന ഭാഗത്തിൽ നിരവധി അത്യത്ഭുതകരങ്ങളായ വീര പരാക്രമങ്ങൾക്കു ശേഷം ദ്വിഗ് വിജയം നേടിയ പാരിമാർ ഗളളോന്റെ വൻചതിയാൽ റോൺസിവാലസിൽവെച്ചു വധിക്കപ്പെടുന്നു.

ഭാഷ[തിരുത്തുക]

ഇതിലെ ഭാഷ കൊടും തമിഴാണ്. സന്ദർഭാനുസരണം സംസ്കൃത പദങ്ങളും പ്രയോഗിച്ചിട്ടുണ്ട്. സാഹിത്യ ഭംഗിയിലെന്ന പോലെ രസാവിഷ്കരണത്തിലും ഇതു മറ്റു ചവിട്ടു നാടകങ്ങളെ അതിശയിക്കുന്നു.[3]രസങ്ങളിൽ വീരത്തിനാണ് പ്രാധാന്യം. എന്നാൽ കരുണം,ശൃംഗാരം, ശാന്തം തുടങ്ങിയ മറ്റ് രസങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.

അവതരണം[തിരുത്തുക]

കവിയുടെ പ്രാർത്ഥനയോടു കൂടി നാടകം ആരംഭിക്കുന്നു. തുടർന്ന് കട്ടിയനൻ അഥവാ കട്ടിയക്കാരൻ(വിദൂഷകൻ) പ്രവേശിക്കുന്നു. കഥാപാത്രങ്ങളെയും കഥാ സന്ദർഭങ്ങളെയും പ്രേക്ഷകർക്കു വിവരിച്ചു കൊടുക്കാനുള്ള ചുമതല ഇദ്ദേഹത്തിനാണ്.

അവലംബം[തിരുത്തുക]

  1. സർവിജ്ഞാന കോളം വോള്യം 7, പേജ് 207
  2. ചവിട്ടുനാടകം. സെബീന റാഫി, പ്രണത ബുക്ക്സ്, പേജ് 102 - 103
  3. സർവിജ്ഞാന കോശം വോള്യം 7, പേജ് 207
"https://ml.wikipedia.org/w/index.php?title=കാറൽമാൻ_ചരിതം&oldid=1465707" എന്ന താളിൽനിന്ന് ശേഖരിച്ചത്