കാറ്റുവീഴ്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാറ്റുവീഴ്ചയുടെ തുടക്കം

തെങ്ങുകളെ ബാധിയ്ക്കുന്ന ഒരു രോഗമാണ് കാറ്റുവീഴ്ച. ഒരു വേരുരോഗമായ ഇതിന് ഏകദേശം 100 വർഷത്തിലേറെ പഴക്കമുണ്ട്. 1882 - ൽ ഉണ്ടായ വലിയ വെള്ളപ്പൊക്കത്തിന് ശേഷമാണ് ഇത് കേരളത്തിൽ പ്രത്യക്ഷപ്പെട്ടത് എന്നനുമാനിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് വേരുരോഗം കൂടുതലായി കാണപ്പെടുന്നത്. കേരളത്തിൽ കൂടാതെ തമിഴ്‌നാടിലെ ചില സ്ഥലങ്ങളിലും, ഗോവയിലും ഈ രോഗം കണ്ടു വരുന്നു.

രോഗലക്ഷണം[തിരുത്തുക]

ഓലക്കാലുകൾ ഉള്ളിലേയ്ക്ക് വളയുക, ഓലകൾ പൊതുവെ മഞ്ഞനിറമാവുക, ഓലക്കാലുകളുടെ അരികുകൾ ഉണങ്ങിനശിക്കുക ഇവയാണ് പ്രധാന ലക്ഷണങ്ങൾ. ഇതിന്റെ ഫലമായി വിളവ് ഗണ്യമായി കുറയും. തേങ്ങയുടെ വലിപ്പം കുറയുന്നു. കൊപ്രയുടെ കനം കുറയുന്നു. ഈ കൊപ്രയിൽ നിന്ന് ആട്ടിക്കിട്ടുന്ന എണ്ണയുടെ അളവും കുറവായിരിയ്ക്കും.

ചെറു പ്രായത്തിലുളള തെങ്ങുകളിലും തെങ്ങിൻതൈകളിലും മട്ടലുകൾ വളയുന്നതാണ് പ്രധാന ലക്ഷണം. ഗുണനിലവാരം കുറഞ്ഞ 'റബ്ബറി കൊപ്ര' ഇടയോലകളുടെ മഞ്ഞളിക്കൽ, ഓലത്തുമ്പുകൾ ഒടിഞ്ഞു തൂങ്ങൽ, പൂങ്കുകരിച്ചിൽ എന്നിവയാണ് കാറ്റുവീഴ്ചയുമായി ബന്ധപ്പെട്ടു കാണുന്ന മറ്റ് ലക്ഷണങ്ങൾ.

രോഗകാരണം[തിരുത്തുക]

ഫൈറ്റോപ്ളാസ്മ എന്ന രോഗാണുവാണ് കാറ്റുവീഴ്ചയുണ്ടാക്കുന്നതു്. ഇത് മൈക്കോപ്ളാസ്മ പോലെയുളള ജീവി എന്നാണ് നേരെത്തെ അറിയപ്പെട്ടിരുന്നത്. 1993 ലെ അന്താരാഷ്ട്ര സമ്മേളനത്തിൽ വച്ച് ഇതിന്റെ പേര് ഫൈറ്റോപ്ളാസ്മ എന്നാക്കി മാറ്റി. വൈറസിന്റയും ബാക്ടീരിയയുടെയും ഇടയിലുളള ഒരു സൂക്ഷ്മ ജീവിയാണിത്.

നിയന്ത്രണ രീതികൾ[തിരുത്തുക]

  • രോഗബാധയുള്ള തെങ്ങുകൾ മുറിച്ച് മാറ്റി പകരം രോഗപ്രതിരോധശേഷിയുള്ള സങ്കരയിനം തെങ്ങുകൾ വച്ചു പിടിപ്പിക്കുക.
  • വളപ്രയോഗം ശരിയായ തോതിൽ നടത്തുക. തെങ്ങൊന്നിന് 3 കിലോഗ്രാം മഗ്നീഷ്യം സൾഫേറ്റ് നൽകുക.
  • വേനൽകാലത്തെ ജലസേചനം കൃത്യമായി നടത്തുക.
  • തെങ്ങിൻ തടങ്ങളിൽ പച്ചില വളച്ചെടികളും ഓരോ സ്ഥലത്തിനനുസരിച്ചുള്ള മിശ്രവിളകളും ഇടവിളകളും കൃഷിചെയ്യുക.
"https://ml.wikipedia.org/w/index.php?title=കാറ്റുവീഴ്ച&oldid=2488058" എന്ന താളിൽനിന്ന് ശേഖരിച്ചത്